ADVERTISEMENT

മേക്കപ്പ്മാൻ സിനിമയുടെ ഷൂട്ടിങ് സമയത്ത് പൃഥ്വിരാജിനു സംഭവിച്ച അപകടത്തിന്റെ കഥ പറഞ്ഞ് നിർമാതാവ് രജപുത്ര രഞ്ജിത്. ഷൂട്ടിങിനിടെ പൃഥ്വിരാജ് വീണ് കാലിന് പരുക്കുപറ്റിയെങ്കിലും അതു വകവയ്ക്കാതെ ഷൂട്ടിങ് മുന്നോട്ടു കൊണ്ടുപോവാനാണ് സംവിധായകനോടും തന്നോടും അദ്ദേഹം ആവശ്യപ്പെട്ടതെന്ന് ഓർത്തെടുക്കുകയാണ് രഞ്ജിത്.

 

‘എനിക്ക് ഒരിക്കലും മറക്കാൻ പറ്റാത്തൊരു അനുഭവമായിരുന്നു അത്. ആ സിനിമയുടെ അവസാനഭാഗങ്ങളും ഒരു പാട്ടുസീനും ചിത്രീകരിച്ചു കൊണ്ടിരിക്കുകയാണ്. രാത്രിയാണ് ഷൂട്ടിങ് നടക്കുന്നത്. റാമോജി റാവു ഫിലിം സിറ്റിയുടെ മുന്നിലൊരു ഫൗണ്ടൻ ഉണ്ട്. വളരെ വീതി കുറഞ്ഞ ഒരു ഏരിയയാണ്, അവിടെ ഡാൻസ് ചെയ്തു കൊണ്ടിരിക്കുന്നതിനിടയിൽ രാജു താഴെ വീണു. കാൽ ഒട്ടും അനക്കാൻ കഴിയാത്ത രീതിയിൽ താഴെ കിടക്കുകയായിരുന്നു. ഞങ്ങളെല്ലാവരും എടുത്തുയർത്തുകയായിരുന്നു.  ഇന്നിനി ഷൂട്ട് ചെയ്യേണ്ട എന്നു പറഞ്ഞിട്ടും രാജു സമ്മതിച്ചില്ല. കുറച്ചു പോർഷൻ കൂടിയല്ലേ ഉള്ളൂ ചേട്ടാ, അതുകൂടി കഴിഞ്ഞാൽ തീരുമല്ലോ എന്നായിരുന്നു പൃഥ്വി പറഞ്ഞത്. വേണ്ട റിസ്ക് ആണെന്ന് ഞങ്ങളെല്ലാവരും പറഞ്ഞിട്ടും പൃഥ്വി കേട്ടില്ല.’

 

‘ആ സീൻ കൂടി കഴിഞ്ഞാൽ രാജുവിന്റെ ഭാഗം പൂർത്തിയാകുകയായിരുന്നു. പിന്നീട് അദ്ദേഹത്തിനു ഡേറ്റുമില്ല. ഷൂട്ട് അതുമതിയെന്ന് ഞങ്ങൾ നിര്‍ബന്ധിച്ചു. അപ്പോൾ രാജു പറഞ്ഞത് ഇങ്ങനെ, ‘ഒരു കാരണവശാലും നാളെ എനിക്ക് അഭിനയിക്കാൻ പറ്റിയെന്നു വരില്ല, ചിലപ്പോൾ കുറച്ചു ദിവസത്തേക്ക് തന്നെ അഭിനയിക്കാൻ പറ്റില്ല. കാല് റെഡിയാവാൻ സമയം എടുക്കും. സാരമില്ല, നമുക്ക് ഇപ്പോൾ തന്നെ എടുക്കാം, എന്നായിരുന്നു പൃഥ്വിയുടെ നിലപാട്. അങ്ങനെ പൂർത്തിയാക്കിയ രംഗമാണത്.’

 

‘പിറ്റേദിവസം പൃഥ്വിയുടെ കാലിനു നീരു വന്നു, കുറച്ചു ദിവസം കാൽ അനക്കാൻ പറ്റാതെയായി. ഭാഗ്യത്തിന് പൊട്ടലുണ്ടായില്ല. ഒരു ആർട്ടിസ്റ്റ് എന്ന രീതിയിൽ, ചെറിയ കാര്യങ്ങൾ പോലും ഒരു സിനിമയ്ക്ക് എത്രത്തോളം നഷ്ടം വരുത്തും എന്നറിയുന്ന ഒരാളാണ് പൃഥ്വിരാജ്. സെൻസുള്ള, സ്നേഹമുള്ള ചെറുപ്പക്കാരനാണ് പൃഥ്വിരാജ്.  നിർമാതാവിനോട് അത്രയും നീതി പുലർത്തുന്ന ഒരു നടൻ. ചെറുപ്പക്കാർ കണ്ടു പഠിക്കണം. നിഷേധിയാണ്, മുൻകോപിയാണ് എന്നൊക്കെ പലരും പറയുമെങ്കിലും ഞാനവരോട് പറയും,  പൃഥ്വിരാജ് നല്ലൊരു മനുഷ്യനാണെന്ന്.’ രഞ്ജിത്ത് പറയുന്നു.

 

ജയറാം, ഷീല കൗർ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഷാഫി സംവിധാനം ചെയ്ത മേക്കപ്പ്മാനിൽ അതിഥിതാരങ്ങളായി എത്തിയതായിരുന്നു പൃഥ്വിരാജും കുഞ്ചാക്കോബോബനും. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com