sections
MORE

‘രാജു എന്നും വിളിക്കും’; ‘2 ആണുങ്ങളെ കണ്ടു സംസാരിച്ചത് ഇന്നലെ’: തിരുവനന്തപുരത്തെ താരങ്ങൾ

trivandrum-celebrities
SHARE

പത്രം അരച്ചുകലക്കി വായിച്ച് ജഗദീഷ്,അഹാനയുടെ നേരംപോക്ക് സിനിമ, ഷാജി എൻ. കരുൺ പുതിയ സിനിമയുടെ തിരക്കഥ എഴുതുന്നു. ലോക്ഡൗൺ കാലത്ത് തിരുവനന്തപുരത്ത് ചലച്ചിത്രമേഖലയിലുള്ളവർ പറയുന്നു.

വീട്ടിലിരിപ്പാണ് ഞങ്ങളെല്ലാവരും : കൃഷ്ണകുമാർ

ദിവസങ്ങൾക്കു ശേഷം 2 ആണുങ്ങളെ കണ്ടു സംസാരിച്ചത് ഇന്നലെയാണ്. ഗേറ്റ് വരെ പോയി സുഹൃത്തുക്കളോടു സംസാരിച്ചു വന്നു. അതിനപ്പുറം ഇറങ്ങിയിട്ട് ഒരുപാടു ദിവസമായി. വീട്ടിലിരിപ്പാണു ഞങ്ങളെല്ലാവരും. ഒന്നും ചെയ്യാനില്ലാത്തതു കൊണ്ടു നമുക്ക് എന്തൊക്കെ ചെയ്യാം എന്നു കൂടി ആലോചിക്കാവുന്ന സമയമാണിത് . മക്കളെല്ലാവരും വീട്ടിലുള്ളതുകൊണ്ടു സന്തോഷമാണ്.

trivandrum-krishnakumar

പാട്ട്, ഡാൻസ് റെക്കോർഡ് ചെയ്യൽ തുടങ്ങിയ പരിപാടികളെല്ലാം നടക്കുന്നു. വീട്ടിൽ തന്നെയിരിക്കുന്നതുകൊണ്ടു ഡാൻസ് ചെയ്യുന്നത് ആരോഗ്യത്തിനും നല്ലതാണ്. ചെറിയ വ്യായാമം ഉൾപ്പെടെ പുതിയ ശീലങ്ങളൊക്കെ പരീക്ഷിച്ചു നോക്കാവുന്ന സമയമാണ്. ചെടികളെ പരിപാലിക്കലും പൂച്ചകൾക്കു ഭക്ഷണം കൊടുക്കലും ഒക്കെയായി തന്നെ ഉച്ചവരെയുള്ള സമയം പോകും.

ഇൻഡസ്ട്രിയിൽ എല്ലാവരും വീട്ടിൽ തന്നെയായതുകൊണ്ട് ഒരുപാടു സംസാരിക്കാൻ കഴിയുന്ന സമയം കൂടിയാണിത്. ആളുകൾ വീട്ടിലിരിക്കാൻ തുടങ്ങിയപ്പോൾ ലോകത്താകമാനം പ്രകൃതിയിൽ നല്ല മാറ്റങ്ങളുണ്ടായി തുടങ്ങിയെന്നതു പ്രതീക്ഷ തരുന്നുണ്ട്. അതുപോലെ നിർദേശം ലംഘിച്ച് പുറത്തിറങ്ങുന്നവർക്കെതിരെ ശക്തമായ നടപടിയുമെടുക്കണം. നമുക്കു വേണ്ടിയല്ലേ വീട്ടിലിരിക്കാൻ പറയുന്നത്.

നേരംപോക്ക് സിനിമ : അഹാന

സിനിമ കാണലാണു വലിയ നേരംപോക്കെന്നു കൂട്ടിച്ചേർക്കുന്നു മകളും നടിയുമായ അഹാന. രാവിലെയും രാത്രിയും രണ്ടു സിനിമ ആയിരുന്നു കുറേ ദിവസമായുള്ള ശീലം. വൈകി ഉറങ്ങുന്നതു ശീലമാക്കേണ്ട എന്നു കരുതി ഇന്നു മുതൽ നേരത്തെ എണീറ്റു തുടങ്ങി. വ്യായാമം, എല്ലാവരും കൂടിയുള്ള ഡാൻസ് ചെയ്യൽ ഒക്കെയാണു മറ്റു പരിപാടികൾ.

trivandrum-mallika
മല്ലിക സുകുമാരൻ പേരക്കുട്ടി നക്ഷത്രയോടൊപ്പം.

രാജു ( പൃഥ്വി രാജ് )  ജോർദാനിലാണ്; അവിടെ പ്രശ്നമൊന്നുമില്ല : മല്ലിക സുകുമാരൻ

ലോക്ഡൗൺ തുടങ്ങുന്നതിനു മുൻപേ തന്നെ ദിവസങ്ങളായി വീട്ടിലിരിപ്പാണ്. ചേട്ടനും സഹോദരിയും ഒക്കെ അടുത്തുള്ളതുകൊണ്ട് പുറത്തേക്കിറങ്ങാതെ ഇങ്ങനെ ഇരിക്കുന്നതിന്റെ ബുദ്ധിമുട്ട് തോന്നുന്നതേയില്ല. ലോക് ഡൗൺ വരുന്നതിനു മുൻപേ തന്നെ കാര്യത്തിന്റെ ഗൗരവം മനസ്സിലായിരുന്നു. വീട്ടുജോലിക്കു ബസിൽ വന്നിരുന്ന സ്ത്രീയും ദിവസ വേതനത്തിനു പണിയെടുത്തിരുന്ന അവരുടെ ഭർത്താവും അടക്കമുള്ള കുടുംബം ദിവസങ്ങളായി ഇവിടെ തന്നെയാണു താമസം. ആരും പുറത്തേക്കു പോക്കില്ല. സെക്യൂരിറ്റിയുടെ ഷിഫ്റ്റും ഒഴിവാക്കി. പകലും ഇവിടെത്തന്നെ ഉറക്കം. ഞങ്ങളാരും ഇവിടം വിട്ട് ഇറങ്ങാറേയില്ല.

പാട്ടുകേൾക്കാൾ വലിയ ഇഷ്ടമായതുകൊണ്ട് അധികം കിട്ടുന്ന സമയം അതിനു വേണ്ടി ചെലവഴിക്കുന്നുണ്ട്. കൂടുതൽ സമയവും ടിവിയിലെ വാർത്ത കാണൽ തന്നെ. സന്ധ്യയായാൽ മക്കളെയൊക്കെ വിളിച്ച് സംസാരിക്കണമെന്നു തോന്നും. രാജു ജോർദാനിലാണ്. അവിടെ പ്രശ്നമൊന്നുമില്ല. എന്നും സംസാരിക്കാറുണ്ട്. ഇന്ദ്രനും കുടുംബവും എറണാകുളത്തുണ്ട്. വീട്ടിലിരുന്നു കുട്ടികളും ബോറടിച്ചു തുടങ്ങി. എനിക്കു തോന്നുന്നത് ആളുകൾ വല്ലാതെ ഭയന്നിട്ടുണ്ടെന്നാണ്. പ്രത്യേകിച്ച് മുതിർന്നവർ. ഒന്നു തുമ്മിയാലുടനെ കൊറോണയാണോ എന്നൊന്നും പേടിക്കേണ്ട. നിർദേശങ്ങൾ കൃത്യമായി പാലിക്കുക. ഈ കാലം വേഗം കഴിയണേ എന്ന പ്രാർഥനയേയുള്ളൂ.

പത്രം അരച്ചുകലക്കി വായിക്കും:  ജഗദീഷ്

വീടിനകത്തിരുന്നു നമുക്ക് സന്തോഷം കണ്ടെത്താൻ കഴിയുന്ന കാര്യങ്ങൾ പരമാവധി ചെയ്യുക എന്നതിനാണു മുൻതൂക്കം. പത്രം അരച്ചുകലക്കി വായിക്കും. പിന്നെ പുസ്തക വായന, ടിവി, വിഡിയോ കാണൽ ഒക്കെയുണ്ട്. കിഷോർ, മുഹമ്മദ് റഫി എന്നിവരുടെയൊക്കെ അപൂർവ ഇന്റർവ്യൂകൾ തേടിപ്പിടിച്ചു കാണലാണ് ഇഷ്ടങ്ങളിലൊന്ന്. നമുക്കിഷ്ടമുള്ളവരെക്കുറിച്ച്‌ മറ്റുള്ളവർ പറയുന്നതെന്താണെന്നു കൂടി അറിയാനൊരു ശ്രമം.

trivandrum-jagadeesh

ഞാനും ഭാര്യയുമാണ് വീട്ടിലുള്ളത്. മെഡിക്കൽ കാര്യങ്ങളൊക്കെ ചർച്ച ചെയ്യും. ഡോക്ടർമാരായ മക്കൾ രണ്ടു പേരും രോഗവ്യാപ്തിയുടെ സാധ്യതകളെക്കുറിച്ചൊക്കെ നേരത്തെ പറയുമായിരുന്നു. അവരുടെ അനുഭവങ്ങളൊക്കെ ചോദിച്ചു മനസ്സിലാക്കും. മൂത്ത മകൾ ചെന്നൈയിലാണ്. ഇളയ മകൾ തിരുവനന്തപുരത്തുണ്ട്. ഭർത്താവും ഡോക്ടറാണ്. ഇരുവർക്കും പോകേണ്ട ദിവസം പേരക്കുട്ടി പിങ്കിയുടെ ചുമതല ഞങ്ങൾക്കാണ്. ഞങ്ങളുടെ പുറത്തേക്കുള്ള സഞ്ചാരം ഒഴിവാക്കാൻ വേണ്ടി ജോലിക്കു പോകും വഴി കുഞ്ഞിനെ ഇവിടെയാക്കുകയാണു ചെയ്യുക.

അച്ഛനും അമ്മയും ഡോക്ടർമാരായതുകൊണ്ട് കൊറോണയെ കേട്ടു പരിചയമുണ്ട്. ‘കൊറോണയാണ്.. പുറത്തിറങ്ങരുത്’ എന്നൊക്കെ പറയും. അവൾക്ക് വില്ലനെ പിടികിട്ടാത്ത നീണ്ട കഥയുണ്ടാക്കലാണു മറ്റൊരു നേരംപോക്ക്. ജനതാ കർഫ്യൂ പറയുന്നതിനു മുൻപു തന്നെ അതു പ്രാവർത്തികമാക്കിത്തുടങ്ങിയിരുന്നു. ലോകത്താകമാനമുള്ളൊരു അവസ്ഥയ്ക്കൊപ്പം നിൽക്കുക. പ്രതീക്ഷയോടെ നിർദേശങ്ങൾ പാലിക്കുക.

തിരക്കഥ എഴുതുകയാണ്: ഷാജി എൻ.കരുൺ

സർഗാത്മകതയോടെ ഈ ദിവസങ്ങൾ എങ്ങനെ മുന്നോട്ടു കൊണ്ടു പോകാം എന്നാണ് ആലോചിക്കുന്നത്. പല തിരക്കുകൾ കാരണം നടക്കാതിരുന്ന ഒരു തിരക്കഥയെഴുത്തിലാണു കഴിഞ്ഞ മൂന്ന് ദിവസമായി. ലവ് അറ്റ് ദി ടൈം ഓഫ് കോളറ എന്ന മാർക്കേസിന്റ പുസ്തകത്തിന്റെ പേരു പോലെ. ഓരോരുത്തരുടെ പാഷൻ അങ്ങനെയല്ലേ എക്സ്പ്രസ് ചെയ്യാനാവുക.

shaji-n-karun

ഈ നിശ്ശബ്ദത, അതുണ്ടാക്കുന്ന ഭയം, എത്രത്തോളം പോസിറ്റീവ് ആകാൻ കഴിയുമെന്ന ടെൻഷൻ അതൊക്കെയുണ്ട്. പക്ഷേ നമുക്ക് പോസിറ്റീവ് ആയല്ലേ പറ്റൂ. കോഴിക്കോട്ടെ തിയറ്ററുകൾ നവീകരിക്കുന്നതുൾപ്പെടെ കെഎസ്ഡിസിയുടെ കുറേ ജോലികൾ നടക്കുകയായിരുന്നു. അതെല്ലാം മുടങ്ങി. കാഴ്ചയില്ലാത്ത ഒന്നാണല്ലോ വൈറസ്. ഞങ്ങൾ കാഴ്ചയുടെ ആളുകളും.

ഞാനും ഭാര്യയുമാണു വീട്ടിലുള്ളത്. ഒരു മകൻ ജർമനിയിലാണ്. അവിടെയുമിപ്പോൾ നിയന്ത്രണങ്ങളായി. സ്കൂളൊക്കെ അടച്ചു. പേരക്കുട്ടി അരുന്ധതിക്കും എഴുതാനിഷ്ടമാണ്. എന്നുമൊരു കഥയെഴുതി അയയ്ക്കണം, നോക്കാമെന്നാണ് അവളോടു പറഞ്ഞിരിക്കുന്നത്. അതാണ് ഒരു സന്തോഷം. ഒരു മകനും കുടുംബവും തിരുവനന്തപുരത്തുണ്ട്.ഞങ്ങൾക്കു രണ്ടാൾക്കുമുള്ള സാധനമൊക്കെ വാങ്ങി വച്ചിട്ടുണ്ട്. പച്ചക്കറികൾ വേണമെങ്കിൽ ചാലയിലുള്ള കൂട്ടുകാരൻ എത്തിക്കാമെന്നു പറഞ്ഞിട്ടുണ്ട്. അങ്ങനെയുള്ള ആധിയൊന്നുമില്ല.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MOVIE NEWS
SHOW MORE
FROM ONMANORAMA