ADVERTISEMENT

കൊച്ചി∙ ക്വട്ടേഷൻ പ്രകാരം യുവനടിയെ തട്ടിക്കൊണ്ടുപോയി പകർത്തിയ അപകീർത്തികരമായ ദൃശ്യങ്ങൾ കോടതി പ്രതിയായ നടൻ ദിലീപിനെ വ്യാഴാഴ്ച കാണിക്കും. ദിലീപിനൊപ്പം ദൃശ്യങ്ങൾ പരിശോധിക്കുന്ന സാങ്കേതിക വിദഗ്ധന്റെ പേര് പ്രതിഭാഗം ഇന്നലെ കോടതിക്കു കൈമാറി. ദിലീപിന്റെ അഭിഭാഷകനും കുറ്റകൃത്യത്തിന്റെ ദൃശ്യങ്ങൾ കാണും.

 

ഈ ദൃശ്യങ്ങളുടെ പകർപ്പു ദിലീപിനു നൽകുന്നതു തടഞ്ഞ സുപ്രീംകോടതി, വിചാരണക്കോടതിയുടെ മേൽനോട്ടത്തിൽ പ്രതിഭാഗത്തെ ദൃശ്യങ്ങൾ കാണിക്കാൻ നിർദേശം നൽകിയിരുന്നു.

 

പ്രതിക്കൊപ്പം ദൃശ്യങ്ങൾ പരിശോധിക്കുന്ന സാങ്കേതിക വിദഗ്ധന്റെ വിവരം രഹസ്യമായി സൂക്ഷിക്കണമെന്ന പ്രതിഭാഗത്തിന്റെ ഹർജിയെ സ്പെഷൽ പ്രോസിക്യൂട്ടർ എ.സുരേശൻ എതിർത്തു. സാങ്കേതിക വിദഗ്ധന്റെ വിവരം പ്രോസിക്യൂഷനു കൈമാറാൻ അഡീ.സെഷൻസ് ജ‍ഡ്ജി ഹണി എം.വർഗീസ് നിർദേശം നൽകി. ദിലീപിന്റെ ഈ ഹർജിയിലും മൂന്നു സാങ്കേതിക വിദഗ്ധരെ അനുവദിക്കണമെന്ന ഹർജിയിലും കോടതി വ്യാഴാഴ്ച വിധി പറയും.

 

ദൃശ്യങ്ങളുടെ വിശ്വാസ്യത പരിശോധിക്കാൻ തനിക്കു മാത്രമായി പ്രത്യേക സമയം അനുവദിക്കണമെന്ന ഹർജിയും ദിലീപ് ഇന്നലെ സമർപ്പിച്ചു. സുപ്രീംകോടതിയുടെ നിർദേശ പ്രകാരം എത്രയും വേഗത്തിൽ വിചാരണ പൂർത്തിയാക്കണമെന്നും ദൃശ്യങ്ങൾ പരിശോധിക്കാൻ കൂടുതൽ ദിവസങ്ങൾ നീക്കിവയ്ക്കാനില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. അനാവശ്യമായി വിചാരണ നീട്ടിക്കൊണ്ടു പോകാനുള്ള ശ്രമങ്ങൾ പ്രോത്സാഹിപ്പിക്കാൻ കഴിയില്ലെന്നും കോടതി വ്യക്തമാക്കി.

 

കുറ്റകൃത്യത്തിന്റെ ദൃശ്യങ്ങൾ പരിശോധിക്കാൻ കോടതി ബുധനാഴ്ചയാണു സമയം അനുവദിച്ചതെങ്കിലും ദിലീപിന്റെ അഭിഭാഷകന്റെ പ്രത്യേക അഭ്യർഥന പരിഗണിച്ചാണു വ്യാഴാഴ്ച നിശ്ചയിച്ചത്.

 

ഇതേസമയം കേസിലെ മറ്റുപ്രതികളായ സുനിൽകുമാർ(പൾസർ), മാർട്ടിൻ ആന്റണി, മണികണ്ഠൻ എന്നിവരും കുറ്റകൃത്യത്തിന്റെ ദൃശ്യങ്ങൾ പരിശോധിക്കാൻ അവസരം ചോദിച്ചു. ഇതിനുള്ള അപേക്ഷ ഇന്നു സമർപ്പിക്കാൻ കോടതി നിർദേശിച്ചു.

 

നടൻ ദിലീപ് ഇന്നലെയും അവധി അപേക്ഷ നൽകി കോടതിയിൽ നിന്നും വിട്ടുനിന്നു. റിമാൻഡ് പ്രതികളായ മണികണ്ഠൻ, വിജീഷ് എന്നിവരെ ജയിൽ അധികാരികൾ ഇന്നലെ കോടതിയിൽ ഹാജരാക്കിയില്ല. 2017 ഫെബ്രുവരി 17നാണു പൾസർ സുനിയും മറ്റു ഗുണ്ടകളും ക്വട്ടേഷൻ പ്രകാരം യുവനടിയെ തട്ടിക്കൊണ്ടുപോയി അപകീ‍ർത്തികരമായ ദൃശ്യങ്ങൾ പകർത്തിയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com