ADVERTISEMENT

ബിസിനസിലെ വിജയം, കഠിനാധ്വാനമാണോ മികച്ച ഐഡിയയാണോ എന്നു ചോദിച്ചാൽ ഹണി റോസ് പറയുക രണ്ടും ഒത്തുചേരണം എന്നാകും. സ്വന്തം പേരിനെ ഒരു ബ്രാൻ‍ഡാക്കി ഹണി റോസ് സൂപ്പർമാർക്കറ്റുകളുടെ ഷെൽഫിലേക്കു കയറിക്കഴിഞ്ഞു – രാമച്ചത്തിന്റെ സുഗന്ധവുമായി ഹണി റോസിന്റെ സ്വന്തം ഹണി ബാത്ത് സ്ക്രബർ.

 

honey-rose-tattoo

സാധാരണ നടിമാർ ബിസിനസിലേക്കിറങ്ങുമ്പോൾ ആദ്യം ആലോചിക്കുന്നത് ‘ബുട്ടീക്’ ആണെങ്കിൽ ഹണി റോസ് തന്റെ ബിസിനസ് ആശയം കൊണ്ടു വേറിട്ടു നടന്നു. 2005ൽ ബോയ്ഫ്രണ്ടിലൂടെ വന്ന ഹണി റോസല്ല, പുതിയ ഹണി റോസ്. മൂലമറ്റം സ്കൂളിലെ പത്താം ക്ലാസുകാരിയിൽനിന്ന് മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും നായികയാവുകയും ഒപ്പം ന്യൂജെൻ സിനിമകളുടെ ഭാഗമാകുകയും ചെയ്ത ഹണിയുടെ മേക്കോവർ അവരുടെ ബിസിനസിലുമുണ്ട്. 

 

രാമച്ചം കൊണ്ടു നിർമിക്കുന്ന ആയുർവേദിക് സ്ക്രബർ ഹണിറോസ് ബ്രാൻഡ് ചെയ്തിറക്കിയപ്പോൾ ലോഞ്ച് ചെയ്തത് മോഹൻലാലായിരുന്നു. ഹണിയുടെ കുടുംബത്തിനു നേരത്തേയുണ്ടായിരുന്ന ബിസിനസായിരുന്നു ഇത്. എന്നാൽ, ഹണിയുടെ ഇടപെടലോടെ കാര്യങ്ങൾ ഒന്നു പരിഷ്കരിച്ചു. അച്ഛൻ വർഗീസ് തോമസും അമ്മ റോസ് വർഗീസും ചേർന്ന് തൊടുപുഴ മൂലമറ്റത്ത് രാമച്ചത്തിന്റെ സ്ക്രബർ യൂണിറ്റ് തുടങ്ങുമ്പോൾ 20 പേരാണു  ജോലിക്കുണ്ടായിരുന്നത്.

 

‘‘ബിസിനസ് തുടങ്ങുമ്പോൾ തീർച്ചയായും ലാഭം മനസ്സിൽക്കാണും. എന്നാൽ, ഞങ്ങൾ ഇതിനൊപ്പം കുറച്ചു വീട്ടമ്മമാർക്കു ജോലിയും നൽകുന്നു. ഇന്ന് യൂണിറ്റിൽ നൂറിലേറെപ്പേരുണ്ട്. എല്ലാം അടുത്തുള്ള ചേച്ചിമാർ. അമ്മയാണു കാര്യങ്ങളെല്ലാം നോക്കുന്നത്. ഞാൻ സമയം കിട്ടുമ്പോഴൊക്കെ ഓടിയെത്തും. രാമച്ചം കൊണ്ടുവരുന്നതു തൃശൂരിൽ നിന്നാണ്. രാമച്ചത്തിന്റെ വേരാണ് ഇതിൽ ഉപയോഗിക്കുന്നത്. ഒപ്പം രാമച്ചം കിടക്ക, ഓയിൽ ബിസിനസുകളുമുണ്ട്’’ – സിനിമയുടെ തിരക്കിൽ നിന്നെല്ലാം ഒഴിഞ്ഞിരുന്ന് ഹണി പറഞ്ഞു.

 

മലയാള സിനിമയിൽ ഹണിയുടെ പതിനഞ്ചാം വർഷമാണിത്. നടിമാരുടെ കാര്യത്തിൽ ചെറുതല്ലാത്ത നേട്ടം. കരിയർഗ്രാഫിലെ ഉയർച്ച താഴ്ചകളോട് ഹണിയുടെ പ്രതികരണം ഇങ്ങനെ: എല്ലാം ഒരു എക്സ്പീരിയൻസായി എടുക്കുന്നു. പ്രതീക്ഷകൾ എന്നുമുണ്ടായിരുന്നു. എന്താണു സംഭവിക്കാൻ പോകുന്നതെന്ന് നമുക്കു പ്രവചിക്കാനാകില്ലല്ലോ. സിനിമയെ അത്രമാത്രം സ്നേഹിക്കുന്ന വ്യക്തിയാണു ഞാൻ. 

 

അഭിനയത്തിലും രൂപത്തിലുമെല്ലാം ഒരുപാടു മാറ്റങ്ങൾക്കു വിധേയയായിട്ടുണ്ട് എന്നു വിശ്വസിക്കുന്നു. അത് ഇംപ്രൂവ് ചെയ്തുകൊണ്ടേയിരിക്കണം എന്നാഗ്രഹിക്കുന്നു. എന്നും സിനിമയുടെ ഒപ്പം നിൽക്കണം എന്നാശിക്കുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com