ADVERTISEMENT

‘കൃഷിയെ ആത്മാർത്ഥമായി സ്നേഹിക്കുന്ന നടൻ’. സിനിമയിലും സീരിയലിലും മാത്രമല്ല കൃഷിയിലും തന്റേതായ സ്ഥാനം കണ്ടെത്തി കഴിവ് തെളിയിച്ചിട്ടുള്ള കിസാൻ കാർഡ് ഉടമയും കർഷകശ്രീ അവാർഡ് ജേതാവുമായ നടനാണ്, നിരണത്ത് മകയിരം കൃഷ്ണപ്രസാദ്. മനസില്ലാ മനസോടെ കാർഷിക രംഗത്തേയ്ക്ക് ഇറങ്ങിത്തിരിച്ച ഈ കലാകാരൻ ഇന്ന് ഈ മേഖലയിൽ നൂറുമേനി കൊയ്യുന്നു. കൃഷിയെ സ്നേഹിക്കുന്നവർക്കും അതിനോട് താത്പര്യമുള്ളവർക്കും വേണ്ടി അദ്ദേഹം തുടങ്ങിയ യൂട്യൂബ് ചാനലാണ് 'കർഷകശ്രീ കൃഷ്ണപ്രസാദ്'. ജീവിത വിേശഷങ്ങളുമായി കൃഷ്ണപ്രസാദ് മനസുതുറക്കുന്നു.

 

●  ഒരു സെലിബ്രിറ്റി യുവകർഷകൻ. എങ്ങനെയായിരുന്നു തുടക്കം?

 

പതിമൂന്നു വർഷങ്ങൾക്കു മുൻപ് എന്റെ അച്ഛൻ മരിച്ചപ്പോളാണ് ഞാൻ ആദ്യമായി കൃഷി ചെയ്യുന്നത്. പൊതുവേ യുവാക്കൾ കൃഷിയിലേക്ക് വരാൻ മടിച്ചിരുന്ന ഒരു കാലമായിരുന്നു അത്. മനസ്സില്ലാ മനസ്സോടെയാണ് അന്ന് ഞാൻ  കൃഷിയിലേക്ക് ഇറങ്ങിയതെങ്കിലും ആദ്യത്തെ വിളവെടുപ്പിനു ശേഷം കാർഷിക മേഖലയിൽ തന്നെ സജീവമാവുകയായിരുന്നു. 

 

അന്ന് പാട്ടത്തിനു കൊടുത്ത പാടങ്ങൾ തിരികെയെടുത്ത് കൃഷിക്കായി ഉപയോഗിക്കാനുള്ള പ്രവർത്തനങ്ങളൊക്കെ അതോടൊപ്പം ചെയ്തു. പിന്നീട് കുട്ടനാട് പാക്കേജ്, പാടശേഖരങ്ങളുടെ ഫണ്ട് പ്രശ്നങ്ങൾ തുടങ്ങിയ കാര്യങ്ങളിൽ ഒക്കെ സജീവമാകാൻ സാധിച്ചു. മലയാളി യുവാക്കൾക്ക് പൊതുവേ കൃഷിയോട് ഒരു താല്പര്യകുറവുണ്ട് എന്ന് എനിക്ക് തോന്നിയിട്ടുണ്ട്. പക്ഷെ ഈ കൊറോണക്കാലം നല്ലൊരു തിരിച്ചറിവ് യുവാക്കൾക്കിടയിലുണ്ടാക്കിയിട്ടുണ്ട്. ഒരുപാടാളുകൾ കൃഷിയിലേയ്ക്ക് തിരിച്ചുവരുന്നു.

 

● കൃഷ്ണപ്രസാദ്‌ എന്ന കർഷകനെയാണോ നടനെയാണോ കൂടുതൽ ഇഷ്ടപ്പെടുന്നത്?

krishnaprasad-home-1

 

എനിക്ക് ഇത് രണ്ടും ആവശ്യമാണ്. സിനിമയിൽ അഭിനയിക്കുന്ന കർഷകൻ എന്ന രീതിയിൽ അറിയപ്പെടാനാണ് ഞാൻ ശ്രമിക്കുന്നത്. എന്നെ സംബന്ധിച്ചിടത്തോളം കൃഷി എന്നത് ഒരു കുട്ടിയെ വളർത്തുന്നത് പോലെയാണ്. കൃഷിയുമായുള്ള ബന്ധവും സ്നേഹവും തരുന്ന മനഃസുഖം വേറെ ഒന്നിലും കിട്ടിയിട്ടില്ല. അതേപോലെ നട്ടുവളർത്തുന്നവയ്ക്ക് കേടുപാടുകൾ സംഭവിക്കുമ്പോൾ അനുഭവിക്കുന്ന വിഷമവും വലുതാണ്. 

 

കൃഷി ചെയ്യുമ്പോഴുള്ള സുഖദുഃഖങ്ങൾ അനുഭവിക്കുക എന്നത് വലിയൊരു കാര്യം തന്നെയാണ്. മോഹൻലാലും മമ്മൂട്ടിയും ഉൾപ്പടെയുള്ളവർ കർഷകനായ കൃഷ്ണപ്രസാദിനെയാണ് കൂടുതൽ സ്നേഹിക്കുന്നത്. എന്നെ കാണുമ്പോൾ കൃഷിയെപ്പറ്റിയാണ് എല്ലാവരും കൂടുതൽ തിരക്കാറുമുള്ളത്. ഞാൻ ഒരു നടൻ മാത്രമാണെങ്കിൽ ഒരുപക്ഷേ എനിക്ക് ഇപ്പോൾ അവരിൽ നിന്നും ലഭിക്കുന്ന കരുതൽ എത്രത്തോളമുണ്ടാവും എന്നതിൽ സംശയമുണ്ട്. എന്റെ യൂട്യൂബ് ചാനലിനും അവരെല്ലാം വലിയ സപ്പോർട്ട് ആണ് തരുന്നത്. കാർഷികവൃത്തിയെക്കുറിച്ചാണ് ഞാൻ ക്ഷണിക്കപ്പെട്ട വേദികളിൽ ഏറ്റവും കൂടുതൽ സംസാരിക്കാറുമുള്ളത്. 

 

ഗവണ്മെന്റിന്റെ ഭാഗത്ത്‌ നിന്നുള്ള സഹായങ്ങൾ?

 

krishnaprasad-1

എന്നെ സംബന്ധിച്ചിടത്തോളം കൃഷിയാണ് ഏറ്റവും സന്തോഷം തരുന്ന മേഖല. ഞാൻ ഒരു കിസാൻ കാർഡ് ഉടമയാണ് എന്നു പറയുന്നതിനോളം വില മറ്റൊരു കാർഡും എനിക്ക് നൽകിയിട്ടില്ല. ഒരു കിസാൻ കാർഡ് എന്റെ കൈയിൽ ഉണ്ട് എന്ന് ഞാൻ എപ്പോഴും അഭിമാനത്തോടെ പറയാറുണ്ട്. ഈയിടെ രണ്ട് കോളജ് അധ്യാപകർ എന്നെ വിളിച്ച് കിസാൻ കാർഡിന്റെ വിവരങ്ങൾ തിരക്കിയിരുന്നു. അതിൽ നിന്നും എനിക്ക് മനസ്സിലായത് ഈ കൊറോണക്കാലം ചിലരെങ്കിലും  കൃഷിയെ തിരിച്ചറിയാനും കിസാൻ കാർഡ് എടുക്കാനുമൊക്കെയായി വിനിയോഗിച്ചു എന്നുതന്നെയാണ്. അത് നല്ലൊരു കാര്യമായി തോന്നി. പിന്നെ, ഇനിയുള്ള കാലം ക്ഷാമം വരാൻ സാധ്യത ഉള്ളതുകൊണ്ട് ഗവണ്മെന്റ് നൽകുന്ന സഹായങ്ങൾ സ്വീകരിച്ച് നമുക്ക് ചുറ്റുമുള്ള ചെറുതോ വലുതോ ആയ സ്ഥലത്ത് കൃഷി ചെയ്ത് ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്തേണ്ടതാണ്. മുന്നോട്ടുള്ള ജീവിതത്തിൽ അത് വളരെ സഹായകരമാകും.

 

● കർഷകൻ എന്ന നിലയിൽ ഏറ്റവും സന്തോഷം തോന്നിയ നിമിഷം?

 

ഇടുക്കിയിലെ ഒരു സ്കൂൾ പ്രോഗ്രാമിൽ അതിഥിയായി പോയപ്പോഴാണ് ആദ്യമായി കർഷകനായ കൃഷ്ണപ്രസാദ് എന്ന നിലയിലുള്ള ഉത്തരവാദിത്വങ്ങൾ കൂടിയതായി ഞാൻ മനസ്സിലാക്കിയത്. എസ്എസ്എ യുടെ ഏഴാം ക്ലാസ് ചോദ്യപേപ്പറിൽ കർഷകനായ കൃഷ്ണപ്രസാദിനെപ്പറ്റി എഴുതാൻ പറഞ്ഞുള്ള ഒരു ചോദ്യം ആ വർഷത്തെ പരീക്ഷയ്ക്ക് വന്നു. അദ്ധ്യാപകനായിരുന്ന അച്ഛന്റെ മകൻ എന്ന നിലയിൽ സർക്കാർ ചോദ്യപ്പേപ്പറിൽ എന്നെപ്പറ്റി ഒരു ചോദ്യം വന്നത് വളരെ വലിയ സന്തോഷമാണ് തന്നത്. എന്നിലെ തെറ്റുകുറ്റങ്ങളും അപാകതകളും മാറ്റാനുള്ള അവസരമായി അതിനെ ഞാൻ കണ്ടു. അടുത്ത തലമുറയ്ക്ക് നല്ല മോഡൽ ആവാനുള്ള ശ്രമത്തിന്റ ഭാഗമായി ഞാൻ സ്വയം തിരുത്തി. 

 

● ഉണ്ണിപിള്ള സർ എന്ന കർഷകൻ, പൊതുപ്രവർത്തകൻ, അദ്ധ്യാപകൻ. അച്ഛനെപ്പറ്റി ഓർമിക്കുമ്പോൾ?

 

കൃഷിയോടുള്ള അച്ഛന്റെ അർപ്പണ ബോധം വളരെ വലുതായിരുന്നു. ഒരു പൊതുപ്രവർത്തകൻ എന്ന നിലയിലും അച്ഛൻ വളരെ സജീവമായിരുന്നു. എൺപതാം വയസ്സിലാണ് അച്ഛൻ മരിക്കുന്നത്. ഞങ്ങളുടെ പാടത്തു നിന്നും കൊയ്‌തനെല്ല് കൃഷിയിടത്തിൽ നിന്നും കൊണ്ടു വന്നതിനു ശേഷമാണ് അച്ഛനു വയ്യാതാവുന്നത്. അധ്യാപകൻ എന്ന നിലയിൽ വിശാലമായ ശിഷ്യസമ്പത്തും അച്ഛനുണ്ടായിരുന്നു. സിനിമയുൾപ്പടെ പല മേഖലകളിലും ഞാൻ സജീവമാണെങ്കിലും ഉണ്ണിപിള്ള സാറിന്റെ  മകൻ എന്ന പേരിലാണ് ഇപ്പോഴും ഞാൻ അറിയപ്പെടുന്നത്. അത് നൽകുന്നത് വളരെ വലിയ ഉത്തരവാദിത്വമാണ്. കാർഷിക രംഗത്ത് ഞാൻ ചെയ്യുന്ന ചെറുതോ വലുതോ ആയ

കാര്യങ്ങൾ, എന്നെക്കൊണ്ട് സാധിക്കുന്ന കാര്യങ്ങൾ അവയെല്ലാം അച്ഛനുള്ള ഒരു സമർപ്പണമായാണ് ഞാൻ കരുതുന്നത്. അതിൽ വളരെയധികം സന്തോഷവുമുണ്ട്.

 

● അച്ഛന്റെ സ്മരണാർത്ഥം പരിപാടികൾ സംഘടിപ്പിക്കാറുണ്ടല്ലോ. അതേപ്പറ്റി?

 

എല്ലാവർഷവും സംഘടിപ്പിക്കാറുണ്ട്. അതേപ്പറ്റി ഇപ്പോൾ ഓർമിക്കുമ്പോൾ മനസ്സിൽ വരുന്നത് എ പി ജെ അബ്ദുൽ കലാം സർ തിരുവനന്തപുരത്ത് ഒരു സയൻസ് കോൺഫെറൻസിൽ ഭക്ഷ്യസുരക്ഷയെപ്പറ്റി പറഞ്ഞതാണ്. എന്നാൽ അതിനും മാസങ്ങൾക്കു മുമ്പ് തന്നെ, കർഷകർക്കുവേണ്ടി ഒരു ചടങ്ങ്, അതും അച്ഛന്റെ സ്മരണാർത്ഥം നടത്താൻ പറ്റി എന്നതിൽ സന്തുഷ്ടനാണ് ഞാൻ. രണ്ടായിരത്തിയെട്ടിലാണ് ആയിരകണക്കിനു കർഷകരെയും കർഷക തൊഴിലാളികളെയും പാളത്തൊപ്പിയും പൊന്നാടയും അണിയിച്ച് ആദരിച്ച വലിയൊരു ചടങ്ങ് ഞങ്ങൾ നടത്തിയത്. 'ഭക്ഷ്യസുരക്ഷക്കായി കർഷക കൂട്ടായ്മ' എന്നപേരിൽ സംഘടിപ്പിച്ച ആ പരിപാടിക്ക് മികച്ച പിന്തുണയാണ് ലഭിച്ചത്‌. വലിയൊരു അനുഭവം ആയിരുന്നു ആ ചടങ്ങ്. എന്റെ അറിവിൽ കേരളത്തിൽ ആദ്യമായാണ് ഇത്തരത്തിൽ ഒരു പരിപാടി സംഘടിപ്പിക്കപ്പെടുന്നത്. കർഷകർ ആദരിക്കപ്പെടേണ്ട വിഭാഗമാണ് എന്ന് വിളിച്ചുപറയുകയായിരുന്നു ആ ചടങ്ങ്.

 

30 വർഷത്തിനുള്ളിൽ 150 ലേറെ സിനിമകളിൽ അഭിനയിച്ചു. ഒട്ടനവധി കഥാപാത്രങ്ങൾ. സിനിമയും സീരിയലും തന്ന അനുഭവങ്ങൾ?

 

ഒരിക്കലും സീരിയലും സിനിമയും രണ്ടായി ഞാൻ കണ്ടിട്ടില്ല. അഭിനയം എന്ന കലയ്ക്കാണ് ജീവിതത്തിൽ പ്രധാന്യം നൽകുന്നതും. എം.ടി. സാറിന്റെയും കെ.എസ്‌. സേതുമാധവൻ സാറിന്റെയും കൂട്ടായ്മയിൽ പിറന്ന വേനൽകിനാവുകളിലാണ് ആദ്യമായൊരു നായകവേഷം ചെയ്യുന്നത്. ഏകദേശം ആ സമയത്ത് തന്നെ വൃത്താന്തം എന്ന ദൂരദർശൻ സീരിയലിലിലും നായകനായി. പിന്നീട് ഒരുപാട് സിനിമകളും സീരിയലുകളും ചെയ്തു. 

 

ചലച്ചിത്രപ്രവർത്തകർ സീരിയലിനെ രണ്ടാം കിടയായി കണക്കാക്കിയ ഒരു സമയം ഉണ്ടായിരുന്നു. ഒരു കലാകാരൻ എന്ന നിലയിൽ ആ സമയത്തും ഞാൻ സീരിയലുകൾ ചെയ്തിട്ടുണ്ട്. ആ സമയത്ത് നടന്ന സിനിമാ സീരിയൽ സമരങ്ങൾക്കു ശേഷം സീരിയൽ രണ്ടാംകിടയാണ് എന്ന രീതിയിലുള്ള അഭിപ്രായങ്ങൾ മാറി. ചലച്ചിത്ര പ്രവർത്തകരിൽ പലരും സീരിയൽ മേഖലയിൽ കയ്യൊപ്പ് പതിപ്പിക്കുകയും ചെയ്തു. 

 

സമക്ഷത്തിലെ അഭിനയത്തിന് ക്രിട്ടിക്സ് അവാർഡ് ലഭിച്ചു. നാലുകെട്ടിലെ അപ്പുണ്ണി, സമക്ഷം, സമയം, മെഗാസൂപ്പർ ഹിറ്റായ സ്ത്രീ അങ്ങനെ കുറെ നല്ല സീരിയലുകളിൽ അഭിനയിക്കാൻ സാധിച്ചു. സമയത്തിലെ പൊട്ടൻ നാരായണൻ എന്ന മന്ദബുദ്ധിയായ കഥാപാത്രം മറക്കാൻ പറ്റാത്ത അനുഭവമാണ്. അത്രയ്ക്ക് വ്യത്യസ്തവും അതെപോലെ ബുദ്ധിമുട്ടുള്ളതും ആയിരുന്നു ആ വേഷം.

 

● പത്മരാജൻ എന്ന സംവിധായകന്റെ ചിത്രത്തിലൂടെയാണ് ചലച്ചിത്ര ലോകത്തേക്ക്. അതേപ്പറ്റി?

 

പത്മരാജൻ സാറിന്റെ മരണം മറ്റു പലരേയും പോലെ എന്നെ സംബന്ധിച്ചിടത്തോളവും വലിയ നഷ്ടമാണ്. അദ്ദേഹത്തിന്റെ മൂന്നാംപക്കം എന്ന ചിത്രത്തിലൂടെ സിനിമയിൽ അരങ്ങേറ്റം കുറിച്ചത് ഒരു ഭാഗ്യമായി കണക്കാക്കുന്നു. അദ്ദേഹത്തിന്റെ സീസൺ എന്ന ചിത്രത്തിലും ശ്രദ്ധേയമായ ഒരു വേഷം ചെയ്യാൻ സാധിച്ചു. ഒന്നിനൊന്നു വ്യത്യസ്തമായ കഥകളും വിഷയങ്ങളും സിനിമകളാക്കിയ ഒരാളുടെ നഷ്ടം വളരെ വലുതാണ്. അദ്ദേഹത്തിന്റ അഭാവം ഭീകരമാണ്. ശിവാജി ഗണേശൻ സാറിനൊപ്പം ഒരു യാത്രാമൊഴിയിൽ അഭിനയിക്കാൻ സാധിച്ചത് ജീവിതത്തിൽ മറക്കാൻ പറ്റാത്ത അനുഭവമാണ്.

 

● കലാരംഗത്തേക്കുള്ള ചുവടുവയ്പ്? 

 

'പ്രിസം' എന്ന നാടകത്തിൽ എഴുപതു വയസ്സുള്ള ഒരു കിളവനായാണ് ആദ്യമായി ഞാൻ വേഷമിട്ടത്. എനിക്ക് എട്ടു വയസ്സുള്ളപ്പോൾ ആയിരുന്നു അത്. അന്നുമുതലേ ഞാനൊരു നാടകപ്രേമിയും നാടകഭ്രാന്തനുമാണ്. രണ്ടു തവണ എം ജി യൂണിവേഴ്‌സിറ്റി ബെസ്റ്റ് ആക്ടർ ആയിട്ടുണ്ട്. നാടകത്തോടുള്ള എന്റെ  അടുപ്പമാണ് എന്നെ സിനിമയിൽ എത്തിച്ചതും. 

 

● ഇപ്പോഴും എങ്ങനെയാണ് ഈ ഫിറ്റ്നസ് നിലനിർത്തുന്നത്?

 

മനസികസന്തോഷം ഫിറ്റ്നസ്സിൽ വലിയ പങ്ക് വഹിക്കുന്നുണ്ടെന്നാണ് ഞാൻ കരുതുന്നത്. ഒരു മാറ്റത്തിനു വേണ്ടി താടിയും മുടിയും വളർത്തി. പുതിയ തലമുറയോടൊപ്പം മുന്നേറാനും മനസ്സ് ചെറുപ്പമായിരിക്കാനും അത് സഹായിക്കുന്നു. 

 

● പുതിയ സിനിമ?

 

വരാനിരിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ് കുഞ്ഞാലി മരയ്ക്കാർ. അതിൽ ശ്രദ്ധേയമായൊരു വേഷമാണ്. നാളേക്കായ്‌ എന്ന പടം ഷൂട്ടിംഗ് പൂർത്തിയാകുന്നു. സിനിമയിൽ സജീവമാകാൻ വേണ്ടി ഈ കൊറോണക്കാലം മാറാൻ ഞാനും കാത്തിരിക്കുകയാണ്.

 

● വീട്ടുകാരുടെ പിന്തുണ?

 

ഭാര്യ രശ്മി വീട്ടമ്മയാണ്. എനിക്ക്‌ രണ്ടു പെണ്മക്കളാണ്. മൂത്തവൾ പ്രാർഥന കൃഷ്ണ പത്താം ക്ലാസിലും ഇളയവൾ പ്രപഞ്ച കൃഷ്ണ ആറാം ക്ലാസിലും പഠിക്കുന്നു. മൂന്നുപേരും ഒരേപോലെ കൃഷിയിൽ സഹായിക്കാറുണ്ട്. മാനസികമായ സന്തോഷമാണ് മറ്റെല്ലാ മേഖലയിലേതും പോലെ കൃഷിയിലും ആവശ്യം. എന്റെ ഉയർച്ചയിലും തളർച്ചയിലും അവർ എന്നോടൊപ്പമുണ്ട്.

 

● സുഹൃത്ബന്ധങ്ങൾ?

 

ജനിച്ചു വളർന്ന നാട്ടിൽ തന്നെ താമസം ആയതുകൊണ്ട് തന്നെ സുഹൃത്ത് ബന്ധങ്ങൾ കൂടുതൽ ദൃഢമാണ്. നവമാധ്യമങ്ങളുടെ സ്വാധീനമില്ലാതെ തന്നെ അവരോട് നേരിട്ടാണ് ഇടപഴകാറുള്ളത്‌. പഠിച്ചതും വളർന്നതുമെല്ലാം ഇവിടെതന്നെയാണ്.  

 

● ചാവേർപ്പടയിലെ വില്ലൻ വേഷം ഇപ്പോൾ വൈറൽ ആവുകയാണല്ലോ. അതേപ്പറ്റി?

 

ട്രോളിൽ മുഴുവനും അതാണ്. ലാലേട്ടനൊപ്പം ചെയ്ത മിഴികൾ സാക്ഷി എന്നതിലെ വില്ലൻ വേഷമാണ് ഞാൻ ചാവേർപ്പടയിലെ വില്ലനേക്കാളും ഇഷ്ടപ്പെടുന്നത്. ചാവേർപ്പടയിൽ പാവത്തനായി വന്നു വില്ലനാവുന്ന വേഷമായിരുന്നു. ഒരാളുടേയും പേർസണൽ ലൈഫ് മനപൂർവം ട്രോളിൽ ആക്കുന്നതിനോട് യോജിപ്പില്ല. പിന്നെ ഇത്തരത്തിലുള്ള കാര്യങ്ങൾ ഞാൻ ശ്രദ്ധിക്കാറില്ല.

 

● പുതിയ തലമുറയോട് എന്താണ് പറയാനുള്ളത് പ്രത്യേകിച്ച് സിനിമയിലുള്ള യുവതലമുറയോട്?

 

പുതിയ തലമുറയ്ക്ക് അർപ്പണം കുറവാണോ എന്നൊരു സംശയമുണ്ട്. ഏതു പ്രവർത്തിയും കൃത്യമായ അർപ്പണബോധത്തോടെ ചെയ്യുമ്പോൾ നല്ല റിസൾട്ട് കിട്ടും. ചെയ്യുന്ന ജോലിയോടുള്ള അർപ്പണമാണ് ജീവിതത്തിൽ ഏറ്റവും അവശ്യമായതും. ലോകത്ത് ഭക്ഷ്യക്ഷാമമാണ് ഇനിയുള്ള കാലം നാം നേരിടാൻ പോകുന്ന ഏറ്റവും വലിയ വിപത്ത്. അതേപോലെ ഭക്ഷ്യസുരക്ഷയുള്ളിടമാകും ഇനിയുള്ള കാലം ഒരുപക്ഷേ ലോകത്തെ മുൻനിര രാജ്യമായി മാറുന്നത്പോലും. കേരളമാണ് ഭക്ഷ്യസുരക്ഷയിൽ ഇപ്പോൾ പിന്നിൽ നിൽക്കുന്ന സംസ്ഥാനം എന്ന് തോന്നിയിട്ടുണ്ട്‌. 

 

പച്ചക്കറി ഉൾപ്പടെയുള്ള അവശ്യവസ്തുക്കൾ നമ്മൾ പുറത്തുനിന്നും എത്തിക്കുകയാണ്. ഈ സാഹചര്യം ഇനിയും മാറിയില്ലെങ്കിൽ വലിയ തോതിലുള്ള ക്ഷാമം നമുക്ക് അനുഭവപ്പെട്ടേക്കാം. അതുകൊണ്ട് എല്ലാവരും ഒരു ചെറിയ അടുക്കളത്തോട്ടം അവരവരുടെ വീട്ടിൽ തയ്യാറാക്കണമെന്നാണ് എന്റെ അഭിപ്രായം.  ഒരു തക്കാളിയോ, വഴുതനങ്ങയോ, ഒരുപിടി പയറോ നമ്മുടെ വീട്ടുമുറ്റത്തോ ടെറസ്സിലോ നട്ടുപിടിപ്പിക്കാവുന്നതേയുള്ളൂ. അതിലൂടെ നമുക്ക് ഏത് കാലത്തേയും അതിജീവിക്കാനാവും.

 

● കർഷകശ്രീ കൃഷ്ണപ്രസാദ്‌ എന്ന യൂട്യൂബ് ചാനലിനെപ്പറ്റി?

 

യുവകർഷകർക്ക് സപ്പോർട്ട് നൽകാനുള്ള എന്റെ ശ്രമമാണ് 'കർഷകശ്രീ കൃഷ്ണപ്രസാദ്' എന്ന യുട്യൂബ് ചാനൽ. കൃഷിയെ സ്നേഹിക്കുന്നവർക്കും അതിനോട് താത്പര്യമുള്ളവർക്കും ഒരു പിന്തുണ എന്ന ചിന്തയിൽ നിന്നാണ് ഈ യൂട്യൂബ് ചാനൽ പിറന്നത്. ഓരോ എപ്പിസോഡിലും പുതിയ വിഷയങ്ങൾ അവതരിപ്പിക്കാനാണ് ഇതിലൂടെ ഞാൻ ശ്രമിക്കുന്നത്. ലാലേട്ടൻ പുറത്തു വിട്ട ആദ്യ എപ്പിസോഡിൽ നെൽക്കൃഷിയാണ് അവതരിപ്പിച്ചത്. പുതിയ എപ്പിസോഡ് പരിചയപ്പെടുത്തുന്നത് മഞ്ജുവാര്യരാണ്. ഇത്തവണ കറിവേപ്പിലയുടെ പ്രാധാന്യവും അതിന്റെ പരിപാലനവുമാണ്.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com