sections
MORE

ആടുജീവിതം; ലോക്ഡൗണിൽ ചെലവായത് രണ്ടിരട്ടി; അടുത്ത ഷെഡ്യൂൾ നമീബിയയിൽ

blessy-prithviraj
SHARE

കൊച്ചി ∙ കോവിഡ് ലോക്‌ഡൗണിനെ തുടർന്നു ജോർദാനിൽ കുടുങ്ങിയ നടൻ പൃഥ്വിരാജും സംവിധായകൻ ബ്ലെസിയുമടക്കമുള്ള സിനിമാപ്രവർത്തകർ ഇന്നലെ രാവിലെ കൊച്ചിയിൽ തിരികെ എത്തി. അമ്മാനിൽ നിന്ന് എയർ ഇന്ത്യ, ഡൽഹി വഴി നടത്തിയ പ്രത്യേക സർവീസിൽ 58 അംഗ സിനിമാപ്രവർത്തകരുൾപ്പെടെ 142 പേർ കൊച്ചിയിലെത്തി. 45 പേർ ‍ഡൽഹിയിലിറങ്ങി. സർക്കാർ നിർദേശം പാലിച്ചു 14 ദിവസം സംഘം നിരീക്ഷണത്തിൽ കഴിയും.

വിമാനത്താവളത്തിൽ നിന്ന് ആദ്യം പുറത്തിറങ്ങിയ പൃഥ്വിരാജ് സ്വയം കാറോടിച്ചാണു നിരീക്ഷണ കേന്ദ്രത്തിലേക്കു പോയത്.‌ ഷൂട്ടിങ്ങിനിടെ കതകിനിടയിൽ കുടുങ്ങി വിരലിനു പരുക്കേറ്റതിനാൽ കൈയിൽ പ്ലാസ്റ്ററുമായാണു ബ്ലെസിയെത്തിയത്. കൈക്കുഴ തെറ്റിയിട്ടുണ്ട്. പൃഥ്വിരാജ് ഫോർട്ട് കൊച്ചിയിലെ പെയ്ഡ് ക്വാറന്റീൻ സൗകര്യത്തിലേക്കു പോയപ്പോൾ കൈയ്ക്കു പരുക്കുളളതിനാൽ ബ്ലെസിക്ക് തിരുവല്ലയിലെ വീട്ടിൽ ക്വാറന്റീനിൽ കഴിയാൻ അധികൃതർ ഇളവു നൽകി. മറ്റുള്ളവർക്ക് കളമശേരി രാജഗിരി ഹോസ്റ്റലിലും തൃശൂർ, പാലക്കാട് ജില്ലകളിലെ കേന്ദ്രങ്ങളിലുമാണ് ക്വാറന്റീൻ.

ആടുജീവിതമെന്ന സിനിമയുടെ ചിത്രീകരണത്തിനാണു സംഘം ജോർദാനിൽ പോയത്. മാർച്ച് 16 നു തുടങ്ങിയ ഷൂട്ടിങ് അവിടെ ലോക്ഡൗൺ പ്രഖ്യാപിച്ചതോടെ ഏപ്രിൽ ഒന്നിനു നിർത്തി. പിന്നീട് ഇളവുകൾ ലഭിച്ചപ്പോൾ ഷൂട്ടിങ് പൂർത്തിയാക്കിയെങ്കിലും വിമാന സർവീസില്ലാതിരുന്നതിനാൽ മടക്കയാത്ര വൈകി. ജോർദാനിലെ ഇന്ത്യൻ സ്ഥാനപതി അൻവർ ഹലീം സംഘത്തെ യാത്രയാക്കാൻ എത്തിയിരുന്നു.

ഏകദേശം 3 മാസത്തിനു ശേഷം പൃഥ്വിരാജും സംഘവും തിരികെ എത്തിയതിൽ സന്തോഷമുണ്ടെന്നും കാത്തിരിപ്പ് കഠിനമായിരുന്നുവെന്നും പൃഥ്വിരാജിന്റെ ഭാര്യ സുപ്രിയ ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

മരുഭൂമി പഠിപ്പിച്ചത് അതിജീവനം: ബ്ലെസി

കൊച്ചി ∙ ജോർദാനിലെ വാദിറാം മരുഭൂമിയിലെ ലോക്ഡൗൺ ജീവിതം വലിയ പാഠങ്ങളാണു പകർന്നു നൽകിയതെന്നു സംവിധായകൻ ബ്ലെസി. ഒരിക്കലും നേരിടാത്ത സാഹചര്യത്തിലൂടെ ലോകം കടന്നു പോകുന്നതിന്റെ എല്ലാ ആകുലതകളും സെറ്റിലുണ്ടായിരുന്നു. 

ഒന്നും ചെയ്യാനില്ലാതെ അറുപതോളം പേർ സെറ്റിൽ പരസ്പരം നോക്കി ഇരിക്കുക എളുപ്പമായിരുന്നില്ല. ലോക്ഡൗൺ നീണ്ടതോടെ ബജറ്റ് താളം തെറ്റി. നാട്ടിൽ ചെലവാകുമായിരുന്ന തുകയുടെ രണ്ടിരട്ടിയാണു ഷൂട്ടിങ്ങിനു വേണ്ടി വന്നത്.

അവിടെ വ്യവസായിയായ തിരുവനന്തപുരം സ്വദേശി സനൽകുമാറാണു ഷൂട്ടിങ് അനുമതി ഉൾപ്പെടെയുളള എല്ലാ കാര്യങ്ങളിലും സഹായവുമായി കൂടെ നിന്നത്. നമീബിയയിലാണ് അടുത്ത ഷെഡ്യൂൾ– ബ്ലെസി പറഞ്ഞു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MOVIE NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA