ADVERTISEMENT

ഇതെന്താണ് ഇങ്ങനെയൊരു കൊറിയൻ ചിത്രം? കണ്ടാൽ കണ്ണടച്ചുപോകുന്നതരം ക്രൂരതയും ലൈംഗിക അതിപ്രസരവും നിറഞ്ഞ പതിവു ദക്ഷിണ കൊറിയൻ സിനിമാരീതികളിൽ നിന്നു മാറിനടക്കുന്ന ‘പാരസൈറ്റ്’ കാണുമ്പോൾ പലർക്കും ആദ്യംതോന്നുക ഇങ്ങനെയാണ്. പക്ഷേ കണ്ണുനനയിപ്പിച്ചും കണ്ണു തുറപ്പിച്ചും ചിരിപ്പിച്ചും ചിന്തിപ്പിച്ചും മുന്നോട്ടു പോകുന്നതിനിടെ ചിത്രത്തിന്റെ അവസാനം കാത്തുവച്ചിരിക്കുന്നത് മേൽപ്പറഞ്ഞ കാഴ്ചകൾ തന്നെയും. അതുപക്ഷേ കൊറിയക്കാരെന്നല്ല, ലോകം തന്നെ ഇന്നേവരെ കാണാത്ത രീതിയിലായിരുന്നുവെന്നു മാത്രം. 

 

parasite-oscar

സമകാലിക ദക്ഷിണ കൊറിയയുടെ സമ്പത്തിന്റെ രാഷ്ട്രീയം തന്റെ ഏഴാമത്തെ ഫീച്ചർ ചിത്രത്തിലൂടെ അതിമനോഹരമായി, ഞെട്ടിപ്പിച്ചുതന്നെ തയാറാക്കിയിരിക്കുന്നു സംവിധായകൻ ബോങ് ജൂൻ ഹോ. ആ മികവിന് ഓസ്കറിൽ നേടാനായതാകട്ടെ നാലു സുപ്രധാന പുരസ്കാരങ്ങളും. ഒരുതരത്തിൽ പറഞ്ഞാൽ ഓസ്ക‌ര്‍ ‘ക്രിയേറ്റിവിറ്റി’ പുരസ്കാരങ്ങൾ മുഴുവൻ പാരസൈറ്റ് സ്വന്തമാക്കിയിരിക്കുന്നു– മികച്ച ചിത്രം, തിരക്കഥ, സംവിധാനം, മികച്ച വിദേശ ഭാഷാചിത്രം. 

 

കേരളത്തിൽ വരെ അടുത്തിടെ റിലീസ് ചെയ്തു പാരസൈറ്റ്. നേരത്തെ അത്തരത്തിൽ തിയറ്റർ റിലീസിനെത്തിയത് ‘ട്രെയിൻ ടു ബുസാൻ’ ആയിരുന്നു. ഹോളിവുഡിനോടു ചേർന്നുനിൽക്കുന്ന ഹൊറർ പാറ്റേണായിരുന്നു അതിന്റെ പ്രത്യേകത. എന്നാൽ പാരസൈറ്റ് കൃത്യമായും ദക്ഷിണ കൊറിയൻ സമൂഹത്തെ വിശകലനം ചെയ്യുന്ന ചിത്രമാണ്. അതിന് ലോകത്തിലെ മറ്റു രാജ്യങ്ങളുമായി താദാത്മ്യം പ്രാപിക്കാൻ സാധിക്കുന്നതാകട്ടെ പാവപ്പെട്ടവനും പണക്കാരനും തമ്മിലുള്ള കൊടുക്കൽ വാങ്ങലുകൾ എല്ലായിടത്തും ഒരുപോലെത്തന്നെയാണെന്നതും. 

boong

 

ധനികനു വേണ്ടി എന്ത് അടിമവേലയും ചെയ്യാൻ തയാറാണ് പാവപ്പെട്ടവർ. എങ്ങനെയെങ്കിലും ജീവിക്കണമല്ലോ! മികച്ച ജോലിക്കാരനായതു കൊണ്ടു മാത്രം അവരെ ഒപ്പം നിർത്തുന്നവരുമുണ്ട്, ഒരുപക്ഷേ അവരുടെ ശരീരത്തിൽ നിന്നുയരുന്ന വൃത്തികെട്ട ഗന്ധം പോലും അന്നേരം ധനികർ മറക്കും. പാരസൈറ്റിന്റെ ഗതിയെ നിർണയിക്കുന്ന സുപ്രധാന ഘട്ടങ്ങളിലൊന്നിൽ പ്രേക്ഷകന് ഈ സംഘർഷം കാണാം. 

 

പാതിയോളം ഭൂമിക്കടിയിലായ ഒരു താൽക്കാലിക ‘സെറ്റപ്’ അപാർട്മെന്റിലാണ് കിം കുടുംബത്തിന്റെ താമസം. പിതാവ് കി ടാക്ക്, മാതാവ് ചങ് സൂക്ക്, മകൾ കി ജിയോങ്, മകൻ കി വൂ. പലവിധ തരികിട പരിപാടികളും സൗജന്യ വൈ–ഫൈയുംകൊണ്ട് തട്ടിയും മുട്ടിയും ജീവിച്ചു പോവുകയാണ് ആ കുടുംബം. പ്രത്യക്ഷത്തിൽ സന്തുഷ്ടർ, എന്നാൽ പണമില്ലായ്മ വല്ലാതെ അലട്ടുന്നുണ്ട്. സുഖസൗകര്യങ്ങൾ നിറഞ്ഞ ജീവിതത്തിലേക്ക് അവർക്ക് വഴികാട്ടിയാകുന്നത് കി വൂവിന്റെ കൂട്ടുകാരൻ മിൻ ആണ്. 

 

വിദേശത്തേക്കു പഠിക്കാൻ പോകുന്നതിനു മുൻപ് കി വൂവിനെ കാണാനെത്തിയ അവൻ ഒരു ഓഫർ മുന്നോട്ടു വയ്ക്കുന്നു. മിൻ ട്യൂഷനെടുത്തുകൊണ്ടിരുന്ന ധനിക കുടുംബത്തിലെ പെൺകുട്ടിയെ പഠിപ്പിക്കാൻ കി വൂ പോകണം, അതിനു പക്ഷേ ഒരു സർവകലാശാല ബിരുദം വേണം. അത് വ്യാജമായുണ്ടാക്കി കി വൂ പാർക്ക് കുടുംബത്തിലെ അധ്യാപകനായെത്തുന്നു. ധനികരുടേതായ എല്ലാ സുഖലോലുപതകളോടെയും പൊങ്ങച്ചത്തോടെയുമായിരുന്നു പാർക്ക് കുടുംബത്തിന്റെ ജീവിതം. പക്ഷേ ജീവനക്കാരോടവർക്ക് സ്നേഹമായിരുന്നു. 

 

കുടുംബത്തിന്റെ വിശ്വാസം പിടിച്ചുപറ്റിയ കി വൂ പതിയെ അവിടേക്ക് സഹോദരിയെയും അമ്മയെയും അച്ഛനെയും കൊണ്ടുവരുന്നു. എല്ലാം പക്ഷേ കള്ളത്തരങ്ങളിലൂടെയായിരുന്നു. അങ്ങനെ പഴയ വീട്ടുവേലക്കാരിക്കു പകരം കി വൂവിന്റെ അമ്മയെത്തി. ആർട് അധ്യാപികയായി സഹോദരിയും, ഡ്രൈവറായി അച്ഛനും. ആ വലിയ വീട്ടിലേക്കുള്ള ‘നുഴഞ്ഞുകയറ്റത്തിന്’ അവിടെയുണ്ടായിരുന്ന ജോലിക്കാരെ ഓരോരുത്തരെയായി പുറത്താക്കാൻ കിം കുടുംബം നടത്തുന്ന ശ്രമത്തിൽ വ്യക്തമാണ് അവരുടെ പദ്ധതികൾ എത്രമാത്രം കുബുദ്ധി നിറഞ്ഞതാണെന്ന്. പക്ഷേ പാർക്ക് കുടുംബം വിനോദയാത്രയ്ക്കു പോയ, മഴയുള്ള ഒരു രാത്രി പഴയ വേലക്കാരി ആ വീട്ടിലേക്കു വരുന്നു. അതുവരെ കണ്ട കഥയല്ല പിന്നെ പാരസൈറ്റിൽ. അതുവരെ നിലനിന്നിരുന്ന ശാന്തയുമായിരുന്നില്ല പിന്നീടങ്ങോട്ട് ഫ്രെയിമുകളിൽ. 

 

കിം കുടുംബത്തിൽ പദ്ധതികളൊന്നൊന്നായി പൊളിയുകയാണ്. അതുപക്ഷേ പാർക്ക് കുടുംബം അറിയാതിരിക്കാൻ പരമാവധി ശ്രമിക്കുന്നുണ്ട് അവർ. ജോലിയായി ഇനിയൊന്ന് ആനന്ദിക്കാമെന്നു കരുതുമ്പോഴാണ് പ്രതീക്ഷകളെല്ലാം തെറ്റിക്കുന്ന ഒരു ദുരന്തം കി ടാക്കിന്റെ വീട്ടിലേക്ക് ഇരച്ചെത്തുന്നത്. പിന്നീട് അസ്വസ്ഥമായ മനസ്സുകളുടെ പോരാട്ടമാണ്. അതിനിടയിലും സംവിധായകൻ നർമത്തിന്റെ നേർത്തൊരു ഛായ ഓരോ രംഗത്തിനും നൽകിയിരിക്കുന്നു. ഒരു ഘട്ടത്തിൽ കി ടാക്ക് ഭാര്യയോട് പറയുന്നുണ്ട്– ‘നിനക്കറിയാമോ ലോകത്തിൽ ഒരിക്കലും പരാജയപ്പെടാത്ത പദ്ധതി ഏതാണെന്ന്? അത്തരമൊരു പദ്ധതിയില്ല. കാരണം നാം ഓരോ പദ്ധതി തയാറാക്കുമ്പോഴും ജീവിതം ഒരിക്കലും അതിനനുസരിച്ച് നമുക്കുനിന്നു തരില്ല...’ നിങ്ങൾ ഒരു ലക്ഷ്യവുമായി മുന്നിട്ടിറങ്ങിയാൽ ലോകം മുഴുവൻ അതു നേടിത്തരാൻ വേണ്ടി നിങ്ങൾക്കൊപ്പം നിൽക്കും എന്ന ‘അൽക്കെമിസ്റ്റ്’ ശുഭാപ്തി വിശ്വാസത്തിനു നേർവിപരീതമാണ് പാരസെറ്റ്. 

 

പാവപ്പെട്ടവരുടെ മാത്രമല്ല പണക്കാരുടെ ലോകത്തെയും പൊളിച്ചടുക്കുന്നുണ്ട് ചിത്രത്തിൽ സംവിധായകൻ. ലൈംഗികതയെ കൂട്ടുപിടിച്ചാണത്. യജമാനനും ഭാര്യയും തമ്മിൽ ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നത് ഒരു രാത്രി കിം കുടുംബം കാണാനിടവരുന്നു. അന്നേരം ഭാര്യം ഭർത്താവും തമ്മിലുള്ള സംസാരത്തിൽ മാന്യതയുടെ മൂടുപടം പൂർണമായും അഴിഞ്ഞില്ലാതാകുന്നതു കാണാം. ‘ഇവരും ഞങ്ങളെപ്പോലെത്തന്നെയാണല്ലോ’ എന്ന് കിം കുടുംബം പാർക്ക് കുടുംബവുമായി താദാത്മ്യത്തിനു ശ്രമിക്കുന്നതും ഇതിനു ശേഷമാണ്. ഇതിനിടയ്ക്ക് തികച്ചും അപ്രതീക്ഷിതമായി ഒരാളെത്തുകയും അയാളുടെ കഥയുമായി കിം കുടുംബത്തിന്റെ കഥ കൂടിച്ചേരുകയും ചെയ്യുന്നതോടെ പണക്കാരൻ, പാവപ്പെട്ടവൻ എന്നിങ്ങനെയുള്ള ആശയസംഘർഷം രൂക്ഷമാകുന്നു. ഒരുപക്ഷേ സിനിമയിൽ സന്തോഷപരമായ അവസാനമായിരിക്കുമെന്നു പ്രേക്ഷകൻ പ്രതീക്ഷിക്കുന്നിടത്ത് ചോര വീഴുന്നു, അലർച്ചയും അട്ടഹാസങ്ങളും നിലവിളിയും ഭീതിയും നിറയുന്നു. 

 

ഏതോ ഒരു അജ്ഞാത പരാന്നജീവി ഓരോ കഥാപാത്രത്തിന്റെയും ചോരയൂറ്റിക്കുടിക്കുന്ന ചിത്രമാണിത്. ജീവിതമെന്നാണ് ആ പാരസൈറ്റിന്റെ പേര്. കാരണം യഥാർഥ ജീവിതത്തിൽ നിന്നു കണ്ടെടുത്ത കൊറിയൻ കഥയാണ് ബോങ് ജൂൻ ഹോ തിരശ്ശീലയിലെത്തിച്ചിരിക്കുന്നത്...

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com