ADVERTISEMENT

രാജ്യത്തിന്റെ സുരക്ഷാ സേനയെ ജനങ്ങള്‍ക്ക് കൂടുതല്‍ അടുത്തറിയാന്‍  ‘സേനയെ അറിയാം’ എന്ന പേരില്‍   മലപ്പുറത്ത് സംഘടിപ്പിച്ച ആര്‍മി മേളയ്ക്ക്  സമാപനം. മലപ്പുറത്തുകാരുടെ ജനപങ്കാളിത്തത്തിനും സഹകരണത്തിനും നന്ദി അറിയിച്ചാണ്  എം.എസ്.പി ഗ്രൗണ്ടില്‍ രണ്ടു ദിവസം നീണ്ടു നിന്ന മേളയ്ക്ക് സമാപനമായത്. മേളയുടെ സമാപന ദിവസം മേജര്‍ രവി മുഖ്യാതിഥിയായി.  

 

പട്ടാളക്കാരനാവുമ്പോള്‍ നിങ്ങളൊരു യഥാര്‍ഥ മനുഷ്യനാവുകയാണ്. ജാതി-മതം സാമുദായിക ചിന്തകള്‍ മറ്റ് ഇടുങ്ങിയ ചിന്തകളെല്ലാം നിങ്ങളുടെ മനസ്സില്‍ നിന്ന് മാറുമെന്നും നിങ്ങളുടെ ലോകം വിശാലമാവുമെന്നും മേജര്‍ രവി പറഞ്ഞു. പുതിയ തലമുറ സേനയിലേക്കും കടന്നുവരണമെന്നും മലപ്പുറത്ത് നിന്നും കൂടുതല്‍ പേര്‍ ഈ വര്‍ഷത്തെ നാഷനല്‍ ഡിഫന്‍സ് അക്കാദമിയുടെ അഭിമുഖത്തില്‍ പങ്കെടുത്തത് ഏറെ സന്തോഷത്തോടെ സ്മരിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

അശ്വാരൂഢസേനയുടെ നേതൃത്വത്തിലുള്ള കുതിരപ്പടയുടെ പ്രകടനത്തോടുകൂടിയാണ് മേളയുടെ രണ്ടാദിവസത്തിന് തുടക്കമായത്. കുതിരപ്പുറത്ത് അതിവേഗത്തില്‍ വന്ന് കൈയിലിരുന്ന ബയണറ്റ് കൊണ്ട് പതാക ഉയര്‍ത്തിയ അശ്വാരൂഢ സേനയുടെ പ്രകടനം  മൈതാനത്ത് കാണികളില്‍ ആവേശമുയര്‍ത്തി. ടൊര്‍നാഡോസ് ആര്‍മി സര്‍വീസ്  സംഘം റോയല്‍ എന്‍ഫീല്‍ഡില്‍ ഇരുന്നും കിടന്നും സംഘമായും നടത്തിയ അഭ്യാസപ്രകടനങ്ങളും മേളയില്‍ നിറഞ്ഞ കൈയടി നേടി. മദ്രാസ് റെജിമെന്റ്‌സ് സേനാംഗങ്ങള്‍ നടത്തിയ കളരിപ്പയറ്റ്് മലബാറിന്റെ തനത് ആയോധനകലയുടെ നേര്‍കാഴ്ചയായും മാറിയിരുന്നു. മേളയില്‍ അഭ്യാസപ്രകടനങ്ങള്‍ നടത്തിയ സേനാംഗങ്ങള്‍ക്ക് ചടങ്ങില്‍ സമ്മാനങ്ങള്‍ നല്‍കി ആദരിച്ചു.

 

കാല്‍പന്ത് കളി മാത്രം കണ്ട് ശീലിച്ച മലപ്പുറത്തുകാര്‍ക്ക് കമാന്‍ഡോ ഓപ്പറേഷനും അഭ്യാസ പ്രകടനങ്ങളും മോട്ടോര്‍ സൈക്കിള്‍ പ്രകടനവുമൊക്കെ വ്യത്യസ്ത അനുഭവങ്ങളായി. സുരക്ഷാ സേനയില്‍ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് സേനയെ പരിചയപ്പെടുത്തുന്നതിനും സൈന്യത്തില്‍ പ്രവേശിക്കാനുള്ള മാര്‍ഗ നിര്‍ദേശങ്ങള്‍ നല്‍കുന്നതിനും പ്രത്യേക സംവിധാനങ്ങളും മേളയിലുണ്ടായിരുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com