ADVERTISEMENT

ഷെയ്ന്‍ നിഗം തിരിച്ചു വരണമെന്നും ‘വെയിലി’ന്റെ ചിത്രീകരണം പൂര്‍ത്തിയാക്കാന്‍ സഹകരിക്കണമെന്നും സംവിധായകന്‍ ശരത് മേനോന്‍. ഷെയ്‌നിനോട് യാതൊരു വിരോധവുമില്ലെന്നും പ്രശ്‌നം എങ്ങനെ പരിഹരിക്കാമെന്ന് മാത്രമാണ് താന്‍ ചിന്തിക്കുന്നതെന്നും ശരത് പറയുന്നു. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി ശരത് ഫെഫ്കയ്ക്ക് കത്ത് നല്‍കി. 

 

ഷെയ്‌നിന്റെ ഭാഗത്ത് നിന്നും സിനിമ നടക്കണമെന്ന് തന്നെയാണ് പ്രതികരണം, ഫെഫ്കയും കൂടെ നില്‍ക്കാമെന്ന് പറഞ്ഞിട്ടുണ്ടെന്നും അതിനാല്‍ സിനിമ നടക്കുമെന്ന് തന്നെയാണ് പ്രതീക്ഷ എന്നും ശരത് പറഞ്ഞു. ആറ് വര്‍ഷത്തെ സ്വപ്‌നവും അധ്വാനവുമാണ് ഈ ചിത്രം. നിലവിലെ വിവാദങ്ങളൊന്നും ചിത്രത്തെ ബാധിക്കില്ലെന്നും വ്യക്തിപരമായി യാതൊരു പ്രശ്‌നങ്ങളും ഷെയ്‌നിനോട് ഇല്ലെന്നും ശരത് വ്യക്തമാക്കി.

 

‘സിനിമ പൂര്‍ത്തിയാക്കണം എന്ന ആഗ്രഹം ഷെയ്‌നും ഉണ്ടെന്നാണ് ഞാന്‍ മനസിലാക്കുന്നത്. ഇപ്പോഴത്തെ വിവാദങ്ങളൊന്നും വെയിലിനെ ബാധിക്കില്ല. ഷെയ്‌നിന് കഥ കേട്ട് ഇഷ്ടമായി സമ്മതം പറഞ്ഞ സിനിമയാണ് വെയില്‍. ലൊക്കേഷന്‍ നോക്കാന്‍ ഞങ്ങള്‍ ഒരുമിച്ച് ഇരിങ്ങാലക്കുടയില്‍ പോയിട്ടുണ്ട്. ഒരു നടനും അതൊന്നും ചെയ്യില്ല. സിനിമ നല്ലതാണെങ്കില്‍ പ്രേക്ഷകര്‍ അത് സ്വീകരിക്കും. ഈ വിവാദങ്ങള്‍ ഒക്കെ ഇല്ലാതാകുകയും ചെയ്യും. വ്യക്തികളെല്ലാം ജീവിതത്തിലല്ലേ, സിനിമയില്‍ കഥയും കഥാപാത്രങ്ങളുമാണ്. നമ്മള്‍ സ്‌നേഹിക്കുന്നതും അവരെയാണ്,” ശരത് പറഞ്ഞു.

 

‘ലിജോ ജോസ് പല്ലിശേരിയുടെ സഹസംവിധായകനായി രണ്ടു ചിത്രത്തിൽ ‍ഞാൻ പ്രവർത്തിച്ചിരുന്നു. 2011 മുതൽ സിനിമ എന്ന സ്വപ്നത്തിന് പിന്നാലെ കൂടിയതാണ്. വേണമെങ്കിൽ മുൻപുതന്നെ സിനിമ ചെയ്യാമായിരുന്നു. പക്ഷേ വെയിൽ എന്റെ സ്വപ്നമാണ്. ഇതിങ്ങനെ വഴിയിൽ ഉപേക്ഷിച്ച് പോകാൻ മനസ് വരുന്നില്ല. ഒരു പ്രതീക്ഷ ഇപ്പോഴും എനിക്കുണ്ടെന്ന് പറയാനാണ് ഇഷ്ടം.’

 

‘15 ദിവസം കൂടി ഷൂട്ട് ചെയ്യാൻ പറ്റിയാൽ ഇൗ സിനിമ തീരും. 70 ശതമാനവും ഷൂട്ട് തീർന്നിട്ടുണ്ട്. ഇതുവരെ എടുത്ത ഭാഗങ്ങളിൽ ഞങ്ങൾ ഹാപ്പിയാണ്. ഇൗ സിനിമയ്ക്ക് ശേഷാണ് ജോബി ചേട്ടൻ നിർമിക്കുന്ന മമ്മൂട്ടി ചിത്രം  ഷൈലോക്ക് ഷൂട്ട് തുടങ്ങിയത്. അതിപ്പോൾ തീർന്നു. എന്നിട്ടും.. ഇതൊക്കെയാണ് നിർമാതാവിനെ പിന്നോട്ട് വലിക്കുന്നത്. അദ്ദേഹം ഇതുവരെ മുടക്കിയ കോടികൾ കൂടിയാണ് സിനിമ ഉപേക്ഷിച്ചാൽ നശിക്കുന്നത്. ഇപ്പോഴും പ്രതീക്ഷയിലാണ് ഞാൻ.. വേറെ എന്താണ് എനിക്ക് കഴിയുക..’ ശരത്ത് പറയുന്നു.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com