ADVERTISEMENT

പരീക്ഷ കഴി‌യുന്ന ദിവസത്തെക്കുറിച്ച് ഒാർത്തോർത്തിരിക്കുന്നത് പഠിക്കുന്ന കാലത്തൊരു  കുളിരായിരുന്നു. ഒരു മാരണം തലയിൽ നിന്ന് ഒഴിയുന്ന‌തോർത്തു മാത്രമായിരുന്നില്ല ഞങ്ങളുടെ  പെരുത്ത സന്തോഷം അന്ന്  ചോദിച്ചാൽ  ​ഞങ്ങൾ കൂട്ടുകാർക്ക് മിക്കവർക്കും ഒരു സിനിമ കാണാനുള്ള അനുവാദം വീട്ടില്‍ നിന്ന് കിട്ടാനുള്ള ചാൻസ് കൂടുതലായിരുന്നു. കൂട്ട് ചേർന്നു പടം കാണാന്‍ പോകുന്നതിന്റെ  ത്രില്ല് അത് അനുഭവിച്ചവർക്കേ അറിയാൻ സാധിക്കൂ. 

 

ഇന്നത്തെ പലവിധ എന്റടെയ്ൻമെന്റ് സാധ്യതകളുമില്ലാതിരുന്ന അന്തക്കാലത്ത് കൊട്ടകയിൽ പോയി കൂട്ടുകാരുമൊത്തൊരു സിനിമ കാണുകയെന്നു പറഞ്ഞാൽ ‘അൾട്ടിമേറ്റ്’ ലോട്ടറിയാണ് ഒരു എട്ടാം ക്ലാസുകാരന്.അങ്ങനെ കാത്തിരുന്ന ആ ദിവസം വന്നെത്തി. രണ്ടാണ് മുന്നിലുള്ള ചോയ്സ്. പൊൻകുന്നം ലീലാമഹലിൽ മമ്മൂട്ടിപ്പടം കളിക്കുന്നു. കാഞ്ഞിരപ്പള്ളി ബേബിയില്‍ മോഹൻലാൽ സിനിമ ഒാടുന്നു. നെടുമാവുകാരൻ ജോബി എന്ന കൂട്ടുകാരനും  ഞാനുമാണ് ക്ലാസിലെ കൊടുംകുത്തി മമ്മൂട്ടി ഫാൻസ്. ഞങ്ങൾ സ്വാഭാവികമായും പൊൻകുന്നത്ത് ഒാടുന്ന ‘ഇൗ തണുത്ത വെളുപ്പാൻ കാലത്ത് ’ എന്ന ഒാപ്ഷൻ ലോക്ക് ചെയ്തു. പക്ഷേ കൂട്ടത്തിലുള്ള എല്ലാവനും  കാഞ്ഞിരപ്പള്ളി ബേബിയിലേയ്ക്ക്  മാർച്ച് ചെയ്തു.

 

‘ഒറ്റയ്ക്കു മൃഗശാല കാണുന്നതില്‍ പരമില്ലാ വിരസത’ എന്ന് കെ.ജി ശങ്കരപ്പിള്ള കവിത എഴുതിയിട്ടുണ്ട്. സിനിമാ തിയറ്ററിൽ പോകുമ്പോഴും  അന്നത്തെ ഫീലിങ് ഏതാണ്ട് അങ്ങനെ തന്നെയാണ്. ഒറ്റയ്ക്കാണേൽ ബോറ്. കൂട്ടുണ്ടെങ്കില്‍ ജോറ്. ബസ്സ് കാത്ത് സ്റ്റോപ്പിൽ നിൽക്കുമ്പോൾ ‍ഞാൻ ജോബിയോട് ചോദിച്ചു.

 

‘നമുക്ക് ബേബിയിലോട്ട് മാറ്റിയാലോ?

 

‘ഞാനെങ്ങുമില്ല മോഹൻലാലിന്റെ പടം  കാണാന്‍ ' അവൻ അറുത്തു മുറിച്ചു പറഞ്ഞു.

 

‘അതെന്നാ മോഹന്‍ലാൽ നിന്റെ അതിരേൽ നിൽക്കുന്ന ആഞ്ഞിലി വെട്ടിക്കൊണ്ടുപോയോ?‌‌‌‌’

 

‍ഞാൻ ചെറഞ്ഞു.

 

കുർബാന കൂടിക്കൊണ്ടിരുന്നവൻ നിന്ന നിൽപിൽ യുക്തിവാദ ലൈനിലുള്ള ചോദ്യം ചോദിച്ചാൽ ഒരു പള്ളീലച്ചൻ ഞെട്ടുന്ന മട്ടിൽ ജോബിയുടെ മുഖത്തൊരു പ്രത്യേക എക്സ്പ്രെഷൻ വിരിഞ്ഞു. കട്ടയ്ക്കു കൂടെ നിന്നിരുന്ന അനുയായി പെട്ടന്നു ഡൗട്ടിങ്ങ് തോമസായപ്പോൾ മമ്മൂട്ടി മതത്തിന്റെ ആ മെത്രാൻ  ഇടിയാറ്റ് കൊണ്ട പന പോലെ പെരുവഴിയോരത്ത് നിന്നു. ആ ഷോക്കിൽ നിന്നു പതിയെ മോചനം നേടിയെങ്കിലും ‘യൂ റ്റൂ ബ്രൂട്ടസ്? ’  എന്ന  ചോദ്യം അവന്റെ മുഖത്ത് കൊറേ നേരത്തേക്ക് ഒട്ടിച്ചു വച്ചിരുന്നു. 

മൊത്തം കൂട്ടുകാരും ബേബിയിൽ പോകുമ്പോൾ രണ്ടുപേര് മാത്രം അതിൽ നിന്നു വിട്ടുനിൽക്കുന്നതിലെ വർഗവഞ്ചനയെക്കുറിച്ച് അര മണിക്കൂർ സ്റ്റഡിക്ലാസ് എടുത്തു കൊടുത്തപ്പോള്‍ ജോബി ശകലം അയഞ്ഞു. കൃത്യം പരീക്ഷ തീര്‍ന്ന സമയത്തു തന്നെ  കാഞ്ഞിരപ്പള്ളിയിൽ മോഹൻലാൽ സിനിമ കൊണ്ടിറക്കിയ കൊട്ടകക്കാരെ കട്ടത്തെറി പറഞ്ഞുകൊണ്ട് ഒടുവിലവൻ വഴങ്ങി. നട്ടുച്ച നേരത്തെ നട്ടപ്രവെയിലത്ത് ഞങ്ങൾ കാഞ്ഞിരപ്പള്ളി  ബേബിയിലേക്ക് വലിഞ്ഞു കുത്തി നടന്നു. പുറം മതിലിന്റെ പൊക്കത്തുള്ള പലകബോർഡിൽ പടത്തിന്റെ പോസ്റ്റർ പതിച്ചു വച്ചിട്ടുണ്ടായിരുന്നു. ഒരേ സ്വരത്തില്‍ ഞങ്ങൾ‍ വായിച്ചു.

 

‘ലാൽസലാം’

 

‘പൊട്ടപ്പടമായിരിക്കും നോക്കിക്കോ’

 

ജോബി പുച്ഛ രസം വാരി വിതറി’.

 

പക്ഷേ കൊട്ടകയുടെ കോമ്പൗണ്ടിനുള്ളിൽ മണല്‍ വാരി വിതറിയാല്‍ താഴെ വീഴാത്ത  പരുവത്തിൽ കാണികളുടെ തലയ്ക്കിടി നടക്കുകയായിരുന്നു. തള്ളിക്കുത്തി വിയർത്തുകുളിച്ച്  ടിക്കറ്റെടുത്ത് ഞങ്ങൾ അകത്തുകയറി. പടം തുടങ്ങി. തുടക്കത്തിൽ തന്നെ സംവിധായകൻ വേണു നാഗവള്ളിയുടെ സ്വരത്തിലുള്ള നറേഷനായിരുന്നു. അതിനൊടുവിൽ ചുവന്ന ‍‍ജയിൽ വാതിൽ തുറന്നു കൈ ചുരുട്ടി അഭിവാദ്യം ചെയ്തുകൊണ്ട് കടന്നു വന്നു നെട്ടൂർ സ്റ്റീഫൻ എന്ന മോഹന്‍ലാൽ. കൊട്ടക മുഴുവൻ പൊട്ടിത്തെറിച്ചു. ആരവത്തിനിടയിൽ ജോബിയും  ഞാനും മാത്രം പരസ്പരം നോക്കി  നെടുവീർപ്പിട്ട് കടിച്ചു പിടിച്ച് മിണ്ടാതിരുന്നു. പതിയെപ്പതിയെ ഞങ്ങളുടെ നയം മാറിത്തുടങ്ങി. ജഗതിയുടെ എത്ര കൗണ്ടറുകൾക്ക് പൊട്ടിച്ചിരിക്കാതിരിക്കും. പടത്തിലെ  എത്ര ഡയലോഗുകൾക്ക് പ്രതികരിക്കാതിരിക്കും.

 

‘നെട്ടൂരാൻ വിളിച്ചതിൽ കൂടുതല്‍ മുദ്രാവാക്യമൊന്നും സഖാവ് സേതുലക്ഷ്മി വിളിച്ചിട്ടില്ല’ എന്ന സംഭാഷണത്തിനു കിട്ടിയ തകർപ്പൻ അപ്ലോസിന് പിന്നില്‍ പ്രവർത്തിച്ച ആൺഷോവനിസത്തിന്റെ യുക്തിയൊക്കെ ഇന്ന് ഇഴപിരിച്ചെടുക്കാൻ കഴിയുന്നുണ്ട്.

 

പക്ഷേ ആ രംഗത്ത് അഭിനയിച്ച ആക്ടറുടെ ഭാവമാറ്റവും വോയ്സ് മോഡുലേഷനും അന്നും ഇന്നും അമ്പരിപ്പിക്കുന്നത്  തന്നയാണ്.

കടപ്പുറത്ത് രാത്രിയിൽ  ചെന്ന് പൊരിഞ്ഞ അടി നടത്തിയിട്ട് നെട്ടൂരാൻ പീരുക്കണ്ണ് സായ്‍വിനോട് പടത്തിൽ പറഞ്ഞു‘ തൊറേലെ കളി നീ എന്ന പഠിപ്പിക്കല്ലേ. നിനക്കറിയാൻ പാടില്ലാത്ത കളി ഞ‍ാൻ നിന്നെ പഠിപ്പിക്കുവേ’.

 

ജോബിയും ഞ‍ാനും കുറച്ചു നേരം മമ്മൂട്ടിയാരാധകരാണെന്ന കാര്യം വിട്ടു പോയി. പടപടോന്ന് കൈകളടിച്ചു പൊട്ടിച്ചു ഞങ്ങൾ. മതി മറന്നു പലരും  മുഴുകിയ ആ  സിനിമ മൂന്നാംകിടയാണെന്നു സൈദ്ധാന്തികമായി സ്ഥാപിക്കാൻ പലർക്കും കഴിഞ്ഞേക്കാം . പക്ഷേ ചെവിയിൽ മുഴങ്ങിയ കരഘോഷത്തിന്റെ  പെരുന്നാളുകൾക്കപ്പുറം അഭിനയകലയുടെ അനശ്വരനിമിഷങ്ങള്‍ സമ്മാനിച്ചൊരു നടന്റെ സര്‍ഗ്ഗശേഷിയെ ഒാര്‍മ്മയുടെ സെല്ലുലോയ്ഡില്‍ നിന്നും മായ്ച്ചു കളയാൻ ആര്‍ക്കു കഴിയും. 

 

അന്ന് ബേബി തിയേറ്ററിൽ പടം തീര്‍ന്നു ബെല്ലടിച്ചിട്ടും മനസ്സിന്റെ തിരപ്പുറത്താ സിനിമയുടെ അലയൊതുങ്ങിയില്ല. ബസ്സ് പിടിക്കാൻ നടന്നതും കണ്ടക്ടർക്ക് പതിനഞ്ച്  പൈസ കൺസഷൻ ചാർജ് കൊടുത്തതുമെല്ലാം യാന്ത്രികമായിട്ടായിരുന്നു. ‘മനസ്സിൽ കുറ്റബോധം തോന്നിത്തുടങ്ങിയാൽ പിന്നെ  ചെയ്യുന്നതെല്ലാം യാന്ത്രികമായിരിക്കും’ എന്നാണല്ലോ പ്രമാണം, കൊള്ളാവുന്നൊരു നടനെ അത്രയും നാൾ തള്ളിപ്പറഞ്ഞത് എന്തിന്റെ പേരിലായിരുന്നെന്ന്  ഇപ്പോഴും പിടികിട്ടുന്നില്ല. എന്തായാലും അന്ന് ബസ്സ് കുതിച്ചു പായുമ്പോൾ രണ്ട് ഭയങ്കരമാന ആഗ്രഹങ്ങള്‍ മനസ്സിൽ പിടച്ചു തള്ളി വരുന്നുണ്ടായിരുന്നു.

 

നമ്പർ ഒന്ന്– പ്രായമാകുമ്പൾ ആദ്യത്തെ വോട്ട് നെട്ടൂരാന്റെ പാർട്ടിക്ക് ചെയ്യണം

 

നമ്പർ രണ്ട്– ഉര്‍വശി അവതരിപ്പിച്ച അന്നമ്മെയപ്പോലത്തെ ഒരു പെങ്കൊച്ചിനെ എന്നെങ്കിലും പ്രേമിച്ചു കെട്ടണം.

 

ഭാവിയിൽ ഉണ്ടാകാൻ പോകുന്ന പിള്ളേരോട് എട്ടാം ക്ലാസിൽ വച്ചെടുത്ത ഘോര തീരുമാനങ്ങളെക്കുറിച്ച് കഥയും പറഞ്ഞിരിക്കുന്ന രംഗം കൂടി അന്ന് ഭാവനയിൽ കാണേണ്ടതായിരുന്നു. ഇന്നാ സീൻ കോൺട്രാസ്റ്റാകുന്ന കാര്യം പരിഗണിക്കുമ്പോൾ മുറ്റ് കോമഡിയാകുമായിരുന്നു.

 

എന്നതായാലും കൊള്ളാം , കാൾ മാർക്സിനെ വായിച്ചിട്ടും കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ പഠിച്ചിട്ടും കൊടിപിടിച്ചതിൽ കൂടുതൽ പേര്  നെട്ടൂരാനെക്കണ്ട ആവേശത്തിൽ ഒരു തെരഞ്ഞെടുപ്പിലെങ്കിലും കേരളത്തിൽ ഇടതു ചെരിവിലോട്ട് വോട്ടുകുത്തിയിട്ടുണ്ടാകുമെന്നാണ് എന്റെയൊരു ഇത്. ഭാവിസന്താനങ്ങളോട് ലാല്‍സലാം കണ്ടതിന്റെ കഥ പറയുന്ന ഭാവനാരംഗം പങ്കുവച്ചിരുന്നെങ്കിൽ പ്രായോഗിക ബുദ്ധിയുടെയും ഒടുക്കത്തെ വിറ്റിന്റെയും ആശാനായ കൂട്ടുകാരൻ ജോബി മാഞ്ഞൂരാൻ അന്ന് പറഞ്ഞേക്കാമായിരുന്ന ഒരു ന്യായമുണ്ടായിരുന്നു.

 

നമ്മൾ പ്രേം നസീറെന്നു പറയുന്ന പോലായിരിക്കുമെടാ നമ്മുടെ പിള്ളേര് മോഹൻലാലിനെയൊക്കെ കാണുന്നത്’. 

ശരിയാ, കാലത്തിന്റെ കളികള്‍ ആര് കാണുന്നു.

 

‘അനന്തമ‍ജ്ഞാതമവര്‍ണ്ണനീയം

ഇൗ ലോക ഗോളം തിരിയുന്ന മാര്‍ഗ്ഗം

 അതിങ്കലെങ്ങാണ്ടൊരിടത്തിരുന്നു 

 നോക്കുന്ന മർത്ത്യൻ കഥയെന്തു കണ്ടു.!’

 

സിനിമാക്കഥ കണ്ട് പണ്ട് പ്ലാനിട്ട പോലെ തന്നെ ഒരു ക്രിസ്ത്യാനിക്കൊച്ചിനെ ഞാൻ പ്രേമിച്ചു കെട്ടി. പെണ്ണിന്റെ വീട്ടുകാരാണേല്‍ പടത്തിലെ മേടയിൽ ഇട്ടിച്ചന്റെ  വീട്ടുകാരേക്കാൾ മൂത്ത പാർട്ടി വിരുദ്ധർ. പെണ്ണിന്റെ അമ്മാവനിപ്പോൾ കോൺഗ്രസ്സിന്റെ കൊച്ചിന്‍ കോര്‍പ്പേറേഷൻ കൗൺസിലർ. കളി പോയ പോക്ക് നോക്കണേ!

 

മുപ്പതുകൊല്ലം കഴിഞ്ഞു ലാൽസലാം ഇറങ്ങിയിട്ട്. അതിലെ നായക നടന് അറുപത് തികയുന്നു. ലോകം മൊത്തം ലോക്ക് ഡൗണ‍ിൽ പെട്ടു കിടക്കുന്ന ഇൗ സമയത്ത് എന്റെ രണ്ടു മക്കൾ ലാപ് ടോപ്പിനു മുന്നിൽ പെറ്റു കിടപ്പുണ്ട്. പന്തീരായിരത്തിപ്പന്ത്രണ്ടാമത്തെ തവണയോ മറ്റോ അവർ  ആസ്വദിച്ചു കാണുകയാണ് പുലിമുരുകൻ എന്ന  പടം.

 

ആ പടം ഇഷ്ടപ്പെടാത്തവരും ഇഷ്ടപ്പെടുന്ന വരുമൊക്കെ ഇഷ്ടം പോലുണ്ടായേക്കാം. പക്ഷേ ഞാൻ വണ്ടറടിച്ചു നിൽക്കുന്നത് ഒറ്റ സംശയത്തിലാണ്. 

 

ഞങ്ങളുടെ മുൻതലമുറ  കൈയടിച്ചതിന്റെ മൂന്നിരട്ടി ആവേശത്തില്‍ ഇൗ ജനറേഷനിലെ ഒരു പത്താം ക്ലാസുകാരനും ഒന്നാം ക്ലാസുകാരനും ഒന്നിച്ചിരുന്ന്  നിങ്ങൾക്കു വേണ്ടി കൈയടിച്ചാര്‍ക്കുന്നത് ഏന്ത് മാജിക്ക് കൊണ്ടാണ് ലാലേട്ടാ?

 

ആലോചിക്കുമ്പോൾ അതിന്റെ ഉത്തരം നിവര്‍ന്നു വരുന്നുണ്ട്. തലമുറകളുടെ താല്‍പര്യങ്ങളുടെയും പൊതുജനത്തിന്റെ പലരുചികളുടെയും വ്യത്യാസങ്ങളെ അഭിനയമെന്ന മന്ത്രവാദം കൊണ്ട് നിങ്ങൾ നിസ്സാരമായി മായ്ച്ചു കളയുന്നു. അനിതര സാധാരണമായ അഭിനയ മുഹൂർത്തങ്ങളുടെ മജീഷ്യാ, മറ്റൊന്നുമല്ല. കാണികളെ നിര്‍ന്നിമേഷരാക്കും വിധത്തിൽ സ്ക്രീനിൽ വിരിച്ചിടുന്ന  ആ മാന്ത്രിക പ്രകടനങ്ങളാണ് നിങ്ങളെ മലയാളികളുടെ സ്വാകാര്യ അഹങ്കാരവും അഭിമാനവും ആക്കുന്നത്. ഇനിയുമെത്രയോ  തലമുറകളെ ഇതിലുമെത്രയോ അധികവും  വിവിധവുമായ തോതില്‍ നിങ്ങൾ  വിസ്മയിപ്പിച്ചു കൊണ്ടേയിരിക്കട്ടെ എന്നല്ലാതെ എന്താണിന്ന് ഒരു അഭിനയാരാധകന് ആശംസിക്കാനാവുക. ഒരു ജനതയെ മുഴുവൻ ആനന്ദത്തിലാറാടിച്ച നിരവധി നിമിഷങ്ങള്‍ നെഞ്ചിൽ ചേര്‍ത്തു കൊണ്ട് ഒരു മലയാളിയെന്ന നിലയിൽ നിറഞ്ഞ മനസ്സോടെ നല്‍കട്ടെ നിങ്ങൾക്കൊരു പിറന്നാൾ സല്യൂട്ട്. 

 

ലാൽസലാം അല്ല, മോഹൻലാല്‍സലാം

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com