ADVERTISEMENT

നേരം പ്രേമം എന്നീ ചിത്രങ്ങളുടെ സംവിധായകനായ അൽഫോൻസ് പുത്രൻ സംവിധാനം ചെയ്യാനിരുന്ന ആദ്യ സിനിമയെക്കുറിച്ചുള്ള കുറിപ്പ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. അതുൽ എന്ന സിനിമാപ്രേമിയാണ് തനിക്ക് ആ ചിത്രത്തെക്കുറിച്ച് നേരിട്ടറിവുള്ള വിവരങ്ങൾ ഒരു സിനിമാഗ്രൂപ്പിൽ പോസ്റ്റ് ചെയ്തത്. അദ്ദേഹത്തിന്റെ കുറിപ്പ് വായിക്കാം. 

 

'പ്രേമം'  അഞ്ചാം വാർഷികം പ്രമാണിച്ചു ഭരദ്വാജ് രംഗൻ അൽഫോൻസ് പുത്രനുമായി നടത്തിയ ഇന്റർവ്യൂ വായിച്ചു. അതിൽ പറയുന്നുണ്ട് 'നേരം' തമിഴ് വേർഷന് ആദ്യ ചോയ്സ് ജയ് ആയിരുന്നു പിന്നീട് വൈഭവ് റെഡ്ഡിയെ വച്ച് പ്ലാൻ ചെയ്തു എങ്കിലും നടന്നില്ല എന്ന്. അപ്പോഴാണ് ഇക്കാര്യം പിന്നെയും ഓർമ വന്നത്. ഹൈദരാബാദ് EFL യൂണിവേഴ്സിറ്റിയിൽ പഠിക്കുന്ന കാലം - 2012. എന്റെ ഒരു ഫ്രണ്ടിന്റെ ഫ്രണ്ട് ആയ അർച്ചന കവി ഏതോ ഒരു ഷൂട്ടിന് വേണ്ടി ഹൈദരാബാദിൽ വന്നപ്പോൾ ഞങ്ങളുടെ ക്യാമ്പസ്സിൽ വരുന്നു. പിറ്റേ ദിവസം സിനിമയുടെ പൂജയ്ക്ക്‌ എന്റെ ഫ്രണ്ടിനെയും ക്ഷണിച്ചു. ഒരു കമ്പനിക്കു ജൂബിലി ഹിൽസിലെ സ്റ്റുഡിയോയിലേക്ക് (അന്നപൂർണ ആവണം) ഞാനും കൂടി. ചെന്നപ്പോ ദാണ്ടെ വൈഭവ് റെഡ്‌ഡി ഒക്കെ നിക്കുന്നു. 'സരോജ' കണ്ടപ്പോ തൊട്ട് ചങ്ങായീനെ ഇഷ്ടമാണ്. അർച്ചന കവി വഴി പടത്തിന്റെ പ്രൊഡ്യൂസറോട് സംസാരിച്ചു - രാജ് സഖറിയാസ്, 'അൻവർ' ഒക്കെ എടുത്ത ആളാണ്. അവിടെ ഉണ്ടായിരുന്ന പോസ്റ്ററിൽ നോക്കിയപ്പോൾ സംവിധായകന്റെ പേര് 'അൽഫോൻസ് പുത്രൻ'. പുത്രനോ? എന്തൊരു പേര്! മലയാളി ആവണം, ഞാൻ വിചാരിച്ചു. ഏതോ ഷോർട് ഫിലിം ഒക്കെ ചെയ്ത ആളാണത്രെ. ആദ്യത്തെ പടം ആണ് പോലും. പുള്ളിയെ അന്ന് കണ്ടില്ല.

 

ഹൈദരാബാദ് ആരേലും വന്നു കഴിഞ്ഞാൽ അവരെ ചാർമിനാർ കാണിക്കണം എന്നുള്ളതുകൊണ്ട് പൂജ ഒക്കെ കഴിഞ്ഞു അർച്ചന കവി ഉൾപ്പടെ ഞങ്ങൾ നാല് പേർ അങ്ങോട്ട് പോയി പേൾ ഷോപ്പിംഗ് ഒക്കെ ചെയ്തു കറങ്ങി നടന്നു പിന്നെ ഒരു ബിരിയാണീം കഴിച്ചു സാന്തോഷമായി  എയർപോർട്ടിൽ പോയി ടാറ്റ പറഞ്ഞു പിരിഞ്ഞു. അന്ന് മുതൽ ആ പടത്തിന്റെ വാർത്ത എങ്ങാനും വരുന്നുണ്ടോ എന്ന് നോക്കുമായിരുന്നു. എന്തോ ആ പ്രൊജക്റ്റ് നടന്നില്ല. പിന്നെ ഞാൻ ആ പുത്രന്റെ പേര് ശ്രദ്ധിക്കുന്നത് അടുത്ത കൊല്ലം നിവിൻ പോളിയെ വച്ച് ഒരു പടം റിലീസ് ചെയ്തപ്പോഴാണ്. മുക്കം 'റോസ്' തിയേറ്ററിൽ കണ്ടു ചിരിച്ചു മറിഞ്ഞത് ഓർമയുണ്ട്. അപ്പൊ പറഞ്ഞു വന്നത്. നേരം രണ്ടു തരത്തിലുണ്ട്. ഒന്ന് നല്ല നേരം, മറ്റൊന്ന് ചീത്ത നേരം. ചീത്ത നേരം ഇടയ്ക്കു വന്നാലും പിന്നെ നല്ല നേരം ഉണ്ടാവാം. അഭിവാദ്യങ്ങൾ മിസ്റ്റർ അൽഫോൻസ് പുത്രൻ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com