ADVERTISEMENT

കോവിഡ് 19 മലയാള സിനിമയിൽ വരുത്തിയ പ്രതിസന്ധിയെക്കുറിച്ച് മനോരമ ഒാൺലൈൻ പ്രസിദ്ധീകരിച്ച ‘വൈറസ് വീഴ്ത്തിയ സിനിമ’ എന്ന പരമ്പരയിലെ ‘ചോദിക്കാനും പറയാനും ആരുമില്ലാതെ നിർമാതാക്കൾ’ എന്ന ഭാഗത്തിലെ ചില വെളിപ്പെടുത്തലുകളെ തുടർന്ന് സമാന സംഭവങ്ങൾ പങ്കു വച്ച് കൂടുതൽ നിർമാതാക്കളും വിതരണക്കാരും രംഗത്ത്. കഴിഞ്ഞ ഡിസംബർ മുതൽ മാർച്ച് വരെ റിലീസ് ചെയ്ത സിനിമകൾ പ്രദർശിപ്പിച്ച വകയിൽ തിയറ്റർ ഉടമകളിൽ നിന്ന് തങ്ങൾക്ക് 23 കോടി രൂപയോളം ലഭിക്കാനുണ്ടെന്നാണ് ഡിസ്റ്റ്രിബ്യുട്ടേഴ്സ് അസോസിയേഷൻ ഭാരവാഹികൾ പറയുന്നത്. കോവിഡ് പ്രതിസന്ധിക്കു ശേഷം തീയറ്റർ തുറക്കുമ്പോൾ ഇൗ പണം തന്നു തീർക്കാത്ത തീയറ്ററുകളിൽ സിനിമ റിലീസ് ചെയ്യില്ലെന്നും അവർ പറയുന്നു. 

 

കിട്ടാക്കടമാകുമോ 23 കോടി ?

‘2019 ഡിസംബർ മുതൽ 2020 മാർച്ച് വരെ റിലീസ് ചെയ്ത സിനിമകളുടെ നിർമാതാക്കൾക്കും വിതരണക്കാർക്കും തീയറ്റർ ഉടമകളിൽ നിന്ന് ലഭിക്കാനുള്ളത് 23 കോടിയോളം രൂപയാണ്. പേരെടുത്തു പറഞ്ഞാൽ‌ ഷൈലോക്ക് എന്ന സിനിമയ്ക്കു പുറമേ വരനെ ആവശ്യമുണ്ട്, അയ്യപ്പനും കോശിയും, ഫോറൻസിക്, അഞ്ചാം പാതിര തുടങ്ങിയ ചിത്രങ്ങളുടെയൊക്കെ ഷെയർ തീയറ്റർ ഉടമകൾ ഇതുവരെ തന്നു തീർത്തിട്ടില്ല. എല്ലാ തിയറ്റർ ഉടമകളും ഇത്തരത്തില്‍ കടം പറയുന്ന ആളുകളല്ല. 70 ശതമാനം ആളുകളും കൃത്യമായി അക്കൗണ്ട് സെറ്റിൽ ചെയ്യാറുണ്ട്. എന്നാൽ ബാക്കി വരുന്ന 30 ശതമാനം തിയറ്ററുകാർ ജനങ്ങളി‍ൽ നിന്ന് ലഭിക്കുന്ന പണം നിർമാതാക്കൾക്ക് കൊടുക്കാറില്ല’  ഡിസ്റ്റ്രിബ്യുട്ടേഴ്സ് അസോസിയേഷൻ സെക്രട്ടറി എൻ.എം. ഹംസയുടെ വാക്കുകളാണ്. 

 

‘വരനെ ആവശ്യമുണ്ട് എന്ന ദുൽഖർ സൽമാൻ ചിത്രത്തിന് 3 കോടി 95 ലക്ഷം രൂപ തിയറ്ററുകളിൽ നിന്ന് കിട്ടാനുണ്ട്. ലിസ്റ്റിൻ സ്റ്റീഫന്റെ മാജിക് ഫ്രെയിംസ് എന്ന കമ്പനിക്ക് മൂന്നോളം സിനിമകളിൽ നിന്നായി ഏകദേശം അഞ്ചരക്കോടി രൂപയോളം ലഭിക്കാനുണ്ട്. അയ്യപ്പനും കോശിയും, അഞ്ചാം പാതിര എന്നീ രണ്ടു സിനിമകൾക്കും കൂടി നാലു കോടി 60 ലക്ഷം രൂപ തിയറ്ററിൽ നിന്ന് കിട്ടാനുണ്ട്. ഫോറൻസിക് എന്ന സിനിമയ്ക്ക് മാത്രം 3 കോടി 90 ലക്ഷം രൂപ കിട്ടാനുണ്ട്. ഇതു കൂടാതെ മറ്റു ചെറിയ സിനിമകളും കൂടി ചേരുമ്പോൾ ഏതാണ്ട് 23 കോടി രൂപയാണ് തീയറ്ററുകാർ കൊടുത്തു തീർക്കാനുള്ളത്.’ ഹംസ അറിയിച്ചു.  

 

ജനം കടം പറയില്ല, ഞങ്ങളും: പക്ഷേ ഇവർ ? 

 

‘ഒരു സിനിമയുടെ നിർമാണ ചിലവ് മുഴുവൻ തീർത്ത് എല്ലാവർക്കുമുള്ള പ്രതിഫലവും കൊടുത്തു തീർത്താൽ മാത്രമേ ആ സിനിമ റിലീസ് ചെയ്യാൻ പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ അനുവാദം കൊടുക്കൂ. ഏതെങ്കിലും ഒരു ടെക്നീഷ്യന് നിർമാതാവ് ബാലൻസ് തുക എന്തെങ്കിലും കൊടുക്കാനുണ്ടെങ്കിൽ ഫെഫ്കയുടെ കത്തു വരും.  താരങ്ങൾക്കു പണം കൊടുക്കാനുണ്ടെങ്കിൽ അമ്മയിൽ നിന്ന് കത്തു വരും. അതെല്ലാം ക്ലിയർ ചെയ്താൽ മാത്രമേ നിർമാതാക്കളുടെ സംഘടന ആ ചിത്രത്തിനു അനുമതി കൊടുക്കൂ. ഇതൊക്കെ പരസ്പര ധാരണയിൽ സംഘടനകൾ ഉണ്ടാക്കിയിരിക്കുന്ന നിയമങ്ങളാണ്. തീയറ്ററിൽ കയറുന്ന ജനം ഒരിക്കലും കടം പറയില്ല. അവരെടുക്കുന്ന ഒാരോ ടിക്കറ്റിന്റെയും വിലയുടെ നിശ്ചിത ശതമാനം നിർമാതാക്കൾക്കുള്ളതാണ്. ആ പണമാണ് ഞങ്ങൾക്ക് നിഷേധിക്കപ്പെടുന്നത്. ഇപ്പോൾ മലയാള സിനിമയിലുള്ള ഏറ്റവും വലിയ പ്രതിസന്ധി ഇതാണ്.’ പേരു വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത ഒരു നിർമാതാവിന്റെ വാക്കുകളാണ്.  

 

‘ഒരു സിനിമയ്ക്ക് ലഭിക്കുന്ന ശരാശരി ലാഭം എന്നു പറയുന്നത് 25 ലക്ഷം മുതൽ 2 കോടി വരെയാണ്. ഇൗ ലാഭവും തീയറ്ററുകാർ പിടിച്ചു വച്ചിരിക്കുന്ന തുകയിൽ ഉൾ‌പ്പെടും. ജിഎസ്ടിയുടെ ഇൻവോയിസ് കൊടുത്തില്ല എന്നതാണ് ഇൗ പണം തടഞ്ഞു വയ്ക്കുന്നതിനായി ഇവർ കാരണം പറയുന്നത്. എന്നാൽ അതും ഷെയറുമായി യാതൊരു ബന്ധവുമില്ല. തീയറ്ററിൽ നിന്ന് കിട്ടുന്ന പണം അതാത് ആഴ്ചയിൽ സെറ്റിൽ ചെയ്യണമെന്ന് നേരത്തെ തന്നെ സംഘടനകൾ തമ്മിൽ ധാരണയാക്കിയിട്ടുള്ളതാണ്. റിലീസിനു മുമ്പ് സിനിമകൾക്ക് തീയറ്ററുകാർ തരുന്ന അഡ്വാൻസ് കുറഞ്ഞാലും കുഴപ്പമില്ല ഷെയർ കൃത്യമായി സെറ്റിൽ ചെയ്യണം എന്നുള്ളത് ആവർ‌ത്തിച്ച് പറഞ്ഞിട്ടുണ്ടെങ്കിലും കാര്യങ്ങൾ‌ ഇപ്പോഴും പഴയ പടി തന്നെയാണ്. ഇൗ തുകയ്ക്കായി വിളിക്കുമ്പോൾ ദാരിദ്ര്യവും കഷ്ടപ്പാടും പറഞ്ഞാണ് പലരും രക്ഷപെടുന്നത്.’ 

 

‘ഞങ്ങൾക്കു കൂടി അർഹതപ്പെട്ട പണം ജനം ഇവരെയാണ് ഏൽപിക്കുന്നത്. അത് മറ്റാവശ്യങ്ങൾക്ക് ചിലവഴിച്ചിട്ടാണ് ഇവർ ഇങ്ങനെ സംസാരിക്കുന്നത്. തിയറ്ററിലെ ചെലവുകളാണ് പലരും ഇതിനുള്ള കാരണമായി പറയുന്നത്. ആറോ ഏഴോ കോടി രൂപയുണ്ടെങ്കിൽ ഒരു തീയറ്റർ ഉണ്ടാക്കാം. പക്ഷേ ഒരു സിനിമ നിർമിക്കാൻ കുറഞ്ഞത് പതിനഞ്ചു കോടി രൂപയെങ്കിലും ചിലവാകുമെന്ന് ഇക്കൂട്ടർ മനസ്സിലാക്കണം. ഞങ്ങൾ പലിശയ്ക്ക് പണമെടുത്താണ് സിനിമ നിർമിക്കുന്നത്. അത് അവർക്കും അറിയാവുന്നതാണ്. എന്നിട്ടാണ് ഇങ്ങനെ മനുഷ്യത്വരഹിതമായി പെരുമാറുന്നത്.’ അദ്ദേഹം കൂട്ടിച്ചേർത്തു. 

 

കടുപ്പിക്കും നടപടികൾ

 

‘നേരത്തെ പറഞ്ഞതു പോലെ എല്ലാ തീയറ്ററുകാരും ഇത്തരത്തിൽ കടം പറയുന്നവരല്ല. പുതിയതായി തുടങ്ങിയ തിയറ്ററുകൾ, മാളുകളിലെ മൾട്ടിപ്ലക്സുകൾ എന്നിവരാണ് കടം പറഞ്ഞ് നിർമാതാക്കളെ വഞ്ചിക്കുന്നത്. കഴിഞ്ഞ വർഷം മലയാളത്തിൽ ഇറങ്ങിയ 180–ഒാളം സിനിമകളിൽ മുടക്കുമുതലെങ്കിലും ലഭിച്ചത് ആകെ 20 സിനിമകൾക്കാണ്. അതിന്റെ പണം പോലും നിർമാതാക്കളുടെ കയ്യിൽ എത്തുന്നില്ലെന്നു പറഞ്ഞാൽ എന്തൊരു കഷ്ടമാണ്. സംഘടനകളിൽ പറയുമ്പോൾ ഇന്നു തരും നാളെ തരും എന്നാണ് മറുപടി ലഭിക്കുന്നത്. ‌‌

 

മലയാളത്തിലെ ഏറ്റവും പ്രമുഖരായ അഞ്ചു വിതരണക്കാരാണ് ഇൗ പ്രതിസന്ധിയിൽ അകപ്പെട്ടിരിക്കുന്നത്. നേരത്തെയും ചെറിയ തോതിൽ പ്രശ്നങ്ങളൊക്കെ ഉണ്ടായിരുന്നെങ്കിലും ഇതാദ്യമായാണ് ഇത്ര വലിയ ഒരു തുകയുടെ പേരിൽ ഒരു പ്രതിസന്ധി ഉടലെടുക്കുന്നത്. അതു കൊണ്ടാണ് ഞങ്ങൾ ഇതു തുറന്നു പറയുന്നതും. കോവിഡ് പ്രശ്നങ്ങളൊക്കെ ഒഴിഞ്ഞ് തീയറ്ററുകൾ എന്ന്  തുറക്കുന്നോ അന്ന് ഇൗ പണം തന്നു തീർക്കാത്ത ഒരിടത്തും പുതിയ സിനിമകൾ റിലീസ് ചെയ്യില്ല. ഇൗ നിലപാടിൽ നിന്ന് ഞങ്ങൾ പിന്നോട്ടില്ല’ വിതരണക്കാരുടെ സംഘടനയുടെ ഭാരവാഹികൾ ഒരോ സ്വരത്തിൽ പറയുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com