ADVERTISEMENT

ആ ഇരുട്ടും അരണ്ട വെളിച്ചവും അതിനിടയിലൂടെയുള്ള നോട്ടങ്ങളും പിന്നെ കാതിനപ്പുറം, ചുരത്തിലൂടെ കൊടുങ്കാറ്റ് പോകുന്ന കണക്കുള്ള സംഗീതവും. അതിദുരൂഹതയില്‍ മരണത്തിലേക്കു പോയ ശരീരങ്ങളേക്കാള്‍ പേടി തോന്നും പിന്നീട് അഞ്ചാം പാതിര എന്ന സിനിമ സൃഷ്ടിച്ച അന്തരീക്ഷത്തെക്കുറിച്ചോര്‍ക്കുമ്പോള്‍. മലയാളം അടുത്തിടെ കണ്ട ഏറ്റവും മികച്ച ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍, കഥാതന്തു കൊണ്ട് നമ്മെ അതിശയിപ്പിക്കുകയാണ്.

ANJAAM PATHIRAA - Official Trailer | Kunchacko Boban | Midhun Manuel Thomas |Ashiq Usman Productions

 

അന്യഭാഷയില്‍ നിന്ന് വന്ന പുതിയ ത്രില്ലര്‍ സിനിമകള്‍ കണ്ട്, നമ്മുടെ മലയാളത്തില്‍ ഇനിയെന്നാണ് ഇതുപോലൊന്ന് എന്ന് ചിന്തിച്ച മലയാളിക്ക് അഭിമാനപൂർവം പറയാനൊരു സിനിമ. അതിനേക്കാളുപരി കോമഡി ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സംവിധായകനില്‍ നിന്ന് ഇങ്ങനെയൊന്ന് പ്രതീക്ഷിച്ചിരുന്നില്ല എന്നു പറയുന്നിടത്ത് ഒരേ സമയം സിനിമയും സംവിധായകനും പ്രതീക്ഷകള്‍ക്ക് അപ്പുറം നില്‍ക്കുകയാണ്. ഈ വിജയവേളയിൽ അഞ്ചാം പാതിരയുടെ സംവിധായകന്‍ മിഥുന്‍ മാനുവല്‍ തോമസ് സംസാരിക്കുന്നു....

 

ഒരുപാട് സന്തോഷം

 

ഒരു ത്രില്ലര്‍ സിനിമ ചെയ്ത് വന്‍ വിജയം നേടാം എന്നൊന്നും മനസ്സില്‍ ആഗ്രഹിച്ചിരുന്നില്ല. അങ്ങനെയൊന്ന് ചെയ്യണം എന്നു മാത്രമായിരുന്നു മനസില്‍.  ഇപ്പോള്‍ കേരളം വലിയ ആവേശത്തോടെ ചിത്രം ഏറ്റെടുക്കുകയും അതേപറ്റി ചര്‍ച്ച ചെയ്യുകയും എന്നോട് അതേപ്പറ്റി സംസാരിക്കുകയുമൊക്കെ ചെയ്യുമ്പോള്‍ വലിയ സന്തോഷം. കാരണം ഒരിക്കലും പ്രതീക്ഷിച്ചിരുന്നേയില്ല ഇങ്ങനെയൊരു വിജയം. 

 

കോമഡിയും ത്രില്ലറും കുറച്ച് അപകടം പിടിച്ച തീമുകളാണല്ലോ. ഒന്നു ചെയ്ത് വിജയിച്ചാല്‍ അതിനപ്പുറമുള്ളതാകും പിന്നീട് പ്രേക്ഷകര്‍ പ്രതീക്ഷിക്കുക. ഒരേ ജോണറിലുള്ള ചിത്രങ്ങള്‍ ചെയ്യാന്‍ ഞാന്‍ തയ്യാറല്ല. ഇതുവരെ ചെയ്തതില്‍ നിന്ന് വ്യത്യസ്തമായിട്ടുള്ളതാകും അടുത്തപ്രാവശ്യം. ഇനി ത്രില്ലര്‍ ചെയ്യുമ്പോള്‍ മാത്രമല്ല ഏതായാലും, മനസില്‍ ഒരിക്കലും വെല്ലുവിളികളോ മത്സരബുദ്ധിയോ അല്ല ഉണ്ടാകുക നല്ല സിനിമ ആയിരിക്കണം എന്ന ചിന്ത മാത്രമായിരിക്കും. ഇതിനെ കവച്ച് വയ്ക്കുന്നതല്ലെങ്കിലും ഒപ്പം നില്‍ക്കുന്നതാകണം എന്നതു മാത്രമാണ് മനസ്സില്‍.

 

കഥയിലേക്ക് അതിന്റെ കുരുക്കിലേക്ക്....

 

chakochan-midhun

വളരെ പെട്ടെന്ന് മനസിലേക്ക് വന്ന ഒരു ആശയമാണിത്. ഒരുപാട് കാലമെടുത്ത് ചിന്തിച്ച്കൂട്ടി ചെയ്തതേ അല്ല. ഒരുപക്ഷേ ഇങ്ങനെയൊന്ന് ചെയ്യണം എന്ന് എപ്പോഴുമുണ്ടായിരുന്നു. അതുകൊണ്ടാകണം സിനിമയിലെ പല കാര്യങ്ങളും വളരെ കോമണ്‍ ആണ്. സാധാരണ ഒരു സീരിയില്‍ കില്ലര്‍ എങ്ങനെ പെരുമാറുമോ അങ്ങനെ തന്നെയേ ഉള്ളൂ ഇവിടെയും. പക്ഷേ അത് അവതരിപ്പിച്ചിരിക്കുന്ന രീതിയിലെ പ്രത്യേകതകള്‍ ആണ് പ്രേക്ഷകരെ പിടിച്ചിരുത്തുന്നത്. അതുകൊണ്ടു തന്നെ കഥാതന്തു എങ്ങനെ വന്നു എന്നത് സംബന്ധിച്ചുള്ള എന്റെ സംസാരം അപ്രസക്തമാണ്. 

 

ക്രിമിനോളജി, സൈക്കോളജി, കേരള പൊലീസ് തുടങ്ങിയവയിലുള്ള പഠനം റഫറന്‍സ്....

 

കേരള പൊലീസ് ഇങ്ങനെയൊരു സീരിയല്‍ കില്ലറെ കൈകാര്യം ചെയ്തിട്ടില്ല. അതുകൊണ്ട് പൊലീസില്‍ നിന്ന് നമുക്കൊരു റഫറന്‍സും ഈ കേസിനെ സംബന്ധിച്ച് കിട്ടാനില്ല. പക്ഷേ ഹാക്കിങ്, സിസിടിവി, ട്രാഫിക് തുടങ്ങിയ കാര്യങ്ങളില്‍ പൊലീസിന്റെ നൂതനമായ സംവിധാനങ്ങളെ കുറിച്ച് രണ്ടു പേര്‍ വിശദമാക്കി തന്നിരുന്നു. കൊച്ചി പൊലീസില്‍ പ്രവര്‍ത്തിക്കുന്ന റെസ്റ്റിം, ഹാക്കറും സര്‍ക്കാര്‍ ഉദ്യോഗസ്ഥനുമായ ബെനില്‍ഡ് ജോസഫും. 

 

shyju-midhun

പിന്നെ ബ്യൂറോക്രാറ്റിക് രീതികളെ കുറിച്ചും കൂടുതല്‍ സാങ്കേതിക വശങ്ങളെ കുറിച്ചും പല കോണുകളില്‍ നിന്നും സഹായം ലഭിച്ചിരുന്നു. ഞാന്‍ എംഎസ്ഡബ്ല്യു ആണ് പഠിച്ചത്. അതുകൊണ്ട് സൈക്കോളജിയെ സംബന്ധിച്ച് എനിക്ക് മറ്റാരേയും ആശ്രയിക്കേണ്ടി വന്നില്ല.

 

പ്രേക്ഷകരുടെ കാത്തിരുന്നൊരു ത്രില്ലര്‍, ഏറ്റവും മികച്ച മലയാളം ത്രില്ലര്‍, മിഥുനില്‍ നിന്ന് ഇങ്ങനെയൊന്ന് പ്രതീക്ഷിച്ചിരുന്നില്ല എന്നൊക്കെ കേള്‍ക്കുമ്പോള്‍ മനസില്‍ എന്താണ്

 

എന്നിലെ സംവിധായകനേക്കാള്‍ എഴുത്തുകാരനെ കുറിച്ചോര്‍ത്ത് എനിക്ക് അഭിമാനം തോന്നുന്നു. അപ്രതീക്ഷിതമായൊരു സാഹചര്യത്തില്‍ കോമഡി എഴുതി തുടങ്ങുകയും, അത് വിജയിച്ചതോടെ അതിന്റെ ചുവടു പിടിച്ച് സിനിമകള്‍ ചെയ്തു എന്നേയുള്ളൂ. ത്രില്ലര്‍ എന്ന ചിന്ത തന്നെയായിരുന്നു മനസില്‍. അത് ഞാന്‍ തന്നെ നിനച്ചിരിക്കാതെ ചെയ്യാനും പ്രേക്ഷകര്‍ക്കും അതേ മൂഡില്‍ കാണാനും അതിശയിക്കാനും കഴിഞ്ഞു എന്നറിയുമ്പോള്‍ സന്തോഷത്തേക്കാള്‍ അഭിമാനവും ഇനി മുന്നോട്ട് പോകാനുള്ള ആവേശവുമാണ് സമ്മാനിക്കുന്നത്.

 

ചാക്കോച്ചനും ഉണ്ണിമായയും തന്നെയായിരുേന്നാ ആദ്യമേ മനസില്‍. ഇതുവരെയുള്ള എല്ലാ സിനിമകളും അ എന്ന അക്ഷരത്തില്‍ തുടങ്ങുന്ന പേരുകളിലാണല്ലോ

 

അന്‍വര്‍ ഹുസൈന്‍ ആകുവാന്‍ ചാക്കോച്ചന്‍ തന്നെയായിരുന്നു മനസ്സില്‍. സാധാരണത്വം തോന്നിക്കുന്ന എന്നാല്‍ അക്കാഡമിക്കല്‍ ക്വാളിറ്റി ഉള്ള കുറച്ച് സീരിയസ് ലുക്ക് ഉള്ള ഒരാളെ തന്നെ വേണം എന്നായിരുന്നു മനസ്സില്‍. വൈറസ് ഉള്‍പ്പെടെയുള്ള കുറേ സിനിമകളില്‍ ചാക്കോച്ചന്‍ കൈകാര്യം ചെയ്തത് ഞാന്‍ ഉദ്ദേശിച്ച മൂഡിലുള്ള സിനിമകള്‍ ആയിരുന്നു. 

 

ഉണ്ണിമായയെ നിര്‍ദ്ദേശിച്ചത് കാമറാമാന്‍ ഷൈജു ഖാലിദ് ആണ്. സാധാരണക്കാരിയായിട്ടാണ് അധികം സിനിമകളിലും വേഷമിട്ടത്. ഇവിടെയാണെങ്കില്‍ പൊലീസ് ഉദ്യോഗസ്ഥയും. എനിക്ക് സാധാരണ ലുക്കുള്ള സാധാരണക്കാരന് സമീപിക്കാന്‍ തോന്നുന്ന സഹപ്രവര്‍ത്തകരോട് സാധാരണ രീതിയില്‍ ഇടപെടുന്ന എന്നാല്‍ ജോലിയില്‍ മിടുക്കും ആത്മാര്‍ത്ഥതയും എത്തിക്‌സും ഉള്ളൊരു ആളെ വേണമായിരുന്നു. ഉണ്ണിമായ ആ ധാരണ തെറ്റിച്ചില്ല. തന്റെ വേഷം ഗംഭീരമായി ചെയ്തു. 

 

നിങ്ങള്‍ ശ്രദ്ധിച്ചാല്‍ അറിയാം ഇതിലെ പൊലീസുകാരെല്ലാം സാധാരണ ലുക്കുള്ള മനുഷ്യരാണ്. അസാധാരണക്കാരായി, അസാമാന്യ തന്റേടമുള്ളവരായി ചിത്രീകരിക്കേണ്ട എന്ന് ആദ്യമേ തീരുമാനിച്ചിരുന്നു. എന്നാല്‍ ടെക്‌നോളജിയെ കുറിച്ച്, സ്വന്തം ജോലിയുടെ ഗൗരവത്തെ കുറിച്ച് നല്ല വിവരവും അവര്‍ക്കുണ്ട്്. ഇങ്ങനെയൊക്കെ തന്നെയാണ് നമ്മുടെ പുതിയ പൊലീസ് എന്നാണ് ഞാന്‍ മനസ്സിലാക്കിയത്. പിന്നെ ആ, അ എന്നിങ്ങനെ തുടങ്ങുന്ന സിനിമാപ്പേരുകൾ യാദൃച്ഛികമായി മാത്രം വന്നുപോകുന്നതാണ്.

 

എല്ലാറ്റിനുമുപരി സംവിധായകന്റെ ചിത്രമായാണ് ഈ സിനിമ വിലയിരുത്തപ്പെടുന്നത്. പ്രേക്ഷകര്‍ തന്ന പ്രതികരണം

 

സന്തോഷമുണ്ട് അങ്ങനെ കേള്‍ക്കുന്നതില്‍. പക്ഷേ അഭിനേതാക്കള്‍, ക്യാമറാമാന്‍, സംഗീതം തുടങ്ങി എല്ലാ ഘടകങ്ങളും സംവിധായകന്‍ ചിന്തിക്കുന്നതിനൊത്ത് ഉയരുമ്പോഴാണ് ഒരു സിനിമ മികവുറ്റതാകുന്നത്. അറുപത് ദിവസത്തോളമായിരുന്നു ഷൂട്ടിങ്. ഏറെയും രാത്രികള്‍. ഷൈജു ഖാലിദിന്റെ ക്യാമറയാണ് ആ രാത്രികളിലെ ഷൂട്ടിങിനെ അവിസ്മരണീയമാക്കിയത്. അതുപോലെ സംഗീതവും ഓരോ രംഗങ്ങളുടെയും മൂഡ് അതിന്റെ തീവ്രത ഒക്കെ പ്രേക്ഷകരിലേക്ക് കൃത്യമായി സംവദിക്കുന്നതില്‍ ഈ രണ്ട് കാര്യങ്ങളും വലിയ പങ്ക് വഹിച്ചു. നിർമാതാവ് ആഷിക്ക് ഉസ്മാൻ തന്ന പിന്തുണയും വലുതാണ്.

 

പ്രേക്ഷകരുടെ കാര്യം നേരത്തെ പറഞ്ഞില്ലേ അവര്‍ ഞെട്ടിച്ചു. ശരിക്കും അവരാണ് സിനിമയക്ക് പബ്ലിസിറ്റി നല്‍കിയത്. ഗെയിം ചെയ്ഞ്ചര്‍ എന്ന് ഒരാള്‍ റിവ്യൂവില്‍ എഴുതിക്കണ്ടു. അത്രയൊക്കെ ഉണ്ടോ എന്ന് വിചാരിച്ചു. പക്ഷേ പ്രേക്ഷകരാണ് തീരുമാനിക്കുന്നത്. അവരുടെ വിലയിരുത്തലിനെ ചോദ്യം ചെയ്യാന്‍ എനിക്കാകില്ലല്ലോ. ചിത്രത്തിന്റെ സെക്കന്‍ഡ് സീരീസ് പോസ്റ്ററില്‍ വേറൊരു പ്രേക്ഷക റിവ്യൂ ആണ് കൊടുത്തത് , വെളിച്ചം പൊലും ഞെട്ടലുളവാക്കുന്ന ഒരു ഗംഭീര ത്രില്ലര്‍ എന്നായിരുന്നു ആ വിശേഷണം. ഇതെല്ലാം വലിയ പ്രശംസകളാണ്. 

 

ഇന്ന് സംവിധാകനെേയാ അഭിനേതാക്കളെയോ മാത്രം നോക്കി സിനിമയ്ക്ക് കയറുന്ന പ്രേക്ഷകരല്ല നമുക്കുള്ളത്. ചിത്രത്തിന്റെ സാങ്കേതിക വശം ആരാണ് എന്നു വരെ അവര്‍ നോക്കും. ഷൈജു ഖാലിദ് ഒക്കെ പ്രേക്ഷകര്‍ ശ്രദ്ധിക്കുന്ന ഘടകങ്ങളാണ്. അദ്ദേഹത്തിന്റെ ക്യാമറയെ കുറിച്ച് അവര്‍ക്ക് വ്യക്തമായി അറിയാം. അദ്ദേഹം പങ്കാളിയാകുന്ന ചിത്രത്തിന് ഒരു ക്വാളിറ്റി കാണും എന്നും അറിയാം.

 

ഈ സിനിമ ചെയ്യുമ്പോള്‍ എനിക്കു നിര്‍ണായകമായ കുറേ കാര്യങ്ങള്‍ സംഭാവന ചെയ്ത ആളാണ് ഷൈജു ഖാലിദ്. അതുപോലെയാണ് എഡിറ്റര്‍ സൈജു ശ്രീധരനും പശ്ചാത്തല സംഗീതമൊരുക്കിയ സുഷിന്‍ ശ്യാമും. ഇനി ഈ പറഞ്ഞത് ഒന്നും തന്നെയില്ലെ എന്നിരിക്കട്ടെ, സിനിമ നല്ലതാണെങ്കില്‍ പ്രേക്ഷകര്‍ മറ്റൊന്നും നോക്കാതെ നല്ല പബ്ലിസിറ്റി അവരുടെ എഴുത്തിലൂടെയും വര്‍ത്തമാനത്തിലൂടെയും നല്‍കിക്കൊള്ളും.

 

ത്രില്ലറുകള്‍ കാണാന്‍ കൊതിക്കുന്നവരും അതേസമയം ഇതുവരെ ഇറങ്ങിയ ത്രില്ലര്‍ സിനിമകളും നോവലുകളും മനപ്പാഠമാക്കിയ മറ്റൊരു വലിയ പ്രേക്ഷക സമൂഹവും കൂടിയാണ് തിയറ്ററുകളിലെത്തുക. അത് ടെന്‍ഷന്‍ സൃഷ്ടിച്ചിരുന്നോ?

 

നിങ്ങള്‍ പറയുന്ന ഈ രണ്ടാം വിഭാഗത്തില്‍പ്പെട്ടയാളാണ് ഞാനും. ഒരു കടുത്ത ത്രില്ലര്‍ പ്രേമി എന്തൊക്കെ കാണുമോ എന്തൊക്കെ വായിക്കുമോ അതെല്ലാം കണ്ട ആളാണ് ഞാന്‍. ഇതുവരെ വായിച്ചതും എഴുതിയതും എല്ലാം എന്നെയും സ്വാധീനിച്ചിട്ടുണ്ട്. അതുകൊണ്ട് സ്വന്തമായി സിനിമ ചെയ്തപ്പോള്‍ മറ്റാരെക്കാളും എനിക്ക് എന്നെ തന്നെ സംതൃപ്തിപ്പെടുത്തണമായിരുന്നു. നല്ല സിനിമ ചെയ്യണം എന്നു മാത്രമായിരുന്നു മനസ്സില്‍. 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com