ADVERTISEMENT

തൊണ്ണൂറുകളിലെ കുടുംബ ചിത്രവുമായി അജു വര്‍ഗീസ്! താരം നായകനാകുന്ന സാജൻ ബേക്കറയിലെ രസകരമായൊരു ചിത്രമാണ് സമൂഹമാധ്യമത്തിലൂടെ പങ്കുവച്ചത്. സിനിമയില്‍ അജുവിന്റെ ഭാര്യയായി അഭിനയിക്കുന്നത് ഗ്രേസ് ആന്റണിയാണ്.

 

അജുവിന്റെ കുറിപ്പ് വായിക്കാം

 

സാജൻ, പുന്നമൂട്ടിൽ ശമേൽ മാപ്പിളേടെ ഒരേ ഒരു സന്തതി. തന്റെ അപ്പൻ സാജന്റെ പേരിൽ റാന്നിയിൽ പണ്ട് 62–ൽ ഒരു ബേക്കറി തുടങ്ങീട്ടും സാജന്റെ മനസും ശരീരവും അവിടെയൊന്നുമല്ലാരുന്നു. പല നാട്ടിൽ, പല കച്ചവടത്തിന്റെ പുറകെ പോയ സാജൻ പക്ഷെ ഒരിടത്തും വേരുറച്ചില്ല, എല്ലാ വട്ടവും നാട്ടിലേക്കു തിരിച്ചു വന്നപ്പോൾ മിച്ചം വന്നത് ജീവിതാനുഭവം മാത്രം. ഒടുക്കം അപ്പന്റെ നിർബന്ധത്തിനു വഴങ്ങി കല്യാണം. മേരി..

 

ഉറവപൊട്ടി പലവഴിക്ക് ഒഴുകിയ കാട്ടുനീരിനെക്കാളും ചിതറിയ സാജന്റെ മനസ്സിനെ, ചിന്തകളെ, ഒരേ ഗതിയിലേക്ക് കൊണ്ടുപോയവളാരുന്നു മേരി. സാജൻ മനസിലാക്കാൻ ശ്രമിച്ച ഒരേ ഒരു വ്യക്തി എന്നുവേണമെങ്കിലും പറയാം. എന്നിരുന്നാലും സാജനു മേരിയെ നല്ല പേടിയാരുന്നു. ചിലപ്പോ അതുകൊണ്ടാരിക്കും പിന്നെപ്പോളോ അയാൾ നന്നായതും. 

 

അപ്പന്റെ സൗന്ദര്യവും (ശരിക്കും ) അമ്മേടെ ഐശ്വര്യവും കിട്ടിയത് മൂത്തവൾ ബെറ്റ്സിക്കാണ്, രണ്ടാമത്തവൻ ബോബിൻ, മേരിടെ വയറ്റിൽ വളരുമ്പോൾ സാജനും മേരിയും നല്ല തല്ലുപിടിത്തം ഉണ്ടാരുന്നകൊണ്ടാണെന്നു തോന്നുന്നു ബോബിൻ ലുക്കിലും സ്വഭാവത്തിലും ഇച്ചിരി മൂശേട്ട ആരുന്നു.. സാജനെ പോലെ.. 90-കളിലെ ഒരു ഫോട്ടോ ആണിത്. സാജന്റെ ഫാമിലി ആൽബത്തിൽ നിന്നും...

 

അരുൺ ചന്ദു സംവിധാനം ചെയ്യുന്ന ചിത്രത്തിൽ പുതുമുഖം രഞ്ജിത മേനോന്‍ ആണ് നായിക. ഗണേഷ് കുമാർ,ജാഫര്‍ ഇടുക്കി,ലെന,ഗ്രേസ് ആന്റണി എന്നി പ്രമുഖ താരങ്ങള്‍ക്കൊപ്പം ഒട്ടേറേ പുതുമുഖങ്ങളും ഈ ചിത്രത്തില്‍ അഭിനയിക്കുന്നു.    അജു വർഗിസ്,അരുൺ ചന്തു എന്നിവര്‍ ചേർന്നാണ് തിരക്കഥ,സംഭാഷണമെഴുതുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com