ADVERTISEMENT

ടോർച്ച് അടിക്കുമ്പോൾ കൃത്യം കൊറോണയുടെ കണ്ണിൽ തന്നെ നോക്കി അടിക്കണമെന്ന് ലിജോ ജോസ് പെല്ലിശേരി. കോവിഡ് എന്ന ഇരുട്ടിനെ അകറ്റാൻ വീടുകളിൽ ദീപം തെളിക്കണം എന്ന പ്രധാനമന്ത്രിയുടെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു താരം.

ഏപ്രിൽ അഞ്ചിന് രാത്രി ഒൻപത് മണിക്ക് ലൈറ്റുകൾ അണച്ച് ടോർച്ചോ മറ്റു മാർഗങ്ങളോ ഉപയോഗിച്ച് വെളിച്ചം തെളിക്കണം എന്നായിരുന്നു പ്രധാനമന്ത്രി വിഡിയോ സന്ദേശത്തിലൂടെ രാജ്യത്തെ അറിയിച്ചത്. ഇതുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിൽ ട്രോളുകളും വന്നുതുടങ്ങിയിട്ടുണ്ട്.

‘പുര കത്തുമ്പോ ടോർച്ചടിക്കുന്ന ഒരു പുതിയ പരിപാടിയിറങ്ങീട്ടുണ്ട് അടിക്കുമ്പോ കറക്ട് കൊറോണയുടെ കണ്ണില്‍ നോക്കി അടിക്കണം.’

‘NB: മെഴുതിരി , ബൾബ് , മണ്ണെണ്ണ വിളക്ക് , പെട്രോമാസ് , അരിക്കലാമ്പ് , എമർജൻസി ലൈറ്റ് മുതലായവയുമായ് വരുന്നവരെ വേദിയിൽ പ്രവേശിപ്പിക്കുന്നതല്ല എന്ന്, കമ്മിറ്റി.’–ലിജോ ജോസ് പെല്ലിശേരി സമൂഹമാധ്യമത്തിൽ കുറിച്ചു.

കൊറോണ രോഗവുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിൽ വരുന്ന വ്യാജ ചികിത്സാരീതികളെക്കുറിച്ചും അദ്ദേഹം പരാമർശിക്കുകയുണ്ടായി. ‘ആയുർവേദത്തിൽ ഇതിനൊരു പരിഹാരമില്ലേ?? എല്ലാവഴിക്കും ആളെ വിട്ട സ്ഥിതിക്ക് ആ വഴിക്കു കൂടി ഒരാളെ വിടുന്നതിൽ തെറ്റില്ല.മ്മടെ പതഞ്‌ജലി സ്വാമീടെ അടുത്ത് ചോദിച്ചോ? മൂപ്പരുടെ കയില് എന്തെങ്കിലും ഒരു വിദ്യയില്ലാതിരിക്കില്ല എന്ന് വാമനൻ നമ്പൂരി മേമന.’–ലിജോ ജോസ് പെല്ലിശേരി പറഞ്ഞു.

പ്രധാനമന്ത്രിയുടെ പുതിയ പ്രസ്താവനയിൽ നിരവധി താരങ്ങള്‍ പ്രതികരണവുമായി എത്തി. തീയിൽ കൂടി ഓടുന്ന ആളുകളുടെ വിഡിയോ പങ്കുവച്ചായിരുന്നു ഈ വിഷയത്തിൽ നടൻ അനിൽ നെടുമങ്ങാടിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്.

സംവിധായകൻ ജയരാജ് വിജയ്‌യുടെ വാക്കുകൾ: സുഹൃത്തുക്കളെ,ഇത് എന്റെ പ്രശ്നമാണ്..എന്റെ മാത്രം പ്രശ്നമാണ്..ഏപ്രിൽ 5 എന്നെ സംബന്ധിച്ചടുത്തോളം ഏതെങ്കിലും ഓർമ്മപുതുക്കലിന്റെതല്ല..ജയിച്ചതോ, ജനിച്ചതോ, നഷ്ടപെട്ടതോ, പരാജയപെട്ടതോകൊണ്ടുവന്നതോ, കൊടുത്തോ ആയ ചരിത്രം രാജ്യം എന്നെ ഓർമ്മപെടുത്തുന്നുമില്ല..
പകരം ഞാനോ എന്റെ രാജ്യമോ മാത്രമല്ല ലോകം മുഴുവൻ ഭയത്തിന്റെയും, ഉത്കണ്ഠയുടെയും, ആത്മസംഘർഷത്തിന്റെയും ഒപ്പം ജാഗ്രതയുടെയും നാളുകൾ പിന്നിട്ട് കൊണ്ടിരിക്കുന്ന ഈ സന്ദർഭത്തിൽ നമ്മുടെ ആശ്വാസം, നമ്മുടെ പ്രതീക്ഷ എന്താവണം എന്ന ചോദ്യം വലിയ അസ്വസ്ഥകളോടെ വീണ്ടും തലപൊക്കിയിരിക്കുന്നു..

എന്റെ പ്രശ്നമാണ്..എന്റെ മാത്രം പ്രശ്നമാണ്..ഒരു രാത്രി.. 9 മണിക്ക്, 9മിനിറ്റ് നിലവിലെ വെളിച്ചം കെടുത്തി മറ്റോരുവെളിച്ചത്തെ തുറന്നുവിടുന്ന പ്രതീകാത്മ പ്രകടനം എന്റെ പ്രധാനമന്ത്രിക്ക് ഏത് ആത്മജ്ഞാനിയാണ്‌ ഉപദേശിച്ചുനൽകിയത്...

ആഘോഷമല്ലെങ്കിലും ഏപ്രിൽ 5 ന് നടക്കുന്നത് ഇക്കാലത്തെ ഏറ്റവും വലിയ പ്രഹസനമാണെന്നതല്ല, ഇതൊന്നും എന്റെ പ്രധാനമന്ത്രിക്ക് മനസ്സിലാവുന്നില്ലല്ലോ എന്നുള്ളതാണ് എന്നെ ഭയപ്പെടുത്തുന്നത്..

നിരാലംബരായ കോടിക്കണക്കിനു ജനങ്ങൾ വിളക്ക് കത്തിക്കുമ്പോൾ, ഇവരുടെ ജീവിതത്തിൽ ഇരുട്ട് വീഴ്ത്തിയ ഈ കാലഘട്ടത്തിന്റെ ചുവരുകൾക്കുള്ളിൽ പ്രത്യാശയുടെ വെളിച്ചവുമായി ഇനി ആരുവരുമെന്ന് ഞാൻ ആകുലപ്പെടുന്നു..

ഇത് എന്റെ മാത്രം പ്രശ്നമാണ്..
എന്റെ മാത്രം പ്രശ്നമാണോ..?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com