മലയാളത്തിലെ ഏറ്റവും ചെലവേറിയ ചിത്രം മാമാങ്കം തിയറ്ററുകളിലെത്താൻ ഇനി ദിവസങ്ങൾ മാത്രം. സിനിമയ്ക്ക് യുഎ സർട്ടിഫിക്കറ്റ് ആണ് സെൻസർ ബോർഡ് നൽകിയിരിക്കുന്നത്. സെൻസറിങ്ങിനു ശേഷം ചിത്രം കണ്ട നിർമാതാവ് വേണു കുന്നപ്പിള്ളിയുടെ വാക്കുകളാണ് സമൂഹമാധ്യമങ്ങളിൽ വൈറൽ.
വേണു കുന്നപ്പിള്ളിയുടെ കുറിപ്പ് വായിക്കാം:
മാമാങ്ക വിശേഷങ്ങൾ ... അങ്ങനെ മലയാളം സെൻസർ കഴിഞ്ഞു.. പ്രതീക്ഷിച്ചപോലെ യുഎ സർട്ടിഫിക്കറ്റ് ... ഇനിയുള്ളത് അന്യഭാഷകളിലെ സെൻസറിങ്...അതും ഏതാനും ദിവസത്തിനുള്ളിൽ തീർക്കാൻ പറ്റും എന്ന് പ്രതീക്ഷിക്കുന്നു... ഓരോ മലയാളിക്കും അഭിമാനമായിരിക്കും ഈ സിനിമ...
സെൻസറിനു ശേഷം ഞാനും,സുഹൃത്തുക്കളും കൂടി സിനിമ കണ്ടു... കണ്ണ് നിറഞ്ഞു പോയി. സ്വപ്നങ്ങളെല്ലാം പൂവണിഞ്ഞിരിക്കുന്നു.... രണ്ടുവർഷത്തെ കഠിനാധ്വാനത്തിന് ഫലമുണ്ടായി... പരിചിതമല്ലാത്ത പല മേഖലകളിൽ കൂടിയും നിങ്ങളെ ഈ സിനിമ കൊണ്ടുപോകുന്നു... രണ്ടരമണിക്കൂറോളം നിങ്ങൾ അദ്ഭുതങ്ങളുടെയും, ആകാംഷയുടേയും ലോകത്തായിരിക്കും എന്നതിൽ എനിക്ക് സംശയമേയില്ല...
ഈ സിനിമയെ നശിപ്പിക്കാൻ ഒരു പറ്റം കഠിനമായ ശ്രമത്തിലാണ്... കുപ്രചരണങ്ങൾക്കും അസത്യങ്ങൾക്കും, വഞ്ചനക്കും, ചതിക്കും മറുപടി കൊടുക്കാൻ ഇപ്പോൾ സമയമില്ല... കാത്തിരിക്കൂ ഏതാനും ദിവസങ്ങൾ കൂടി, മലയാളത്തിന്റെ ആ മാമാങ്ക മഹോത്സവത്തിനായി...