മനസിൽ കത്തിക്കിടന്നിരുന്ന ആഗ്രഹം; ‘പൃഥ്വിയുടെ അനിയൻ’ പറയുന്നു

nandhu-prithvi
പൃഥ്വിക്കൊപ്പം നന്ദു
SHARE

മഴവിൽ മനോരമയിലെ റിയാലിറ്റി ഷോ നായികാ നായകനിലൂടെ സിനിമയില്‍ ചുവടുറപ്പിക്കുകയാണ് നന്ദു ആനന്ദ്. റിയാലിറ്റി ഷോയിൽ നിന്ന് ആദ്യഘട്ടത്തിൽ തന്നെ പുറത്തായിരുന്നെങ്കിലും നായികാ നായകനിൽ ആദ്യം സിനിമയിലേക്കെത്തിയ ചെറുപ്പക്കാരിൽ ഒരാളാണ് നന്ദു. നന്ദുവിനെയും റോഷനെയും നായകന്മാരാക്കി പുറത്തിറങ്ങിയ ഓട്ടം എന്ന ചിത്രം ഏറെ പ്രേക്ഷകപ്രശംസ നേടിയിരുന്നു. ഇപ്പോൾ അയ്യപ്പനും കോശിയും എന്ന ചിത്രത്തിൽ പൃഥ്വിരാജിന്റെ അനിയൻ കഥാപാത്രമായി നന്ദു എത്തുകയാണ്.  ചിത്രത്തിൽ പൃഥ്വിയുടെ അനിയൻ കഥാപാത്രത്തെ അവതരിപ്പിക്കുക എന്നത് തന്റെ സ്വപ്നമായിരുന്നുവെന്ന് നന്ദു പറയുന്നു.

നന്ദുവിന്റെ കുറിപ്പ് വായിക്കാം

‘വലിയ സ്വപ്നങ്ങളിലേക്ക് എത്താൻ ഒരുപാട്‌ കാലം വേണമെന്നാണ് നമ്മൾ കരുതാറ്. അത്തരം സ്വപ്നങ്ങളിലേക്ക് പരിശ്രമിക്കുമ്പോൾ പിന്നിട്ട കാലവും അനുഭവിച്ച പ്രയാസവും നമ്മൾ മറന്നുപോകും.’

‘ആറു വർഷം മുമ്പേയുള്ള അപക്വമായ ഒരാഗ്രഹം മാത്രമല്ല ഇന്നെനിക്ക് സിനിമ. സ്ക്രീൻ പങ്കിടുന്നതിലുപരി പൃഥ്വിരാജ് എന്ന പ്രതിഭയുടെ അനുജനായി അഭിനയിക്കുക എന്ന ആഗ്രഹം ആദ്യസിനിമ ചെയ്തുതീർന്നപ്പോഴും മനസിൽ കത്തിക്കിടന്നിരുന്നു. രണ്ടാമത്തെ സിനിമയ്ക്കുവേണ്ടി പ്രയത്നിച്ചുകൊണ്ടിരിക്കെ സച്ചി‌ച്ചേട്ടനും ചീഫ് അസോസിയേറ്റായ ജയൻചേട്ടനും വന്നത് "അയ്യപ്പനും കോശിയും" എന്ന സിനിമയിൽ പൃഥ്വിരാജിന്റെ അനിയന്റെ വേഷവുമായിട്ടായിരുന്നു. ഈയൊരു ചെറിയ കാലത്തെ കാത്തിരിപ്പിനൊടുവിൽ രാജുവേട്ടന്റെ അനിയനായുള്ള സിനിമ ഇന്ന് സംഭവിക്കുന്നു എന്നത് തന്നെയാണ് എനിക്ക് അദ്ഭുതവും ആത്മവിശ്വാസവും. കൂടെനിന്നവർക്കും വിശ്വസിച്ച് പിടിച്ചെഴുന്നേല്പിച്ചവർക്കും നന്ദി.’–നന്ദു കുറിച്ചു.

അനാര്‍ക്കലി എന്ന ചിത്രത്തിനു ശേഷം തിരക്കഥാകൃത്തും സംവിധായകനുമായ സച്ചി ഒരുക്കുന്ന രണ്ടാമത്തെ ചിത്രംമാണ് അയ്യപ്പനും കോശിയും. പൃഥ്വിരാജും ബിജു മേനോനുമാണ് ചിത്രത്തില്‍ പ്രധാന നായകന്മാരായി എത്തുന്നത്. അയ്യപ്പനായി ബിജുമേനോനും കോശിയായി പൃഥ്വിരാജും എത്തുന്നു. പൃഥ്വിരാജിൻ്റെ അച്ഛനായി സംവിധായകൻ രഞ്ജിത്തും ഈ ചിത്രത്തിലുണ്ട്. രഞ്ജിത്താണ് ചിത്രത്തിന്‍റെ നിർമാണം നിര്‍വഹിക്കുന്നത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MOVIE NEWS
SHOW MORE
FROM ONMANORAMA