ആത്മബോധിന്റെ സിനിമാ സ്വപ്നം പറന്നെത്തിയതു കാൻ മേളയിലേയ്ക്ക്

Mail This Article
തിരുവനന്തപുരം ∙ സംവിധായകൻ ആത്മബോധിന്റെ സിനിമാ സ്വപ്നം പറന്നെത്തിയതു കാൻ ഫെസ്റ്റിവലിൽ.
ആത്മബോധ് ആദ്യമായി സംവിധാനം ചെയ്ത മലയാള ചലച്ചിത്രം ‘മൈ ലക്കി നമ്പർ ഈസ് ബ്ലാക്ക്’ ആണു കാൻ ചലച്ചിത്രോത്സവത്തിലെ മാർക്കറ്റ് പ്രീമിയറിൽ പ്രദർശിപ്പിക്കുന്നത്.
തിരുവനന്തപുരം മണക്കാട് ശ്രീവരാഹം സ്വദേശിയായ ആത്മബോധ് തിരക്കഥയും ക്യാമറയും സംവിധാനവും നിർവഹിച്ച ചിത്രം 10 ലക്ഷം രൂപയ്ക്കാണു നിർമിച്ചത്. നിർമാതാവ് എൽ.അനിൽകുമാറും സിനിമയിൽ അഭിനയിച്ചിട്ടുണ്ട്. കാനിൽ പ്രദർശിപ്പിക്കുന്ന സിനിമകളിൽ കുറഞ്ഞ ചെലവിൽ ചിത്രീകരിച്ച സിനിമ കൂടിയാണ് ‘മൈ ലക്കി നമ്പർ ഈസ് ബ്ലാക്ക്’ 20 ദിവസം കൊണ്ടു ചിത്രീകരണം പൂർത്തിയാക്കി.
യുദ്ധവും തീവ്രവാദവുമൊക്കെ അനാഥമാക്കുന്ന ജീവിതങ്ങളാണ് ഈ സിനിമ ചർച്ച ചെയ്യുന്നത്. ബിരുദ വിദ്യാർഥിയായ പൗർണമി ഗോപൻ ഈ ചിത്രത്തിൽ പ്രധാന വേഷം അഭിനയിക്കുന്നുണ്ട്. സംവിധായകന്റെ ആത്മവിശ്വാസവും കൂട്ടായ പ്രവർത്തനവുമാണു വലിയൊരു നേട്ടത്തിനു കാരണമായതെന്നു പൗർണമി പറഞ്ഞു. കാർത്തി ശ്രീകുമാർ, അരുൺ ഭാസ്കർ, ദിവ്യ ദാസ്, രാജാറാം വർമ എന്നിവരും ഈ ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്.