sections
MORE

96ാം വയസ്സിൽ മകന്റെ സത്യപ്രതിജ്ഞ കണ്ട്‌ നടൻ ഉണ്ണികൃഷ്ണന്‍ നമ്പൂതിരി; അത്യപൂർവ നിമിഷം

unnikrishnan-namboothiri
ജസ്‌റ്റിസ്‌ പി വി കുഞ്ഞിക്കൃഷ്‌ണൻ ഭാര്യ നിത എന്നിവർ ഉണ്ണികൃഷ്ണന്‍ നമ്പൂതിരിക്കൊപ്പം
SHARE

96 വയസിന്റെ അവശതകള്‍ മറന്ന് പയ്യന്നൂരില്‍ നിന്നും ഉണ്ണികൃഷ്ണന്‍ നമ്പൂതിരി എറണാകുളത്തെത്തി. ഇളയമകന്‍ കുഞ്ഞികൃഷ്ണന്‍ ഹൈക്കോടതി ജഡ്ജിയായി സത്യപ്രതിഞ്ജ ചെയ്യുന്നത് കാണാനായാണ് ഉണ്ണികൃഷ്ണന്‍ നമ്പൂതിരി എത്തിയത്. ‘എന്താ ഞാന്‍ സ്മാര്‍ട്ടായിട്ടല്ലേ ഇരിക്കുന്നത്’ എന്ന് കാണാനെത്തിയവരോടും അദ്ദേഹം ചോദിക്കുന്നുണ്ടായിരുന്നു.

അച്ഛനെ ചക്രക്കസേരയിലിരുത്തി കാറില്‍ കയറ്റിയാണ് പി.വി. കുഞ്ഞികൃഷ്ണന്‍ ഹൈക്കോടതി ജഡ്ജിയായി സത്യപ്രതിജ്ഞ ചെയ്യാന്‍ വടുതലയിലെ വീട്ടില്‍ നിന്നും പറപ്പെട്ടത്. ‘ദേശാടന’ത്തിലെ മുത്തശ്ശനായി തുടങ്ങി ഇരുപത്തഞ്ചോളം മലയാളം, തമിഴ് ചലച്ചിത്രങ്ങളിലഭിനയിച്ച താരമാണ് ഉണ്ണികൃഷ്ണന്‍ നമ്പൂതിരി.

 വ്യക്തികളുടെ രാഷ്ട്രീയം നിയമനങ്ങളിൽ തടസ്സമാകരുതെന്നു ജഡ്ജിയായി ചുമതലയേറ്റ ശേഷം ജസ്റ്റിസ് പി. വി. കുഞ്ഞിക്കൃഷ്ണൻ പറഞ്ഞു.  മുൻ ജഡ്ജിമാരുടെ  പുസ്തകങ്ങളും കോടതി വിധികളും ഉദ്ധരിച്ചാണ് അദ്ദേഹം ഇക്കാര്യം സൂചിപ്പിച്ചത്. 

ഹൈക്കോടതി തന്റെ നിയമനത്തിനു ശുപാർശ ചെയ്ത ശേഷം നിയമനം കിട്ടാൻ രണ്ടുവർഷം നീണ്ട കാത്തിരിപ്പു വേണ്ടിവന്നതിന്റെ വേദനയും അദ്ദേഹം മറച്ചുവച്ചില്ല. ഭരണഘടനാ സ്ഥാനങ്ങളിൽ നിയമനങ്ങൾക്ക് അതിന്റേതായ സമയം വേണ്ടിവരും. എന്നാലും ഇത്രയേറെ കാത്തിരിപ്പ് വേദനാജനകമാണ്; കാരണം അറിയാതിരിക്കുമ്പോൾ പ്രത്യേകിച്ചും – അദ്ദേഹം പറഞ്ഞു. ചീഫ് ജസ്റ്റിസ് എസ്.മണികുമാർ സത്യവാചകം ചൊല്ലിക്കൊടുത്തു. അഡ്വക്കറ്റ് ജനറൽ സി.പി. സുധാകര പ്രസാദ്, ഹൈക്കോർട്ട് അഡ്വക്കറ്റ്സ് അസോസിയേഷൻ പ്രസിഡന്റ് ലക്ഷ്മിനാരായണൻ എന്നിവർ പ്രസംഗിച്ചു. ഹൈക്കോടതിയിൽ കാൽനൂറ്റാണ്ടു പിന്നിട്ട അഭിഭാഷക ജീവിതത്തിനു ശേഷമാണു പി. വി. കുഞ്ഞിക്കൃഷ്ണൻ ജഡ്ജിയായത്. 

ഗണിതശാസ്ത്രത്തിലുള്ള ഇഷ്ടംകാരണം അതിൽ ബിരുദമെടുക്കാൻ കുഞ്ഞികൃഷ്ണൻ, പയ്യന്നൂർ കോളജിൽ ചേരുകയുണ്ടായി.  ഉണ്ണികൃഷ്ണൻ നമ്പൂതിരിയുടെ ജ്യേഷ്ഠനും കാസർകോട്ടെ പ്രമുഖ അഭിഭാഷകനുമായ പി.വി.കെ. നമ്പൂതിരിയുടെ വിയോഗമാണ് കുഞ്ഞികൃഷ്ണനെ അഭിഭാഷക ജോലിയിലേയ്ക്ക് തിരിക്കുന്നത്. തിരുവനന്തപുരത്തെ നിയമപഠനത്തിനു ശേഷം പയ്യന്നൂരിൽ പ്രാക്ടീസ് തുടങ്ങാനൊരുങ്ങിയപ്പോൾ കോഴിക്കോട്ട് ജില്ലാ ആസ്ഥാനത്ത് മതിയെന്ന് ഉണ്ണികൃഷ്ണൻ നമ്പൂതിരിയാണു നിർദേശിച്ചത്. മൂന്നുകൊല്ലം കഴിഞ്ഞപ്പോൾ ഇനി ഹൈക്കോടതിയിലേക്കു മാറിക്കൂടേ എന്നായി ചോദ്യം.

അച്ഛന്റെ മനസ്സും കരുതലുമാണ് തന്നെ ഈ പദവിയിലെത്തിച്ചതെന്നും ചടങ്ങില്‍ അച്ഛനെത്തിയതില്‍ സന്തോഷമുണ്ടെന്നും സത്യപ്രതിജ്ഞയ്ക്കു ശേഷമുള്ള പ്രസംഗത്തില്‍ ജസ്റ്റിസ് കുഞ്ഞികൃഷ്ണന്‍ പറഞ്ഞു. കുഞ്ഞികൃഷ്ണന്റെ സഹോദരീ ഭർത്താവും പ്രശസ്ത ഗാനരചയിതാവും സംഗീതജ്ഞനുമായ കൈതപ്രം ദാമോദരന്‍ നമ്പൂതിരിയുള്‍പ്പെടെയുള്ള ബന്ധുക്കളും സദസ്സിലുണ്ടായിരുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MOVIE NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA