ADVERTISEMENT

1983 ഒക്ടോബറിലാണ് ‘കൂടെവിടെ’ റിലീസാവുന്നത്. വാസന്തിയുടെ ‘മൂങ്കില്‍ പൂക്കള്‍’ എന്ന തമിഴ് നോവലിനെ ആസ്പദമാക്കി പത്മരാജന്‍ തന്നെയെഴുതിയ തിരക്കഥ. പ്രകാശ് മൂവി ടോണിന്‍റെ ബാനറില്‍ പ്രേം പ്രകാശും രാജന്‍ ജോസഫും ചേര്‍ന്നാണ് ചിത്രം നിർമിച്ചത്. കാമറ ഷാജി എന്‍. കരുണ്‍. മമ്മൂട്ടിയുടെയും സുഹാസിനിയുടെയും അഭിനയജീവിതത്തിലെ ഏറ്റവും മികച്ച പെര്‍ഫോമന്‍സുകളില്‍ ഒന്ന്.

 

‘കൂടെവിടെ’യിലൂടെ പത്മരാജന്‍ എന്ന അതുല്യ ചലച്ചിത്ര പ്രതിഭ ഊട്ടിയിലെ ഒരു സ്കൂളില്‍ നിന്നും കണ്ടെടുത്ത് മലയാള സിനിമയോട് ചേര്‍ത്ത ഒരു പേരുണ്ട്. റഹ്മാന്‍. വളരെ അപ്രതീക്ഷിതമായി വന്ന സിനിമയിലേയ്ക്കുള്ള ആ വിളി റഷീന്‍ റഹ്മാന്‍ എന്ന പതിനാറുകാരന്‍റെ ജീവിതം തന്നെ മാറ്റിമറിച്ചു. പത്മരാജന്റെ എഴുപത്തിയഞ്ചാം ജന്മദിനത്തിൽ ആ ഓര്‍മകള്‍ പങ്കുവയ്ക്കുകയാണ് റഹ്മാന്‍..

 

റഹ്മാന്റെ വാക്കുകൾ:

padmarajan-koodevide

 

‘എല്ലാവര്‍ക്കും ലൈഫില്‍ ഒരു രണ്ടാം ജന്മം ഉണ്ട് എന്ന് കേട്ടിട്ടുണ്ട്. അതുവരെയുള്ള ജീവിതം മാറ്റിമറിയ്ക്കുന്ന ഒരു ചേഞ്ച്. റഷീന്‍ റഹ്മാന്‍ എന്ന എനിക്കത് ‘കൂടെവിടെ’ എന്ന സിനിമയായിരുന്നു .വളരെ ചെറിയ പ്രായത്തില്‍ത്തന്നെ സിനിമ എനിക്കൊരു ജോലി തന്നു. നിഷ്കളങ്കമായ പ്രായത്തില്‍ ഞാന്‍ പോലും പ്രതീക്ഷിക്കാത്ത ജീവിതവും.’

 

mammootty-padmarajan

സിനിമയില്‍ വരുമെന്ന് ഒരിക്കലും ചിന്തിച്ചിട്ടില്ല. സിനിമകള്‍ കാണാറുണ്ടായിരുന്നു. പക്ഷേ കൂടുതലും ഇംഗ്ലിഷ് സിനിമകളായിരുന്നു കാണുന്നത്. കൂടെവിടെ സിനിമയിലേയ്ക്ക് വിളി വന്ന ആ ദിവസം ഇപ്പോഴും എന്‍റെ ഓര്‍മയിലുണ്ട്. അന്ന് പുലര്‍ച്ചെ ഞാന്‍ ഒരു വിചിത്രമായ ഒരു സ്വപ്നം കണ്ടു. ഒരു ഇംഗ്ലിഷ് സിനിമയില്‍ അഭിനയിക്കുന്നതായി. തലേദിവസം ഊട്ടിയിലെ ഞങ്ങളുടെ സ്കൂളിലെ അവസാനത്തെ ദിവസമായിരുന്നു. അന്ന് ഞങ്ങള്‍ കൂട്ടുകാരെല്ലാവരും കൂടെ സ്കൂള്‍ കട്ട് ചെയ്ത് ഒരു ഇംഗ്ലിഷ് സിനിമയ്ക്ക് പോയി. അതും കഴിഞ്ഞു വൈകിയാണ് അന്ന്  സ്കൂളിലെത്തുന്നത്. ഞങ്ങള്‍ എത്താന്‍ വൈകിയെന്ന് ആരോ പരാതിയും പറഞ്ഞു.

 

തലേദിവസം കണ്ട റൊമാന്റിക് ഇംഗ്ലിഷ് സിനിമയുടെ ഹാങ്ങ് ഓവര്‍ ആയിരുന്നിരിക്കാം  ആ സ്വപ്നം. ആ സ്വപ്നത്തില്‍ നിന്നുണര്‍ന്നത് എന്തായാലും നല്ല മൂഡിലായിരുന്നു. അന്ന് രാവിലെ ബോര്‍ഡിങ്ങില്‍ ഞങ്ങള്‍ സീനിയേഴ്സ് എല്ലാവരും കൂടെ ഷേവ് ചെയ്യാന്‍ തീരുമാനിച്ചു. അതുവരെ സ്കൂളില്‍ ഷേവ് ചെയ്യരുതെന്നായിരുന്നു റൂള്‍. സ്കൂള്‍ കഴിഞ്ഞല്ലോ അപ്പൊ ഇനി ഷേവ് ചെയ്യാം.

 

എല്ലാവരും കൂടെ ഡോര്‍മിട്രിയില്‍ വലിയ കണ്ണാടിക്കു മുന്നില്‍ നില്‍പ്പായി.കൊച്ചുപയ്യന്‍മാരാണ്. സ്കൂള്‍ ഫൈനല്‍സ് ഒക്കെ കഴിഞ്ഞതോടെ വലിയ ആണായി എന്നൊക്കെയാണ് ഭാവം. കണ്ണാടിയുടെ മുന്നില്‍ ആകെ ഉന്തും തള്ളും ബഹളവും. ഞാന്‍ ഷേവിങ് ഫോം ഒക്കെ തേച്ച് നിക്കുമ്പോഴാണ് വാര്‍ഡന്‍ വരുന്നത്. പുള്ളിയുടെ കയ്യിലൊരു ചൂരലുണ്ട്. റഷീന്‍ റഹ്മാന്‍ എന്ന് എന്‍റെ  പേര് വിളിച്ചു. പ്രിന്‍സിപ്പലിന്‍റെ റൂമില്‍ ചെല്ലാന്‍ പറഞ്ഞു. തലേദിവസം ക്ലാസ് കട്ട് ചെയ്തതിന്‍റെ പരാതി ചെന്നിട്ടുണ്ട് എന്നുറപ്പായി. 

 

rahman-ashokan

ഫോം തേച്ചു, ഷേവ് ചെയ്തിട്ട് വരാം എന്ന് പറഞ്ഞപ്പോ വാര്‍ഡന്‍ ചൂരലെടുത്ത് ഗൗരവത്തില്‍ ടേബിളില്‍ രണ്ടു തട്ട്. അപ്പോത്തന്നെ ചെല്ലണം എന്നായി. കാര്യം സീരിയസ്സാണ്. അങ്ങനെ ഷേവ് ചെയ്യാതെ പ്രിന്‍സിപ്പലിന്റെ റൂമില്‍ ചെന്നു. പ്രിന്‍സിപ്പല്‍ ഫാദര്‍ എബ്രഹാം ജേക്കബ് മലയാളിയാണ്. ആരോ എന്നെ കാണാന്‍ വന്നിട്ടുണ്ടെന്ന് പറഞ്ഞു. സ്കൂള്‍ കഴിഞ്ഞല്ലോ നിലംബൂരെന്ന് വാപ്പയോ എളാപ്പയോ ആയിരിക്കുമെന്നാണ് എന്‍റെ വിചാരം. അപ്പോഴാണ്‌ ഒരു അപരിചിതന്‍ കടന്നുവന്നിട്ട് റഷീന്‍ ആരാണെന്ന് ചോദിക്കുന്നത്. പ്രിന്‍സിപ്പല്‍ ഫാദര്‍ ഇതാണ് റഷീന്‍ മിടുക്കനാണ് എന്നൊക്കെ പറയുന്നുണ്ട്. എനിക്ക് ഒന്നും പിടികിട്ടുന്നില്ല.

 

എന്നെ മനസ്സിലായോ എന്ന് വന്നയാള്‍ ചോദിച്ചു. ഇല്ല എന്ന് ഞാനും മറുപടി പറഞ്ഞു. സിനിമയിലുള്ള ജോസ് പ്രകാശിനെ അറിയുമോ എന്ന് ചോദിച്ചപ്പോള്‍. അറിയാം, സിനിമയില്‍ കണ്ടിട്ടുണ്ടെന്ന് പറഞ്ഞു. അദ്ദേഹത്തിന്റെ മകനാണ്, പേര് രാജന്‍ ജോസഫ് എന്ന് പരിചയപ്പെടുത്തി. ഞാന്‍ അതൊന്നും കാര്യമാക്കിയില്ല. സിനിമയില്‍ അഭിനയിക്കാന്‍ താല്പര്യമുണ്ടോ എന്ന് ചോദിച്ചു. അപ്പോഴാണ്‌ ഞാന്‍ ശരിക്കും ഞെട്ടുന്നത്. എനിക്ക് അറിയില്ല എന്നൊക്കെ പറഞ്ഞു. ഫാദര്‍ എന്നെ പ്രോത്സാഹിപ്പിയ്ക്കുന്നുണ്ട്. ആ സമയത്ത് ഞാന്‍ ഊട്ടിയില്‍ സ്കൂളില്‍ അത്യാവശ്യം പോപ്പുലര്‍ ആയിരുന്നു. ടീം ക്യാപ്റ്റന്‍. ഡ്രാമയിലും സ്പോര്‍ട്സിലുമുണ്ടായിരുന്നു. അവര്‍ സ്കൂളില്‍ വന്നു അന്വേഷിച്ചപ്പോ ആരോ പേര് പറഞ്ഞതാണ്.

rahman-daughter

 

അങ്ങനെ ലൊക്കേഷനില്‍ ചെല്ലുന്നു. അവിടെ പപ്പേട്ടന്‍ ഇരിക്കുന്നുണ്ടായിരുന്നു. കൂടെ കാമറാമാന്‍ ഷാജി എന്‍ കരുണ്‍, വേണു ഇവരും. എല്ലാവരും താടിക്കാരായിരുന്നു. അതെനിക്കിഷ്ടമായി. പക്ഷേ  ഇവരൊക്കെ ആരാണെന്ന് എനിക്ക് അറിയില്ല. സിനിമയെക്കുറിച്ച് ഒന്നും അറിയില്ല. സിനിമയിലുള്ളവരെ കാണുമ്പോ എങ്ങനെ പെരുമാറണം എന്നൊന്നും അറിയില്ല. ഞാന്‍ നടുക്ക് നില്‍ക്കുന്നു എല്ലാവരും എന്നെ നോക്കിന്നു.

 

അന്നെനിക്ക് മലയാളം ഒട്ടും വശമില്ല, മനസ്സിലാകും തിരിച്ച് പറയാന്‍ അത്ര മാത്രം. പപ്പേട്ടന്‍ നന്നായി ഇംഗ്ലിഷ് സംസാരിയ്ക്കും. സിനിമ ചെയ്യാന്‍ താല്പര്യമുണ്ടോ എന്ന് ചോദിച്ചു. അറിയില്ല എന്ന് പറഞ്ഞപ്പോള്‍ അതൊക്കെ ശരിയാക്കാം, താടി എടുക്കരുത്, ഷേവ് ചെയ്യരുത് എന്നും പറഞ്ഞു വിട്ടു. സിനിമ അപ്പോഴും എന്റെ മനസ്സില്‍ കേറിയിട്ടില്ല. ഞാന്‍ ചെന്നപ്പോൾ തന്നെ പ്രൊഡക്‌ഷനിലെ പിള്ളേര് വളരെ കാര്യമായിട്ട്  കസേര ഇട്ടു തരുന്നു. കുടിക്കാന്‍ ചായയും ജ്യൂസുമൊക്കെ കൊണ്ടുവരുന്നു. ആ പരിഗണന, ആ  ലക്ഷ്വറി എനിക്ക് ഇഷ്ടപ്പെട്ടു. .ബോര്‍ഡിങ് സ്കൂളില്‍ ഇതുവരെ കിട്ടാത്ത ഒരു ലക്ഷ്വറി. അതിനോടാണ് താല്പര്യം  തോന്നിയത്.

 

സ്കൂളില്‍ ചില കാര്യങ്ങള്‍ ചെയ്യാനുണ്ടായിരുന്നത് കൊണ്ട് രണ്ടുമൂന്നു ദിവസം കഴിഞ്ഞാണ് പിന്നെ  ചെല്ലുന്നത്. അവിടെ രവി പുത്തൂരാന്‍റെ വേഷം ചെയ്യുന്ന മനു എന്നൊരു തിരുവനന്തപുരംകാരന്‍ പയ്യനെ കണ്ടു. എന്‍റെ പ്രായം തന്നെയാണ്. എനിക്ക് നട്ടി എന്ന രവിയുടെ കൂട്ടുകാരന്‍റെ വേഷമാണ്. ഞാന്‍ മനുവിനെ പരിചയപ്പെടാന്‍ പോയില്ല. കാരണം എനിക്കറിയാം, മൂന്നോ നാലോ ദിവസത്തെ വേഷമാണ് എന്റേതെന്ന്. അതുകഴിഞ്ഞാല്‍ ഞാന്‍ ഇവരെയാരെയും കാണാന്‍ പോകുന്നില്ല. അപ്പോഴേയ്ക്കും സ്കൂളിലൊക്കെ ന്യൂസായി ഞാന്‍  സിനിമ സ്റ്റാര്‍ ആയി. 

 

ഞാനാണെങ്കില്‍ അമിതാഭ് ബച്ചന്‍റെ ഗമയിലാണ് നടക്കുന്നത്. അന്നേ പുള്ളീടെ ഫാനാണ്. അതേ ഹെയര്‍ സ്റ്റൈല്‍ ഒക്കെയായിരുന്നു ഒരുദിവസം ലൊക്കേഷനില്‍ ചെന്നപ്പോ എന്തോ കൺഫ്യൂഷന്‍ ഉണ്ട്. എന്നോട് ചോദിച്ചു കുറച്ച് കൂടുതല്‍ ദിവസം നില്‍ക്കാന്‍ പറ്റുമോ എന്ന്. എനിക്കു പോണം എന്നൊക്കെ ആദ്യം പറഞ്ഞെങ്കിലും പിന്നെ ഓക്കേ പറഞ്ഞു. ആ പയ്യന്‍ ഹോംസിക്ക് ആയി അവനെ വീട്ടിലേയ്ക്ക് കൊണ്ട്പോയി. രവി പുത്തൂരാന്റെ വേഷം എനിക്ക്. അപ്പോഴും കാര്യം മനസ്സിലായിട്ടില്ല. രവിയെങ്കില്‍ രവി, നട്ടിയെങ്കില്‍ നട്ടി. ജ്യൂസിലും ലക്ഷ്വറിയിലുമാണ് എന്‍റെ മനസ്സ്.

 

പപ്പേട്ടന്‍ പറഞ്ഞു, കുറച്ച് ദിവസം കൂടെ നിന്ന് ഷൂട്ട്‌ കാണാന്‍. ഞാന്‍ എന്നും പോകും. മമ്മൂട്ടി,സുഹാസിനി ഒക്കെ അഭിനയിക്കുന്നുണ്ട്. മമ്മൂട്ടി ആരാണെന്ന് അന്ന് അറിയില്ല. അപ്കമിങ് സ്റ്റാര്‍ ആണ് എന്നൊക്കെ എല്ലാരും പറയുന്നുണ്ട്. സുഹാസിനി പല അഭിമുഖങ്ങളിലും പറഞ്ഞുകേട്ടിട്ടുണ്ട്, ഷൂട്ടിങ് കാണാന്‍ വന്ന റഷീനെ വിളിച്ച് അഭിനയിപ്പിച്ചതാണ് എന്ന്. അങ്ങനെയല്ല. കുറെ ദിവസമായി ഞാന്‍ അവിടെയുണ്ട്. പപ്പേട്ടനായിരുന്നു എന്‍റെ ആള്. പിന്നെ കറിയാച്ചന്‍ എന്ന് വിളിക്കുന്ന നിര്‍മാതാവ് പ്രേം പ്രകാശിന്‍റെ  കുട്ടികളായ ബോബിയും സഞ്ജുവും. അവര്‍ തീരെ ചെറുതായിരുന്നു. അവരുമായിട്ടായിരുന്നു കമ്പനി.

 

അങ്ങനെ ഷൂട്ടിങ് കണ്ടുകണ്ട് ആ ദിവസം വന്നു. എന്നെ ആദ്യത്തെ ഷോട്ടിന് വിളിച്ചു. മമ്മൂട്ടിയോട് ചൂടായി ‘ഡോണ്ട് ടോക് നോണ്‍സെന്‍സ്’ എന്നൊക്കെ പറഞ്ഞിട്ട് ഇറങ്ങിപ്പോണം. ആദ്യത്തെ ടേക്കില്‍ ഞാന്‍ അത് ചെയ്തപ്പോ എല്ലാരും കയ്യടിച്ചു. പപ്പേട്ടനും ചിരിച്ചുകൊണ്ട് കയ്യടിച്ചു. ആ മുഖം എനിക്ക് ഇപ്പോഴും ഓര്‍മയുണ്ട്. അതാണ്‌ എന്റെ ആദ്യത്തെ അവാര്‍ഡ്. ഏറ്റവും വിലപിടിച്ചതും.

 

പടം റിലീസായി. എറണാകുളത്ത് മൈമൂണ്‍ തിയറ്ററില്‍ ആണ് കണ്ടതെന്നാണ് ഓര്‍മ്മ. കറിയാച്ചന്‍ കൂടെയുണ്ടായിരുന്നു. സിനിമ അന്‍പതുദിവസം ഓടി എന്നൊക്കെ പറയുന്നത് ഒന്നും പിടികിട്ടുന്നുണ്ടായിരുന്നില്ല. അതുവരെ ഫാമിലിയുടെ കൂടെ അവര്‍ക്ക് വേണ്ടിയാണ് മലയാളം പടങ്ങള്‍ക്ക് പോയിരുന്നത്. എനിക്കു വേണ്ടി ഞാന്‍ കണ്ടിരുന്നത് ഇംഗ്ലിഷ് സിനിമകളാണ്. കൂടെവിടേയ്ക്ക് ഫെസ്റ്റിവലില്‍ അവാര്‍ഡ്‌ കിട്ടിയപ്പോ ബോംബെയ്ക്ക് പോയത് ഓർമയുണ്ട്. കറിയാച്ചനും ബോബി-സഞ്ജുവും കൂടെയുണ്ടായിരുന്നു. 

 

സിനിമ കണ്ടിട്ട് എന്റെ ഉമ്മച്ചി തീരെ വയ്യാതായി കിടന്നുപോയി. ഞാന്‍ മരിക്കുന്ന സീന്‍ കണ്ടത് ഉമ്മച്ചിക്ക് വലിയ ഷോക്കായി. ആ സമയത്ത് പല അമ്മമാരും എന്നോട് പറഞ്ഞിട്ടുണ്ട് ഇതേ കാര്യം. ഉമ്മച്ചിക്ക് തോന്നിയത് അവര്‍ക്കും തോന്നിയിട്ടുണ്ടാവും.

 

അങ്ങനെ ഞാന്‍ പോലുമറിയാതെ പതുക്കെപ്പതുക്കെ  സിനിമയെന്ന പാഷന്‍ എന്റെ ജീവിതത്തിലേയ്ക്ക് വന്നു. ഞാന്‍ സിനിമയില്‍ എത്തുക എന്നത് നിമിത്തമായിരുന്നു എന്ന്  തോന്നാറുണ്ട്. അന്ന് പുലര്‍ച്ചെ ഞാന്‍ കണ്ട സ്വപ്നമാണ് സിനിമ. ആ സിനിമ പിന്നെ എന്‍റെ ജീവിതമായി. എനിക്ക് എന്‍റെ നാടിനെ അറിയാനും ഒക്കെ അത് കാരണമായി. മലയാളിയാണെങ്കിലും പഠിച്ചതും വളര്‍ന്നതുമൊക്കെ പുറത്തായിരുന്നു. ബോര്‍ഡിങ് സ്കൂള്‍ ആയിരുന്നു അതുവരെയുള്ള ജീവിതം. സിനിമ കരിയര്‍ ആയതോടെ അതിനും മാറ്റമുണ്ടായി.

 

പപ്പേട്ടനാണ് കൂടെവിടെയുമായി ബന്ധപ്പെട്ട എന്റെ പ്രിയപ്പെട്ട ഓര്‍മ . ഇന്ന് അദ്ദേഹത്തിന്‍റെ ജന്മദിനമാണ്. എന്‍റെയും. പപ്പേട്ടന്‍ സിനിമയിലേയ്ക്ക് കൊണ്ടുവന്ന അശോകന്‍റെയും ജന്മദിനം ഇന്നാണ്. ഇങ്ങനെയൊരു അപൂര്‍വത ലോകസിനിമയില്‍ വേറെ എവിടെയെങ്കിലും ഉണ്ടോയെന്നു തന്നെ സംശയമാണ്!

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com