ADVERTISEMENT

ജീവിതത്തിൽ വല്ലാതെ ഒറ്റപ്പെട്ടു പോകുമ്പോൾ സഹായവുമായി എത്തുന്നവർ ദൈവത്തിന് തുല്യമായിരിക്കും. അതുപോലെ മരണത്തിന്റെ വക്കിൽ നിന്നും കൈപിടിച്ച് കയറ്റുന്നവരാണെങ്കിലോ?. അയാളെ സൂപ്പർമാൻ എന്നു വിളിക്കാനാണ് ഇൗ യുവാക്കൾക്ക് ഇഷ്ടം. അത്തരത്തിലൊരു അനുഭവത്തിന്റെ കഥയാണ് ഇൗ  കുറിപ്പ്. മരണം മുന്നിൽ കണ്ട് തണുത്ത് വിറയ്ക്കുമ്പോഴാണ് പ്രതീക്ഷയുടെ ആ വിളി അഞ്ചംഗസംഘത്തെ തേടിയെത്തുന്നത്. കൊടും തണുപ്പിൽ ലഡാക്കിൽ കുടുങ്ങിപ്പോയ യുവാക്കൾക്കാണ് സഹായവുമായി നടൻ ടൊവിനോ തോമസ് എത്തിയത്.

 

കുറിപ്പു വായിക്കാം

 

അതേ അയാൾ ഒരു കുപ്രസിദ്ധ പയ്യൻ തന്നെ..

 

കഴിഞ്ഞ പ്രളയ സമയത്ത് നമ്മൾ എല്ലാവരും കണ്ട ചില ചിത്രങ്ങളുണ്ട്...ഒരു നടൻ സാധാരണ മനുഷ്യരുടെ കൂടെ അവർക്ക് വേണ്ടി അവരിൽ ഒരാളായി നിന്ന് അധ്വാനിക്കുന്ന ചില നന്മയുള്ള ചിത്രങ്ങൾ....

 

അന്ന് അത് പ്രചരിച്ചപ്പോൾ പല പല അഭിപ്രായങ്ങൾ ഞാനും കേട്ടു. (intellectuals), അഭിനയം തൊഴിൽ ആക്കിയവരാണ് അവരെ ഇങ്ങനെ പൊക്കി കൊണ്ട് നടക്കണ്ട..ഇതൊക്കെ ഇവരുടെ marketing strategy/ show off etc..മാത്രമാണ് എന്നൊക്കെ..ഫ്ലഡ് സ്റ്റാർ എന്നൊക്കെ ആൾക്കാർ അദ്ദേഹത്തെ കളിയാക്കി വിളിക്കുന്നത് കണ്ടു..

 

നേരിട്ട് അറിയാത്ത കാര്യം ആയത്കൊണ്ടും, നമ്മളെ ബാധിക്കാത്ത കാര്യം ആയതു കൊണ്ടും (അയാൾ ഷോ ഓഫ്‌ കാണിക്കുന്നതാകും എന്ന് ഞാനും മനസ്സിൽ ചിന്തിച്ചു ) അത് അവിടെ വിട്ടു.. പക്ഷേ ആ ചിത്രങ്ങൾക്ക് ഒരുപാട് അർഥങ്ങൾ ഉണ്ടെന്ന് മനസ്സിലായത് 5 ദിവസം മുൻപാണ്..

 

നീ എന്തിനാട ഇപ്പൊ ഇതൊക്കെ പറയുന്നത് എന്ന് ചോദിച്ചാൽ ഒരു 'ബ്രാൻഡ് ന്യൂ ' കാര്യം നടന്നിരിക്കുന്നു.. മറ്റാരുടെയും ജീവിതത്തിൽ അല്ല ഞങ്ങൾ 5 പേരുടെ ജീവിതത്തിൽ.

മുഖാമുഖം കണ്ട മരണത്തോട് "ഞങ്ങൾ ഇപ്പൊ ഇല്ല" നീ പൊക്കോ എന്ന് പറഞ്ഞു ദേ ലഡാക്കിൽ നിന്നും ഡൽഹിയിൽ എത്തി. ദീർഘശ്വാസം കിട്ടി എന്ന് ബോധ്യം വന്നപ്പോൾ ആണ് ഈ കുറുപ്പ് എഴുതുന്നത്,

 

കാര്യം ലേശം അഹങ്കാരം ആണ്.. എറണാകുളത്ത് നിന്ന് ഞങ്ങൾ 5 പേരുടെ സംഘം,ലക്ഷ്യം വളരെ വലുത് ആണെന്നും ദുർഘടമേറിയതാണെന്നും അറിയാമായിരുന്നിട്ടും രണ്ടും കൽപ്പിച്ചു ഞങ്ങൾ യാത്ര തിരിച്ചു. ഇന്ത്യയുടെ 20 സംസ്ഥാനങ്ങൾ ഉൾപ്പെടുത്തി ഒരു സംഗീത ആൽബം (without a solid producer/financer) ഷൂട്ട് ചെയ്ത് മലയാളത്തിലും, തമിഴിലുമായി പുറത്ത് ഇറക്കുകയായിരുന്നു ഉദ്ദേശം. കഴിഞ്ഞ ഒരു മാസമായി തെക്കേ ഇന്ത്യ മുതൽ വടക്കേ ഇന്ത്യ വരെ പല ഉൾനാടൻ ഗ്രാമങ്ങൾ തേടി ഞങ്ങടെ യാത്രയും ഷൂട്ടിങ്ങും നടന്നു വരികായിരുന്നു

 

പക്ഷേ കഥ അതല്ല. കഴിഞ്ഞ വെള്ളിയാഴ്ചയണ് ഡൽഹിയിൽ നിന്നും വിമാനം വഴി ഞങ്ങൾ ലഡാക്കിൽ എത്തിയത്, അവിടന്ന് കാർഗിൽ, ദ്രാസ്സ്, സോനംമാർഗ് എന്നീ ഇടങ്ങളിൽ ഷൂട്ട്‌ ചെയ്തു ശ്രീനഗർ വഴി മടക്കം ആയിരുന്നു ഉദ്ദേശം, കാർഗിൽ എത്തി, പ്രൈവറ്റ് ടാക്സി വിളിച്ചു -22° തണുപ്പിൽ, മനസില്ലാമനസോടെയും, നമ്മൾ , കൊടുക്കാമെന്നു പറഞ്ഞ ക്യാഷ് നോക്കിയും, ഡ്രൈവർ വണ്ടി എടുത്തു, സോനംമാർഗിലെ, മഞ്ഞു മഴ ഷൂട്ട്‌ ചെയ്തു.

 

ആഗ്രഹിച്ചത് ഷൂട്ട് ചെയ്യാൻ കഴിഞ്ഞ സന്തോഷത്തിൽ തിരിച്ചു വരുമ്പോഴേക്കും കാർഗിൽ - ജമ്മു റോഡ് അടച്ചിട്ടു - കാരണം മഞ്ഞ് വീഴ്ച, മല ഇടിച്ചിൽ..-24°തണുപ്പിൽ കാറിന്റെ ഡീസൽ ഫ്രീസ് ആയി,,, അര മണിക്കൂർ കൂടി നിന്നാൽ കാറ്റുപോകും എന്ന അവസ്ഥആയപ്പോൾ, കാർ റോഡിൽ ഒതുക്കിയ ശേഷം ഡ്രൈവർ ഉൾപ്പെടെ ഞങ്ങൾ 6 പേർ, ആർമിയുടെ ട്രക്കിൽ കാർഗിൽ എത്തി !

 

7 മണിക്കൂർ സഞ്ചരിച്ചു ലഡാക്കിൽ തിരിച്ചു എത്തി വിമാനമാർഗം ഡൽഹിയിൽ എത്തുക അതെ ഇനി വഴിയുള്ളു. വൈഫൈ തപ്പി പരക്കെ നടന്നു ഒടുക്കം ഒരു ഹോട്ടലിലെ വൈഫൈ സംഘടിപ്പിച്ചു. എയർ ടിക്കറ്റ് നോക്കി

 

അതിശൈത്യം മൂലം 80 % ശതമാനം ലഡാക്കിലെ തദ്ദേശവാസികളും മറ്റിടങ്ങളിലേക്കു പലായനം ചെയ്യാൻ ആശ്രയിക്കുന്ന മണാലി റോഡും, ശ്രീനഗർ റോഡും, അടഞ്ഞതോടെ വിമാന കമ്പനികൾ നിരക്ക് കുത്തനെ കൂട്ടി, നമ്മൾ 5 പേർ 24 ദിവസം സഞ്ചരിച്ച മൊത്തം ചിലവിനെക്കാൾ കൂടുതൽ ആയിരുന്നു ഡൽഹിയിലേക്ക് ഉള്ള മടക്ക യാത്രക്ക് വേണ്ടിയിരുന്നത്. ഇനി ക്യാഷ് ഉണ്ടെങ്കിൽ തന്നെ 5 ദിവസത്തേക്കു ഫ്ലൈറ്റ് ഫുൾ ആണ്

 

'മരണം ആസന്നം ആയ ഒരു സാഹചര്യം ആണ്' എന്ന് ആരെ എങ്കിലും പറഞ്ഞ് മനസ്സിലാക്കാൻ കഴിയാത്ത അവസ്ഥ എങ്ങിനെ ഇരിക്കും എന്ന് ഈ കഴിഞ്ഞ ദിവസങ്ങളിൽ ഞങ്ങൾക്ക് മനസ്സിലായി. സഹായം ചോദിക്കാൻ ഉള്ള ലജ്ജയും, അകപ്പെട്ട് കഴിഞ്ഞവന്റെ നിസ്സഹായാവസ്ഥയും ഭീതിയും എല്ലാം കുഴഞ്ഞ് മറിഞ്ഞ ചില രാത്രികൾ

 

മിലിട്ടറി സഹായം തേടി ( helicopter). ഭാഗ്യം തുണച്ചില്ല, സമയവും, നിയമവും കൂടെ കൂടി അവസാന നിമിഷം ആ പ്രതീക്ഷയും ഇല്ലാതാക്കി. ദൈവം പറഞ്ഞ് അയച്ച പോലെ..

ഒരു കോൾ വന്നു.. ഞങ്ങൾ എല്ലാവരും ഞെട്ടി..

 

ടൊവീനോ തോമസിന്റെ മാനേജർ ആണ് വിളിക്കുന്നത്.. ടൊവി പറഞ്ഞിട്ട് വിളിക്കുവാ !

 

"ഞങ്ങടെ ക്യാമറാമാൻ (ഡോൺ) എല്ലാവർക്കും മെസേജ് കൊടുക്കുന്ന കൂട്ടത്തിൽ കോൺടാക്ട് ലിസ്റ്റിൽ ഉണ്ടായിരുന്ന ടൊവിനോയ്‌ക്കും മെസ്സേജ് കൊടുത്തിരുന്നു " ഡോൺ, ടൊവിനോയുടെ 2 സിനിമയിൽ അസ്സോസിയേറ്റ് ക്യാമറാമാൻ ആയി വർക്ക്‌ ചെയ്തതൊഴിച്ചാൽ ,നമ്മളാരും പുള്ളിയുമായി വർക്ക്‌ ചെയ്തവരോ, പരിചയം ഉള്ളവരോ അല്ല, വേണേൽ കണ്ടിട്ട് ധൈര്യം ആയി മിണ്ടാതെ ഇരിക്കാവുന്ന ' ഒരു സഹപ്രവർത്തകൻ അത്രേ ഉള്ളൂ..

 

അതേ, ഇവിടുത്തെ സാഹചര്യം അറിയാവുന്ന ഒരു മനുഷ്യന്റെ ആവലാതി ആ സ്വരത്തിൽ ഉണ്ടായിരുന്നു, 5 പേർക്കും ടിക്കറ്റ് എടുത്തു തന്നു. ശരിക്കും പറഞ്ഞാൽ ആ സൂപ്പർമാൻ കാരണം ഞങ്ങൾ ഇപ്പൊ ഡൽഹി എത്തിയിരിക്കുന്നു അല്ലെങ്കിൽ അദ്ദേഹം കാരണം ജീവൻ തിരിച്ചു കിട്ടിയിരിക്കുന്നു...

 

ചെറിയ കാര്യം ആണ്.. ഇത്രയ്ക്ക് ലാഗ് വേണോ എന്ന് ചോദിക്കുന്നവരോട്, 'വേണം , ആവശ്യം ഉണ്ട് ' എന്ന് തന്നെയാ ഉത്തരം. ഒരു മനുഷ്യൻ, കുപ്രസിദ്ധ മനുഷ്യൻ

ആകുന്നത് ഇങ്ങനെ ഒക്കെ ആണ്..അല്ലെങ്കിൽ തിരിച്ച് പറഞ്ഞാൽ ഇങ്ങനെ ഉള്ള മനുഷ്യർ ഒക്കെ തന്നെ ആണ് കു 'പ്രസിദ്ധ' രാകേണ്ടത്.

 

അപ്പൊ എല്ലാരോടും സ്നേഹം മാത്രം !! എന്നാലും എത്ര ആലോചിച്ചിട്ടും പിടികിട്ടാത്ത കാര്യം നമ്മളെ ഒക്കെ സഹായിച്ചിട്ട് പുള്ളിക്കാരന് എന്ത് കിട്ടാനാട ഉവ്വേ ?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com