ADVERTISEMENT

ജോഷി സംവിധാനം ചെയ്ത് 1990 ഫെബ്രുവരി 16–ന് പുറത്തിറങ്ങിയ സിനിമയാണ് നമ്പര്‍ 20 മദ്രാസ് മെയിൽ. ആക്‌ഷൻ-കോമഡി വിഭാഗത്തിലെത്തിയ സിനിമയുടെ ഏറ്റവും വലിയ പ്രത്യേകത മമ്മൂട്ടിയും മോഹൻലാലും ഒരുമിച്ചെത്തി ഗംഭീരമാക്കി എന്നത് തന്നെയാണ്. ഡെന്നീസ് ജോസഫാണ് സിനിമയ്ക്ക് തിരക്കഥയൊരുക്കിയത്.

 

മണിയൻപിള്ള രാജു, ജഗദീഷ്, ഇന്നസെന്റ്, ജഗതി ശ്രീകുമാര്ഡ, സോമൻ, ജയഭാരതി,, അശോകൻ, സുചിത്ര തുടങ്ങി വലിയ താരനിര തന്നെ ചിത്രത്തിൽ ഏണി നിരന്നു. എന്നാൽ സിനിമ ചിത്രീകരിക്കുന്നതിന് ഒരു ദിവസം മുൻപ് ആണ് തിരക്കഥ എഴുതി തുടങ്ങിയത് എന്ന് വെളിപ്പെടുത്തുകയാണ് ഡെന്നീസ് ജോസഫ്. സിനിമ പുറത്തിറങ്ങി മൂന്ന് പതിറ്റാണ്ട് തികയുമ്പോൾ മറ്റൊരു സത്യം കൂടി വെളിപ്പെടുത്തുന്നു. നമ്പർ 20 മദ്രാസ് മെയിൽ ഒരു പരാജയ ചിത്രമായിരുന്നു എന്നാണ് ഡെന്നീസ് ജോസഫ് മനോരമ ന്യൂസ് ‍ഡോട് കോമിനേട് തുറന്നു പറയുന്നത്. 

 

മറ്റന്നാൾ ഷൂട്ട്, ഇന്ന് എഴുതി തുടങ്ങി

 

വളരെ സാധാരണമായി സംഭവിച്ച സിനിമയാണ് നമ്പർ 20 മദ്രാസ് മെയിൽ. സിനിമ തുടങ്ങുന്നതിന് ഒരു ദിവസം മുൻപ് ആണ് ജോഷി ഇങ്ങനെയൊരു സിനിമ ചെയ്യണമെന്ന് പറയുന്നത്. നാളെ കഴിഞ്ഞ് ഷൂട്ടിങ് തുടങ്ങുന്ന ഒരു സിനിമയ്ക്കാണ് ഞാൻ തിരക്കഥ എഴുതുന്നത്. തിരക്കഥ മുഴുവന്‍ ഒന്നും എഴുതിയിട്ടല്ല ചിത്രീകരണം തുടങ്ങിയത്. ആദ്യ ദിവസം ഷൂട്ട് ചെയ്യാനുള്ള സ്ക്രിപ്റ്റ് മാത്രം എഴുതി. സിനിമയുടെ കഥ തുടങ്ങുന്നത് കേരളത്തിലാണ്. പക്ഷേ ആദ്യദിവസം ഷൂട്ട് ചെയ്യുന്നത് ചെന്നൈയിലാണ്. സീൻ നമ്പർ 40 ഒക്കെയാണ് ആദ്യം എഴുതുന്നത്. അങ്ങനെ എഴുതേണ്ടി വന്നു. കാരണം ജോഷിയുടെ മറ്റൊരു സിനിമ ആയിരുന്നു ആദ്യം നിശ്ചയിച്ചിരുന്നത്. പക്ഷേ പെട്ടെന്ന് ഈ സിനിമ ചെയ്യേണ്ടി വന്നു. രാവിലെ 8 മണിക്ക് കൊടുക്കേണ്ട സ്ക്രിപ്റ്റ് ഞാൻ എഴുതുന്നത് വെളുപ്പിന് 3 മണിക്കൊക്കെ ആയിരിക്കും. 

 

മോഹന്‍ലാൽ പറഞ്ഞു, മമ്മൂട്ടി വന്നു

 

ഞാൻ എഴുതി തുടങ്ങുന്ന ആദ്യ സീനുകളിൽ മോഹൻലാൽ മാത്രമാണ്. ജോഷി ആദ്യം ഷൂട്ട് ചെയ്യാനിരുന്നതും മോഹൻലാൽ മാത്രമുള്ള സിനിമയാണ്. പിന്നീടാണ് നമ്പർ 20 ഞാൻ എഴുതാമെന്ന് പറയുന്നത്. മമ്മൂട്ടി ഒക്കെ പിന്നെ വന്ന ആലോചനയാണ്. ആ റോളിലേക്ക് മമ്മൂട്ടിയെ വിളിക്കാമോ എന്ന നിർദേശം വച്ചത് തന്നെ മോഹൻലാല്‍ ആണ്. സൂപ്പർതാരമല്ലാത്ത ഒരു നടനെയാണ് ആദ്യം ആ റോളിലേക്ക് ഞങ്ങൾ ഉദ്ദേശിച്ചിരുന്നത്. അങ്ങനെ മമ്മൂക്കയെ വിളിച്ചു. അദ്ദേഹം സമ്മതിച്ചു. അന്ന് മോഹൻലാലിനേക്കാൾ വലിയ താരമാണ് മമ്മൂട്ടി. അദ്ദേഹം ആ റോളിലേക്ക് വന്ന് അഭിനയിക്കുമോ എന്ന് ഞങ്ങൾക്ക് സംശയമുണ്ടായിരുന്നു. പക്ഷേ അദ്ദേഹം വന്ന് അഭിനയിച്ചു.

 

മറ്റ് നടന്മാരെയും മുൻകൂട്ടി തീരുമാനിച്ചതല്ല. മണിയൻപിള്ള രാജു. ജഗദീഷ്, സോമൻ തുടങ്ങിയ താരനിരയെല്ലാം അവരുടെ സൗകര്യം അനുസരിച്ച് ലഭിച്ചതാണ്. പക്ഷേ എല്ലാവരും കഥാപാത്രങ്ങള്‍ക്ക് ചേർന്നത് തന്നെയായിരുന്നു. ഇന്നസെന്റിനെയും ജഗതിയെയും ടിടിആർ വേഷത്തിൽ വേണമെന്ന് ആഗ്രഹിച്ചിരുന്നു. അവരെയും ലഭിച്ചു. അതേപോലെ സുചിത്ര. 16 വയസ്സുള്ള ഒരു പെൺകുട്ടി വേണമായിരുന്നു. ആരോ ജോഷിയുടെ അടുത്ത് സജസ്റ്റ് ചെയ്തതാണ് സുചിത്രയെ. ജോഷിയെപ്പോലെ ഒരു വലിയ സംവിധായകന് ഇവരെയൊക്കെ ചിത്രത്തിലേക്ക് കൊണ്ടു വരാൻ വലിയ പ്രയാസമുണ്ടായില്ല.

 

ഇന്നസെന്റിന്റെ ടോണിക്കുട്ടൻ

 

പൂർണമായും തിരക്കഥയ്ക്കനുസരിച്ചുള്ള സിനിമയായിരുന്നു അത്. എന്നാൽ ഇന്നസെന്റിന്റെ 'ടോണിക്കുട്ടാ' എന്ന പാട്ട് അദ്ദേഹം സ്വന്തമായി കയ്യിൽ നിന്ന് ഇട്ടതാണ്. അതിനപ്പുറം ആർട്ടിസ്റ്റുകളുടെ ഇടപെടലൊന്നും ജോഷിയുടെ ഒരു സിനിമകളിലും ഉണ്ടാകാറില്ല. ഡയലോഗുകൾ മാറ്റിപ്പറയുകയോ സ്വന്തമായി ചേർത്ത് പറയുകയോ ഒന്നും ഇല്ല. എഴുതുന്നത് കാണാതെ പഠിച്ചു പറയുന്നതായിരുന്നു രീതി. തിരക്കഥ കൃത്യമായി പിന്തുടരുന്ന ഒരു സംവിധായകനാണ് ജോഷി. 

 

ഇന്നസെന്റ് പലപ്പോഴും ഇത്തരത്തിലുള്ള പൊട്ടുകളൊക്കെ പാടാറുണ്ട്. അത് സിനിമയിൽ ഉൾപ്പെടുത്താൻ പറ്റില്ലേ എന്ന് ഞങ്ങൾ തന്നെയാണ് ചോദിച്ചത്. ആ പാട്ടിന്റെ ക്രെഡിറ്റ് ഇന്നസെന്റിന് തന്നെയാണ്. ഞാൻ ഒരു മുറിയിലിരുന്ന് തിരക്കഥ എഴുതുമ്പോൾ തൊട്ടടുത്ത മുറിയിലാണ് ഔസേപ്പച്ചനും ഷിബു ചക്രവർത്തിയുമിരുന്ന് പാട്ടുകൾ ചിട്ടപ്പെടുത്തിയത്. അവിടെവച്ചാണ് 'പിച്ചകപ്പൂങ്കാവുകൾ' പിറക്കുന്നതും.

 

മദ്രാസ് മെയിൽ എന്റെ അനുഭവം

 

ഈ സിനിമയ്ക്ക് പ്രമേയമാകുന്നത് എന്റെ ജീവിതാനുഭവം തന്നെയാണ്. അക്കാലത്ത് ഞാൻ എറണാകുളത്ത് താമസിക്കുന്നു. സിനിമകളുടെ ഷൂട്ടിങ് ഒക്കെ കൂടുതലും മദ്രാസിലും. ജീവിതത്തിലെ ഏറിയ പങ്കും നമ്പർ 20 മദ്രാസ് മെയിലിലായിരുന്നു. പെട്ടെന്ന് തീരുമാനിക്കുന്നു. പോകുന്നു. ടിടിആറിനെ സോപ്പിട്ട് ടിക്കറ്റ് വാങ്ങുന്നു. ഇതെല്ലാം നേരിട്ട് അനുഭവിച്ചിട്ടുള്ള കാര്യങ്ങളാണ്. കൊലപാകത്തിന് സാക്ഷിയാകുന്ന കാര്യങ്ങളൊക്കെ ഒഴിച്ച് ബാക്കി എല്ലാം സ്വന്തം അനുഭവമാണ്. ഞാൻ മാത്രമല്ല അന്ന് മലയാളത്തിലെ മിക്ക സിനിമ പ്രവർത്തകരും കുറഞ്ഞത് ഒരു 50 തവണയെങ്കിലും ഈ ട്രെയിൻ കയറിയിട്ടുണ്ടാകും.

 

ജോഷി 'നമ്പർ വൺ'

 

വിഷയത്തിന്റെ ഒരു പുതുമയാണ് സിനിമയുടെ പ്രത്യേകത. മോഹൻലാലും മമ്മൂട്ടിയും ഒന്നിച്ചപ്പോൾ തന്നെ സിനിമ വേറൊരു തലത്തിലായി. പിന്നെ ഒരു ട്രെയിനിനകത്ത് ആണ് കൂടുതലും ഉള്ള സീനുകൾ. അതൊരു സെറ്റ് ആയിരുന്നില്ല. ശരിക്കും ട്രെയിനിന് ഉള്ളിൽ തന്നെയായിരുന്നു ചിത്രീകരിച്ചത്. ആ പരിമിതികൾക്കുള്ളിൽ നിന്ന് അന്നത്തെ ക്യാമറകളുപയോഗിച്ച് ചിത്രീകരിക്കുക എന്നത് വലിയ ദുഷ്കരമായിരുന്നു. ജോഷിയെപ്പോലെ ഒരു തികഞ്ഞ സാങ്കേതിക വൈദഗ്ധ്യം ഉള്ള സംവിധായകന് മാത്രമേ അന്ന് അത് സാധ്യമാകുകയുള്ളു. ആ സിനിമയുടെ വിജയത്തിൽ ഒന്നാം സ്ഥാനത്ത് ജോഷിയെ തന്നെയേ പ്രതിഷ്ഠിക്കാനാകൂ. 

 

സൂപ്പർ ഹിറ്റേ അല്ലായിരുന്നു..!

 

ഒരു സത്യം പറയാം, ആ സിനിമ യഥാർഥത്തിൽ റിലീസായപ്പോൾ ഒരു സൂപ്പർ ഹിറ്റ് അല്ലായിരുന്നു. ജസ്റ്റ് ഹിറ്റ് എന്നുമാത്രമേ പറയാൻ സാധിക്കൂ. പിൽക്കാലത്താണ് ജനം ഈ സിനിമ ഇഷ്ടപ്പെട്ടത്. എല്ലാ തലമുറയ്ക്കും ഏറെ പ്രിയപ്പെട്ട സിനിമ ആയത് പിന്നെയാണ്. പക്ഷേ അത് ഇറങ്ങിയ കാലത്ത് കഷ്ടിച്ച് മുതൽമുടക്ക് തിരിച്ചു കിട്ടിയ ഒരു സിനിമയാണ്. 'നോട്ട് അറ്റ് ആൾ എ സൂപ്പർ ഹിറ്റ്'. ഇതാണ് സത്യം. പക്ഷേ ഇപ്പോൾ അത് സൂപ്പർ ഹിറ്റാണ്. 30 വർഷം കഴിഞ്ഞിട്ടും ഇതിന്റെ കൂടെ ഇറങ്ങിയ യഥാർഥ സൂപ്പർ ഹിറ്റുകളെ ആൾക്കാർ മറന്നുപോയി. ഇന്നും ഈ സിനിമ ആൾക്കാർ ഓർത്തിരിക്കുന്നു. ആ വർഷം ഇറങ്ങിയ 80–ഓളം ചിത്രങ്ങളിൽ ഒന്ന് മാത്രമാണ് ഈ സിനിമ.

 

എന്തുകൊണ്ടാണ് അന്ന് അത് സംഭവിച്ചത് എന്നറിയില്ല. ഭാഗ്യമില്ലായ്മ കൊണ്ടായിരിക്കാം. ഇന്നത്തെ തലമുറ മാത്രമല്ല അന്നത്തെ തലമുറയിലുള്ളവരും കരുതിയിരിക്കുന്നത് ഇതൊരു ഹിറ്റ് ചിത്രമാണെന്നാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com