ADVERTISEMENT

വരനെ ആവശ്യമുണ്ട് സിനിമയിലെ കുക്കറമ്മ എന്ന കഥാപാത്രത്തിന്റെ ശബ്ദം കേട്ടപ്പോൾ തിയറ്റർ മുഴുവൻ സംശയത്തിലായി. ഈ ശബ്ദം എവിടെയോ കേട്ടപോലെ? ചിലർ ഇത് കാവ്യ മാധവന്റെ ശബ്ദമെന്നും ദിവ്യ ഉണ്ണിയുടേതെന്നുമൊക്കെ പറയുന്നുണ്ടായിരുന്നു. സംശയിച്ചത് ശരിയാണ് സിനിമയിൽ കാവ്യ മാധവനും ദിവ്യ ഉണ്ണിക്കുമൊക്കെ ശബ്ദം നൽകിയ പ്രശസ്ത ഡബ്ബിങ് ആർടിസ്റ്റ് ശ്രീജ രവിയാണ് കുക്കറമ്മ എന്ന ജോലിക്കാരിയെ ചിത്രത്തിൽ അവതരിപ്പിച്ചത്. ഷങ്കറിന്റെ 'നൻപൻ' ഉൾപ്പെടെ ഒട്ടനവധി സിനിമകളിൽ മുൻപും ക്യാമറയ്ക്കു മുന്നിലെത്തിയിട്ടുണ്ടെങ്കിലും,  ഏറ്റവും ശ്രദ്ധിക്കപ്പെടുന്ന ഒരു കഥാപാത്രം ലഭിക്കുന്നത് 'വരനെ ആവശ്യമുണ്ട്' എന്ന സിനിമയിൽ തന്നെയാണ്.

 

ഇപ്പോഴിതാ ശ്രീജ രവിയെക്കുറിച്ച് സിനിമാപ്രവർത്തകനായ സുരേഷ് കുമാർ രവീന്ദ്രൻ എഴുതിയ കുറിപ്പ് സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നു. സുരേഷിന്റെ കുറിപ്പ് താഴെ:

 

"ഇന്ന് 'വരനെ ആവശ്യമുണ്ട്' കാണുന്നതിനിടയിൽ, 'കുക്കറമ്മ' എന്ന കഥാപാത്രം രംഗപ്രവേശനം ചെയ്ത് രണ്ട് ഡയലോഗ് പറഞ്ഞു കഴിഞ്ഞപ്പോൾ തിയറ്റർ മുഴുവൻ ചോദ്യ ചിഹ്നം കൊണ്ടു നിറഞ്ഞു...എങ്ങും സംശയങ്ങൾ, സംശയചിരികൾ...ചിലർ കാവ്യാമാധവൻ എന്നും, ചിലർ ദിവ്യാ ഉണ്ണി എന്നുമൊക്കെ പറയുന്നുണ്ടായിരുന്നു...വളരെ കുറച്ചു നേരത്തേയ്ക്ക് ആകെ ബഹളം...ആരൊക്കയാണിത്?

 

അതിനു കാരണം, ഈ കഴിഞ്ഞ 45 വർഷങ്ങളായി തെന്നിന്ത്യൻ സിനിമാ മേഖലയിൽ ഏറെ ഐശ്വര്യം നിറഞ്ഞ ശബ്ദസാന്നിധ്യമായി നിലകൊള്ളുന്ന ഒരു മഹത്‌വ്യക്തി 'കുക്കറമ്മ'യുടെ വേഷത്തിലെത്തിയതു കൊണ്ടാണ്, ആ മനോഹരമായ ശബ്ദം നമുക്കേവർക്കും ചിരപരിചിതമായതു കൊണ്ടാണ്...ബേബി ശാലിനിയും, ബേബി ശ്യാമിലിയും, സുനിതയും, സുചിത്രയും, ശാലിനിയും, ജൂഹി ചൗളയും, 'സല്ലാപം' എന്ന സിനിമയിൽ മഞ്ജു വാരിയരും, രംഭയും, സിമ്രാനും, ചിപ്പിയും, ദേവയാനിയും, ദിവ്യാ ഉണ്ണിയും, കാവ്യാ മാധവനും, ഗോപികയും, റോമയും തുടങ്ങി എണ്ണിത്തീർക്കാൻ പറ്റാത്ത അത്ര അഭിനേത്രിമാർ വെള്ളിത്തിരയിലൂടെ സംവദിച്ച ആ ശബ്ദത്തിന്റെ ഉടമയായ 'ശ്രീജ രവി' (Sreeja Ravi) എന്ന അതുല്യ കലാകാരിയെയായിരുന്നു സ്‌ക്രീനിൽ കണ്ടത്. ഷങ്കറിന്റെ 'നൻപൻ' ഉൾപ്പെടെ ഒട്ടനവധി സിനിമകളിൽ മുൻപും ക്യാമറയ്ക്കു മുന്നിലെത്തിയിട്ടുണ്ടെങ്കിലും, ശ്രീജ രവിയ്ക്ക് ഏറ്റവും ശ്രദ്ധിക്കപ്പെടുന്ന ഒരു കഥാപാത്രം ലഭിക്കുന്നത് 'വരനെ ആവശ്യമുണ്ട്' എന്ന സിനിമയിൽ തന്നെയാണ്. അത് വളരെ മനോഹരമായി അവതരിപ്പിക്കുകയും ചെയ്തിട്ടുണ്ട്.

 

സിനിമയിൽ ശോഭനയുമായി ശ്രീജ രവി സ്ക്രീൻ ഷെയർ ചെയ്യുന്ന രംഗങ്ങളിൽ ഒരുപാടൊരുപാട് സന്തോഷം തോന്നി. ഒരു ഭാഗത്ത് ശ്രീജ രവി സ്വന്തം ശബ്ദത്തിൽ സംസാരിക്കുന്നു, മറു ഭാഗത്ത് ശോഭനയ്ക്കു വേണ്ടി ഭാഗ്യലക്ഷ്മി സംസാരിക്കുന്നു! കുടജാദ്രിയുടെ ഏറ്റവും മുകളിലെത്തിയിട്ട് സൂര്യനെയും ചന്ദ്രനെയും ഇരുവശങ്ങളിലായി കണ്ടത് പോലൊരു ഫീൽ! മലയാളത്തിന്റെ ഏറ്റവും മികച്ച പെൺശബ്ദങ്ങൾ, ഒരുമിച്ച് ഒരേ സമയം...ശ്രവണ സുഖം എന്നത് അതിന്റെ പാരമ്യതയിൽ..."

 

പ്രിയ സുഹൃത്ത് വിബിൻ നാഥ് (Vibin Nath) മൂവീ സ്ട്രീറ്റ് എന്ന ഗ്രൂപ്പിൽ എഴുതിയതാണ്, നമ്മുടെ സ്വന്തം 'കിളിനാദം' ശ്രീജ ചേച്ചിയെ കുറിച്ച്. ഞാൻ എഴുതണം എന്ന് ആഗ്രഹിച്ച കാര്യങ്ങൾ, വളരെ മനോഹരമായി എഴുതിയിട്ടുണ്ട് വിബിൻ ജി. സന്തോഷം. ശ്രീജ ചേച്ചി നമ്മുടെ സ്വത്താണ്‌, സല്ലാപത്തിലെ രാധയാണ്, അനിയത്തിപ്രാവിലെ മിനിയാണ്, ഹരികൃഷ്ണൻസിലെ മീരയാണ്. അതിനും കുറേകാലം മുൻപ്, കൊഞ്ചിക്കുഴഞ്ഞ് ചിരിച്ചു കൊണ്ട് നമ്മുടെയൊക്കെ മനസ്സുകൾ കീഴടക്കിയ ബേബി ശാലിനി-ശ്യാമിലിമാരുടെ പൊന്നോമന ശബ്ദമാണ്, ചേച്ചി. അഭിനയമേഖലയിലും ചേച്ചി തന്റെ സാന്നിധ്യം അറിയിക്കുന്നത് ഏറെ സന്തോഷം തരുന്ന സംഗതിയാണ്. തികഞ്ഞ ആയുരാരോഗ്യസൗഖ്യത്തോടെ എക്കാലവും ഇവിടെയുണ്ടാകട്ടെ, ശ്രീജ രവി എന്ന പ്രിയപ്പെട്ട ശ്രീജ ചേച്ചി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com