ADVERTISEMENT

മോഹൻലാലിന്റെ ആദ്യകാല നായികമാരിൽ തിളക്കമുള്ള പേരാണ് ലിസിയുടേത്. ഇരുവരും തിരശീലയിൽ ഒന്നിച്ചപ്പോൾ അതിമനോഹരമായ സിനിമാ മുഹൂർത്തങ്ങൾ പിറന്നു. എൺപതുകളിൽ തുടങ്ങിയ അവരുടെ സൗഹൃദത്തിന് ഇന്നും ഒരു മാറ്റവുമില്ല. അതു വ്യക്തമാക്കുന്നതായിരുന്നു മോഹൻലാലിന് ജന്മദിനാശംസകൾ നേർന്നുകൊണ്ട് ലിസി പറഞ്ഞ വാക്കുകൾ. 'അന്നും ഇന്നും മോഹൻലാൽ ഒരു മുപ്പതുകാരനെപ്പോലെ,' ലിസി സമൂഹമാധ്യമത്തിൽ കുറിച്ചു. 

 

ലിസിയുടെ വാക്കുകൾ– "കഴിഞ്ഞ 35 വർഷമായി എനിക്ക് മോഹൻലാലിനെ അറിയാം... ഒരു സഹതാരമായി... സുഹൃത്തായി... ബിസിനസ് പങ്കാളിയായി. കഴിഞ്ഞ വർഷങ്ങളായി ഞാനും എന്റെ കുട്ടികളും അദ്ദേഹത്തോടും കുടുംബത്തോടും ഒപ്പം എത്രയോ തവണ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് സഞ്ചരിച്ചു. എത്രയോ മഹത്തരമായ ഓർമകൾ!! ആളുകൾ ചോദിക്കാറുണ്ട്, മറക്കാനാകാത്ത നിമിഷം അതിലേതാണെന്ന്. അതിന് ഉത്തരം പറയുക ബുദ്ധിമുട്ടാണ്. പക്ഷേ, ഒരു കാര്യം ഞാൻ ഇടയ്ക്കിടെ ഓർക്കാറുണ്ട്. ഞാൻ ആദ്യം കാണുമ്പോൾ അദ്ദേഹത്തിന് പ്രായം 25. എന്നാൽ ഒരു മുപ്പതുകാരനെപ്പോലെയായിരുന്നു ആളുടെ പെരുമാറ്റം. ഇന്ന് അദ്ദേഹത്തിന് പ്രായം 60. പക്ഷേ, ഇപ്പോഴും ഒരു മുപ്പതുകാരനെപ്പോലെയാണ് അദ്ദേഹം സ്വയം കൊണ്ടു നടക്കുന്നത്. എനിക്കുറപ്പുണ്ട് 90 ആയാലും അദ്ദേഹം ഒരു മുപ്പതുകാരനെപ്പോലെ തന്നെയായിരിക്കും ഇരിക്കുക. ജന്മദിനാശംസകൾ ലാലേട്ടാ!! സർവേശ്വരൻ അനുഗ്രഹിക്കട്ടെ!!

 

മോഹൻലാലിനൊപ്പമുള്ള ഫോട്ടോയ്ക്കൊപ്പമായിരുന്നു ലിസിയുടെ കുറിപ്പ്. 'ലാലേട്ടന്റെ 60!! ഒരു മുപ്പതുകാരന്റെ അറുപതാം പിറന്നാൾ' എന്ന തലക്കെട്ടാണ് ലിസി പിറന്നാൾ കുറിപ്പിനു നൽകിയത്. നിരവധി പേർ ലിസിയുടെ പോസ്റ്റിനു താഴെ മോഹൻലാലിന് ജന്മദിനാശംസകൾ നേർന്നു. ലിസിയും മോഹൻലാലും ഒന്നിച്ച റൊമാന്റിക് രംഗങ്ങൾ മലയാളത്തിലെന്നും ഓർക്കപ്പെടുന്ന നിമിഷങ്ങളാണെന്നും ആരാധകർ പ്രതികരിച്ചു. 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com