ജയരാജിനൊത്ത് കാളിദാസ്; ബാക്ക്പാക്കേർസ് ടീസർ

kalidas-jayaraj
SHARE

കാളിദാസ് ജയറാമിനെ നായകനാക്കി ദേശീയ പുരസ്‌കാര ജേതാവ് ജയരാജ് സംവിധാനം ചെയ്യുന്ന ബാക്ക്പാക്കേഴ്സിന്റെ ടീസര്‍ റിലീസ് ചെയ്തു. രൗദ്രം എന്ന ചിത്രത്തിന് ശേഷം ജയരാജ് ഒരുക്കുന്ന ഈ പ്രണയ ചിത്രം ഒരു യഥാര്‍ഥ സംഭവത്തെ ആസ്പദമാക്കിയാണ് ഒരുക്കിയിരിക്കുന്നത്. സംഗീതത്തിനും ഏറെ പ്രാധാന്യമുള്ള ചിത്രത്തില്‍ കാളിദാസന്റെ നായികയായി എത്തുന്നത് ഡല്‍ഹി മലയാളിയായ കാര്‍ത്തിക നായര്‍ ആണ്.

ജയരാജിന്റെ കഴിഞ്ഞ രണ്ട് ചിത്രങ്ങളിലും മുഖ്യ വേഷം കൈകാര്യം ചെയ്ത രണ്‍ജി പണിക്കര്‍ പുതിയ ചിത്രത്തിലും പ്രധാനപ്പെട്ടൊരു വേഷത്തിലുണ്ട്. ശിവ്ജിത്ത് പദ്മനാഭന്‍, ഉല്ലാസ് പന്തളം, ജയകുമാര്‍, സബിത ജയരാജ് തുടങ്ങിയവര്‍ അഭിനയിച്ചിട്ടുണ്ട്. പ്രകൃതി പിക്‌ച്ചേഴ്‌സിന്റെ ബാനറില്‍ ഡോ. സുരേഷ് കുമാര്‍ മുട്ടത്ത് നിര്‍മിച്ച ചിത്രത്തിന്റെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ അഡ്വ. കെ. ബാലചന്ദ്രന്‍ നിലമ്പൂരാണ്. അഭിനന്ദ് രാമാനുജന്‍ ക്യാമറയും ആന്റണി എഡിറ്റിങ്ങും നിര്‍വഹിച്ചിരിക്കുന്നു. ഡോ. സാബിന്‍ ജോര്‍ജ്, റോണ്‍ ജോസ്, റ്റോണി സേവ്യര്‍, ആഷിഷ് എന്നിവരാണ് അസിസ്റ്റന്‍റ് ഡയറക്ടേഴ്സ്.

കോട്ടയം, വാഗമണ്‍, വര്‍ക്കല തുടങ്ങിയ ലൊക്കേഷനുകളിലായിരുന്നു ചിത്രീകരണം. ആറ് ഗാനങ്ങളുള്ള ചിത്രത്തിന്റെ സംഗീത സംവിധായകന്‍ സച്ചിന്‍ ശങ്കറാണ്. ചിത്രീകരണം പൂര്‍ത്തിയായ ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്‌ഷൻ പുരോഗമിക്കുകയാണ്. ചിത്രം ഉടന്‍ തന്നെ തിയറ്ററുകളിലെത്തും.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MOVIE NEWS
SHOW MORE
FROM ONMANORAMA