sections
MORE

വൺമാൻ ഷോ ക്ലൈമാക്സ്, മോഹൻലാലിനൊത്തുള്ള സ്വപ്നസിനിമ; ഷാഫി മനസ്സ് തുറക്കുന്നു

shafi-director
SHARE

ദശമൂലം ദാമു, മണവാളൻ, കണ്ണൻ സ്രാങ്ക്, പോഞ്ഞിക്കര, പ്യാരി...മലയാളികളെ കുടുകുടാ ചിരിപ്പിച്ച സിനിമകളിലെ കഥാപാത്രങ്ങൾ... ഇവരെ സ്മരിക്കാത്ത ഒരുദിവസം പോലും സിനിമാസ്നേഹികൾക്ക് ഉണ്ടാകില്ല. ഈ സിനിമകൾ ഇറങ്ങിയിട്ട് വർഷങ്ങളായെങ്കിലും  ട്രോളുകളിലെ കഥാപാത്രങ്ങളായും ചാറ്റ് സ്റ്റിക്കറുകളായും  ഇവർ ഇപ്പോഴും നിറഞ്ഞുനിൽക്കുന്നു. ഈ സിനിമകളുടെയെല്ലാം അണിയറശിൽപിയാണ് സംവിധായകൻ ഷാഫി. ചിരിസിനിമകളുടെ സംവിധായകൻ പക്ഷേ ജീവിതത്തിൽ മിതഭാഷിയും കണ്ടാൽ ഗൗരവക്കാരനുമാണ്.  ഷാഫി സിനിമാവിശേഷങ്ങൾ പങ്കുവയ്ക്കുന്നു...

വൺമാൻ ഷോയുടെ ക്ലൈമാക്സ് ട്വിസ്റ്റിലെ രഹസ്യം...

സംവിധായകൻ എന്ന നിലയിൽ എന്റെ ആദ്യ സിനിമയായിരുന്നു വൺമാൻഷോ. റാഫി മെക്കാർട്ടിന്റെ  തിരക്കഥ കിട്ടിയതുകൊണ്ടാണ് എനിക്ക് ആ സിനിമ ചെയ്യാൻ പറ്റിയത്. ഒരു  ക്വിസ് മത്സരത്തിന്റെ ബാക്ക്ഡ്രോപ്പിലാണ് കഥ ചുരുളഴിയുന്നത്. അതിലെ ഹൈലൈറ്റ് ആയിരുന്നു ക്ലൈമാക്സിലെ അവസാന ചോദ്യം: ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ ചരിത്ര നിർമിതി ഏത്? ആരും എടുത്തടിച്ചു കുത്തബ് മിനാർ എന്നുപറഞ്ഞു പോകും. പക്ഷേ താജ് മഹലാണ് ശരിയായ ഉത്തരം!  ആ ചോദ്യം കിട്ടിയത് മനോരമ ഇയർബുക്കിൽ നിന്നായിരുന്നു. കണ്ടപ്പോള്‍ തന്നെ കൗതുകം തോന്നിയിരുന്നു. 

കുട്ടിക്കാലത്ത് ഞാൻ ഒരു പാട് ക്വിസ് മത്സരങ്ങളിൽ പങ്കെടുത്തിരുന്നു. ചോദ്യോത്തര പരിപാടികൾ എനിക്ക് വളരെ ഇഷ്ടമാണ്. വൺമാൻഷോയുടെ തിരക്കഥാവേളയിൽ റാഫിക്ക എന്റടുത്ത് കുറച്ച് കൗതുകമുള്ള ചോദ്യോത്തരങ്ങൾ കലക്ട് ചെയ്യാൻ പറഞ്ഞിരുന്നു. അങ്ങനെ ഞാൻ തയാറാക്കിയ ചോദ്യങ്ങളിൽ ഒന്നായിരുന്നു ഇത്.  പക്ഷേ അവരത്  ക്ലൈമാക്സ് ആക്കും എന്നു ഞാൻ വിചാരിച്ചിരുന്നില്ല. എന്തായാലും ആ സിനിമയുടെ ക്ലൈമാക്സിൽ ഇതിലും അനുയോജ്യമായൊരു ചോദ്യം കിട്ടാനില്ല.   അതു പ്രസിദ്ധീകരിച്ച  മനോരമ ഇയർബുക്കിനോടും എനിക്ക് കടപ്പാടുണ്ട്.

ട്രോളുകൾ നിലനിർത്തുന്ന കോമഡി കഥാപാത്രങ്ങൾ...

വൺമാൻഷോ മുതൽ ഒരു തമിഴ് സിനിമയടക്കം ഇപ്പോൾ ചെയ്ത ചിൽഡ്രൻസ് പാർക്ക് ഉൾപ്പെടെ 17 സിനിമകൾ ചെയ്തിട്ടുണ്ട്. എല്ലാം ചിരിപ്പടങ്ങളാണ്. കോമഡി സിനിമകൾ ചെയ്യാനാണ് നിർമാതാക്കൾ എന്നെ സമീപിക്കാറുള്ളത്, അതുകൊണ്ടാണ് അത്തരം സിനിമകള്‍ വീണ്ടും ചെയ്യുന്നത്.

കല്യാണരാമനും ചോക്ലേറ്റും ലൗസ്റ്റോറിയാണ്. തൊമ്മനും മക്കളും, മായാവി, വെനീസിലെ വ്യാപാരി ഇതൊക്കെ വേറൊരു ജോണറിലുള്ള സിനിമയാണ്. ഇതിൽ പവർഫുളായ ഒരു ഹീറോ ഉണ്ടാവും അതേ പോലെ അവരോട് കട്ടക്ക് നിൽക്കുന്ന കൊമേഡിയൻസും ഉണ്ടാവും. അങ്ങനെയുള്ള സിനിമകളിൽ കോമഡിക്കു വേണ്ടി സ‍ൃഷ്ടിച്ചതാണ് സ്രാങ്കും, ദശമൂലം ദാമുവും ഒക്കെ. 

അതുപോെല പ്രശസ്തനായൊരു കഥാപാത്രമാണ് പുലിവാൽ കല്യാണത്തിലെ മണവാളൻ. ഏറ്റവും വലിയ സന്തോഷം ഈ സിനിമകളൊക്കെ വന്നിട്ട് 15–16 വർഷങ്ങളായി. പക്ഷേ ഇപ്പോഴും ട്രോളുകളിലൂടെ ഈ കഥാപാത്രങ്ങൾ നിറഞ്ഞുനിൽക്കുന്നു. വാട്സാപ്പിലും ഫെയ്ബുക്കിലുമൊക്കെ ചാറ്റ് ചെയ്യുമ്പോൾ ഇടുന്ന സ്റ്റിക്കറുകളിൽ വരെ ഇപ്പോൾ ഇവർ സ്ഥാനം പിടിച്ചിരിക്കുന്നു. സലിംകുമാർ ഒരു പരിപാടിയിൽ പറഞ്ഞിരുന്നു. മൂന്നാല് വർഷം സിനിമയിൽ ഇല്ലാതിരിന്നിട്ടും എന്നെ സജീവമായി നിലനിർത്തിയത് ട്രോളന്മാരാണ് എന്ന്.

ദശമൂലം ദാമു വീണ്ടും വരുമോ?...

ദശമൂലം ദാമുവിനെ നായകനാക്കി ഒരു സിനിമാ ചർച്ചയിലാണ് ഞാനും അതിന്റെ കഥാകൃത്തായ ബെന്നി. പി. നായരമ്പലവും. എല്ലാം റെഡിയായി വന്നാൽ ആ സിനിമ അടുത്ത വർഷം പ്രതീക്ഷിക്കാം. 

എല്ലാത്തരം സിനിമകളും വേണം...

വാർ ഫിലിം, സെന്റിമെന്റൽ ഫിലിം ഒഴികെ എല്ലാ സിനിമയും ഞാൻ കാണാറുണ്ട്. ഓരോരുത്തർക്കും ഓരോ ഇഷ്ടങ്ങളല്ലേ. വിമർശനങ്ങളെയും അഭിനന്ദനങ്ങളെയും ഒരേ പോലെ കാണുന്നു. റിയലസ്റ്റിക്  സിനിമകൾ ചെയ്യാൻ ആഗ്രഹമുണ്ട്. സാഹചര്യം ഒത്തുവന്നാൽ ചെയ്യും. മലയാളസിനിമയിൽ കലാമൂല്യമുളള ചിത്രങ്ങൾ ചെയ്യുന്ന ഒരുപാട് സംവിധായകരുണ്ട്. എന്നാൽ തിയറ്ററിൽ ആളുകളെ കേറ്റുന്ന മാസ്സ്, കോമഡി സിനിമകളും വേണം എന്ന അഭിപ്രായക്കാരനാണ് ഞാൻ. കാരണം അത്തരം സിനിമകളാണ് സിനിമാവ്യവസായത്തെ തങ്ങിനിർത്തുന്നത്.

മോഹൻലാൽ ചിത്രം സ്വപ്നം...

മമ്മൂക്ക, ദിലീപ്, പ‍ൃഥ്വിരാജ് ഇവരെ വച്ച് സിനിമകൾ ചെയ്തു.   ഇനി എന്നാണ് ലാലേട്ടനുമായി ഒരു സിനിമ എന്ന് എല്ലാവരും ചോദിക്കാറുണ്ട്. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടയ്ക്ക് നാല് പ്രാവശ്യം എങ്കിലും ശ്രമിച്ചിട്ടുണ്ട് ലാലേട്ടനുമായി ഒരു സിനിമ ചെയ്യാൻ വേണ്ടി. പല കഥകളും പ്ലാൻ ചെയ്യുന്നുണ്ട്, ഇതിൽ ഏതെങ്കിലും ഒരു കഥ ലാലേട്ടന് ഓക്കെ ആയാൽ ഉറപ്പായും ചെയ്യും. അതിനുവേണ്ടി ഇനിയും ശ്രമിച്ചുകൊണ്ടേയിരിക്കും. 

അടുത്ത സിനിമകൾ..

അടുത്ത സിനിമ ബിജുമേനോനെ നായകനാക്കി ചെയ്യുന്നു. ബെന്നി പി. നായരമ്പലം ആണ് സ്ക്രിപ്റ്റ്. അതോടൊപ്പം ദശമൂലംദാമുവിന്റെയും സ്ക്രിപ്റ്റ് നടക്കുന്നു. ഇതില്‍ ഏതാണോ ആദ്യം റെഡിയാവുന്നത് അത് അടുത്ത വർഷം ആദ്യം ചെയ്യും. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MOVIE NEWS
SHOW MORE
FROM ONMANORAMA