ADVERTISEMENT

കറുത്ത കട്ടിക്കണ്ണടയും വെളുത്ത ഫുൾ സ്ലീവ് ഷർട്ടും തൊപ്പിയും തോളിൽ കറുത്ത ഷാളുമിട്ട് ക്യാമറയ്ക്കു മുന്നിൽ ഇന്ദ്രജിത്ത് എത്തിയപ്പോൾ കണ്ടുനിന്ന തമിഴ് മക്കൾ ഉറക്കെ നിലവിളിച്ചു...‘‘കടവുളേ.......’’

 

QUEEN | Official Trailer | MX Original Series | Ramya Krishnan | Gautham Vasudev Menon

മക്കൾ തിലകം എംജിആറിനെയാണ് അവർ ഇന്ദ്രജിത്തിൽ കണ്ടത്. ഒരുകാലത്ത് എംജിആർ രസികർ മൺട്രത്തിന്റെ സജീവ പ്രവർത്തകയായിരുന്ന സ്ത്രീ ഓടിയെത്തി ഇന്ദ്രജിത്തിനെ കെട്ടിപ്പുണർന്നു കരഞ്ഞു.  വിടവാങ്ങി വർഷങ്ങൾ കഴിഞ്ഞിട്ടും തമിഴരുടെ മനസ്സിൽ എംജിആറിനോടുള്ള സ്നേഹത്തിനു മങ്ങലേറ്റിട്ടില്ലെന്ന് ഇന്ദ്രജിത്തിനു ശരിക്കും ബോധ്യമായി.

 

ഗൗതം മേനോനും പ്രസാദ് മുരുകേശനും ചേർന്നു സംവിധാനം ചെയ്യുന്ന ‘ക്വീൻ’ എന്ന തമിഴ് വെബ് സീരീസിലാണ് ഇന്ദ്രജിത്ത് ജിഎംആർ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. എംഎക്സ് പ്ലെയറിലാണ് വെബ്സീരീസിന്റെ സംപ്രേഷണം. 

 

സിനിമയിൽനിന്നു മുഖ്യമന്ത്രി പദത്തിലെത്തിയ ജയലളിതയുടെ ജീവിതവുമായി ‘ക്വീനി’നു സാമ്യമുണ്ടെങ്കിലും അതു യഥാർഥ കഥയാണെന്നു സമ്മതിക്കാൻ അണിയറ പ്രവർത്തകർ തയാറല്ല. 

 

ചെന്നൈയിലെ എംജിആർ ഫിലിം സിറ്റിയിലായിരുന്നു ഷൂട്ടിങ്. എംജിആറിന്റെ മരണ രംഗം, വിലാപ യാത്ര തുടങ്ങിയവയെല്ലാം സമാനമായ രീതിയിൽ ചിത്രീകരിച്ചിട്ടുണ്ട്. ഏഴായിരത്തോളം ജൂനിയർ ആർട്ടിസ്റ്റുകളാണ് വിലാപയാത്രയിൽ അഭിനയിച്ചത്. ജയലളിതയെ അനുസ്മരിപ്പിക്കുന്ന ശക്തി ശേഷാദ്രി എന്ന കഥാപാത്രം രാഷ്ട്രീയത്തിലെത്തിയ ശേഷമുള്ള രംഗങ്ങൾ അഭിനയിച്ചതു രമ്യ കൃഷ്ണനാണ്. ചെറുപ്പകാലം അഭിനയിച്ചതു വിശ്വാസം ഫെയിം അനിഖയും. 

 

ഇത്തരമൊരു വേഷം ചെയ്യാൻ സാധിച്ചതു വലിയ ഭാഗ്യമാണെന്ന് ഇന്ദ്രജിത്ത് പറയുന്നു. അഭിനയിക്കാൻ വിളിക്കുമ്പോൾ മെഗാ പ്രോജക്ട് എന്നല്ലാതെ കഥാപാത്രത്തെക്കുറിച്ചു ഗൗതം മേനോൻ കാര്യമായൊന്നും പറഞ്ഞിരുന്നില്ല.  ഒരുമണിക്കൂർ വീതം ദൈർഘ്യമുള്ള 11 എപ്പിസോഡ് പൂർത്തിയായി.  മുൻപു മണിരത്നത്തിന്റെ ഇരുവർ എന്ന സിനിമയിൽ മോഹൻലാൽ എംജിആറിനെ അനുസ്മരിപ്പിക്കുന്ന കഥാപാത്രത്തെ  അവതരിപ്പിച്ചിരുന്നു. ക്വീനിന്റെ ടീസർ ഇറങ്ങിയപ്പോൾ ആദ്യം മോഹൻലാലിനാണ് ഇന്ദ്രജിത്ത് അയച്ചു കൊടുത്തത്. അതു കണ്ട അദ്ദേഹം  അനുമോദനങ്ങളും ആശംസകളും നേരുകയുണ്ടായി.

 

എംജിആറിനെ അതേപടി അനുകരിക്കാതെ സ്വന്തം ശൈലിയിൽ അവതരിപ്പിക്കാനാണ് സംവിധായകൻ ഇന്ദ്രജിത്തിനോട് ആവശ്യപ്പെട്ടത്. ശബ്ദം നൽകിയതും അദ്ദേഹം തന്നെയാണ്. തമിഴ്നാട്ടിൽ വളരുകയും അവിടെ പഠിക്കുകയും ചെയ്തതിനാൽ തമിഴ് നന്നായി വഴങ്ങി. 

 

ജയലളിതയുടെ കഥയ്ക്കു പിന്നാലെ മറ്റൊരു യഥാർഥ കഥയിലും ഇന്ദ്രജിത്ത് അഭിനയിക്കുന്നുണ്ട്. സുകുമാരക്കുറുപ്പ് സംഭവത്തെ ആധാരമാക്കി എടുക്കുന്ന ‘കുറുപ്പ്’ എന്ന ചിത്രത്തിൽ നായകനായ ദുൽഖറിനെ പിടികൂടാൻ നടക്കുന്ന പൊലീസ് ഓഫിസറുടെ വേഷമാണ് ഇന്ദ്രജിത്തിന്. ശ്രീനാഥ് രാജേന്ദ്രൻ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ നിർമാതാവും ദുൽഖറാണ്.

 

‘ആമേനു’ ശേഷം ഇന്ദ്രജിത്ത് പുരോഹിത വേഷത്തിൽ അഭിനയിക്കുന്ന ‘താക്കോൽ’ ഇപ്പോൾ തിയറ്ററുകളിലുണ്ട്.  രണ്ടു ക്രിസ്ത്യൻ പുരോഹിതന്മാരുടെ കഥ പറയുന്ന ചിത്രമാണിത്. മൂന്നു തമിഴ് സിനിമകളിൽ അഭിനയിച്ച ശേഷമാണ് ഇന്ദ്രജിത് ക്വീനിൽ വേഷമിട്ടത്. മുൻപു തെലുങ്കിലും ഹിന്ദിയിലും ഇംഗ്ലിഷിലും ഓരോ സിനിമയിൽ അഭിനയിച്ചിട്ടുണ്ട്. ഇപ്പോൾ സക്കരിയയുടെ ‘ഹലാൽ ലവ് സ്റ്റോറി’യിൽ അഭിനയിച്ചു കൊണ്ടിരിക്കുന്നു. 

 

വടംവലിയുടെ വാശിയും മറ്റും ചിത്രീകരിക്കുന്ന ‘ആഹാ’ എന്ന സിനിമയുടെ ഷൂട്ടിങ് പാലായിൽ പൂർത്തിയാക്കി. കോട്ടയം ജില്ലയിലെ വടംവലി ക്ലബുകളെക്കുറിച്ചുള്ള ഈ ചിത്രം ഇന്ദ്രജിത്തിന്റെ ആദ്യ സ്പോർട്സ് സിനിമ കൂടിയാണ്. 56 വയസ്സുള്ള കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. രാജീവ് രവിയുടെ ‘തുറമുഖം’ എന്ന ചിത്രത്തിൽ ഭാര്യ പൂർണിമയ്ക്കൊപ്പമാണ് ഇന്ദ്രജിത്ത് അഭിനയിക്കുന്നത്.  ആര് അഭിനയിച്ചാലും ആരു സംവിധാനം ചെയ്താലും സിനിമ നല്ലതാണെങ്കിൽ വിജയിക്കുമെന്നതാണ് ഇപ്പോഴത്തെ ട്രെൻഡ് എന്നും അതു  നല്ല ലക്ഷണമാണെന്നും ഇന്ദ്രജിത്ത് പറയുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com