ADVERTISEMENT

നടി അഞ്ജലി അമീര്‍ തന്റെ ലിവിങ് ടുഗെദറിലെ പങ്കാളിക്ക് എതിരെ നടത്തിയ ആരോപണങ്ങള്‍ വിവാദമായിരുന്നു. പങ്കാളിയായ അനസില്‍ നിന്നും വധഭീഷണിയുണ്ടെന്ന് പറഞ്ഞുകൊണ്ടുള്ള അഞ്ജലിയുടെ ലൈവ് വിഡിയോ വൈറലായിരുന്നു. ഇത് വലിയ ചര്‍ച്ചാവിഷയമായതോടെ അനസിന്റെ മറുപടിയും പിന്നാലെ എത്തിയിരുന്നു. ഇപ്പോഴിതാ ഒരു ടിവി പരിപാടിയിലൂടെ കൂടുതൽ വെളിപ്പെടുത്തലുമായി അഞ്ജലി അമീർ.

 

‘അവനെന്നെ മറക്കാൻ കഴിയില്ലായിരുന്നു. അവന്റെ കൂടെ ജീവിച്ചില്ലെങ്കിൽ എന്നെയും കൊന്ന് അവനും ചാകും എന്നായിരുന്നു പറഞ്ഞത്, അതുമല്ലെങ്കിൽ മുഖത്ത് ആസിഡ് ഒഴിക്കുമെന്നു പറഞ്ഞു. എനിക്ക് അവന്റെ കാരക്ടർ ഇഷ്ടമല്ല. ഭയങ്ക പൊസെസീവ് ആണ്. ഞാൻ ഏതെങ്കിലും വർക്കിനു പോകുകയാണെങ്കിൽ അവിടെ ആരോടെങ്കിലും സംസാരിച്ചാൽ അവരെയും അടിച്ച് എന്നെ വലിച്ച് കൊണ്ടുപോരുക, എന്തെങ്കിലും വസ്ത്രം ധരിച്ചാൽ എന്നെ തല്ലുക, പബ്ലിക്കായി വഴക്കുപറയുക. ഇതൊക്കെയാണ് അയാൾ ചെയ്യുന്നത്. ഞാൻ ഇപ്പോൾ കോളജിൽ പഠിക്കുന്നുണ്ട്.’ 

 

‘രാവിലെ ഒൻപത് മണിക്ക് കോളജിൽ വിടാൻ വരുന്നയാൾ അടുത്തള്ള ഷോപ്പിൽ കയറി ഇരുന്ന് എന്നെ പിന്തുടരും. ഞാൻ എവിടെപ്പോകുന്നുവെന്നും ആരോട് മിണ്ടുന്നുവെന്നും അറിയണം. ഒന്നരവർഷമായി അവൻ ഒരു ജോലിക്കും പോകുന്നില്ല. ഞാൻ മിണ്ടുന്നവരെയൊക്കെ ഭീഷണിപ്പെടുത്തുക, അവരെ തല്ലാൻ പോകുക. ഇത്രയും മാനസിക സമ്മർദമുള്ളപ്പോള്‍ അവിടെ ജീവിക്കാൻ ബുദ്ധിമുട്ടായിരുന്നു. എന്നാൽ ഇതൊക്കെ സ്നേഹക്കൂടുതൽ കൊണ്ടാകും എന്ന സമാധാനത്തിലാണ് അവിടെ കഴിഞ്ഞിരുന്നത്.’ 

 

‘കാരണം ഞങ്ങളെപ്പോലുള്ളവർ എവിടെയും തിരസ്കരിക്കപ്പെട്ടിട്ടേ ഒള്ളൂ. ആരും സ്നേഹിക്കാൻ ഇല്ലായിരുന്നു. അതുകൊണ്ടാണ് അവനുമായി രമ്യതയിൽ എത്തിയത്. പക്ഷേ അവന്‍ അതിനിടെ വയനാട്ടിൽ മറ്റൊരു കുട്ടിയുമായി വിവാഹം നിശ്ചയിച്ചു. അതല്ലാതെ വേറെ രണ്ടുമൂന്ന് ബന്ധങ്ങളുണ്ടായി. ഇത്രയും എന്നെ സ്നേഹിക്കുന്ന ഒരാൾക്ക് മറ്റു കുട്ടികളുമായി ബന്ധമുണ്ടാകുമോ? അത് തെറ്റല്ലേ അവൻ ചെയ്യുന്നത്. എന്റെ കാശിന് ജീവിക്കുന്ന വ്യക്തി എനിക്ക് ശ്വാസം വിടാനുള്ള സ്ഥലം തരേണ്ടേ.’

 

‘ഞാനൊരു സ്വതന്ത്ര വ്യക്തിയാണ്. എനിക്ക് എന്റേതായ തീരുമാനങ്ങളുണ്ട്. ഒരു തടങ്കലിൽ പാർക്കാൻ എനിക്ക് താൽപര്യമില്ല. കൊയമ്പത്തൂര് ഞാൻ എന്റെ ഇഷ്ടത്തിനാണ് ജീവിച്ചിരുന്നത്. ഒരു പരിധിവരെ മറ്റുളളവരുടെ ഇഷ്ടത്തിന് ജീവിക്കാം. എന്നാൽ ശാരീരികമായി ദ്രോഹിച്ചാൽ എന്തുചെയ്യും. മുടിക്കുകുത്തിപ്പിടിച്ച് ഇടിക്കും. തിരിച്ച് ഞാനും ഇടിച്ചിട്ടുണ്ട്. ഇടികൊണ്ട് കരഞ്ഞിട്ടില്ല. അവന്റെ ശക്തി എനിക്കില്ല.’

 

‘ഞാനൊരു ഉദ്ഘാടനചടങ്ങിൽ മലപ്പുറത്ത് പോയതായിരുന്നു. അനസിന്റെ ബന്ധുവിന്റെ കടയുടെ ഉദ്ഘാടനമായിരുന്നു. ചടങ്ങ് കഴിഞ്ഞ് എന്നെ തിരിച്ചുകൊണ്ടെവിടാൻ വിളിച്ചതാണ് അനസിനെ. അന്നാണ് ആദ്യമായി കാണുന്നത്. അന്നൊന്നും ഇങ്ങനെ ആയിതീരുമെന്ന് വിചാരിച്ചില്ല. ഞാൻ പോലും അറിയാതെ എന്റെ കടിഞ്ഞാൺ അവൻ ഏറ്റെടുത്തു. അതാണ് ഞാൻ പറഞ്ഞത്, എന്റെ താൽപര്യമില്ലാതെയാണെന്ന്.’

 

‘ഞങ്ങൾ തമ്മിൽ ബന്ധം തുടങ്ങി കുറച്ചുനാൾ കഴിഞ്ഞപ്പോൾ ഇട്ടിട്ടുപോയി. അന്ന് അവനെതിരെ പോസ്റ്റ് ഇട്ടു. ആണത്തമില്ലാത്തതുകൊണ്ടാണോ ഇട്ടിട്ടുപോയതെന്നായിരുന്നു എന്റെ കുറിപ്പ്. അവൻ തിരിച്ചുവന്നു. അതിനു ശേഷമാണോ ഈ സ്നേഹക്കൂടുതൽ എന്ന് എനിക്കറിയില്ല. നേരത്തെ രാവിലെ എഴുന്നേറ്റ് ജിമ്മിൽ പോകുന്ന ആളായിരുന്നു ഞാൻ. ഇപ്പോൾ മൂന്നാല് മാസമായി രാവിലെ എഴുന്നേൽക്കാൻ കഴിയുന്നില്ല. ഏഴ് മണിക്ക് ഉറങ്ങിപ്പോകുക, 11 മണിക്ക് എഴുന്നേൽക്കുക. മാനസിക രോഗികൾക്കു കൊടുക്കുന്ന ഗുളികകൾ റൂമിൽ കണ്ടല്ലോ അത് അവൻ നിനക്ക് കലങ്ങിത്തരുന്നുണ്ടോ എന്നു എന്റെ സുഹൃത്തുക്കൾ സംശയം പ്രകടിപ്പിച്ചു. ഈ അവസ്ഥയിലാണ് ഞാൻ അവിടെ നിന്നും ഇറങ്ങിപ്പോകുന്നത്. എന്നെ അപായപ്പെടുത്താൻ ശ്രമിച്ചിട്ടുണ്ട്.’

 

‘അവനുമായി ലിവിങ് ടുഗെദറിനുപോലും എനിക്ക് താൽപര്യമില്ലായിരുന്നു. പിന്നീട് അതിനോട് ഓക്കെയായി. ആദ്യമൊക്കെ വളരെ നല്ല രീതിയിലാണ് പെരുമാറിയത്. വഴക്കുണ്ടാകുമ്പോൾ ഇനി നല്ല രീതിയിൽ പെരുമാറും എന്നുപറയും. പക്ഷേ അതൊക്കെ വെറുതെയായിരുന്നു.’ 

 

‘5 ലക്ഷം രൂപ എങ്കിലും എനിക്ക് തരാനുണ്ട്. ഇപ്പോൾ ഞാൻ ഒരു വീടെടുത്തിട്ടുണ്ട്. അവന്റെ വീട്ടിൽ ഞാൻ മേടിച്ച സാധനങ്ങൾ ഇവിടെ എത്തിക്കണം. അല്ലാതെ പൈസ എനിക്ക് വേണ്ട. ഈ രണ്ടര വർഷത്തെ ജീവിതത്തിൽ 17000 രൂപ എനിക്ക് അവൻ തന്നിട്ടുണ്ട്. അല്ലാതെ ഒന്നുമില്ല.’–അഞ്ജലി പറഞ്ഞു.

 

വിഷയത്തിൽ അനസിന്റെ വാക്കുകൾ ഇങ്ങനെ: അഞ്ജലിയെ ഒരു സ്ഥലത്ത് കൊണ്ടെവിടാൻ പോകുമ്പോഴാണ് അടുക്കുന്നത്. അവളുടെ ജീവിതകഥകളും സാമ്പത്തികപ്രശ്നങ്ങളും കേട്ട് ഞാൻ അടുത്തുപോയി. അവളുടെ ചിലവിനുള്ള പൈസയും താമസസ്ഥലവും ഞാൻ താരം, ആരെയും പറയിപ്പിക്കാതെ നടന്നാൽ മതിയെന്നു പറഞ്ഞു. കൊയമ്പത്തൂർ ആയിരുന്നു അവള്‍ അന്ന് താമസിച്ചിരുന്നത്. അവിടെ നിന്നും കോഴിക്കോട് കൊണ്ടുവന്നു. അങ്ങനെ നല്ല വൃത്തിക്കാണ് അവളെ താമസിപ്പിച്ചത്. അതാണ് ഞാൻ ചെയ്ത തെറ്റ്. ഇതിന് മുമ്പും അവൾ ഇതുപോലെ കളിച്ചിട്ടുണ്ട്. അന്ന് രമ്യതയിൽ എത്തിയിരുന്നു. ഇതിപ്പോൾ അവള്‍ പൈസയ്ക്കു വേണ്ടി കളിച്ചതാണോ എന്ന് അറിയില്ല. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com