sections
MORE

കാലത്തിനു മുൻപെ സഞ്ചരിച്ച കലാകാരൻ: പത്മരാജനെ ശിഷ്യനായ അശോകൻ ഒാർക്കുന്നു

ashokan-padmarajan
SHARE

ചെന്നൈയിലെ ഫ്ലാറ്റിൽ ലോക്ക് ഡൗണിന്റെ മടുപ്പിലും ഉച്ചയുറക്കത്തിന്റെ ആലസ്യത്തിലുമായിരുന്നു മലയാളിയുടെ പ്രിയതാരം അശോകൻ.  പക്ഷെ ഫോൺ അറ്റൻഡ് ചെയ്തപ്പോൾ പത്മരാജൻ എന്ന് കേട്ടപ്പോഴേ അദ്ദേഹത്തിന്റെ പ്രിയശിഷ്യൻ ഊർജസ്വലനായി. പപ്പേട്ടനെപ്പറ്റി പറയുമ്പോൾ അശോകൻ വാചാലനായി, അത്രയധികമുണ്ട്  അദ്ദേഹത്തെക്കുറിച്ച് ഈ ശിഷ്യന് പറയാൻ.  

എന്നെ ഒരു നടനാക്കിയത് അദ്ദേഹമാണ്. അദ്ദേഹം തന്ന ആത്മവിശ്വാസമാണ് പിന്നെയും അഭിനയിക്കാൻ എനിക്ക് ധൈര്യം തന്നത്.  പത്മരാജൻ ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് പെരുവഴിയമ്പലം. അതിൽ തന്നെ അഭിനയിക്കാൻ കഴിഞ്ഞു എന്നുള്ളതും എന്റെ ഭാഗ്യമാണ്. സിനിമയെപ്പറ്റി യാതൊന്നും അറിയില്ലാത്ത ഒരു പയ്യൻ, നടനെ വേണം എന്ന പരസ്യം കണ്ടു ചെന്ന് പെട്ടതോ ഒരു അതുല്യ പ്രതിഭയുടെ മുന്നിൽ. മലയാള സിനിമയിൽ ആരും കാണിക്കാത്ത ചങ്കൂറ്റം ആണ് അന്ന് അദ്ദേഹം കാണിച്ചത്. അഭിനയിക്കാൻ ചെന്ന സമയത്ത് ഒരു ധാരണയും ഇല്ലായിരുന്നു. എന്നാൽ അദ്ദേഹത്തിന്റെ നിർദേശങ്ങളും പിന്തുണയും ലഭിച്ചപ്പോൾ ഒക്കെ എളുപ്പമായി.  അശോകൻ എന്ന നടനെ മലയാളികൾ അറിഞ്ഞത് പത്മരാജനിലൂടെയാണ്.  

പെരുവഴിയമ്പലം  ഒരുപാട് അംഗീകാരങ്ങൾ വാരിക്കൂട്ടിയ ചിത്രമായിരുന്നു. ബേസ്ഡ് റീജിയണൽ ഫിലിം എന്ന നാഷണൽ അവാർഡ് കിട്ടി, പിന്നെ ശബ്ദ ലേഖനം, സ്ക്രിപ്റ്റ് എല്ലാറ്റിനും അവാർഡ് കിട്ടി.  എന്റെ പേര് വന്നിട്ട് തള്ളിപ്പോയി എന്നാണ് അദ്ദേഹം പറഞ്ഞത്.  അന്ന് ഞാൻ യുവാവും  അല്ല ബാലനടനും അല്ല എന്ന അവസ്ഥയായിരുന്നു. അതുകൊണ്ടു ഒരു കാറ്റഗറിയിലും വന്നില്ല. പക്ഷെ കലാപരമായി മൂല്യമുള്ള ഒരു സിനിമയിൽ അഭിനയിക്കാൻ കഴിഞ്ഞു എന്നുള്ളത് വലിയൊരു കാര്യമാണ്.  അന്നത്തെ സിനിമ സങ്കൽപ്പത്തിൽ നിന്നും വ്യത്യസ്തമായൊരു രൂപമായിരുന്നു എന്റേത് എന്നിട്ടും എന്നെ അഭിനയി പ്പിക്കാൻ അദ്ദേഹം ചങ്കൂറ്റം കാണിച്ചു.  നട്ടെല്ലുള്ള ഒരു കലാകാരനായിരുന്നു പപ്പേട്ടൻ.  അന്നത്തെ എന്റെ  രൂപത്തിൽ ഉള്ള ഒരാളെ ആരും നായകനോ ഉപനായകനോ ആക്കില്ല.  കച്ചവട മൂല്യമുള്ള സിനിമകൾ മാത്രം എടുക്കുന്ന ആൾക്കാരുള്ള ഒരു സമൂഹത്തിൽ പപ്പേട്ടൻ വ്യത്യസ്തനായിരുന്നു.  പിന്നെ വന്ന ഒട്ടുമിക്ക സിനിമകളിലും അദ്ദേഹം എനിക്കൊരു വേഷം കാത്തുവച്ചു. 

അദ്ദേഹത്തിന്റെ സിനിമകളിൽ ഏറ്റവും കൂടുതൽ അഭിനയിച്ചത് ഞാനും ജഗതി ചേട്ടനും ആണ്.  തിങ്കളാഴ്ച നല്ല ദിവസം, അരപ്പട്ട കെട്ടിയ ഗ്രാമത്തിൽ, തൂവാന തുമ്പികൾ, മൂന്നാം പക്കം, സീസൺ, അദ്ദേഹം സ്ക്രിപ്റ്റ് എഴുതി മോഹൻ ഡയറക്റ്റ് ചെയ്ത ഇടവേള ഇതിലെല്ലാം മികച്ച കഥാപാത്രങ്ങൾ ആണ് ചെയ്യാൻ ഭാഗ്യം ഉണ്ടായതു.  ഞാൻ ഒരു ഇമേജ് ഉണ്ടാക്കിയത് പപ്പേട്ടന്റെ സിനിമകളിൽ കൂടി തന്നെയാണ്. ‌അദ്ദേഹത്തിന്റെ ഓരോ കഥകളും വ്യത്യസ്തങ്ങളായിരുന്നു.   മറ്റൊരു ഭാഗ്യമുള്ളതു ഇന്ന് എന്റെയും പിറന്നാളാണ്, അദ്ദേഹം ജനിച്ച അതേ ദിവസത്തിലാണ് ഞാനും ജനിച്ചത്.  അത് ഏറ്റവും വലിയ ഭാഗ്യമായാണ് ഞാൻ കരുതുന്നത്.  

കാലത്തിനു മുന്നേ സഞ്ചരിച്ച കലാകാരനാണ് പത്മരാജൻ എന്നാണ് എനിക്ക് പറയാനുള്ളത്. അദ്ദേഹത്തിന്റെ സിനിമകൾ ഇന്നത്തെ യുവത്വവും ആഘോഷിക്കുകയാണ്.  തൂവാനത്തുമ്പികൾ ഇന്നും ടീവിയിൽ വന്നുകൊണ്ടിരിക്കുകയാണ്.  ആ സിനിമ ഇറങ്ങിയപ്പോൾ ജനിച്ചിട്ടുപോലും ഇല്ലാത്ത ആളുകൾ അത് നെഞ്ചോടു ചേർക്കുകയാണ്.  അത്രയ്ക്ക് അത്യപൂർവമായ ഒരു സൃഷ്ടിയായിരുന്നു പപ്പേട്ടൻ, അതുകൊണ്ടായിരിക്കാം ദൈവം അദ്ദേഹത്തെ പെട്ടെന്ന് വിളിച്ചത്.  അത്രയ്ക്ക് വ്യത്യസ്തമായി എഴുതുന്ന ഒരാൾ പിന്നെ ഉണ്ടായിട്ടില്ല.  മലയാള സിനിമയുടെ എക്കാലത്തെയും നഷ്ടമാണ് പപ്പേട്ടന്റെ മരണം.  അക്ഷരാർത്ഥത്തിൽ എന്നെ തകർത്ത സംഭവമാണ് അദ്ദേഹത്തിന്റെ മരണം. അദ്ദേഹത്തിന്റെ പടത്തിൽ അഭിനയിക്കാൻ ആഗ്രഹിക്കാത്ത നടീനടന്മാർ ഉണ്ടായിരുന്നില്ല. പപ്പേട്ടന്റെ അസിസ്റ്റന്റ് ഡയറക്ടർ ആകാൻ ആളുകൾ ക്യൂ നിൽക്കുകയായിരുന്നു.  അത്ര മഹാനായ പ്രതിഭയായിരുന്നു അദ്ദേഹം.  സിനിമകൾ ചെയ്യുന്നതിനുമുന്നേ ഒരുപാട് ബുക്കുകൾ എഴുതി,  വളരെയധികം അംഗീകാരങ്ങൾ കിട്ടി.  പുതിയ തലമുറയ്ക്ക് സിനിമയാക്കാൻ നിരവധി കഥകൾ, ചെറുകഥകൾ, നോവലുകൾ എല്ലാം ബാക്കി വച്ചിട്ടാണ് അദ്ദേഹം പോയത്.   അദ്ദേഹത്തിന്റെ കഥാപാത്രങ്ങൾ ഇന്നും അഭ്രപാളികൾ കാത്തു കിടക്കുന്നു.  അതെടുത്തു ചെയ്യാൻ ധൈര്യപൂർവം സംവിധായകർ മുന്നോട്ടു  വന്നാൽ മാത്രം മതി.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MOVIE NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA