ADVERTISEMENT

ലൂസിഫർ എന്ന, മലയാളത്തിലെ എക്കാലത്തെയും വലിയ പണംവാരി സിനിമ സംവിധാനം ചെയ്ത പൃഥ്വിരാജ് ഒരു ‘വനവാസ’ത്തിലേക്കു കടക്കുകയാണ്. താടി നീട്ടി ശരീരം ശോഷിപ്പിച്ച് അടുത്ത സിനിമയ്ക്കായുള്ള ഒരുക്കത്തിലാണ് അദ്ദേഹം. മലയാള സിനിമയിൽ ഒരു പക്ഷേ ഒരു നടനും കാണിക്കാത്ത, കാണിക്കാൻ ധൈര്യപ്പെടാത്ത സമർപ്പണം. അരങ്ങിൽ നിന്നുള്ള താൽക്കാലിക പിൻമാറ്റത്തെക്കുറിച്ചും ഭാവി സിനിമകളെക്കുറിച്ചും അദ്ദേഹം മനോരമ
ഒാൺലൈനിനോട് സംസാരിച്ചപ്പോൾ.

ഒരു താരവും ആരാധകനും തമ്മിലുള്ള ബന്ധത്തിന്റെ കഥ പറയുന്ന ചിത്രത്തിന് ഡ്രൈവിങ് ലൈസൻസ് എന്ന പേര് എങ്ങനെ വന്നു ?

ഈ ചോദ്യം ഞാൻ മുൻപും കേട്ടിട്ടുള്ളതാണ്. കാരണം ഇൗ സിനിമയുടെ ടീസറും പാട്ടും കാണുന്നവർക്ക് ഇത് ഒരു ആരാധകന്റെയും താരത്തിന്റെയും കഥയാണ് എന്നു മനസ്സിലാകുമെങ്കിലും എന്തുകൊണ്ട് ഈ സിനിമയ്ക്ക് ഡ്രൈവിങ് ലൈസൻസ് എന്ന പേരു വന്നെന്ന് പിടി കിട്ടില്ല. ഈ സിനിമയിൽ രണ്ടു കഥാപാത്രങ്ങളാണുള്ളത്. ഹരീന്ദ്രൻ എന്നു പേരുള്ള സൂപ്പർ താരവും കുരുവിള എന്ന മോട്ടർ വെഹിക്കിൾ ഇൻസ്പെക്ടറും. ഒരു പ്രത്യേക സാഹചര്യത്തിൽ, വണ്ടികളോട് ഭയങ്കര ഇഷ്ടമുള്ള ഹരീന്ദ്രൻ എന്ന സൂപ്പർ താരത്തിന് പുതിയ ഡ്രൈവിങ് ലൈസൻസ് എടുക്കേണ്ടി വരുന്നു. അങ്ങനെ ആ സ്ഥലത്തെ മോട്ടര്‍ വെഹിക്കിൾ ഇൻസ്പെക്ടറായ കുരുവിളയെ അദ്ദേഹത്തിന്റെ ആളുകൾ സമീപിക്കുന്നു. കുരുവിളയ്ക്ക് അത് വീണുകിട്ടിയ ജീവിതാഭിലാഷം ‌ആയി മാറുന്നു. കാരണം ഹരീന്ദ്രന്റെ വലിയ ആരാധകനാണ് കുരുവിള. ആ ലൈസൻസ് എടുക്കുന്നതുമായി ബന്ധപ്പെട്ടു നടക്കുന്ന ചില കാര്യങ്ങളാണ് സിനിമയുടെ പ്രമേയം. അങ്ങനെയാണ് സിനിമയ്ക്ക് ആ പേര് വന്നത്.

പൃഥ്വി ജീവിതത്തിൽ എന്നാണ്, എങ്ങനെയാണ് ലൈസൻസ് എടുത്തത് ?

ഞാൻ സത്യത്തിൽ ആദ്യമായി ലൈസൻസ് എടുക്കുന്നത് ഇന്ത്യയിലല്ല, ഓസ്ട്രേലിയയിലായിരുന്നു. ആ സമയത്ത് ഞാൻ അവിടെ പഠിച്ചു കൊണ്ടിരിക്കുകയായിരുന്നു. പിന്നീടാണ് ഞാൻ ഇവിടുത്തെ ലൈസൻസ് എടുക്കുന്നത്. സിനിമയിൽ ഹരീന്ദ്രൻ ലൈസൻസ് ഉള്ളയാളാണ്. പക്ഷേ അത് അയാൾക്ക് ഒരു പ്രത്യേക സാഹചര്യത്തിൽ നഷ്ടപ്പെടുന്നു. കുറേക്കാലം ലൈസൻസ് ഇല്ലാതെയാണ് ഇയാൾ വണ്ടി ഓടിച്ചിരുന്നത് എന്നത് കുറ്റകരമായ ഒരു കാര്യമാണ്. അതാണ് ഈ സിനിമയ്ക്ക് രസകരമായ മാനം നൽകുന്നത്.

ഹാസ്യകഥാപാത്രങ്ങളിൽനിന്ന് അടുത്ത കാലത്ത് ക്യാരക്ടർ വേഷങ്ങളിലേക്കു മാറിയ സുരാജിനൊപ്പമുള്ള അനുഭവം ?

Driving-license-movie

സുരാജ് ഇപ്പോൾ സിനിമയിലെ ഒരു നായകനടൻ തന്നെയാണ്. സുരാജിനെ കേന്ദ്രകഥാപാത്രമാക്കി അണിയറയിൽ ഒരുപാടു ചിത്രങ്ങൾ ഒരുങ്ങുന്നുണ്ട്. നിങ്ങളെപ്പോലെ തന്നെ അതിശയത്തോടെയും സന്തോഷത്തോടെയും കഴിഞ്ഞ കുറച്ചു വർഷങ്ങളായി അദ്ദേഹത്തിന്റെ ഇവോൾമെന്റ് കണ്ടാസ്വദിച്ച ഒരു മനുഷ്യനാണ് ‍ഞാൻ. എനിക്ക് അതിശയമുണ്ടെങ്കിലും അപ്രതീക്ഷിതമല്ല. കാരണം സുരാജിന്റെ ഇച്ഛാശക്തി എനിക്കറിയാവുന്നതാണ്. വർഷങ്ങൾക്കു മുൻപ് താന്തോന്നി എന്ന സിനിമയിൽ അഭിനയിക്കുമ്പോൾ സുരാജ് ‘എടാ എനിക്ക് ഒരു സിനിമയിൽ വില്ലനായിട്ട് അഭിനയിച്ചാൽ കൊള്ളാമെന്നുണ്ട്. നീ എന്നെ ഒരു സിനിമയിൽ വില്ലൻ വേഷത്തിൽ കാസ്റ്റ് ചെയ്യ്’ എന്ന് എന്നോടു പറഞ്ഞിട്ടുള്ളതാണ്. പല തരത്തിലുള്ള വേഷങ്ങൾ ചെയ്യണം എന്ന് ആഗ്രഹമുള്ള ആക്ടറാണ്. ആ ആഗ്രഹത്തിന്റെ ശക്തി തന്നെയാണ് അദ്ദേഹത്തിന്റെ ഈ വളർച്ച.

സിനിമയിലെ കഥാപാത്രവും സൂപ്പർ താരമായതു കൊണ്ട് അധികം ഹോംവർക്ക് വേണ്ടി വന്നു കാണില്ല അല്ലേ ?

എന്റെ കാര്യത്തിൽ സിനിമയ്ക്കു വേണ്ടി ഹോം വർക്ക് ചെയ്യുക എന്നു പറഞ്ഞാൽ സ്ക്രിപ്റ്റ് നല്ലവണ്ണം മനസ്സിലാക്കി അത് പഠിക്കുക എന്നതാണ്. എല്ലാ സിനിമയിലെയും പോലെ ഈ സിനിമയ്ക്കു വേണ്ടിയും സ്ക്രിപ്റ്റ് നന്നായി മനസ്സിലാക്കി ചെയ്യാൻ ശ്രമിച്ചിട്ടുണ്ട്. അല്ലാതെ ഇതിലെ കഥാപാത്രം സിനിമാതാരം ആയതുകൊണ്ട് എളുപ്പമായി എന്ന തോന്നലില്ല. ‌

prithviraj

പൃഥ്വിയുടെ ശരിക്കുള്ള സ്വഭാവവും ഹരീന്ദ്രൻ എന്ന കഥാപാത്രത്തിന്റെ സ്വഭാവവും തമ്മിലുള്ള സാമ്യം ?

വണ്ടികളുടെ കാര്യത്തിൽ ഹരീന്ദ്രനുള്ളതുപോലൊരു ഭ്രമം എനിക്കുമുണ്ട്. എനിക്ക് വണ്ടി ഓടിക്കാൻ വലിയ ഇഷ്ടമാണ്. എന്നെക്കുറിച്ചുള്ള ഒരു പൊതുധാരണ പെട്ടെന്നു ദേഷ്യം വരുന്ന ആളാണ് എന്നുള്ളതാണ്. പൂർണമായും തെറ്റാണെന്നു ഞാൻ പറയുന്നില്ല. മുൻശുണ്ഠിക്കാരനാണ് എന്ന് എന്നെക്കുറിച്ചുള്ള ധാരണ പോലെ തന്നെ ഹരീന്ദ്രനെക്കുറിച്ചും ഉണ്ട്.

ഇൗ തിരക്കഥ മമ്മൂട്ടിക്കു വേണ്ടി എഴുതപ്പെട്ടതാണെന്ന് കേട്ടിട്ടുണ്ടല്ലോ ?

ഇതു മമ്മൂക്കയ്ക്കു വേണ്ടി എഴുതപ്പെട്ട സ്ക്രിപ്റ്റാണെന്ന് എനിക്കറിയാമായിരുന്നു. സച്ചി ആദ്യമേ അതു പറഞ്ഞിരുന്നു. എന്തുകൊണ്ട് അദ്ദേഹമിത് ചെയ്തില്ല എന്നതിനെക്കുറിച്ച് എനിക്ക് അറിയില്ല. പക്ഷേ എനിക്ക് കഥ ഇഷ്ടപ്പെട്ടു. അങ്ങനെ ചെയ്യാമെന്നു തീരുമാനിച്ചു. ശരിക്കും ജീനിനു വേണ്ടി അദ്ദേഹത്തിന്റെ അച്ഛൻ ലാലേട്ടൻ സച്ചിയെക്കൊണ്ട് എഴുതിച്ചതാണ് ഈ സ്ക്രിപ്റ്റ്. ഇത് ജീനിനുവേണ്ടി എഴുതപ്പെട്ട സ്ക്രിപ്റ്റാണ്. സച്ചി എഴുതിയ തിരക്കഥയിൽ ജീനിന്റെ ഇന്റർപ്രട്ടേഷനാണ് നിങ്ങൾ സ്ക്രീനിൽ കാണാൻ പോകുന്നത്.

ലിസ്റ്റിൻ സ്റ്റീഫനുമായുള്ള കെമിസ്ട്രി ?

ലിസ്റ്റിൻ എന്റെ സുഹൃത്താണ്. എനിക്കദ്ദേഹത്തോടു ബഹുമാനം ഉണ്ട്. ഒരുപാടു നല്ല സിനിമകൾ ചെയ്യണമെന്ന് ആഗ്രഹമുള്ളയാളാണ് അദ്ദേഹം. വലിയ സ്വപ്നങ്ങൾ കാണുന്ന, വലിയ രീതിയിൽ ചിത്രങ്ങൾ ചെയ്യണമെന്ന് ആഗ്രഹിക്കുന്ന ഒരാളാണ്. ഞങ്ങൾ രണ്ടു പേരും ഒരേ രീതിയിൽ ചിന്തിക്കുന്നവരാണ്. ഞങ്ങളുടെ സൗഹൃദത്തിന്റെ അടിസ്ഥാനത്തിലാണ് ഈ സിനിമയിൽ എന്റെ പാർട്നറായി അദ്ദേഹം വരുന്നത്. അദ്ദേഹം കൂടെയുള്ളത് വലിയ ധൈര്യവും സാമ്പത്തികമായി വലിയ സ്വാതന്ത്ര്യവും തരുന്നു. അതൊരു ഭാഗ്യമായി കരുതുന്നു.

ആരാധകരെ കുറിച്ചോർക്കുമ്പോൾ മറക്കാനാകാത്ത അനുഭവം ?

ഒരുപാടുള്ളതു കൊണ്ട് ഒരു കാര്യം എടുത്തുപറയാൻ ബുദ്ധിമുട്ടാണ്. നമ്മളെ ആ ഒരു തരത്തിൽ സ്നേഹിക്കുകയും വളരെ പഴ്സനൽ അറ്റാച്മെന്റ് കാണിക്കുകയും ചെയ്യുന്ന ആരാധകരെക്കുറിച്ച് ഞാൻ എപ്പോഴും ഒാർക്കാറുണ്ട്. നമ്മൾ അവർക്കു വേണ്ടി ഒന്നും ചെയ്യുന്നില്ല. നമ്മൾ സിനിമകള്‍ ചെയ്യുന്നു. അതിലൂടെ അവർക്ക് സന്തോഷമോ പ്രചോദനമോ കിട്ടുന്നുണ്ടാകാം. അതിനപ്പുറത്തേക്ക് അവർക്കുവേണ്ടി ഒരു എഫർട്ടും എടുത്തിട്ടില്ല. എന്നിട്ടു പോലും എന്നെ ഒരു ചേട്ടന്റെയോ അനിയന്റെയോ സുഹൃത്തിന്റെയോ സ്ഥാനത്തു കാണുന്ന ഒരുപാട് ആരാധക സുഹൃത്തുക്കളുണ്ട്. അങ്ങനെയുള്ളവരുടെ മുൻപിൽ നമ്മൾ ചെറുതായിപ്പോവുകയാണ് ചെയ്യുന്നത്. അവരുടെയൊക്കെ പ്രാർഥനയുടെയും സ്നേഹത്തിന്റെയും ഫലം കൊണ്ടായിരിക്കാം സിനിമയിൽ നിലനിന്നു പോകാൻ സാധിക്കുന്നത്.

‘സംവിധായകൻ പൃഥ്വിരാജ്’ അഭിനയിക്കുന്ന രണ്ടാം സിനിമയാണ്, ഷൂട്ടിനിടെ അഭിപ്രായപ്രകടനങ്ങൾ നടത്തിയിട്ടുണ്ടോ ?

ഇതിൽ സംവിധായകന്റെ മേഖലയിൽ ഒരു തരത്തിലുള്ള ഇടപെടലുകളും ഞാൻ നടത്തിയിട്ടില്ല. ഞാൻ നിർമാതാവായതുകൊണ്ട് സംവിധായകൻ എങ്ങനെയാണോ ഈ സിനിമ ചെയ്യുന്നത് അതാണീ സിനിമ എന്നു പൂർണ്ണമായി വിശ്വസിക്കുന്നു. ലൂസിഫർ ചെയ്തതിനുശേഷം ആ ഒരു കാര്യം ഞാൻ പ്രത്യേകം ശ്രദ്ധിക്കാറുണ്ട്. നേരത്തെ ഒരു അഭിപ്രായം പറയുമ്പോൾ ഒരു നടനെന്ന രീതിയിൽ ആയിരുന്നു എല്ലാവരും കണ്ടിരുന്നത്. ഇപ്പോൾ ഒരു ഫിലിം മേക്കർ അഭിപ്രായം പറയുന്നു എന്നൊരു തോന്നൽ വന്നാലോ എന്നു കരുതി ഒന്നും പറയാറില്ല. ഇതിൽ അങ്ങനെയൊരു സാഹചര്യം ഉണ്ടായിട്ടുമില്ല.‌

എന്തായിരിക്കും10 വർഷത്തിനു മലയാള സിനിമയുടെ ഭാവി?

prithviraj-kaduva

നമുക്ക് എല്ലാവർക്കും കിട്ടുന്ന സൂചനകൾ പോലെ തീർച്ചയായും സിനിമകൾ വളർന്നു കൊണ്ടേയിരിക്കും. പക്ഷേ ഈ വളർച്ച നമ്മൾ പ്രതീക്ഷിക്കുന്ന ദിശയിലേക്ക് ആയിരിക്കില്ല. മാർക്കറ്റ് വലുതാകും. എനിക്കു തോന്നുന്നത് പോകെപ്പോകെ ഡിജിറ്റൽ സ്പേസ് വലിയ സാധ്യതയായി മാറും. അങ്ങനെ വരുമ്പോൾ അതൊരു ഇൻഡിപെൻഡന്റ് മാർക്കറ്റായി രൂപം കൊള്ളും. അതിലേക്കു വേണ്ടി മാത്രം സൃഷ്ടിക്കപ്പെടുന്ന സിനിമകൾ ഉണ്ടാവും. ഭാവിയിൽ ഒരു ശതമാനം സിനിമകൾ തിയറ്റർ റിലീസുകളില്ലാതെ ഡിജിറ്റൽ പ്രീമിയർ എന്നും പിന്നീട് സാറ്റലൈറ്റ് ടെലികാസ്റ്റ് എന്നുള്ളതിലേക്കും മാത്രം മാറും. അങ്ങനെയൊരു കാലഘട്ടം വരുമ്പോൾ അതിനെ താഴ്ത്തിക്കെട്ടി കാണേണ്ട കാര്യമില്ലെന്ന് നാം ഇന്നേ തിരിച്ചറിയണം. ഒരു സിനിമയുടെ ലക്ഷ്യം ജനങ്ങളിലേക്ക് എത്തുക എന്നതാണ്.

തിയറ്ററിൽ വലിയ സ്ക്രീനിൽ കാണേണ്ട സിനിമയാണ് എന്ന തോന്നൽ സൃഷ്ടിക്കാൻ കഴിയുന്ന ലാർജ് സ്കെയിൽ സിനിമകൾക്കായിരിക്കും തിയറ്ററിക്കൽ റണ്ണിന്റെ പ്രസക്തി ഉണ്ടാവുക. മാർട്ടിൻ ‌സ്കോർസെസി എന്ന പ്രമുഖ സംവിധായകൻ അദ്ദേഹത്തിന്റെ ഒരു ഇന്റർവ്യൂവിൽ സിനിമകൾ തിയേറ്ററിലാണ് കാണേണ്ടതെന്നും തിയറ്റർ റിലീസ് വേണമെന്നും വളരെ ശക്തമായി വാദിച്ചു. പക്ഷേ അദ്ദേഹത്തിന്റെ ഡ്രീം പ്രോജക്ടായ ഐറിഷ് മാൻ അദ്ദേഹത്തിനു ചെയ്യാൻ സാധിച്ചത് ഒരു ഒടിടി പ്ലാറ്റ് ഫോമിലാണ്. നെറ്റ്ഫ്ളിക്സിനുവേണ്ടിയാണതു ചെയ്തത്. ഇതിനെ നമുക്ക് ഫൈറ്റ് ചെയ്യാൻ പറ്റില്ല. ഇതൊരു യാഥാർഥ്യമാണ്. നാളെ ഒരു സിനിമ തിയറ്ററിൽ റിലീസ് ചെയ്യുന്നില്ല, ഡിജിറ്റൽ പ്ലാറ്റ്ഫോമിലാണ് കാണിക്കുന്നതെന്നു പറഞ്ഞാൽ അതൊരു അണ്ടർ അച്ചീവ്മെന്റായി കാണേണ്ട കാര്യമില്ല എന്നുള്ളതിലേക്ക് നാളെ മലയാള സിനിമയും എത്തിപ്പെടും.

ആടുജീവിതത്തിനായുള്ള തയാറെടുപ്പുകൾ എവിടെ വരെയെത്തി ?

ആടു ജീവിതം രണ്ടു ഷെഡ്യൂളുകൾ ഷൂട്ട് കഴിഞ്ഞു. ഞാൻ തടി വച്ചുള്ള ഷെഡ്യൂളുകളായിരുന്നു അത്. സിനിമ തുടങ്ങുന്നതിനു മുൻപേ ബ്ലസിച്ചേട്ടൻ പറഞ്ഞിരുന്നു, കുറച്ചു തടി വച്ച് വയറൊക്കെ ചാടിയുള്ള അപ്പിയറൻസാണെങ്കിൽ നല്ലതാണ് എന്ന്. ഇനി തടി കുറയ്ക്കണം. മാർച്ചിലാണ് അടുത്ത ഷൂട്ട്. അതു വരെ സിനിമയിൽനിന്ന് താൽക്കാലികമായി ഇടവേള എടുക്കുകയാണ്. എഴു മാസമെങ്കിലും ഷൂട്ട് നീണ്ടു നിൽക്കും. ജോർദാനിലും ഈജിപ്റ്റിലുമാണ് ലൊക്കേഷൻ.

ഇടവേളയിൽ എമ്പുരാനു വേണ്ടിയുള്ള ജോലികളും നടക്കുമോ?

ഈ വരുന്ന മൂന്ന് മാസം സിനിമയിൽനിന്ന് പൂർണമായി വിട്ടു നിൽക്കാനാണ് എന്റെ തീരുമാനം. കഴിയുമെങ്കിൽ ആടുജീവിതത്തെക്കുറിച്ചു പോലും ചിന്തിക്കാതിരിക്കാനാണു ശ്രമിക്കുന്നത്. സ്വിച്ച് ഓഫ് ചെയ്തിട്ട് ഒന്നു റീസ്റ്റാർട്ട് ചെയ്താൽ കൊള്ളാമെന്നുണ്ട്.

ഇത്തരം വലിയ ഇടവേളകൾ കരിയറിനെ ബാധിക്കില്ലേ ?

എനിക്കറിയില്ല. എന്റെ കരിയർ ഇങ്ങനെയാണ് ഞാൻ ചെയ്യാൻ ഉദ്ദേശിക്കുന്നത്. ചിലപ്പോൾ കുഴപ്പമായിരിക്കും. ഐ ഹോപ് നോട്ട്.

prithviraj-sukumaran-1

എന്നാണ് ഷാജി കൈലാസിന്റെ കടുവ ആരംഭിക്കുന്നത് ?

സ്വാഭാവികമായും ഇനിയുള്ള എല്ലാ സിനിമകളും ആടു ജീവിതം കഴിഞ്ഞിട്ടായിരിക്കും തുടങ്ങുന്നത്. ആടുജീവിതം കഴിഞ്ഞ് ഞാൻ ഏതവസ്ഥയിലാണോ അതില്‍ നിന്നൊക്കെ എന്റെ ശരീരം മാറ്റേണ്ട ഒരു അവസ്ഥയുണ്ട്. കടുവ മാത്രമല്ല ഇനിയുള്ള ഏതു സിനിമയും ആടു ജീവിതം കഴിഞ്ഞിട്ടേ ചെയ്യുകയുള്ളൂ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com