ADVERTISEMENT

താൻ വിഷാദരോഗത്തിനും മദ്യപാനത്തിനും അടിമയായിരുന്നുവെന്ന് നടൻ വിഷ്ണു വിശാൽ.  വ്യക്തി ജീവിതത്തിലുണ്ടായ പ്രശ്‌നങ്ങളാണ് തന്നെ വിഷാദത്തിനും മദ്യപാനത്തിനും അടിമയാക്കിയതെന്ന് താരം തുറന്നുപറഞ്ഞു. ജീവിതം തിരിച്ചു പിടിച്ച തന്റെ കഥ കുറച്ചു പേര്‍ക്കെങ്കിലും പ്രചോദനമായി തീരുമെന്ന് കരുതുന്നതിനാലാണ് ഇപ്പോള്‍ എല്ലാം തുറന്ന് പറയുന്നതെന്ന് വിഷ്ണു സമൂഹമാധ്യമത്തിൽ കുറിച്ചു.

 

വിഷ്ണു വിശാലിന്റെ കുറിപ്പ് വായിക്കാം: 

vishnu-vishal-son

 

ഇന്ന് ഞാന്‍ എന്നെക്കുറിച്ച് ചില കാര്യങ്ങള്‍ നിങ്ങളുമായി പങ്കുവയ്ക്കാന്‍ ആഗ്രഹിക്കുന്നു. എന്റെ ജീവിതത്തില്‍ ഉയര്‍ച്ചയും താഴ്ച്ചയും ഒരു പോലെ സംഭവിച്ചിട്ടുണ്ട്. എന്നിരുന്നാലും ഞാന്‍ അനുഗ്രഹിക്കപ്പെട്ടവനാണ്. കഴിഞ്ഞ രണ്ടു വര്‍ഷങ്ങളായി എന്റെ ജീവിതം ഏറെ ദുഷ്‌കരമായിരുന്നു. അതെക്കുറിച്ച് ഞാന്‍ തുറന്ന് സംസാരിക്കാന്‍ ആഗ്രഹിക്കുകയാണ്.

vishnu-vishal-kid

 

കഴിഞ്ഞ കുറച്ചു കാലങ്ങളായി എന്റെ കരിയര്‍ നന്നായി പോകുകയായിരുന്നു, എന്നിരുന്നാലും എന്റെ വ്യക്തി ജീവിതം തകര്‍ച്ചയിലായിരുന്നു. പതിനൊന്ന് വര്‍ഷം നീണ്ട ജീവിതത്തിന് ശേഷം ഞാനും എന്റെ ഭാര്യയും 2017 ല്‍ വേര്‍പിരിഞ്ഞു. വ്യത്യസ്ത വീടുകളില്‍ ജീവിക്കുന്നത് മാത്രമായിരുന്നില്ല എന്റെ പ്രശ്‌നം, ഞങ്ങളുടെ വേര്‍പിരിയല്‍ എന്റെ മകനെ എന്നില്‍ നിന്ന് വല്ലാതെ അകറ്റി. അന്ന് അവന് ഏതാനും മാസങ്ങള്‍ മാത്രമേ പ്രായമുണ്ടായിരുന്നുള്ളൂ. മാനസികമായി അതെന്നെ വല്ലാതെ തകര്‍ത്തു. ഞാന്‍ രാവും പകലും മദ്യപാനത്തില്‍ അഭയം തേടി. വിഷാദവും ഉറക്കമില്ലായ്മയും എന്നെ രോഗിയാക്കി...

 

അതിനിടെ ഞാന്‍ ഒരു ശസ്ത്രക്രിയക്ക് വിധേയനാവുകയും ചെയ്തു.  വ്യക്തി ജീവിതത്തിലെ പ്രശ്‌നങ്ങളുമായി ഞാന്‍ മല്ലടിക്കുന്നതിനിടയില്‍ ജോലിയുമായി ബന്ധപ്പെട്ട കാര്യങ്ങളും മോശമാകാൻ തുടങ്ങി. ചില സിനിമകള്‍ സമയത്തിന് പുറത്തിറങ്ങിയില്ല. ഞാൻ തുടങ്ങിയ നിര്‍മാണ കമ്പനിയും നഷ്ടത്തിലാകാൻ തുടങ്ങി. കടം കൂടാൻ തുടങ്ങി.

 

എന്റെ നിര്‍മാണ കമ്പനി ഏറ്റെടുത്ത് നിര്‍മിച്ചിരുന്ന ഒരു ചിത്രം 21 ദിവസത്തെ ഷൂട്ടിങ്ങിന് ശേഷം നിന്നു പോയതും വലിയ സാമ്പത്തിക ബാധ്യതയുണ്ടാക്കി. അതിനിടെ പ്രഭു സോളമൻ സംവിധാനം ചെയ്യുന്ന കാടൻ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ പരുക്കേറ്റ് ഞാന്‍  കിടപ്പിലായി. രണ്ടരമാസം കിടപ്പായിരുന്നു. വെറും ഒരുമാസം കൊണ്ട് 11 കിലോ ഭാരമാണ് വര്‍ധിച്ചത്. വിധി എല്ലാം എനിക്കെതിരായി. ഒരു കാര്യവും ശരിയായി നടന്നില്ല. കഴിവുറ്റ സംവിധായകരുമൊത്തുള്ള എട്ട് മികച്ച സിനിമകൾ ആ സമയത്ത് എനിക്ക് നഷ്ടപ്പെട്ടു.

 

രാക്ഷസന്‍ എന്ന സിനിമ വലിയ വിജയമായി എന്നത് എന്നത് ഒഴിച്ചു നിര്‍ത്തിയാല്‍ എന്റെ ജീവിതത്തില്‍ ആ കാലത്ത് വലിയ നഷ്ടങ്ങളാണ് സംഭവിച്ചത്. പൂര്‍ണമായും ഞാന്‍ നിസ്സഹായനായ പോലെ തോന്നി. എന്റെ പ്രശ്‌നങ്ങള്‍ എന്റെ കുടുംബത്തെയും പ്രതികൂലമായി ബാധിച്ചു തുടങ്ങിയിരുന്നു. എന്റെ പിതാവ് ജോലിയില്‍ നിന്ന് വിരമിച്ച് വന്നത് പോലും ഞാന്‍ ശ്രദ്ധിച്ചില്ല.  കുടുംബത്തിന്റെ പ്രശ്‌നങ്ങള്‍ മനസ്സിലാക്കിയ ഞാന്‍ അങ്ങനെ ആ തീരുമാനമെടുത്തു, എന്റെ ജീവിതത്തിന്റെ കടിഞ്ഞാണ്‍ ഇനി എന്റെ കയ്യില്‍ തന്നെ ആയിരിക്കുമെന്ന്.  ആദ്യം ഞാന്‍ വിഷാദത്തിന് ചികിത്സ നേടി. കുറച്ച് ഊര്‍ജ്ജം തിരിച്ചു പിടിച്ച ഞാന്‍ ഒരു ട്രെയ്‌നറിന്റെ കീഴില്‍ ചേര്‍ന്ന് വര്‍ക്കൗട്ട് ആരംഭിച്ചു. മദ്യപാനം കുറച്ചു, യോഗ ചെയ്യാന്‍ ആരംഭിച്ചു, സോഷ്യല്‍ മീഡിയയില്‍ അധിക്ഷേപിക്കുന്നവരെ ബ്ലോക്ക് ചെയ്തു, സുഹൃത്തുക്കള്‍ക്കൊപ്പം കൂടുതല്‍ സമയം ചെലവിടാന്‍ ആരംഭിച്ചു.

 

പരുക്ക് പറ്റിയ ശേഷം ആറ് മാസം ജിമ്മില്‍ പോകരുതെന്ന് ഡോക്ടര്‍മാര്‍ എന്നോട് നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ ഞാന്‍ അതനുസരിച്ചില്ല. ആറ് മാസത്തിന് ശേഷം 16 കിലോയോളം ഭാരം ഞാന്‍ കുറച്ചു. എന്റെ പുതിയ സിനിമ എഫ് ഐ ആർ. അടുത്ത നാല് പ്രോജക്ടുകൾ ഉടൻ തുടങ്ങും.

 

ജീവിതത്തെ പോസിറ്റീവായി കാണണം എന്നാണ് ഞാന്‍ നിങ്ങളോട് എന്റെ കഥയിലൂടെ പറയാന്‍ ആഗ്രഹിക്കുന്നത്. ഒരുപാടാളുകള്‍ നിങ്ങളെ തകര്‍ക്കാന്‍ ശ്രമിക്കും എന്നാല്‍ അത്തരക്കാരെ ജീവിതത്തില്‍ നിന്ന് ഒഴിവാക്കുക. സന്തോഷത്തോടെയിരിക്കുക. ശരീരത്തിന്റെ ആരോഗ്യം നമ്മളെ മാനസികമായും ബലപ്പെടുത്തും. അത് ഞാൻ അനുഭവിച്ചറിഞ്ഞു. ’വിഷ്ണു വിശാല്‍ കുറിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com