ADVERTISEMENT

നാൽപത് വർഷം മുമ്പുള്ള മോഹൻലാലിന്റെ കലാലയ ചിത്രം പങ്കുവച്ച് നടൻ അനിൽ നെടുമങ്ങാട് സമൂഹമാധ്യമത്തിൽ കുറിച്ച വാക്കുകള്‍ ശ്രദ്ധേയമാകുന്നു. കോളജ് മാഗസിനിലെ മോഹൻലാലിന്റെ ചിത്രവും അതുമായി ബന്ധപ്പെട്ട കഥകളുമാണ് എംജി കോളജിലെ പൂർവ വിദ്യാർഥി കൂടിയായ അനിൽ കുറിക്കുന്നത്. മാധ്യമപ്രവർത്തകനായ സി.കെ. വിശ്വനാഥൻ എഴുതിയ കുറിപ്പിൽ നിന്നും കടമെടുത്തായിരുന്നു അനിലിന്റെ എഴുത്ത്.

 

അനിൽ നെടുമങ്ങാടിന്റെ കുറിപ്പ് വായിക്കാം:

 

മോഹൻലാൽ അറുപതിന്റെ നിറവിലെത്തുമ്പോൾ എംജി കോളജ് ജീവിതത്തിന്റെ ഓർമകളുടെ ഒരു ഏടുകൂടിയാണ്. നാല്പതു വർഷം മുമ്പ് (1979) , അന്നറിയില്ലല്ലോ മദ്ധ്യത്തിൽ കാണുന്ന 'പയ്യൻ' ചരിത്രം സൃഷ്ട്ടിക്കുമെന്ന്. 

 

ഈ മാഗസിൻ പേജ് കുറേ കഥകൾ പറയുന്നുണ്ട്. ഏറ്റവും മുകളിലത്തെ വരിയിൽ ആദ്യത്തെയാളാണ് അന്ന് കോളജിലെ താരം - കാവാലം ശ്രീകുമാർ. തനതു ശൈലിയിലുളള പാട്ടുകൾ മാത്രം പാടി യുവത്വത്തിന്റെ ആരാധ്യനായി മാറിയ സൗമ്യരൂപം. കോളജ് ആർട്സ് ഫെസ്റ്റിവൽ നാടക മത്സരത്തിൽ രണ്ടാം സ്ഥാനക്കാരനായിരുന്നു ലാൽ.

 

തൊട്ടടുത്ത വർഷമായിരുന്നു മഞ്ഞിൽ വിരിഞ്ഞ പൂക്കൾ റിലീസ് ചെയ്യുന്നത്. സിനിമയുടെ വിജയാഘോഷങ്ങൾക്കിടെ ലാൽ ബികോം മൂന്നാം വർഷം പൂർത്തിയാക്കി. കോളജ് ഡേ ആഘോഷത്തിനാണ് താരപരിവേഷത്തോടെ വീണ്ടും വരുന്നത്. 

 

പഴയ നാടകം ഒന്നുകൂടി അരങ്ങേറി. കുട്ടകം കുട്ടൻപിള്ള എന്ന കഥാപാത്രമായി ഒരു പരകായപ്രവേശം. രേവതി കലാമന്ദിർ സുരേഷ് കുമാറിനൊപ്പം നിർമാതാവായ സനൽകുമാറും അന്ന് നാടകത്തിൽ ഒരു പ്രധാന വേഷം ചെയ്തിരുന്നു.

 

എം.ജി കോളജിന്റെ പ്രധാന കെട്ടിടത്തിൽ നിന്ന് മാറി പിൻഭാഗത്ത് കുന്നിനു താഴെ ചെറിയൊരു രണ്ടുനില കെട്ടിടത്തിലാണ് കോമേഴ്സ് വിഭാഗം. അന്ന് തമാശയ്ക്ക് മുട്ടട കോളജ് എന്നാണ് കോമേഴ്സ് ബ്ലോക്കിനെ വിളിച്ചിരുന്നത്. 

 

എം.ജി.കോളജിന്റെ പിൻഭാഗത്തെ കവാടമായ പരുത്തിപ്പാറയിൽ നിന്ന് കോമേഴ്സ് ബ്ലോക്കിലേക്ക് പ്രത്യേക വഴി ഉണ്ടായിരുന്നതുകൊണ്ട് മുഖ്യധാരയിൽ നിന്ന് മാറി നടക്കുന്നവരായിരുന്നു കൊമേഴ്സുകാർ. സ്വഭാവികമായി ലാലിന്റേയും സഞ്ചാരപഥം അതായി.

 

കോമേഴ്സ് ബ്ലോക്കിന് താരപരിവേഷത്തിന്റെ കഥ പിന്നെയുമുണ്ട്. നടൻ ജഗദീഷ് അദ്ധ്യാപകനായിട്ടാണ് ഇവിടെയെത്തുന്നത്. പിന്നീട് ലാലിനൊപ്പം ജഗദീഷും വെള്ളിത്തിരയിലെത്തുന്നത് പ്രിയദർശന്റെ ഓടരുതമ്മാവാ ആളറിയാം എന്ന ചിത്രത്തിൽ.

 

അന്നത്തെ പ്രിൻസിപ്പൽ കളത്തിൽ ഗോപാലകൃഷ്ണൻ നായരേയും ഇതോടൊപ്പം ഓർമിക്കേണ്ടതുണ്ട്. ലാൽ ഉൾപ്പെടെ അഭിനയ താല്പര്യമുള്ളവർക്ക് ഒപ്പം നിന്നിരുന്ന അദ്ധ്യാപകൻ. കോളജ് നാടകത്തിൽ അദ്ദേഹവും പങ്കാളിയായി. പ്രിൻസിപ്പലായതു കൊണ്ട് റിഹേഴ്സലിന് കുട്ടികൾക്കൊപ്പം വരാൻ ഒരു ചമ്മൽ. ജഗദീഷ് ആണ് പോംവഴി കണ്ടെത്തിയത്. പ്രിൻസിപ്പൽ റൂമിൽ വച്ച് ഡയലോഗ് പഠിക്കാൻ ജഗദീഷാണ് സഹായി ആയത്. അധ്യാപകനായതു കൊണ്ട് ജഗദീഷിന് പ്രിൻസിപ്പൽ റൂമിൽക്കയറി അഭിനയിക്കാം.

നാലു പതിറ്റാണ്ട്‌ പിന്നിടുമ്പോൾ ആ കലാലയ മുത്തശ്ശി ഇന്ന് അഭിമാനം കൊള്ളുന്നു - അതിന്റെ സൂപ്പർ താരപുത്രനെ ഓരോ മലയാളിയും നെഞ്ചിലേറ്റിയതോർത്ത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com