ADVERTISEMENT

സിനിമാ മേഖലയെ, പ്രത്യേകിച്ച് സിനിമയിലെ സാങ്കേതിക വിഭാഗത്തെ, മേക്കപ്പ്, കോസ്റ്റ്യൂംസ്, ആർട്, പ്രൊഡക്‌ഷൻ, മെസ്, ഡാൻസേഴ്സ്, ഡബ്ബിങ് ഇങ്ങനെ അടിസ്ഥാനവർഗ തൊഴിലാളികളെ കോവിഡ് മൂലമുള്ള ലോക്ഡൗൺ ശ്വാസംമുട്ടിക്കുകയാണ്. ഡബ്ബിങ് രംഗത്തിന് ഇനി വരുന്നകാലം നല്ലതാകില്ല. കൊറോണ കാരണമല്ല അത്. സിനിമയിൽ ഡബ്ബിങ് എന്ന സങ്കേതം ഇല്ലാതാകും. അതിനു കാരണം, സിനിമയുടെ സാങ്കേതിക വളർച്ചയാണ്. ആരെയും കുറ്റം പറഞ്ഞിട്ടു കാര്യമില്ല.

 

സിനിമയുടെ തുടക്കകാലങ്ങളിൽ സിങ്ക് സൗണ്ട് ആയിരുന്നു. ശബ്ദമില്ലാതെ സിനിമയെടുത്ത കാലത്തിനു ശേഷം ശബ്ദത്തോടുകൂടി സിനിമയെടുക്കുക എന്ന വിസ്മയകരമായ മുന്നേറ്റം അന്നു പ്രേക്ഷകരെ അദ്ഭുതപ്പെടുത്തി.

 

സംവിധായകൻ ശശികുമാർ സാർ ഒരിക്കൽ രസകരമായ ഒരു കഥ പറഞ്ഞത് ഓർക്കുന്നു: അദ്ദേഹത്തിന് എട്ടു വയസ്സുള്ളപ്പോൾ അച്ഛനോടൊപ്പം സിനിമ കാണാൻ പോയി. നിശ്ശബ്ദ സിനിമയുടെ കാലമാണ്. സിനിമ തുടങ്ങുന്നതിനു മുൻപ് ഒരാൾ സ്റ്റൂളിനു മുകളിൽ കയറിനിന്ന് ആദ്യം സിനിമയുടെ കഥ ചുരുക്കത്തിൽ പറയും. സിനിമ ആരംഭിച്ചു കഴിയുമ്പോൾ രംഗത്തിന് അനുസരിച്ച് അദ്ദേഹം വിവരിച്ചുകൊണ്ടേയിരിക്കും.

 

‘‘അതാ നമ്മുടെ നായകനും നായികയും പ്രണയബദ്ധരായി പൂങ്കാവിൽ സല്ലപിക്കുകയാണ്. അടുത്തരംഗം നായകനും അച്ഛനും കലഹിക്കുന്നു. നായകൻ ദേഷ്യത്തിൽ പുറത്തേക്ക് ഇറങ്ങിപ്പോകുന്നു. അടുത്ത രംഗം നായിക ദുഃഖിതയായി ഇരിക്കുന്നു. അവിടേക്കു കടന്നുവരുന്ന ആളാണു വില്ലൻ. അയാൾ നായികയെ കടന്നുപിടിക്കുന്നു. നായിക ഉറക്കെ നിലവിളിക്കുന്നു. നായകൻ ചാടിവരുന്നു. നായികയെ രക്ഷിക്കുന്നു’– ഇങ്ങനെ തന്റെ ഭാവനയ്ക്കും യുക്തിക്കുമനുസരിച്ച് കഥ പറയുന്നയാൾ ആവേശത്തോടെ വിവരിക്കുന്നു. കഥ പറയുന്ന ആളിനെ പ്രേക്ഷകൻ ശ്രദ്ധിക്കുന്നതുപോലുമില്ല. അവർ സിനിമയിൽ മുഴുകിയിരിക്കുകയാണ്. ആ കഥ പറയുന്ന ആളാവാം, ആദ്യത്തെ ഡബ്ബിങ് ആർട്ടിസ്റ്റ് എന്നു കരുതാനാണ് എനിക്കിഷ്ടം.

 

പിന്നീടു വന്ന ശബ്ദസിനിമകളിൽ സ്വന്തം ശബ്ദത്തിൽ അഭിനയിച്ച മിസ് കുമാരി, വിനോദിനി, കുമാരി തങ്കം, ശാന്തി, കെപിഎസി സുലോചന തുടങ്ങി ഒട്ടേറെ ആദ്യകാല നടിമാരുണ്ടായിരുന്നു. അന്യഭാഷയിൽനിന്ന് ബി.എസ്.സരോജം, വിജയലക്ഷ്മി, കുശലകുമാരി, രാജശ്രീ, ശാരദ എന്നിവരെ മലയാളസിനിമ ആശ്രയിക്കാൻ തുടങ്ങിയതോടെയാണ് ഡബ്ബിങ് എന്ന തൊഴിൽമേഖല സജീവമാകുന്നത്. ആരാണ് അത്തരമൊരു മാറ്റത്തിനു തുടക്കമിട്ടതെന്നോ ആദ്യത്തെ ഡബ്ബിങ് ആർട്ടിസ്റ്റ് ആരെന്നോ എവിടെയും രേഖപ്പെടുത്തിയിട്ടില്ല.

 

‘ജീവിതനൗക’ എന്ന സിനിമയിൽ ബി.എസ്.സരോജം എന്ന നായികയ്ക്കു ശബ്ദം നൽകിയത്, അതേ സിനിമയിൽ അഭിനയിച്ച മുതുകുളം ജഗദമ്മ എന്ന നടിയാണ്. പിന്നീടു വന്ന സിനിമകളിൽ ബി.എസ്.സരോജയ്ക്കു ശബ്ദം നൽകിയത് സി.എസ്.രാധാദേവി എന്ന ഗായികയായിരുന്നു. കൊച്ചിൻ അമ്മിണി, യു.പി.ഗ്രേസി, രമണി, കണ്ണമ്മ ഇങ്ങനെ പലരും ശബ്ദം കൊടുത്തിരുന്നു. പക്ഷേ, ഇവരെല്ലാം ഗായികമാരോ നടിമാരോ ആയിരുന്നു. ഡബ്ബിങ് ആർട്ടിസ്റ്റുകൾ എന്നല്ല ഇവർ അറിയപ്പെട്ടിരുന്നത്.

 

അവിടെ നിന്നാണ് മലയാള സിനിമ വീണ്ടും മലയാളി നായികമാരിലേക്കു തിരിയുന്നത്. ലളിത, പത്മിനി, രാഗിണി, വിജയശ്രീ, ഷീല, കെ.ആർ.വിജയ, വിധുബാല, ജയഭാരതി ഇങ്ങനെ മലയാളം നന്നായി സംസാരിക്കുന്ന നായികമാർ വന്നപ്പോഴും ശബ്ദം നൽകാൻ പുതിയ ആൾക്കാർ രംഗപ്രവേശം ചെയ്തു. അവരെയും ഡബ്ബിങ് ആർട്ടിസ്റ്റുകൾ എന്നു മുദ്ര കുത്താനാവില്ല. അവരെല്ലാം സിനിമയിൽ അഭിനയിക്കുകയും ഒപ്പം അതിലെ മറ്റു കഥാപാത്രങ്ങൾക്കു ഡബ്ബ് ചെയ്യുകയും ചെയ്തുതുടങ്ങി. അങ്ങനെയാണ് കോട്ടയം ശാന്ത, ടി.ആർ.ഓമന, പാലാ തങ്കം, കെപിഎസി ലളിത, മല്ലിക തുടങ്ങിയ നടിമാർ ഡബ്ബിങ് ആർട്ടിസ്റ്റുകളാവുന്നത്.

 

ശാരദയ്ക്കു ടി.ആർ.ഓമനയും കെപിഎസി ലളിതയും കോട്ടയം ശാന്തയും ശബ്ദം കൊടുത്തിട്ടുണ്ട്. കോട്ടയം ശാന്ത ഗാനഭൂഷണം പാസായി ഗായികയാകാനാണു സിനിമാരംഗത്തേക്കു വന്നത്. ഗായികയാവാൻ കഴിയാത്തതുകൊണ്ട് അവർ നടിയായി. അഭിനയിക്കാൻ അവസരം കുറഞ്ഞപ്പോൾ ‍ഡബ്ബിങ് ആർട്ടിസ്റ്റായി. ശാരദയ്ക്കു മാത്രമേ ടി.ആർ. ഓമന ശബ്ദം കൊടുത്തിട്ടുള്ളൂ. ശാരദയ്ക്ക് ‘ഉർവശി അവാർഡ്’ നേടിക്കൊടുത്ത സിനിമകൾക്കു ശബ്ദം കൊടുത്തത് ടി.ആർ.ഓമനയാണ്. മറ്റേതൊരു ശബ്ദത്തെക്കാളും ശാരദയ്ക്കു യോജിച്ചതും ഓമനയുടെ ശബ്ദമാണ്.

 

അന്നത്തെ ഡബ്ബിങ് ആർട്ടിസ്റ്റുകൾ ആരാണെന്നോ അവർക്കു നൽകിയ തുക എത്രയാണെന്നോ ഔദ്യോഗിക രേഖകളിലില്ല. 1975ൽ ഞാൻ രംഗത്തു വരുമ്പോൾ ലിസിയും കോട്ടയം ശാന്തയും ടി.ആർ.ഓമനയുമായിരുന്നു തിരക്കിട്ട ഡബ്ബിങ് ആർട്ടിസ്റ്റുകൾ. ശാരദ, നന്ദിത ബോസ് എന്നിവർക്ക് ടി.ആർ.ഓമനയും സീമ, ശുഭ, ലക്ഷ്മി, മാധവി, സറീന വഹാബ്, ഉണ്ണിമേരി, ശ്രീദേവി, റാണി പത്മിനി, റോജാ രമണി (ശോഭന), അംബിക എന്നിവർക്കു ലിസിയും കോട്ടയം ശാന്തയുമാണു ശബ്ദം കൊടുത്തിരുന്നത്.

 

ആനന്ദവല്ലി വന്നതോടെ കോട്ടയം ശാന്ത ചെയ്ത പല നടിമാരുടെ ശബ്ദവും ആനന്ദവല്ലിയിലേക്കായി. ലിസി വിവാഹം കഴിഞ്ഞു രംഗം വിട്ടതോടെയാണ് അമ്പിളിയും ശ്രീജയും ഞാനും മുൻനിരയിലേക്ക് എത്തുന്നത്. ലിസി ചെയ്തിരുന്ന പല നായികമാരുടെയും ശബ്ദം ഞങ്ങൾ മൂന്നു പേരുടേതുമായി. ജലജ, അംബിക, മേനക, ഉർവശി, കാർത്തിക, രാധ, പാർവതി, ശോഭന ഇങ്ങനെ മലയാളം നന്നായി സംസാരിക്കുന്ന നടിമാർക്കും ഡബ്ബിങ് വേണ്ടിവന്നു. അതിനൊരു പ്രധാന കാരണം, നടിമാരുടെ ശബ്ദം ചില സംവിധായകർക്ക് ഇഷ്ടപ്പെട്ടില്ല എന്നതായിരുന്നു. ചില സംവിധായകർക്കു ക്ഷമയില്ല. നടിമാർ ഡബ്ബിങ് പഠിച്ചു വരുമ്പോഴേക്കും ദിവസങ്ങളെടുക്കും. 

 

ഡബ്ബിങ് എന്ന പ്രക്രിയയിലേക്ക് എത്തുമ്പോഴേക്ക് നിർമാതാവിന്റെ കയ്യിലെ സാമ്പത്തികം തീരുന്ന സ്ഥിതിയാകും. എങ്ങനെയെങ്കിലും സിനിമ തീർന്നുകിട്ടിയാൽ മതി എന്ന അവസ്ഥയിലാവും. വേഗം ജോലിതീർക്കാൻ ഡബ്ബിങ് ആർട്ടിസ്റ്റുകൾ തന്നെയാണു ഭേദം എന്ന രീതിയിലേക്കു കാര്യങ്ങളെത്തും. ഇങ്ങനെ, എന്നും വേണമെന്നും വേണ്ടെന്നും വയ്ക്കാവുന്ന വിഭാഗമാണ് ഡബ്ബിങ് ആർട്ടിസ്റ്റുകൾ.

 

സ്വന്തം ശബ്ദത്തിൽത്തന്നെ അഭിനയിക്കുക എന്നതാണ് മുൻനിര നായികമാരുടെ ആഗ്രഹം. അതു സിനിമയുടെ വളർച്ചയാണ്. ആ വളർച്ചയെ തടയാനാവില്ല. കാലക്രമേണ ഡബ്ബിങ് ആർട്ടിസ്റ്റുകൾ എന്ന വിഭാഗംതന്നെ ഇവിടെ നിന്ന് അപ്രത്യക്ഷമാകും. ഈ തൊഴിലിനെ മാത്രം ആശ്രയിക്കാതെ ജീവിക്കുക എന്നതാണ് കലാകാരന്മാരും കലാകാരികളും ചെയ്യേണ്ടത്. ശബ്ദത്തിന്റെ മറ്റു മേഖലകളിലേക്കു തിരിയണം. സീരിയൽ, റേഡിയോ, ഡോക്യുമെന്ററി അങ്ങനെ വൈവിധ്യമാർന്ന രംഗങ്ങളിലേക്കു കടക്കണം. ചുരുക്കത്തിൽ ഡബ്ബിങ് ഒരു തൊഴിലായി കാണാതെ ഒരു പഠനം, നേരമ്പോക്ക്, പാഷൻ ആയി മാറ്റണം. അല്ലാതെ മറ്റു മാർഗമില്ല.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com