sections
MORE

മോഹനമായൊരു പൂമരം

harikrishnan-mohanlal
SHARE

എന്തെഴുതാൻ, കാലത്തെയും കലണ്ടറുകളെയും അഴകോടെ തോൽപിച്ചു പോരുന്നൊരാളെക്കുറിച്ച്! 

ഇത്രമേൽ സ്നേഹാഭവും പ്രണയാഭവും സ്വപ്നാഭവുമായ മറ്റൊരു ജീവിതം എനിക്കു പരിചയമില്ലല്ലോ... അതുകൊണ്ടുതന്നെ, ആ ജീവിതത്തിലെ മനോഹരമായൊരു  അടയാളമുദ്രയായി പിറന്നാൾദിനം എത്തുമ്പോൾ, അത് ഒാർമയുടെയും സ്നേഹത്തിന്റെയും ചങ്ങാത്തത്തിന്റെയുംകൂടി ആഘോഷമാക്കാതെവയ്യ. 

ഇങ്ങനെയൊരാൾ തിരശ്ശീലയിലോ കസേരയരികിലോ ഫോണറ്റത്തോ ഉള്ളതുകൊണ്ടുകൂടിയാണ് എന്റെയും, നിങ്ങളിൽ പലരുടെയും  ജീവിതം ഇത്രയും മോഹനമായതെന്നുകൂടി  ഞാൻ വിശ്വസിക്കുന്നുണ്ട്..

മോഹനം: എന്തു  ഭംഗിയുള്ള, വശ്യതയാർന്ന, പ്രസാദിയായ വാക്കാണത്.

അറുപതു വയസ്സിന്റെ ഭൗതികതയെല്ലാം, അതിലെ സാമ്പ്രദായിക വാർഷികവളയങ്ങളെല്ലാം, എത്ര മോഹനമായാണ് അദ്ദേഹം എടുത്തുകളയുന്നത്.

കലണ്ടറിനെ പിന്നിലേക്കു മറിക്കുന്നത്.

കാലത്തെ തോൽപിക്കുന്നത്.

എത്ര അനായാസം ! 

ദൈവത്തെക്കുറിച്ചു പറയാനാവശ്യപ്പെട്ടപ്പോൾ മറുപടിയായി സ്വയം പൂവിട്ട മരത്തെക്കുറിച്ച് എഴുതിയിട്ടുണ്ട് ഗ്രീക്ക് ചിന്തകനും എഴുത്തുകാരനുമായ നിക്കോസ് കസൻദ്‌സാക്കിസ്. സ്നേഹത്തെക്കുറിച്ചും  പ്രണയത്തെക്കുറിച്ചും  ചങ്ങാത്തത്തെക്കുറിച്ചും  പറയാൻ ആവശ്യപ്പെടുമ്പോൾ, സ്വയം പൂവിടുന്ന മറ്റൊരു പൂമരം എനിക്കറിയില്ല, മോഹൻലാൽ അല്ലാതെ...

എല്ലാ കാലത്തേക്കുമുള്ള പൂമരം.

വയസ്സും വർഷവും തൊടാത്തത്. 

ഋതുഭേദകൽപനകളെ അലസമധുരം തൃണവൽഗണിക്കുന്നത്.

മോഹനമായൊരു പൂമരം

അതെ. സാമ്പ്രദായിക വിശേഷണപദങ്ങളെയെല്ലാം ജീവിതത്തിന്റെയും കലയുടെയും പൂർണഭംഗികൊണ്ട് ലാൽ അപ്രസക്തമാക്കുന്നു. 

ജീവിതത്തെയും കലയെയും അത്യധികം സ്നേഹിക്കുന്നൊരാൾക്കേ അതു കഴിയൂ എന്നും ഞാൻ വിശ്വസിക്കുന്നുണ്ട്. 

ജീവിതത്തിൽനിന്നു കലയെ വേർതിരിച്ചെടുക്കാനാവാത്തൊരാൾ..

തന്റെ വെറ്റിലയ്ക്കുള്ള ചുണ്ണാമ്പിനെ ആ രാത്രിയിലെ നിലാവിൽനിന്നു വേർതിരിച്ചെടുക്കാൻ കൂടെയുള്ളവരോട്  ആവശ്യപ്പെട്ട മഹാകവി പിയെക്കുറിച്ച് ഒാർമവരുന്നു.

മലയാളിയുടെ ലാലനുഭവം എന്ന ലാവണ്യാനുഭവവും  വേറൊന്നുമല്ല; കലയിൽനിന്നു കല കുറച്ചാലും കൂട്ടിയാലും  കല തന്നെ ശേഷിപ്പിക്കാനാവുന്ന, ഉപനിഷദ്‌മന്ത്രം പോലെയൊന്ന്.

സത്യം. മറ്റൊരാൾക്ക് ലാൽ ആകുന്നതെത്ര അസാധ്യം! 

ആദ്യം കണ്ടത് കോഴിക്കോട്ടെ മഹാറാണി ഹോട്ടലിലാണ്.

െഎ.വി.ശശിയുടെ ഏതോ സിനിമയുടെ ഷൂട്ടിങ്ങ് കഴിഞ്ഞുനടന്നുവരികയായിരുന്നു  ലാൽ.

അതിനകംതന്നെ പ്രശസ്തമായ ആ ചരിഞ്ഞുനടത്തത്തിന്റെ ചന്തം  ഞങ്ങൾ കൂട്ടുകാർ കണ്ടുനിന്നു. 

അതിനകം ഞാൻ കണ്ട തിരശ്ശീലകളിൽ ആടിയവരെയെല്ലാം നിഷ്പ്രഭനാക്കിയ ആളുടെ ആദ്യ കാഴ്ച. 

അതെ, എന്റെ ജീവിതത്തിലെ ആദ്യത്തെ നടനെ കാണുകയായിരുന്നു  ഞാൻ.

(എന്തൊരു അത്ഭുതം! ഇപ്പോഴും എന്റെ ആദ്യത്തെ നടൻ മറ്റാരുമല്ലല്ലോ )

ദശാബ്ദങ്ങൾക്കിപ്പുറം ,എന്റെ ഒടിയനെ സ്ക്രീനിൽ കാണുമ്പോൾ ഒാർത്തു, ആ മഹാറാണിക്കാഴ്ച !! 

ചില ആദ്യങ്ങൾക്കു ജീവിതത്തോളം വിലയുണ്ട്.

കാലത്തിന് ആവാത്തതെന്ത്?

അദ്ദേഹം എന്റെ ജീവിതത്തിന്റെതന്നെ ചങ്ങാതിയായി.

എന്തും പറയാവുന്നവിധം ഹൃദയത്തിന്റെ അടുത്തെത്തി.

പതിനേഴു വർഷങ്ങൾക്കുമുൻപ് , ലാൽ പാലക്കാട്ടെ എന്റെ വീട്ടിൽ വന്നിരുന്നു. 

അന്നുച്ചയ്ക്ക് ലാലിന് ഊണു വിളമ്പിക്കൊടുത്തശേഷം  അമ്മ എന്നോടു പറഞ്ഞു:

– നീ ജീവിതത്തിൽ എനിക്കുതന്ന ഏറ്റവും നല്ല സമ്മാനം.

കാലത്തിനുതന്നെ ആദ്യം നന്ദി പറയണം. 

വിസ്മയം എന്ന വാക്കിന്റെ കൈചേർത്തുപിടിച്ച് നടന്നുകൊണ്ടിരിക്കുന്ന  ലാലിന്റെ ജീവിതം സിനിമയിലെ എത്രയോ പൂർണവേഷങ്ങളുടെകൂടി സമാഹാരമാണ്.

ഒരു നടന്റെ വരമെന്നു പറയാവുന്ന പല കഥാപാത്രങ്ങളും അഭിനയിക്കാൻ ഭാഗ്യമുണ്ടായ ഒരാൾ. 

ഇഷ്ടംകൂടിയും പ്രണയംകൊണ്ടും സ്നേഹം പറഞ്ഞുമൊക്കെ അദ്ദേഹം നമ്മുടെ ഹൃദയത്തിന്റെ അയൽക്കാരനായതിൽ അതിശയമില്ലല്ലോ .

ഇന്നലെ രാത്രി വിളിച്ചപ്പോൾ, സംസാരങ്ങൾക്കൊപ്പം  സമാന്തരമായി ചെന്നൈയിലെ ആ കടലോരവീട്ടിനു പുറത്തുള്ള തിരയിരമ്പൽകൂടി  ഞാൻ സങ്കൽപിച്ചുകൊണ്ടിരുന്നു . 

സ്നേഹത്തിന്റെ ആ തിരച്ചാർത്ത് ഫോണിലറിയുകയായി.  

ലാലിനു മാത്രമാവുന്നത്. അതുകൊണ്ടുതന്നെ അതിന്ദ്രജാലം! 

എനിക്കും നിങ്ങൾക്കും അത്രമേൽ പ്രിയങ്കരനായ ഒരാളുടെ പിറന്നാളാണ് നാളെ. 

പ്രിയപ്പെട്ട ലാൽ,

സുന്ദരമായ ചങ്ങാത്തത്തിന്റെ അടയാളമുദ്രകൾ ഒാർമിക്കുന്നു. അതിൽ നിറയുന്നു

ആയുരാരോഗ്യ സൗഖ്യം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MOVIE NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA