ADVERTISEMENT

‘ജിംബ്രൂട്ടന്’ വിവാഹാശംസകൾ...പ്രേക്ഷകരും താരങ്ങളും ഉൾപ്പടെയുള്ളവരുടെ ആശംസകൾ സമൂഹമാധ്യമങ്ങളില്‍ നിറയുകയാണ്. നടൻ ഗോകുലൻ ഗോകുവിനെ മലയാളികൾ കൂടുതല്‍ അറിയുന്നത് ‘ജിംബ്രൂട്ടൻ’ എന്ന ഈ പേരിലൂടെയാണ്. മലയാളസിനിമ ഇന്നുവരെ കേട്ടിട്ടില്ലാത്ത പുതുമയുള്ളൊരു പേര്. ആ പേരിനു പിന്നിലൊരു കഥയുണ്ട്.

ജയസൂര്യ ചിത്രം പുണ്യാളൻ അഗർബത്തീസിലൂടെയാണ് ഗോകുലനും തന്റെ കഥാപാത്രമായ ജിംബ്രൂട്ടനും പ്രേക്ഷകർക്കു പ്രിയങ്കരനാകുന്നത്. സത്യത്തിൽ ഗോകുലന്റെ കഥാപാത്രത്തിന് ഈ പേരിട്ടത് സാക്ഷാൽ ജയസൂര്യയാണ്.

രഞ്ജിത് ശങ്കർ തിരക്കഥ എഴുതുമ്പോൾ ഗോകുലന്റെ കഥാപാത്രത്തിനു പേര് നൽകിയിരുന്നില്ല. നന്ദൻ ഉണ്ണി അവതരിപ്പിക്കുന്ന കഥാപാത്രത്തിനു സുധാകരൻ എന്ന പേര് തീരുമാനിച്ചിരുന്നു. അങ്ങനെ ചർച്ച വന്നപ്പോളാണ് ജയസൂര്യ തന്നെ ഇങ്ങനെയൊരു പേര് നിർദേശിച്ചത്. ആദ്യ കേട്ടപ്പോൾ തന്നെ ഏവർക്കും കൗതുകം. അത് പിന്നാലെ ചിരിയിലേയ്ക്കു വഴിമാറി.

ഇതുവരെ പരിചിതമല്ലാത്തൊരു പേര്, അങ്ങനെ ഗോകുലൻ തന്റെ പേരിലാക്കുകയും ആ കഥാപാത്രത്തെ ഭംഗിയായി അവതരിപ്പിക്കുകയും ചെയ്തു. കൂടെ തൃശൂർ ഭാഷയിൽ, ‘ജിംബ്രൂട്ടൻ, ജിംബ്രൂട്ടാ’ എന്ന ജോയ് താക്കോൽക്കാരന്റെ നീട്ടിപ്പിടിച്ചൊരു വിളികൂടി ആയതോടെ ‘ജിംബ്രൂട്ടൻ’ സൂപ്പർഹിറ്റ്.

‘എന്റെ ജിംബ്രൂട്ടന് എല്ലാവിധ വിവാഹ മംഗളാശംസകളും നേരുന്നു’ എന്നാണ് ജയസൂര്യ തന്റെ ഫെയ്സ്ബുക്ക് പേജിൽ കുറിച്ചത്. പെരുമ്പാവൂർ ഇരവിച്ചിറ ക്ഷേത്രത്തിൽവച്ച് വ്യാഴാഴ്ച രാവിലെയായിരുന്നു ഗോകുലന്റെയും ധന്യയുടെയും വിവാഹം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com