sections
MORE

അത്യാപത്തിലകപ്പെട്ട മനുഷ്യരുടെ നിലവിളി രക്ഷകൻ കേട്ടു: മുഖ്യമന്ത്രിയെ പ്രശംസിച്ച് മധുപാൽ

madhupal-cm
SHARE

പാതിരാത്രിയിൽ പെരുവഴിയിലായ പെൺകുട്ടികൾക്ക്  ആശ്വാസമായി എത്തിയ മുഖ്യമന്ത്രിയെ പ്രശംസിച്ച് സംവിധായകൻ മധുപാൽ.  ‘പെരുവഴിയിൽ ഇനിയെന്ത് ചെയ്യുമെന്നറിയാതെ അത്യാപത്തിലകപ്പെട്ട മനുഷ്യരുടെ നിലവിളി രക്ഷകൻ കേട്ടു. ആ വചനം രൂപമായി അവർക്ക് മുന്നിൽ നിറഞ്ഞു.’–മധുപാൽ പറയുന്നു. വാർത്തയുടെ പത്രക്കുറിപ്പ് പങ്കുവച്ചായിരുന്നു താരത്തിന്റെ പ്രതികരണം.

മധുപാലിന്റെ കുറിപ്പ് വായിക്കാം:

‘മനുഷ്യൻ അശരണരാവുമ്പോൾ വിളിക്കുന്നത് ദൈവത്തെയാണ്. അരൂപിയായി അത് അഭയം നല്കുമോ എന്നറിയില്ല. എന്നാൽ പെരുവഴിയിൽ ഇനിയെന്ത് ചെയ്യുമെന്നറിയാതെ അത്യാപത്തിലകപ്പെട്ട മനുഷ്യരുടെ നിലവിളി രക്ഷകൻ കേട്ടു. ആ വചനം രൂപമായി അവർക്ക് മുന്നിൽ നിറഞ്ഞു. ഇത് ആലങ്കാരികമായി പറഞ്ഞതല്ല. ഇത്തരം അവസ്ഥകളിലൂടെ കടന്നുപോകുമ്പോൾ മാത്രം തിരിച്ചറിയുന്നതാണ്.

ചൈനയിലെ വുഹാനിൽ രോഗികൾക്ക് ആശ്രയമായ ഡോക്ടർമാരെയും നേഴ്സ് മാരെയും ആ ജനത ആദരപൂർവം യാത്രയാക്കുന്ന ദൃശ്യങ്ങൾ കണ്ടു ദൈവത്തെ മുന്നിൽ കണ്ടത് പോലെ നമസ്കരിച്ചു. ഒരിക്കൽ മാത്രം കിട്ടിയ നിധിപോലുള്ള ജീവനെ രക്ഷിക്കുവാൻ വാക്കാകുന്നത് ഈശ്വരൻ തന്നെയാണ്.’–മധുപാൽ പറഞ്ഞു.

കോവിഡ് പ്രതിസന്ധിയെ തുടർന്ന് ഹൈദരാബാദിൽ നിന്നും കേരളത്തിലേക്ക് ടെമ്പോയിൽ യാത്ര തിരിച്ച ടാറ്റാ കൺസൾട്ടൻസിയിലെ ജീവനക്കാർക്കാണ് മുഖ്യമന്ത്രി സഹായത്തിനെത്തിയത്. 

ചൊവ്വാഴ്ച രാവിലെ ഹൈദരാബാദിൽ നിന്നുമാണ് 13 പെൺകുട്ടികളും ഡ്രൈവറുമടങ്ങുന്ന സംഘം കേരളത്തിലേക്ക് തിരിച്ചത്. രാത്രി ലോക്ഡൗൺ പ്രഖ്യാപിച്ചതോടെ അതിർത്തിയിലേ ഇറക്കൂവെന്നായി ഡ്രൈവർ. മുത്തങ്ങ ചെക്പോസ്റ്റിന് സമീപം അർധരാത്രി ഇറങ്ങുന്നത് അപകടമാണെന്ന് തോന്നിയതോടെ തോൽപെട്ടിയിലേക്ക് തിരിച്ചു. അറിയാവുന്ന എല്ലാ വഴികളും നോക്കിയെങ്കിലും ഫലമുണ്ടായില്ല.

അവസാനത്തെ ശ്രമമെന്ന നിലയിൽ ഗൂഗിളിൽ നിന്നും മുഖ്യമന്ത്രിയുടെ നമ്പറെടുത്ത് അതിലേക്ക് വിളിക്കാൻ സംഘം തീരുമാനിക്കുകയായിരുന്നു.  ഫോൺ വിളിച്ച കോഴിക്കോട് പുതിയാപ്പക്കാരി ആതിരയോട് ' പേടിക്കേണ്ട, പരിഹാരമുണ്ടാക്കാം' എന്നായിരുന്നു മറുതലയ്ക്കൽ നിന്ന് കേട്ടത്. വയനാട് കലക്ടറെയും എസ്പിയെയും വിളിച്ച് വേണ്ട കാര്യങ്ങൾ ശരിക്കാമെന്ന് ഉറപ്പും നൽകി. എസ്പിയെ വിളിച്ചപ്പോൾ തോൽപെട്ടിയിൽ നിന്നുള്ള യാത്രയ്ക്ക് പകരം സംവിധാനം ഒരുക്കി. സംഘാംഗങ്ങളുടെ ശരീര താപനില പരിശോധിച്ച ശേഷം കോഴിക്കോടേക്കുള്ള വണ്ടിയിൽ. ബുധനാഴ്ച രാവിലെയോടെ എല്ലാവരും സുരക്ഷിതരായി വീടുകളിലെത്തി. നന്ദി പറയാൻ വിളിച്ച പെൺകുട്ടികളോട് 14 ദിവസം നിരീക്ഷണത്തിൽ കഴിയാനായിരുന്നു മുഖ്യമന്ത്രിയുടെ നിർദ്ദേശം. സർക്കാർ മുന്നിലുണ്ടെന്നത് വെറും വാക്കല്ലെന്നും ആതിരയും സുഹൃത്തുക്കളും പറയുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MOVIE NEWS
SHOW MORE
FROM ONMANORAMA