ADVERTISEMENT

ബ്ലെസി ചിത്രം ആടുജീവിതത്തിന് വേണ്ടിയെടുത്ത ശാരീരിക വെല്ലുവിളികൾ വെളിപ്പെടുത്തി പൃഥ്വിരാജ് സുകുമാരൻ. നജീബ് എന്ന കഥാപാത്രത്തിനായി അപകടകരമാം വിധം ശരീരഭാരം കുറച്ചിരുന്നതായി സമൂഹമാധ്യമത്തിൽ പങ്കുവച്ച കുറിപ്പിൽ താരം വെളിപ്പെടുത്തി. ഒരു മാസത്തെ പരിശീലനത്തിന്റെയും വിശ്രമത്തിന്റെയും ഭക്ഷണക്രമത്തിന്റെയും പശ്ചാത്തലത്തിൽ ശരീരഭാരം സുരക്ഷിതമായ അവസ്ഥയിലെത്തിയതായി പൃഥ്വിരാജ് പറഞ്ഞു. ശരീരത്തിന്റെ ഇപ്പോഴത്തെ അവസ്ഥ വ്യക്തമാക്കുന്ന ഫോട്ടോ സഹിതമാണ് പൃഥ്വിരാജിന്റെ കുറിപ്പ്. 

 

പൃഥ്വിരാജിന്റെ വാക്കുകൾ: 

 

"ആടുജീവിതത്തിനുവേണ്ടി ഷർട്ടിടാത്ത രംഗങ്ങൾ എടുത്തു പൂർത്തിയാക്കിയിട്ട് ഇന്നേക്ക് ഒരു മാസം. അവസാന ദിവസം, എന്റെ ശരീരത്തിലെ ഫാറ്റ് പെർസന്റേജും വിസറൽ ഫാറ്റ് ലെവലും അപകടകരമാം വിധം താണിരുന്നു. അവിടെ നിന്ന് ഒരു മാസത്തെ ഭക്ഷണവും വിശ്രമവും പരിശീലനവും എന്നെ ഈ നിലയിൽ എത്തിച്ചു. ഏറ്റവും ക്ഷീണിച്ച അവസ്ഥയിൽ എന്നെ കണ്ടിട്ടുള്ള ഷൂട്ടിങ് സംഘത്തിന് എന്റെ ഇപ്പോഴത്തെ രൂപം തീർച്ചയായും വലിയ അദ്ഭുതമാകും.’ 

 

‘കാരണം ഒരു മാസം മുൻപ് ഞാൻ ഏറ്റവും ക്ഷീണിതനായിരുന്നു. യഥാർത്ഥത്തിൽ എനിക്ക് ഉണ്ടായിരിക്കേണ്ട ഭാരത്തിനേക്കാൾ എത്രയോ കുറവായിരുന്നു അപ്പോഴത്തെ എനിക്ക്! പരിശീലകനും ന്യൂട്രിഷനിസ്റ്റുമായ അജിത്ത് ബാബുവിനും ബ്ലെസി ചേട്ടനും സംഘത്തിനും നന്ദി. ആ ദിവസം എന്നെ മനസിലാക്കിയതിനും ക്ഷീണം മാറ്റാൻ ആവശ്യത്തിന് സമയം അനുവദിച്ച് അതനുസരിച്ച്  ഷൂട്ട് പ്ലാൻ ചെയ്തതിനും. ഓർക്കുക... മനുഷ്യ ശരീരത്തിന് അതിന്റേതായ പരിമിതികളുണ്ട്. മനുഷ്യ മനസിന് അതില്ല!"

 

'ട്രെയിനിങ് ഡൺ' എന്ന ഹാഷ്ടാഗോടെ ദുൽഖർ സൽമാനെ ടാഗ് ചെയ്താണ് ഫെയ്സ്ബുക്കിൽ പൃഥ്വിരാജിന്റെ പോസ്റ്റ്. പൃഥ്വിയുടെ പോസ്റ്റും ചിത്രവും നിമിഷങ്ങൾക്കകം വൈറലായി.   ലോക്ഡൗൺ തുടങ്ങിയത് മുതൽ ദുൽഖർ തന്റെ സുഹൃത്തുക്കൾക്കായി ഫിറ്റ്നസ് ചലഞ്ചു നടത്തിപ്പോരുകയായിരുന്നു. ഇതിന്റെ ഭാഗമായാണ് പൃഥ്വി ഇപ്പോൾ ദുൽഖറിന്റെ ചാലഞ്ച് ഏറ്റെടുത്തത്. 

 

സിനിമയോടുള്ള താരത്തിന്റെ ആത്മാർത്ഥതയുടെ തെളിവാണ് ഇതെന്നായിരുന്നു ആരാധകരുടെ കമന്റ്. ആരോഗ്യം ശ്രദ്ധിക്കണമെന്നു സ്നേഹപൂർവം ഓർമിപ്പിക്കുന്നവരുമുണ്ടായിരുന്നു കൂട്ടത്തിൽ. ജോർദാനിൽ നിന്നു തിരിച്ചെത്തി ഫോർട്ടു കൊച്ചിയിൽ ക്വാറന്റീനിൽ കഴിയുന്ന താരം പരിശീലനത്തിനുള്ള സൗകര്യങ്ങൾ മുറിയിൽ സജ്ജീകരിച്ചിരുന്നു. ജോർദാനിലെ ചിത്രീകരണത്തിനു ശേഷം മെയ് 22നാണ് പൃഥ്വിരാജും സംഘവും കൊച്ചിയിൽ തിരിച്ചെത്തിയത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com