ADVERTISEMENT

മലപ്പുറത്തെ കാൽപന്തുകളിയുടെ കഥ പറഞ്ഞ സുഡാനി ഫ്രം നൈജീരിയ എന്ന സിനിമ പ്രേക്ഷകർക്കു പരിചയപ്പെടുത്തിയത് നന്മയുള്ള ഒരു നാടിനെ മാത്രമല്ല;  അത്രമേൽ നിഷ്കളങ്കരായ ഒരു പിടി അഭിനേതാക്കളെ കൂടിയാണ്. അതിലൊരാളാണ് വാളാഞ്ചേരിക്കാരനായ ഉണ്ണി നായർ. ഒരൽപം കളരിയും യോഗയും നാൽക്കാലി കച്ചവടവുമൊക്കെയായി നാടു ചുറ്റുന്ന ഉണ്ണി നായരെ വളാഞ്ചേരി അങ്ങാടിയിൽ നിന്നാണ് സംവിധായകൻ സക്കരിയ കണ്ടെടുത്തത്. ആദ്യം വേഷം നൽകിയത് ഒരു ഹ്രസ്വചിത്രത്തിൽ! പിന്നീട്, ഉണ്ണി നായരെ സിനിമയിലേക്ക് എത്തിക്കുന്നതിന് നിമിത്തമായതും സക്കരിയ ആയിരുന്നു. 

 

ആദ്യ സിനിമ ഉസ്താദ് ഹോട്ടൽ. ഇപ്പോൾ ചെറുതും വലുതുമായി നിരവധി വേഷങ്ങൾ ഉണ്ണി നായർ സിനിമയിൽ അവതരിപ്പിച്ചു. "സിനിമയിൽ അഭിനയിക്കാൻ കഴിയുമെന്ന് സ്വപ്നത്തിൽ പോലും കരുതിയതല്ല," നിഷ്കളങ്കമായ ചിരിയോടെ ഉണ്ണി നായർ പറയുന്നു. കച്ചേരിയും സിനിമയും ഏറെ ഇഷ്ടപ്പെടുന്ന ഉണ്ണി നായർക്ക് ഏറ്റവും ഇഷ്ടമുള്ള താരം മമ്മൂട്ടിയാണ്. ഒരു സിനിമയുടെ സെറ്റിൽ വച്ച് മമ്മൂട്ടിയെ നേരിൽ കണ്ടെങ്കിലും അദ്ദേഹത്തിന്റെ അടുത്തു പോയി സംസാരിക്കാൻ ഒരു മടി. "ഞാൻ വെറുമൊരു തുപ്പലംകൊത്തി പരൽ; അദ്ദേഹം വലിയൊരു താരമല്ലേ!,"– ഇതാണ് ഉണ്ണി നായരുടെ ന്യായങ്ങൾ. സിനിമയെക്കുറിച്ചും ഇഷ്ടതാരത്തെക്കുറിച്ചും ഉണ്ണി നായർ മനോരമ ഓൺലൈനോടു സംസാരിക്കുന്നു. 

 

തിലകൻ ചേട്ടൻ അന്നു പറഞ്ഞത്

 

വളാഞ്ചേരി അംബിക ഹോട്ടലിനു മുന്നിൽ ഒരു ബീഡി വലിച്ചു ഇരിക്കുന്ന സമയത്താണ് ഒരു സ്നേഹിതൻ വന്ന് ഒരു ഷോർട്ട്ഫിലിമിൽ അഭിനയിക്കണം എന്നു പറയുന്നത്. സക്കരിയ ആയിരുന്നു അതിന്റെ സംവിധായകൻ. സക്കരിയയാണ് എന്നെ അൻവർ റഷീദിനെ പരിചയപ്പെടുത്തുന്നത്. അങ്ങനെ ഉസ്താദ് ഹോട്ടലിൽ വേഷം കിട്ടി. തിലകൻ ചേട്ടനുമായി കോമ്പിനേഷനുണ്ട്. സെറ്റിൽ വച്ച് തിലകൻ ചേട്ടനുമായി കുറെ സംസാരിക്കും. അദ്ദേഹം പറഞ്ഞു, 'ജീവിതമാണ് സിനിമ. നാടകം വേറെയാണ്'. ഞാൻ അതിപ്പോഴും ഓർക്കാറുണ്ട്. 

 

ലക്ഷണമൊത്ത മനുഷ്യനാണ് മമ്മൂക്ക

 

മമ്മൂക്ക എനിക്ക് ഇഷ്ടപ്പെട്ട കഥാപാത്രമാണ്. ഞാനൊരുമിച്ച് അഭിനയിച്ചിട്ടില്ല. അദ്ദേഹത്തിന്റെ പടത്തിൽ ഒരു വേഷം ചെയ്തിട്ടുണ്ട്. നേരിൽ കണ്ടിട്ടുമുണ്ട്. സംസാരിച്ചിട്ടില്ല. നല്ല ലക്ഷണമൊത്ത മനുഷ്യനാണ് മമ്മൂക്ക. എല്ലാവരോടും അവർ സംസാരിക്കണമെന്നില്ല. പക്ഷേ, അവരുടെ മനസ് ക്ലിയർ ആയിരിക്കും. എനിക്കു തന്നെ പുറത്തിറങ്ങി നടക്കുമ്പോൾ ചെറുപ്പക്കാരായ പിള്ളേരു വന്ന് സെൽഫി ചോദിക്കും. ഞാനെന്നു പറയുന്നത് ചെറിയൊരു പരലാണ്. അപ്പോൾ പിന്നെ അദ്ദേഹത്തിന്റെ കാര്യം പറയാനുണ്ടോ?

 

കാണുന്നതേ ഭാഗ്യം

 

ഞാൻ മമ്മൂക്കയുടെ വലിയൊരു ആരാധകനാണ്. അദ്ദേഹത്തിന്റെ ഒരു സിനിമ പോലും ഒഴിവാക്കാറില്ല. ആദ്യം മുതലുള്ള സിനിമകൾ കണ്ടിട്ടുണ്ട്. കുറ്റിപ്പുറം കെ.എസ് മേനോന്റെ സിനിമയിലാണ് ഞാൻ ആദ്യമായി അദ്ദേഹത്തെ കാണുന്നത്. പിന്നെ, ഞാൻ അഭിനയിക്കാൻ തുടങ്ങിയപ്പോൾ, ബാല്യകാലസഖിയിലെ സെറ്റിൽ വച്ച് നേരിട്ട് കാണാൻ പറ്റി. അതൊരു ഭാഗ്യമാണല്ലോ! അതു മതി. നേരിൽ ചെന്ന് സംസാരിക്കാനൊന്നും നിന്നില്ല. ഇത്രയും മഹാനായ ഒരു മനുഷ്യനോടു ഞാനെന്തു സംസാരിക്കാൻ! ഞാൻ ഒഴിഞ്ഞു നിന്നു. മൗനം വിദ്വാനു ഭൂഷണം എന്നല്ലേ! 

 

സിനിമ ഇപ്പോൾ ഈസി

 

ഇപ്പോൾ സിനിമ എന്നു പറയുന്നത് വലിയൊരു വിഷയമല്ല. ഈസിയായി കൈകാര്യം ചെയ്യാൻ പറ്റും. എന്നാൽ ആദ്യമായി സിനിമ സെറ്റിലെത്തിയപ്പോൾ അങ്ങനെയായിരുന്നില്ല കാര്യങ്ങൾ. ഞാനൊരു നാട്ടിൻപുറത്തുകാരനല്ലേ! അതുകൊണ്ട്, ഉസ്താദ് ഹോട്ടലിൽ ഡയലോഗുള്ളതെല്ലാം വേണ്ടെന്നു പറഞ്ഞു. ചെയ്യാൻ പറ്റിയില്ലെങ്കിലോ എന്നൊരു തോന്നൽ. ഇപ്പോൾ അങ്ങനെ ആശങ്കകളില്ല. പുതിയ ചിത്രം ടു സ്റ്റേറ്റ്സ്. അതിൽ മുഴുനീള കഥാപാത്രമാണ് ചെയ്യുന്നത്. മുകേഷിനും വിജയരാഘവനും ഒപ്പമുള്ള നല്ലൊരു കഥാപാത്രമാണ് അത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com