ADVERTISEMENT

വിജയ് ചിത്രം ബിഗില്‍ 20 കോടി നഷ്ടമെന്ന വാർത്ത വ്യാജമെന്ന് നിർമാതാവ് അർച്ചന കൽപാതി. ബിഗിൽ ഫ്ലോപ്പ് ആയിരുന്നു എന്ന അവകാശവാദവുമായി ദേശീയ മാധ്യമമാണ് രംഗത്തുവന്നത്. ചിത്രത്തിന്റെ നിർമാതാക്കൾ ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത് എന്നാണ് ചാനൽ അവകാശപ്പെടുന്നത്. 

 

ചിത്രത്തിനുവേണ്ടി ഷൂട്ട് ചെയ്ത ഒരു ഫുട്ബോൾ സീൻ 20 കോടി നഷ്ടം വരുത്തിയെന്നും അതിനാൽ ചിത്രം ലാഭത്തിലായില്ലെന്നും നിർമാതാക്കൾ പറഞ്ഞതായാണ് വെളിപ്പെടുത്തൽ. എന്നാൽ ഈ അവകാശവാദത്തെ പൊളിച്ചടുക്കി നിർമാതാക്കളിലൊരാളായ അർച്ചന കൽപാതി രംഗത്തുവന്നു. ഇത് വ്യാജ വാർത്തയാണെന്ന് ഇവർ സ്ഥിരീകരിച്ചു. 

 

ദളപതി വിജയ് നായകനായ സൂപ്പർ ഹിറ്റ് ചിത്രമാണ് ബിഗിൽ. തെറി, മെർസൽ എന്നീ സൂപ്പർഹിറ്റ് ചിത്രങ്ങൾക്ക് ശേഷം അറ്റ്‌ലി സംവിധാനം ചെയ്ത ചിത്രം 300 കോടിക്ക് മുകളിൽ കലക്‌ഷൻ നേടുകയും തമിഴ്നാട്ടിൽ നിന്നും ഏറ്റവും ഉയർന്ന കലക്‌ഷൻ നേടുന്ന തമിഴ് ചിത്രമായി മാറുകയും ചെയ്തിരുന്നു. 

 

എജിഎസ് പ്രൊഡക്‌ഷൻസ് ആണ് ചിത്രത്തിന്റെ നിർമാണം നിർവഹിച്ചത്. ചിത്രത്തിന്റെ കലക്‌ഷൻ കൃത്യമായി ഫയൽ ചെയ്തില്ല എന്നു കാണിച്ച് അടുത്തിടെ ഇൻകം ടാക്സ് ഉദ്യോഗസ്ഥർ നിർമാതാക്കളെ ചോദ്യംചെയ്തിരുന്നു. ഇതിന്റെ ഭാഗമായി വിജയ്‌യും ചോദ്യം ചെയ്യലിനായി സഹകരിച്ചിരുന്നു. ഇൻകം ടാക്സ് പുറത്തുവിട്ട ഔദ്യോഗിക പത്രക്കുറിപ്പിൽ ബിഗിൽ ചിത്രത്തിന്റെ കളക്ഷൻ 300 കോടിയാണ് എന്ന് പരാമർശിക്കുന്നുണ്ട്. ചിത്രം പുറത്തുവന്നു എട്ടു മാസങ്ങൾക്ക് ശേഷം ഇത്തരത്തിൽ ഒരു ആരോപണം വരുന്നത് തികച്ചും ഒരു ഗൂഢാലോചനയുടെ ഭാഗമായിട്ടാണ് എന്നാണ് ആരാധകർ സമൂഹമാധ്യമങ്ങളിൽ ആരോപിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com