sections
MORE

86 കിലോ ചക്ക കണ്ട ഉടനെ ‘കട്ട്’ പറഞ്ഞു; സാന്ദ്രയ്ക്കു റെക്കോർഡ് പോയി

sandra-thomas-home
SHARE

നിർമാതാവും അഭിനേത്രിയുമായ സാന്ദ്ര തോമസിന്റെ ഇരട്ട കൺമണികളായ ഉമ്മിണിതങ്കയും ഉമ്മുക്കുൽസുവും വീട്ടിലെ ഭീമൻ ചക്കയെ തൊട്ടുനോക്കുന്ന തിരക്കിലാണ്. കൺമണികൾ ചക്കയെ കെട്ടിപ്പിടിക്കുന്നതും ഉമ്മ കൊടുക്കുന്നതുമല്ലാം ക്യാമറയിൽ പകർത്തിയ സാന്ദ്ര തോമസിനും കൗതുകം. പറമ്പിൽ നിന്നു കിട്ടിയ ചക്കയുടെ ഭാരമാണ് ആ കൗതുകത്തിനു പിന്നിൽ. 86 കിലോയാണ് ഈ ഭീമൻ ചക്കയുടെ ഭാരം. കൃഷിയിടത്തിൽ നിന്നു ലഭിച്ച ചക്ക കുട്ടികളെ കാണിക്കാനായി നിലമ്പൂരിലേക്ക് കൊണ്ടു വരികയായിരുന്നെന്ന് സാന്ദ്ര തോമസ്. വീട്ടിലെത്തിച്ച് വെട്ടിക്കഴിഞ്ഞപ്പോഴാണ് ഈ ഭീമൻ ചക്ക ഒരു 'റെക്കോർഡ്' സംഭവം ആണെന്നു തിരിച്ചറിയുന്നത്. പറമ്പിൽ നിന്നു കിട്ടിയ വമ്പൻ ചക്കയുടെ വിശേഷങ്ങളുമായി സാന്ദ്ര തോമസ് മനോരമ ഓൺലൈനിൽ.      

അബദ്ധത്തിൽ വെട്ടിയ ഭീമൻ ചക്ക

ഞാനിപ്പോൾ നിലമ്പൂർ ആണുള്ളത്. ഭർത്താവിന്റെ വീടാണ് നിലമ്പൂർ. എന്റെ പേരന്റ്സിന് വടക്കഞ്ചേരി വണ്ടാഴിയിൽ കുറച്ച് കൃഷിയുണ്ട്. അവിടെയാണ് പപ്പയും മമ്മിയും താമസിക്കുന്നത്. അവിടെ നിന്നു കിട്ടിയതാണ് ഈ ഭീമൻ ചക്ക. പിള്ളേരെ കാണിക്കാൻ വേണ്ടി പപ്പയും മമ്മിയും ചക്കയിട്ട് ഇങ്ങോട്ടു കൊണ്ടു വന്നതാണ്. പിള്ളേരെക്കാളും ഉയരമുണ്ട് ചക്കയ്ക്ക്.

sandra-thomas-3

അവിടെ നിന്ന് ഭാരം നോക്കിയപ്പോൾ 86 കിലോ ഉണ്ടായിരുന്നു. മൂന്നാളു പിടിച്ചാലും പൊന്തിക്കാൻ പറ്റില്ല. അത്രയും ഭാരമുള്ള ഒരു മനുഷ്യനെ വേണമെങ്കിൽ നമുക്ക് എടുത്തുയർത്താൻ പറ്റും. പക്ഷേ, ഈ ചക്ക പൊന്തിക്കാൻ പറ്റുന്നുണ്ടായിരുന്നില്ല. റെക്കോർഡ് ഭാരമുള്ള ചക്കയാണെന്ന് അറിയാതെ വെട്ടുകയും ചെയ്തു. പിന്നെ, ആകെയൊരു ആശ്വാസമുള്ളത് ഇതുപോലൊരു ഭീമൻ ചക്ക കൂടി ആ പ്ലാവിൽ ആയി വരുന്നുണ്ട്. അടുത്ത മാസം ആകുമ്പോഴേക്കും അതു പാകമാകും. 

റെക്കോർഡാണെന്ന് അറിഞ്ഞില്ല

sandra-daughter-1

ഇതൊരു റെക്കോർഡാണെന്ന് അറിഞ്ഞിരുന്നില്ല. അറിഞ്ഞിരുന്നെങ്കിൽ ഇതു ഇത്ര പെട്ടെന്ന് വെട്ടില്ലായിരുന്നു. എല്ലാവരെയും അറിയിക്കുമായിരുന്നു. കഴിഞ്ഞ ദിവസവും ഒരു ഉണ്ടൻ ചക്ക കിട്ടിയിരുന്നു. അത് 56 കിലോയുണ്ടായിരുന്നു. ആ പ്ലാവിൽ നിന്ന് സാധാരണ കിട്ടുന്നതൊക്കെ ഇതുപോലെ നല്ല ഭാരമുള്ള ചക്കകളാണ്. ഭീമൻ ചക്ക ഒരു കോടാലി വച്ചാണ് പപ്പ വെട്ടിമുറിച്ചത്. കുറച്ചെടുത്ത് വേവിക്കാൻ വച്ചു. പിന്നെയുള്ളത് അരിഞ്ഞ് ഉണക്കി വയ്ക്കാമെന്നു കരുതുന്നു. അതാവുമ്പോൾ പുട്ടിന്റെ പൊടിയുടെ കൂടെയൊക്കെ ഉപയോഗിക്കാലോ. ചക്കക്കുരുവും കുറെയുണ്ട്. കുറേ കാലത്തേക്ക് ഇനി മുഴുവൻ ചക്കമയമായിരിക്കും. 

കുട്ടികൾക്ക് കൗതുകം

sandra-daughter

ചക്ക കൊണ്ടുവന്നതും ഇവിടെ ആഘോഷമായിരുന്നു. ഭീമൻ ചക്കയുടെ അടുത്തു നിന്ന് ഫോട്ടോ എടുക്കാനായിരുന്നു എല്ലാവർക്കും തിടുക്കം. പിള്ളേർക്ക് വലിയ കൗതുകമായിരുന്നു. അവർക്ക് ഇതിന്റെ വലിപ്പത്തെക്കുറിച്ചൊന്നും അറിയില്ലല്ലോ. അവർക്ക് രണ്ടു വയസേ ആയിട്ടുള്ളൂ. അവരെ പിടിച്ചു നിറുത്തി ഫോട്ടോ എടുക്കുമ്പോൾ ഒരു കൗതുകം.

sandra-thomas-father

അവരെ സംബന്ധിച്ചിടത്തോളം വലിയൊരു ചക്ക, അത്രേയുള്ളൂ. ഒരു ചക്കയ്ക്ക് എത്ര വലിപ്പം വരും എന്നൊന്നും അറിയാനുള്ള പ്രായം ആയിട്ടില്ലല്ലോ. പിന്നെ, നിലമ്പൂരും അത്യാവശ്യം കൃഷിയൊക്കെയുണ്ട്. ഞാൻ പിള്ളേരെക്കൊണ്ട് മൈക്രോ ഫാമിങ് ഒക്കെ ചെയ്യിപ്പിക്കും. കുട്ടികൾക്ക് മരങ്ങളും ചെടികളും കണ്ടാൽ അത് ഏതാണെന്നൊക്കെ തിരിച്ചറിയാൻ പറ്റും. അങ്ങനെയാണ് ഞാൻ അവരെ വളർത്തുന്നത്. ചെറുതായി പറമ്പിൽ കിളപ്പിക്കുകയും ഓരോ ചെറിയ പണികളും ചെയ്യിപ്പിക്കാറുമുണ്ട്. 

sandra-daughter-e

അവർ മണ്ണറിഞ്ഞു വളരട്ടെ

കുഞ്ഞുങ്ങളെ വളർത്തേണ്ടതെങ്ങനെ എന്ന് വലിയ പഠനങ്ങൾ ഒക്കെയുണ്ട് .പക്ഷേ ഈ ചോദ്യത്തിന് എന്റെ പക്കൽ ഒറ്റ ഉത്തരമേയുള്ളൂ. അവർക്ക് സന്തോഷത്തിന്റെ സൂര്യനെ കാണിച്ചു കൊടുക്കുക. അവരെ വേരുകൾ കാണിച്ചു കൊടുക്കുക. അവർ മധുരം ശേഖരിക്കട്ടെ.  ആഹ്ലാദത്തിന്റെ രുചി സ്വയം കണ്ടെത്താൻ അവരെ അനുവദിക്കുക. അവരുടെ മനസ് നിറയുന്നത് നമുക്ക് കാണാം. നമ്മുടെ മനസും. മണ്ണിനെയും മരങ്ങളെയും സ്നേഹിക്കുന്ന അതിനെ അറിഞ്ഞു വളരുന്ന കുട്ടികളെ വളർത്താൻ കഴിഞ്ഞതാണ് എന്റെ ഏറ്റവും വല്യ ഭാഗ്യം.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MOVIE NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA