ADVERTISEMENT

24 മണിക്കൂർ എത്തും മുൻപേ മലയാളത്തിൽ ആരും കൊതിക്കുന്ന നായികാ പദവി സ്വന്തമാക്കി സ്വയം അത്ഭുതപ്പെട്ടു നിൽക്കുകയാണ് മിർണ മേനോൻ. സിദ്ദീഖ് സംവിധാനം ചെയ്ത ബിഗ്ബ്രദറിൽ മോഹൻലാലിന് ഒപ്പം സുപ്രധാന കഥാപാത്രമായി മിർണ തിരഞ്ഞെടുക്കപ്പെടുന്നത് ഒറ്റ ദിവസം കൊണ്ടാണ്. ഒരു പുതുമുഖ നടിക്ക് ഇതു ചില്ലറക്കാര്യമല്ലല്ലോ.

 

എങ്ങനെ ഒറ്റ ദിവസം കൊണ്ട്?

 

ഒരു സൗഹൃദ കൂട്ടായ്മയ്ക്ക് കൊച്ചിയിൽ എത്തിയതാണ് സിനിമയിലേക്കുള്ള വാതിൽ തുറന്നത്. കൂട്ടുകാരി ഡോ.ജ്യോതി മേനോന്റെ സുഹൃത്താണ് സംവിധായകൻ സിദ്ദീഖ്. അവർക്ക് ഒപ്പം യാദൃശ്ചികമായാണ് സിദ്ദീഖിന്റെ ഓഫിസിൽ പോകുന്നത്. ബിഗ്ബ്രദ‍ർ സിനിമയിലേക്കുള്ള കാസ്റ്റിങ് എല്ലാം പൂർത്തിയായിരുന്നു. ഷൂട്ടിങ് അടുത്ത മാസം തുടങ്ങുമെന്നും അദ്ദേഹം പറഞ്ഞു. വെറും രണ്ടു മിനിറ്റാണ് ഞാൻ സംസാരിച്ചത്. എന്നാൽ പിറ്റേന്ന് ഓഫിസിൽ നിന്ന് ജ്യോതി ചേച്ചിക്കു ഫോൺ വന്നു, എന്നോട് ഫോട്ടോ ഷൂട്ടിന് എത്താൻ പറഞ്ഞ്. അന്നു തന്നെ ഫോട്ടോ ഷൂട്ടും നടത്തി. ഒന്ന് ആലോചിക്കാനുള്ള സമയംപോലും എടുക്കാതെ ഞാൻ ബിഗ്ബ്രദർ സിനിമയുടെ ഭാഗമായി.

View this post on Instagram

Hold your head high and your middle finger higher. #Mirnaa

A post shared by Mirnaa (@mirnaaofficial) on

 

സിനിമാ മോഹം ഇല്ലായിരുന്നോ?

 

കംപ്യൂട്ടർ സയൻസ് എൻജിനീയറിങ് ആണ് ഞാൻ പഠിച്ചത്. കുവൈത്തിലും ദുബായ്‌യിലും ആയി ജോലി ചെയ്യുകയായിരുന്നു. ഒപ്പം മോഡലിങ്ങും ഉണ്ടായിരുന്നു. സിനിമാ മോഹം നേരത്തേ മുതലുണ്ട്. ഇൻസ്റ്റഗ്രാമിലെ എന്റെ ഫോട്ടോകൾ കണ്ട് ഒരു തമിഴ് സിനിമയിലേക്ക് അവസരം ലഭിച്ചിരുന്നു. അതാണ് എന്റെ ആദ്യത്തെ സിനിമ. ബിഗ്ബ്രദർ രണ്ടാമത്തേതാണ്.

 

ഇനി ആർക്കൊപ്പം?

 

ലാലേട്ടനെ ഒന്നു കാണണം, സംസാരിക്കണം എന്നൊക്കെയുള്ള ഏതൊരു മലയാളിക്കുമുള്ള ആഗ്രഹങ്ങളേ എനിക്കും ഉണ്ടായിരുന്നുള്ളു. പക്ഷേ, സ്വപ്നം പോലെ അദ്ദേഹത്തിനൊപ്പം ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കാനും എനിക്കു സാധിച്ചു. ഏതൊരു നടിയും കൊതിക്കുന്ന ഭാഗ്യമാണത്. മലയാളത്തിൽ കൂടെ അഭിനയിക്കാൻ ആഗ്രഹിക്കുന്ന നടന്മാരുടെ ലിസ്റ്റ് നീണ്ടുനീണ്ടു കിടക്കുകയാണ്. മമ്മൂട്ടി, ദുൽഖർ, ഫഹദ്..... തമിഴിൽ വിജയ്ക്കും രജനീകാന്തിനുമൊപ്പം അഭിനയിക്കണമെന്നും ആഗ്രഹമുണ്ട്.

 

ബിഗ്ബ്രദറിലെ കഥാപാത്രം

 

ആര്യ ഷെട്ടി എന്ന ഒരു പാതി മലയാളി കഥാപാത്രമാണ് ചിത്രത്തിൽ. ജീവിതത്തെ വളരെ കൂളായി കാണുന്ന ഒരു കഥാപാത്രമാണ്. ആര്യയുടെ വരവോടെയാണ് ചിത്രത്തിലെ കഥയിൽ നിർണായക മാറ്റമുണ്ടാകുന്നത്.

 

വീട്, വീട്ടുകാർ?

 

ഞാൻ ജനിച്ചതും വളർന്നതും ഇടുക്കിയിലാണ്. അച്ഛൻ, അമ്മ, രണ്ടു സഹോദരിമാർ എന്നിവരാണു കുടുംബം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com