അയ്യപ്പനും കോശിയിലെ ഫൈസൽ; അട്ടപ്പാടിയുടെ പഴനിസാമി

pazhaniswamy-actor
SHARE

അയ്യപ്പനും കോശിയിലെ ചെറിയൊരു വില്ലൻ കഥാപാത്രമായിരുന്നു എക്സൈസ് ഓഫിസറായ ഫൈസൽ. പൊലീസുകാരോടുളള കോശിയുടെ പക തുടങ്ങുന്നത് ഫൈസലിലൂടെയാണ്. കഴിഞ്ഞ 10 വർഷമായി സിനിമാ സ്വപ്നവുമായി നടക്കുന്ന അട്ടപ്പാടിക്കാരനായ പഴനിസാമിയാണ് ഫൈസലിനെ അവതരിപ്പിച്ചത്. അട്ടപ്പാടി സ്വദേശിയായ പഴനിസാമി വനംവകുപ്പ് ജീവനക്കാരനായി ജോലി ചെയ്യുകയാണ്.

അയ്യപ്പനും കോശിയിലേക്ക് നഞ്ചിയമ്മയെ എന്ന പാട്ടുകാരിയെ സംവിധായകന്‍ സച്ചിയിലേയ്ക്ക് എത്തിച്ചതും പഴനിസാമി തന്നെ. ഇപ്പോഴിതാ പഴനിസാമിയെക്കുറിച്ച് ഫക്രുദീൻ എന്ന പ്രേക്ഷകൻ എഴുതിയ കുറിപ്പ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു.

ഫക്രുദീന്റെ കുറിപ്പ് വായിക്കാം:

കഴിഞ്ഞ 10 വർഷമായി സിനിമാ സ്വപ്നവുമായി നടക്കുന്ന അട്ടപ്പാടിക്കാരനായ പഴനിസാമിയെ അറിയില്ലേ? അയ്യപ്പനും കോശിയും എന്ന ഹിറ്റ് സിനിമയിലെ ഫൈസൽ എന്ന എക്സൈസ് ജീവനക്കാരൻ! കോശിയെ വിറപ്പിച്ച കലിപ്പ് ഉദ്ധ്യോഗസ്ഥൻ !!

pazhaniswamy-actor-prithvi

ആ നോട്ടവും ഭാവവും ഹെന്റമ്മോ.. കിടുവായിരുന്നു.. കോശിയെ ആദ്യം വാഹനത്തിൽനിന്ന് താഴെയിട്ട മൊട ഓഫിസർ.സത്യത്തിൽ കോശിയുടെ കലി തുടങ്ങിവെപ്പിച്ചത് ഇങ്ങേരാണ്. സിനിമയിലെ വേഷം ഇതാദ്യമായി ശ്രദ്ധിക്കപ്പെട്ടതിന്റെ സന്തോഷത്തിലാണ്  ഈ വനംവകുപ്പ് ജീവനക്കാരൻ.

സിനിമ സ്വപ്നം കണ്ട് അലഞ്ഞ ഈ യുവാവ് ആദ്യമായി അഭിനയിച്ചത് മമ്മൂട്ടി നായകനായ പഴശ്ശിരാജയിലാണ്.മനോജ് കെ. ജയനൊപ്പം ആദിവാസിയായി. പല ചിത്രങ്ങളിലും ഒട്ടും ശ്രദ്ധിക്കപ്പെടാത്ത വേഷമായിരുന്നു. എന്നിട്ടും നിരാശനാവാതെ അടുത്ത സിനിമയ്ക്കായി കാത്തിരുന്നു. ഒടുവിലിപ്പോൾ സിനിമാലോകം അറിയുന്നൊരു നടനായിമാറി.

അയ്യപ്പനും കോശിയിലേക്ക് നഞ്ചിയമ്മയെ എത്തിച്ചത് ഈ നടനാണ്.നഞ്ചിയമ്മയുടെ പാട്ടുകളാണ് ഈ സിനിമയെ ഇത്രമേൽ ജനകീയമാക്കിയത്.ആ അർത്ഥത്തിൽ സിനിമയുടെ വിജയശിലപ്പി ഈ നടനും കൂടിയാണ്.നഞ്ചിയമ്മ ഏതു പരിപാടിക്കു പോകുമ്പോഴും ഒപ്പം പഴനിസാമിയുമുണ്ടാകും. അട്ടപ്പാടിയിലെ ആദിവാസികളെ ചേർത്തുപിടിച്ച് 2004 ൽ ആസാദ് കലാസമിതി എന്നൊരു ട്രൂപ്പ് ഉണ്ടാക്കിയതും പഴനിസാമി തന്നെ.അതിലെ പാട്ടുകാരിയാണ് ഈ നഞ്ചിയമ്മ.

സിനിമയോടുള്ള ഇദ്ദേഹത്തിന്റെ അടങ്ങാത്ത പാഷൻ മനസിലാക്കിയ സംവിധായകൻ സച്ചി ഒരു ആവശ്യമാണ് ഇങ്ങേർക്ക് മുന്നിൽ വച്ചത് . "നിങ്ങളൊരു സിനിമ സംവിധാനം ചെയ്യണം,അതിന് എല്ലാ പിന്തുണയും നൽകും. നിങ്ങൾക്കതിനുള്ള കഴിവുണ്ട്, ജീവിതാനുഭവമുണ്ട്. "

ഏതായാലും സിനിമ സംവിധാനം ചെയ്യുമെന്നാണ് പഴനിസാമി പറയുന്നത്.മലയാളത്തിനേക്കാൾ തമിഴ് സിനിമകളിലഭിനയിക്കാനാണ് പഴനിസാമിക്ക് കൂടുതൽ ഇഷ്ടം.

സിനിമയെ സ്വപ്നം കാണുന്ന ഏതൊരാൾക്കും മാതൃകയാക്കാം ഈ നടനെ.തോറ്റു പിന്മാറാതെ പിന്നെയും പിന്നെയും പരിശ്രമിച്ചവർക്ക് ഒടുവിൽ വിജയം അവരെ തേടിവരുമെന്ന് പഴനിസാമിയുടെ അനുഭവം സാക്ഷി. കലയും അഭിനയവുമൊക്കെ രക്തത്തിൽ മാത്രമല്ല മജ്ജയിലും അലിഞ്ഞുചേർന്നവർക്കെ ഇങ്ങനെ നേട്ടങ്ങൾ എത്തിപ്പിടിക്കാനാവൂ..

pazhaniswamy-actor-sachy
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MOVIE NEWS
SHOW MORE
FROM ONMANORAMA