ADVERTISEMENT

കൊറോണ പ്രതിസന്ധി മലയാള സിനിമയ്ക്ക് 600 കോടി രൂപയുടെ നഷ്ടമാണ് ഉണ്ടായിരിക്കുന്നതെന്ന് ഫെഫ്ക ജനറല്‍ സെക്രട്ടറിയും സംവിധായകനുമായ ബി ഉണ്ണിക്കൃഷ്ണന്‍. സിനിമ നിര്‍മാണം എന്നത് സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളില്‍ നിന്നും വ്യക്തികളില്‍ നിന്നും കടമെടുത്ത് ചെയ്യുന്നതാണെന്നും കോടിക്കണക്കിനു മുതൽ മുടക്കുള്ള സിനിമാ നിർമാതാക്കൾ വലിയ പലിശയാണ് ഇക്കാലയളവില്‍ കൊടുത്തുകൊണ്ടിരിക്കുന്നതെന്നും ഉണ്ണിക്കൃഷ്ണന്‍ പറയുന്നു.

 

ബി. ഉണ്ണിക്കൃഷ്ണന്റെ വാക്കുകൾ:

 

വിദൂരമായ ഓർമകളില്‍ പോലുമില്ലാത്ത പ്രതിസന്ധിയാണ് നമ്മൾ നേരിട്ടുകൊണ്ടിരിക്കുന്നത്. സംഭൂർണമായ സ്തംഭനാവസ്ഥ, ലോകമൊട്ടാകെയുള്ള സിനിമാ ഇൻഡസ്ട്രി സ്തംഭിച്ചിരിക്കുകയാണ്. വലിയ റിലീസുകൾ മാറ്റിവച്ചിരിക്കുന്നു. കേരളം വളരെ ചെറിയൊരു ഫിലിം ഇൻഡസ്ട്രിയാണ്. ഈ ഇൻഡസ്ട്രിയിൽ തന്നെ പതിനായിരത്തോളം സാങ്കേതിക പ്രവർത്തകരും അറുന്നൂറോളം നടീനടന്മാരും നിർമാതാക്കളും വിതരണക്കാരും തിയറ്ററുകളുമൊക്കെ പ്രവർത്തിക്കുന്നുണ്ട്. 

 

ഇവരെ ചുറ്റിപ്പറ്റി നിൽക്കുന്ന ആളുകളാകെ വലിയ ഭീഷണിയാണ് നേരിട്ടുകൊണ്ടിരിക്കുന്നത്. അയ്യായിരത്തോളമുള്ള ദിവസവേതനക്കാർ ഇതിലുണ്ട്. അവരാണ് ഏറ്റവും കൂടുതൽ ബുദ്ധിമുട്ട് അനുഭവിക്കുന്നത്. എന്ന് ഈ പ്രതിസന്ധിക്കൊരു പരിഹാരം കണ്ടെത്താൻപോലും അറിയാൻ കഴിയാത്ത സാഹചര്യമാണ് ഇപ്പോഴുള്ളത്. അതാണ് നാം ഇനി നേരിടേണ്ടി വന്നേക്കാവുന്ന വലിയ പ്രതിസന്ധി.

 

റിലീസിനൊരുങ്ങുന്ന സിനിമകളുടെ ഭാവി

 

ലോക്ഡൗണ്‍ പിന്‍വലിച്ച് കഴിഞ്ഞാലും ഏറ്റവും അവസാനത്തെ പരിഗണനയായിരിക്കും സിനിമ തിയറ്ററുകള്‍ തുറക്കുന്നതില്‍ ഉണ്ടാകുക.  പരിപൂർണമായും ഈ ഇടം സുരക്ഷിതമാണെന്ന ബോധം ജനങ്ങളിലുണ്ടാകാതെ അവർ തിയറ്ററുകളിലേയ്ക്ക് വരില്ല. അതാണ് യാഥാർഥ്യം. അതിനോട് പൊരുത്തപ്പെട്ടുകൊണ്ട് മാത്രമേ നമുക്ക് മുന്നോട്ടുപോകാൻ സാധിക്കൂ.

 

ഇങ്ങനെ തിയറ്റർ തുറന്നാൽ തന്നെ, പല നിബന്ധനകൾ ഉണ്ടാകും. മൾടിപ്ലക്സ് തിയറ്റർ സംഘടനകൾ ഇപ്പോൾ തന്നെ ഒരു ൈഗഡ്‌ലൈൻ തയാറാക്കി വച്ചിട്ടുണ്ട്. അതിൽ പറയുന്നത് കാര്യങ്ങൾ, നാൽപത് ശതമാസം ആളുകൾ മാത്രമേ ഉണ്ടാകാൻ പാടൊള്ളൂ. ടിക്കറ്റ് കൗണ്ടര്‍ നിർത്തിവച്ച് ഡിജിറ്റൽ ഇടപാട് മാത്രമാക്കുക. ഓരോ ഷോ കഴിയുമ്പോഴും തിയറ്റർ ശുദ്ധീകരിക്കുക. മാക്സ് നിർബന്ധമാക്കുക. ഇതൊക്കെയാണ് ഇതിലെ നിബന്ധനകൾ.

 

കേരളത്തിലെ സാഹചര്യത്തിൽ പരമ്പരാഗതമായ തിയറ്ററുകളാണ് ഇവിടെ കൂടുതൽ. അതുകൊണ്ട് തന്നെ ഇങ്ങനെയൊരു നിബന്ധനകൾ ഒരിക്കലും പ്രായാഗികമാകില്ല. കാരണം വലിയ സിനിമകള്‍ ഇങ്ങനെ റിലീസ് ചെയ്താൽ യാതൊന്നും നിർമാതാവിന് ലഭിക്കില്ല. തിയറ്ററുകൾ പഴയതുപോലെ പ്രവർത്തിച്ചുതുടങ്ങിയാൽ മാത്രമാണ് വലിയ സിനിമകൾ റിലീസിനെത്താൻ സാധിക്കൂ.

 

ഡിജിറ്റൽ റിലീസ്

 

എന്റെ അറിവിൽ ഇതുമായി ബന്ധപ്പെട്ട് യാതൊരു ചർച്ചയും മലയാളത്തിൽ ഉണ്ടായിട്ടില്ല. ഇതിനകത്ത് രണ്ട് മൂന്ന് കാര്യങ്ങൾ ശ്രദ്ധിക്കണം. നമ്മുടേത് വളരെ ചെറിയ മാർക്കറ്റ് ആണ്. ഒടിടി പ്ലാറ്റ്ഫോമിൽ റിലീസ് ചെയ്ത് ഒരു മലയാളസിനിമ ലാഭമുണ്ടാക്കുക എന്ന എത്രത്തോളം പ്രായോഗികമാണെന്ന് അറിയില്ല. ബോളിവുഡിൽ ഇതു സംബന്ധിച്ച ചർച്ച നടക്കുന്നുണ്ട്. അത്തരം സിനിമകൾക്ക് ഗ്ലോബൽ റീച്ച് ഉണ്ട്. ഹോളിവുഡിൽ പോലും ഇത് സംഭവിച്ചുകഴിഞ്ഞു.

 

പുതിയ സിനിമകളുടെ ചിത്രീകരണം പോലും ആരുടെയും മനസ്സിൽ ഇല്ല. ലോക്ഡൗണിൽ വീട്ടിലിരുന്ന് തിരക്കഥ എഴുതുന്ന എന്നെപ്പോലുള്ളവർക്കു പോലും അറിയില്ല, ഇതെന്ന് ഷൂട്ട് ചെയ്യാനാകുമെന്ന്. റിലീസിന് തയാറായി ഒരുപാട് സിനിമകൾ നിൽക്കുന്നു. ചില സിനിമകളുടെ ഷൂട്ടിങ് പൂർത്തിയാക്കാൻ രണ്ട് ദിവസം മതി. ഈ ചിത്രങ്ങളെയൊക്കെ തിയറ്ററുകളിൽ എത്തിക്കാൻ വലിയ ചർച്ചയും ക്രമീകരണവും ആവശ്യമാണ്.

 

ജൂൺ, ജൂലൈ എന്നത് കേരളത്തെ സംബന്ധിച്ചടത്തോളം ബുദ്ധിമുട്ട് നിറഞ്ഞ മാസങ്ങളാണ്. ഓണത്തിലെങ്കിലും ഇതൊക്കെ ശരിയാകട്ടെ എന്ന് പ്രാർഥിക്കാനേ ആകൂ. ഒരു പൊതുമേഖലാ സ്ഥാപനവും ഒരു ബാങ്കിങ്ങും സിനിമകളെ പിന്തുണക്കാന്‍ ഇല്ല എന്നതാണ് സത്യം. ഇതിൽ മുടക്കിയിരിക്കുന്ന പൈസ മുഴുവൻ കടമെടുത്തിട്ടുള്ളതാണ്.

 

നിര്‍മാതാക്കളായ ആന്റോ ജോസഫും ആന്റണി പെരുമ്പാവൂരും പുതിയ സിനിമകള്‍ക്കായി മുടക്കിയ പണത്തിന് കൊടുക്കുന്ന പലിശ മാത്രം ആലോചിച്ച് നോക്കു. ആന്റോ ജോസഫിന്റെ പടം 22 കോടി രൂപ, ആന്റണി പെരുമ്പാവൂരിന്റെ പടം 100 കോടി രൂപ. ഇവരുടെ പലിശ എത്രമാത്രമാകും.  ഇപ്പോ തന്നെ 600 കോടിയുടെ നഷ്ടം മലയാള സിനിമയ്ക്ക് ഉണ്ടായിരിക്കുന്നു. അപ്പോ ഓരോ ദിവസം പോകുന്തോറും ഇത് ഇങ്ങനെ എസ്‌കലേറ്റ് ചെയ്ത് കഴിഞ്ഞാല്‍ അത്രയും നഷ്ടം ഉള്‍ക്കൊളളാനുള്ള വലുപ്പമോ ശക്തിയോ മലയാള സിനിമ ഇന്‍ഡസ്ട്രിക്കില്ല എന്നുളളതാണ് സത്യം.

 

സർക്കാർ തീർച്ചയായും സഹായിക്കേണ്ടി വരും. കൂട്ടായ പരിശ്രമവും പിന്തുണയും ഇല്ലാതെ ഈ ഇൻഡസ്ട്രിയെ പിടിച്ചുനിർത്താൻ കഴിയില്ല.

 

മോഹൻലാലിന്റെയും മമ്മൂട്ടിയുടെയും നാൽപത്  വർഷത്തെ അഭിനയ ജീവിതത്തിനിടയിൽ ആദ്യമായാണ് ഇരുവരും ഷൂട്ടിങ് ഇല്ലാതെ ഇത്രയും ദിവസം  ഇരിക്കുന്നത്. എന്നാൽ ഒരുപരിധിവരെ എല്ലാവരും  ഈ സമയം കുടുംബങ്ങളോടൊപ്പം സർഗാത്മകമായി  സമയം ചെലവഴിക്കുന്നുണ്ട്. 

 

മോഹൻലാൽ, താൻ അഭിനയിച്ച പ്രശസ്തമായ പല സിനിമകളും ഈ ലോക്ഡൗൺ കാലത്താണ് കാണുന്നത്. 1990ൽ പുറത്തിറങ്ങിയ മോഹൻലാൽ ചിത്രമായ  'താഴ്‌വാരം'  അദ്ദേഹം ആദ്യമായി കാണുന്നത് ലോക്ഡൗണിലാണ്. പൃഥ്വിയോടും ബ്ലെസ്സിയോടും നിരന്തരം സംസാരിക്കുന്നുണ്ട്. അവർ അവിടെ ഉള്ള ഭാഗങ്ങൾ കഴിയുന്നതും ഷൂട്ട് ചെയ്ത് തീർക്കാനാണ് നോക്കുന്നത്. 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com