ADVERTISEMENT

കൂട്ടുകൂടിയാൽ, ഏതു ഗൗരവക്കാരനെയും പൊട്ടിച്ചിരിപ്പിക്കും ജോണി ആന്റണി. അത് ജന്മനാ കിട്ടിയൊരു കഴിവാണ്. യാത്രയായാലും സൗഹൃദസദസ്സായാലും ജോണിയുണ്ടെങ്കിൽ ഹരം കൂടും.   അങ്ങനെയൊരു യാത്രയ്ക്കിടയിലാണ് സംവിധായകൻ രഞ്ജിത്ത് ചോദിച്ചത് ‘‘എന്റെ അടുത്ത പടം ലണ്ടനിലാ, നീ കൂടെ പോരുന്നോ..?’’ രണ്ടിലൊന്ന് ആലോചിക്കാതെ കൂടെയിറങ്ങി. തിരിച്ചുവന്നപ്പോൾ രഞ്ജിത്ത് ഒരു കാര്യം മാത്രമേ ഉറപ്പിച്ച് പറഞ്ഞുള്ളു: ‘‘ഡ്രാമ എന്ന ചിത്രത്തിലൂടെ ഒരു പുതിയ നടൻ ജനിക്കും. ജോണി ആന്റണി.  ഇനി സിനിമ സംവിധാനം ചെയ്യാൻ അവന് സമയം കിട്ടുമോ എന്നുപോലും സംശയമാണ്.’’ വാക്കിന് പൊന്നിനെക്കാൾ മൂല്യമുണ്ടെന്നു കരുതുന്ന രഞ്ജിത്തിന്റെ നാക്ക് അങ്ങനെ പൊന്നായി. പിന്നെ തുടരെത്തുടരെ ചിത്രങ്ങൾ. ഇപ്പോൾ തിയറ്ററിൽ നിറഞ്ഞോടുന്ന ‘അയ്യപ്പനും കോശിയും’, ‘വരനെ ആവശ്യമുണ്ട്’ എന്നീ രണ്ടു സിനിമകളിലും ജോണിയുണ്ട്; ഒന്നിനൊന്ന് മികച്ച വേഷങ്ങൾ. മലയാള സിനിമയ്ക്ക് ഈ നടനെ ആവശ്യമുണ്ടെന്ന് പറയിപ്പിക്കുന്ന  പ്രകടനം. 

 

∙സിനിമയിൽ മാത്രമല്ല ലൊക്കേഷനിലും ജോണി ആന്റണി തകർപ്പൻ കോമഡിയാണെന്ന് കേൾക്കുന്നു?

 

ഞാൻ കൊച്ചുകുട്ടിയായിരുന്നപ്പോൾ തന്നെ വളരെ മുതിർന്നവരുമായിട്ടായിരുന്നു എന്റെ സൗഹൃദം. വളരെ രസകരമായ അനുഭവങ്ങളാണ് ആ കാലം എനിക്കു തന്നത്. സിനിമയിൽ എത്തിയപ്പോഴാണെങ്കിൽ ഇന്നസെന്റ് ചേട്ടൻ, ജഗതിച്ചേട്ടൻ, മുകേഷേട്ടൻ തുടങ്ങിയ പ്രതിഭകളായ ഒട്ടേറെ ഹാസ്യതാരങ്ങളുമായി വളരെ അടുത്ത് ഇടപെടാനുള്ള ഭാഗ്യവുമുണ്ടായി. ഇവരിൽനിന്നൊക്കെ കണ്ടും കേട്ടും അറിഞ്ഞ കാര്യങ്ങൾ 

 

johny-varane

ഇന്നത്തെ തലമുറയിൽ പലർക്കും അറിയില്ല. ഞാനതൊക്കെ എന്റേതായ രീതിയിൽ പുനരവതരിപ്പിക്കുമ്പോൾ അവർ പൊട്ടിച്ചിരിക്കുന്നു. തമാശ പറയുമ്പോൾ ചിരിക്കാൻ ആളുണ്ടെങ്കിൽ പറയുന്നയാൾക്ക് എനർജി കൂടും. പിന്നെ, ലൊക്കേഷനിൽ തമാശ പറയാൻ ഒരാളുണ്ടാകുന്നത് നല്ലതാണ്; സംവിധായകന് ടെൻഷൻ കുറയും. 

 

∙പക്ഷേ, ടെൻഷൻ കൂടുതലുള്ള സംവിധായകനാണല്ലോ താങ്കൾ?

 

എന്നെ സിനിമയിലെത്തിച്ചത് ജോക്കുട്ടൻ പാലാക്കുന്നേൽ എന്ന നിർമാതാവാണ്. സിനിമ അദ്ദേഹത്തിന് ഒരുപാട് നഷ്ടങ്ങളുണ്ടാക്കി. അതൊന്നും തിരിച്ചുപിടിക്കാതെയാണ് അദ്ദേഹം മരിച്ചത്. ഞാൻ സംവിധായകനായപ്പോൾ ഒരുപദേശം മാത്രമേ അദ്ദേഹം എനിക്കു നൽകിയുള്ളു. ‘‘പണം മുടക്കുന്ന നിർമാതാക്കളുടെ കണ്ണീരു വീഴ്ത്തരുത്’’ ഓരോ നിർമാതാവിലും ഞാൻ ജോക്കുട്ടന്റെ മുഖമാണ് കാണുന്നത്.  

 

മുടക്കുന്ന പണമെങ്കിലും തിരിച്ചുകൊടുക്കുക എന്നത് സംവിധായകന്റെ ഉത്തരവാദിത്തമാണെന്ന് ഞാൻ കരുതുന്നു. ലൊക്കേഷൻ തിരഞ്ഞെടുക്കുന്നതു മുതൽ എങ്ങനെ ചെലവ് ചുരുക്കാം എന്നാണ് എന്റെ ആലോചന. ഒപ്പം സിനിമയുടെ ക്വാളിറ്റിയിൽ കുറവ് വരാനും പാടില്ല. അതുപോലെ, എന്റെ സെറ്റിൽ സൂപ്പർ താരം മുതൽ ലൈറ്റ് ബോയ് വരെ എല്ലാവരും കംഫർട്ടായിരിക്കണം എന്നാണ് ആഗ്രഹം. അതുകൊണ്ട്  ടെൻഷൻ പിടിച്ച ഉത്തരവാദിത്തങ്ങളെല്ലാം ഞാൻ സ്വയം ഏറ്റെടുക്കും. മറ്റൊരാളുടെ സിനിമയിൽ അഭിനയിക്കാൻ ചെല്ലുമ്പോൾ ഈ ടെൻഷൻ ഇല്ല. എന്റെ പ്രകടനം മാത്രം നന്നാക്കിയാൽ മതി. 

 

∙സൗഹൃദമാണോ താങ്കളുടെ ബലം?

 

തീർച്ചയായും. നിഷാദ് കോയ എന്ന തിരക്കഥാകൃത്തിന്റെ നിർബന്ധം മൂലമാണ് ശിക്കാരി ശംഭുവിൽ അഭിനയിക്കുന്നത്. രഞ്ജിയേട്ടൻ (രഞ്ജിത്ത്) ഒരേസമയം ഗുരുവും സുഹൃത്തുമാണ്. ലാൽ ജോസും സച്ചിയുമൊക്കെ എന്നെ അവരുടെ പടത്തിലേക്കു വിളിച്ചത് വ്യക്തിപരമായ ഈ സ്നേഹംകൊണ്ടു കൂടിയാണ്. കൂട്ടുകാരുടെ ഉയർച്ച കാണാൻ ആഗ്രഹിക്കുന്നയാളാണ് ഞാൻ. എന്റെ കൂട്ടുകാരും എന്റെ ഉയർച്ച ആഗ്രഹിക്കുന്നു. 

 

∙അഭിനയത്തിൽ ആത്മവിശ്വാസം തോന്നിത്തുടങ്ങിയോ?

 

‘ഡ്രാമ’യുടെ ഷൂട്ടിങ് ലണ്ടനിൽ നടക്കുമ്പോൾ നാട്ടിൽനിന്ന് വിളിക്കുന്നവരോട് രഞ്ജിയേട്ടൻ എന്നെപ്പറ്റി വളരെ പോസിറ്റീവായി സംസാരിക്കുന്നത് കേട്ടിരുന്നു. രഞ്ജിയേട്ടനെപ്പോലെ ഒരാള്‍ വെറുതെ അങ്ങനെ പറയില്ലല്ലോ. അതൊരു പ്രതീക്ഷയായിരുന്നു. ഡബ്ബിങ് സമയത്ത് എന്റെ സീനുകൾ കണ്ട് ലാലേട്ടനും നല്ല അഭിപ്രായം പറഞ്ഞതായി കേട്ടു. ഫൈനൽ സർട്ടിഫിക്കറ്റ് തന്നത് പക്ഷേ, മമ്മുക്കയാണ്. ഡ്രാമ കണ്ടിട്ട് കീറിമുറിച്ച് അഭിപ്രായം പറഞ്ഞു. ‘‘ധൈര്യമായി മുന്നോട്ടു പോകാം’’ എന്നു പറഞ്ഞ് തോളത്തൊരു തട്ടും. ഈ മൂന്ന് യൂണിവേഴ്സിറ്റികൾ തന്ന മാർക്ക് ഷീറ്റുകളാണ് എന്റെ ആത്മവിശ്വാസം. 

 

∙ചില ഡയലോഗുകളൊക്കെ താങ്കൾ കയ്യിൽനിന്ന് ഇടാറുണ്ടെന്ന് അനൂപ് സത്യൻ പറഞ്ഞല്ലോ?

 

അത് അനൂപിന്റെ മഹത്വം. ആത്മവിശ്വാസത്തിന്റെ പരീക്ഷയിൽ ഒന്നാം റാങ്കി‍ൽ പാസായ ആളാണ് അനൂപ്. സമർഥനായൊരു ക്യാപ്റ്റനും.  സത്യേട്ടനെപ്പോലെ തമാശ നന്നായി ആസ്വദിക്കുകയും ചെയ്യും.  നമ്മൾ ചില തമാശകൾ പറയുമ്പോൾ, അനൂപ് പറയും ‘‘ചേട്ടാ, അത് ഞാനിങ്ങ് എടുത്തുകേട്ടോ’’ എന്ന്. പിന്നീട് അത് സിനിമയിൽ കൃത്യമായ സ്ഥലത്ത് അദ്ദേഹം പേസ്റ്റ് ചെയ്യും. അതുപോലെ നമ്മുടെ സജഷൻസ് കേട്ടിട്ട് നമ്മളെപ്പോലും അദ്ഭുതപ്പെടുത്തിക്കൊണ്ട് അത് മറ്റൊരു ലെവലിൽ പ്രയോഗിച്ചുകളയും. അല്ലാതെ ഞാൻ തന്നത്താൻ ഒന്നും സൃഷ്ടിച്ചിട്ടില്ല. അഭിനയിച്ചത് സുരേഷേട്ടനൊപ്പമായതുകൊണ്ട് എന്റെയും എനർജി ലെവൽ ഇത്തിരി കൂടിയെന്നുമാത്രം. 

 

∙ഏതാണ് പുതിയ സിനിമ?

 

അരുൺ വൈഗയുടെ ‘ഉപചാരപൂർവം ഗുണ്ടാ ജയൻ’. സൈജു കുറുപ്പും സിജു വിൽസനുമാണ് പ്രധാന വേഷത്തിൽ. വളരെ റിയലിസ്റ്റിക്കായ ഒരു സിനിമയാണത്. വളരെ പ്രതീക്ഷയുള്ള വേഷം. ഈ സിനിമ കണ്ട് ഇഷ്ടപ്പെട്ട് ദുൽഖർ സൽമാൻ അത് ഏറ്റെടുക്കുകയായിരുന്നു. ദുൽഖറിന്റെ കമ്പനിയായിരിക്കും ചിത്രം തിയറ്ററിൽ എത്തിക്കുന്നത്. 

 

∙രഞ്ജിത്ത് പറഞ്ഞതുപോലെ ഇനി സംവിധാനമില്ലേ?

 

ബിജു മേനോനെ നായകനാക്കി ഒരു സിനിമയുടെ പണിപ്പുരയിലാണ്. ഉടനെ ഉണ്ടാകും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com