ADVERTISEMENT

50 ട്രാൻസ്ജെൻഡേർസിന് ഭക്ഷണമെത്തിച്ച് ലേഡി സൂപ്പർസ്റ്റാർ മഞ്ജു വാരിയർ.  കേരളത്തിലെ ട്രാൻസ്ജെൻഡർ സംഘടനയായ ദ്വയയിലൂടെയാണ് മഞ്ജു സാമ്പത്തിക സഹായം ഇവർക്കായി കൈമാറിയത്. നേരത്തെ ഫെഫ്കയിലെ ദിവസവേതന തൊഴിലാളികൾക്കായി 5 ലക്ഷം രൂപയും നടി നൽകിയിരുന്നു.

 

സൂര്യ ഇഷാനാണ് ഇക്കാര്യം തന്റെ യൂട്യൂബ് പേജിലൂടെ പ്രേക്ഷകർക്കായി പങ്കുവച്ചത്. തങ്ങളും മനുഷ്യരാണെന്ന് തിരിച്ചറിഞ്ഞ് മനുഷ്യത്വപരമായി സഹായിച്ച ഒരാളെക്കുറിച്ച് പറയാനാണ് ഈ വിഡിയോ എന്നായിരുന്നു സൂര്യ പറഞ്ഞത്. ഒരുപാട് ജീവകാരുണ്യ പ്രവർത്തനങ്ങൾ ചെയ്യുന്ന വ്യക്തിയാണ് മഞ്ജു ചേച്ചിയെന്നും സംസ്ഥാന സർക്കാരും അതാതു ജില്ലകളിൽ തങ്ങളെ സഹായിക്കുന്നുണ്ടെന്നും സൂര്യ പറഞ്ഞു.

 

സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റുമായ രഞ്ജു രഞ്ജിമാർ ആണ് ട്രാൻസ്ജെൻഡേർസിന്റെ നിസഹായാവസ്ഥയെക്കുറിച്ച് മഞ്ജു വാരിയറോട് പറയുന്നത്. അവരുടെ അവസ്ഥ അറിഞ്ഞ ഉടന്‍ മഞ്ജു സഹായമെത്തിക്കുകയായിരുന്നു.

 

രഞ്ജു രഞ്ജിമാറിന്റെ വാക്കുകൾ:

 

എല്ലാദിവസം ഞാൻ മഞ്ജു ചേച്ചിക്ക് മെസേജ് അയയ്ക്കാറുണ്ട്. കഴിഞ്ഞ ദിവസം കൊറോണയുമായി ബന്ധപ്പെട്ട കാര്യങ്ങൾ സംസാരിച്ചപ്പോൾ കുട്ടികളെ(ട്രാൻസ്ജെൻഡേർസ്)ക്കുറിച്ച് ചോദിച്ചു. അവര്‍ സുരക്ഷിതരാണോ എന്നായിരുന്നു ചേച്ചി ചോദിച്ചത്. സുരക്ഷിതരാണ് പക്ഷേ ഭക്ഷണകാര്യത്തിൽ മാത്രമാണ് പ്രശ്നമെന്ന് ഞാൻ പറഞ്ഞു. ചേച്ചിയോട് കാര്യങ്ങൾ പറഞ്ഞു. ഭക്ഷണസാധനങ്ങൾ മേടിക്കാൻ എത്ര രൂപയാകുമെന്ന് ചേച്ചി ചോദിച്ചു. ഒരു കിറ്റിന് ഏകദേശം 700 രൂപ മുതലാണ് തുടങ്ങുന്നത്. അങ്ങനെയെങ്കിൽ 50 പേർക്കുള്ള ഭക്ഷണത്തിന്റെ പൈസ ചേച്ചി തരാമെന്ന് പറയുകയായിരുന്നു. ഞങ്ങളുടെ കൂടെയുള്ള ദ്വയയുടെ അക്കൗണ്ട് നമ്പർ എന്നോട് മേടിച്ചു. പത്ത് മിനിറ്റുള്ളിൽ തന്നെ 35000 രൂപ ചേച്ചി ഞങ്ങൾക്ക് അയച്ചു. 

 

ഇന്ന് രാവിലെ ഞങ്ങൾ ബാങ്കിൽ പോയി പൈസ എടുത്തു. അതിനു ശേഷം പല സൂപ്പർമാർക്കറ്റുകളിൽ പോയി സാധനങ്ങള്‍ മേടിച്ചു.

 

മഞ്ജു ചേച്ചി എപ്പോഴും നമ്മളെ അദ്ഭുതപ്പെടുത്തുന്ന പ്രതിഭയാണ്. അഭിനയത്തിന്റെ കാര്യത്തിലോ നൃത്തത്തിന്റെ കാര്യത്തിലോ അല്ല ഞാൻ പറയുന്നത്. പച്ചമലയാളത്തിൽ പറഞ്ഞാൽ മനുഷ്യപറ്റുള്ള സ്ത്രീയാണ്. മറ്റുള്ളവരുടെ വേദനയും സങ്കടവും മനസ്സിലാക്കാൻ പറ്റുന്ന സ്ത്രീ. എന്റെ ഫോണിൽ ഞാൻ സേവ് ചെയ്തിരിക്കുന്നത് ‘എന്റെ മഞ്ജു ചേച്ചി’ എന്നാണ്. ഇതുപോലെ പുറത്തുപറയാതെ ഒരുപാട് സഹായങ്ങൾ േചച്ചി ചെയ്യുന്നുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com