ADVERTISEMENT

അമ്മയാണെ സത്യം എന്ന ബാലചന്ദ്രമേനോൻ സിനിമയിലൂടെ മലയാളി പ്രേക്ഷകരുടെ മുന്നിലെത്തിയ താരമാണ് ആനി. അഭിനയരംഗത്ത് സജീവമായിരുന്നത് വെറും മൂന്നു വർഷങ്ങൾ മാത്രമാണെങ്കിലും ഇന്നും പ്രേക്ഷകർക്ക് ഇഷ്ടത്തോടെ ഓർക്കാൻ ഒരു പിടി നല്ല കഥാപാത്രങ്ങൾ സമ്മാനിച്ചാണ് താരം അഭിനയത്തോടു വിട പറഞ്ഞത്. ഒരിടവേളയ്ക്കു ശേഷം ടെലിവിഷൻ രംഗത്ത് സജീവസാന്നിധ്യമായി ആനി മാറി.  ഈ രണ്ടാം വരവിൽ, പാചകവിദഗ്ദയായും അവതാരകയായും മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ടം ആനി സ്വന്തമാക്കി. പ്രേക്ഷകരുടെ കയ്യടികളും അഭിനന്ദനങ്ങളും മാത്രമല്ല വിമർശനങ്ങളും പരിഹാസങ്ങളും കൂടി ആനിക്ക് നേരിടേണ്ടി വന്നിട്ടുണ്ട്. വ്യക്തിജീവിതത്തിലെ ഇഷ്ടങ്ങളെക്കുറിച്ചും ഈയടുത്ത കാലത്ത് സമൂഹമാധ്യമങ്ങളിൽ നിന്നുയർന്ന വിമർശനങ്ങളെക്കുറിച്ചു ആനി മനോരമ ഓൺലൈനിൽ. 

 

● ചിത്ര, ആനി ഏതാണ് കൂടുതൽ ഇഷ്ടം

 

മിസ്സിസ് ഷാജി കൈലാസ് എന്ന് വിളിക്കുന്നതാണ് എനിക്ക് കൂടുതൽ ഇഷ്ടം. അദ്ദേഹത്തിന്റെ ഭാര്യ എന്ന പേരിൽ അറിയപ്പെടുന്നത് കൊണ്ടുള്ള ഇഷ്ടക്കൂടുതൽ കൊണ്ടാണത്. 

annie-shaji-kailas

 

● ഷാജി കൈലാസ് എന്ന സംവിധായകൻ വീട്ടിലെത്തിയാൽ ?

 

അദ്ദേഹം നല്ലൊരു ഗൃഹനാഥനാണ്. ടെൻഷൻ കഴിവതും ഒഴിവാക്കിയാണ് ഏട്ടൻ വീട്ടിലേക്കെത്താറുള്ളത്. ചെയ്യാൻ പോകുന്ന ചിത്രത്തിന്റെ കഥകൾ എന്നോട് പറയാറുണ്ട്. അപ്പോൾ അഭിപ്രായവും വിമർശനവും ഞാൻ അറിയിക്കും. അതിനപ്പുറത്തേക്ക് ഒരു ചർച്ചയും വീട്ടിനുള്ളിൽ ഉണ്ടാവാറില്ല. പക്ഷെ കുട്ടികൾ വളർന്നപ്പോൾ അവരുടെ അഭിപ്രായങ്ങളും ഏട്ടൻ ചോദിച്ചു മനസ്സിലാക്കാറുണ്ട്.

annie-shaji-kailas

 

● ആദ്യമായി ഒരുമിച്ച് സിനിമയ്ക്ക് പോയത് ഓർമയുണ്ടോ? 

 

ആദ്യമായി ഞങ്ങൾ തീയറ്ററിൽ പോയി കണ്ടത് സൽമാൻഖാനും മനീഷ കൊയ്‌രാളയും ഒരുമിച്ച് അഭിനയിച്ച ഖാമോഷി എന്ന ഹിന്ദി സിനിമയാണ്. പിന്നീട് സമയക്കുറവ് കാരണം തിയറ്ററിൽ പോകാൻ പറ്റിയിട്ടില്ല. മിക്ക പടങ്ങളുടെയും പ്രിവ്യൂസിനു പോകുമ്പോൾ ഏട്ടൻ എന്നെയും കൂട്ടും. കുട്ടികൾ വളർന്നതു മുതൽ ഞങ്ങൾ എല്ലാവരും കൂടി എല്ലാ സിനിമകളുടെയും ആദ്യ ഷോ തന്നെ തീയറ്ററിൽ പോയി കാണാൻ ശ്രമിക്കാറുണ്ട്. ലോക്ഡൗൺ ആയതിനുശേഷം നെറ്റ്ഫ്ലിക്സും ആമസോണും വഴിയാണ് സിനിമകൾ കാണുന്നത്.

 

വായിക്കാൻ ഇഷ്ടമുള്ള പുസ്തകങ്ങളെപ്പറ്റി?

 

വായിക്കാൻ എനിക്ക് ഏറ്റവും ഇഷ്ടമുള്ള രണ്ട് പുസ്തകങ്ങൾ ബാലരമയും കളിക്കുടുക്കയുമാണ്. അത് വായിക്കുമ്പോൾ മനസ്സിന് ഒരാശ്വാസമാണ്. ഏട്ടന്റെ അമ്മ എല്ലാദിവസവും പത്രം വായിച്ച് വാർത്തകൾ എനിക്ക് പറഞ്ഞുതരും. എനിക്കും അമ്മയ്ക്കും അതൊരു ശീലമായി. വായിക്കാനുള്ള എന്റെ മടി അറിയുന്നതുകൊണ്ട് ഏട്ടനും വാർത്തകൾ വായിച്ചു കേൾപ്പിക്കും. ടെൻഷൻ ഇല്ലാതെ എപ്പോഴും ലൈറ്റ് വെയിറ്റ് ആയിരിക്കാനാണ് ഞാൻ ഇഷ്ടപ്പെടുന്നത്.   

 

● മഴയെത്തുംമുമ്പേയിലെ ശ്രുതി

 

ഒരുപാട് വർഷങ്ങൾ കഴിഞ്ഞിട്ടും ആളുകൾ എന്നെ ശ്രുതിയായിട്ടാണ് ഇപ്പോഴും കാണുന്നത്. അതിൽ സന്തോഷമുണ്ട്. എനിക്ക് ഏറ്റവും ഇഷ്ടപെട്ട വേഷങ്ങളിൽ ഒന്നാണത്. ശരിക്കും ആ സിനിമയിൽ ഞാൻ അഭിനയിച്ചിട്ടില്ല. ഞാൻ തന്നെയാണ് ശ്രുതി. വെറുതെ പറയുന്നതല്ല. ഇപ്പോഴും ആ സ്വഭാവത്തിൽ ഒരു മാറ്റവും ഇല്ല. ഷൂട്ടിങിനിടയിൽ ഒരിക്കൽ പോലും ഡയറക്ടർ കമൽ സർ എന്നെ വഴക്കു പറഞ്ഞില്ല. ഓരോ ഭാഗവും അദ്ദേഹം കൂടെ നിന്ന് പറഞ്ഞു തന്നാണ് ചെയ്യിപ്പിച്ചത്. കൂടാതെ എനിക്കാ സെറ്റിൽ നല്ല സ്വാതന്ത്ര്യവുമുണ്ടായിരുന്നു. അതുകൊണ്ട് മാത്രമാണ് അത്രയും നന്നായി ആ വേഷം ചെയ്യാൻ കഴിഞ്ഞത്. പിന്നെ ദൈവാനുഗ്രഹവും.

 

● അമ്മയാണെ സത്യത്തിലെ ആൺ വേഷമോ?

 

സംവിധായകന്റെയും ഈശ്വരന്റെയും അനുഗ്രഹത്തിൽ വിശ്വസിക്കുന്ന ആളാണ് ഞാൻ. ആ വേഷത്തെക്കുറിച്ച് മനസ്സിലാക്കിയപ്പോൾ അന്നത്തെ ആൺകുട്ടികളുടെ കുറേ മാനറിസം ആ സിനിമയ്ക്ക് വേണ്ടി ഞാൻ നോക്കി പഠിച്ചു. ആർട്ടിസ്റ്റ് എന്ന ആനിയിൽ ഉള്ള അഭിനയത്തെ കൃത്യമായി പുറത്ത് കൊണ്ടുവന്നത് ബാലചന്ദ്രമേനോൻ സാർ ആണ്. 

 

● ബിഗ്ഓവൻ എന്നപേരിൽ ഒരു കാറ്ററിങ് യൂണിറ്റ് നടത്തിയിരുന്നല്ലോ

 

ഭക്ഷണമൊരുക്കുന്നതിലുള്ള താത്പര്യം കൊണ്ടാണ് കാറ്ററിങ് മേഖലയിൽ കൈവയ്ക്കുന്നത്. ഞാനും സിസ്റ്റർ ഇൻ ലോയും ചേർന്നാണ് ബിഗ്ഓവൻ തുടങ്ങിയത്. കുട്ടികളുടെ പഠനവും മറ്റു തിരക്കുകളും കൂടിയപ്പോൾ അത് നിർത്തേണ്ടി വന്നു. ഇപ്പോൾ മകന്റെ പഠനം കഴിഞ്ഞ് അവൻ തിരിച്ചു വന്നപ്പോൾ ഞങ്ങൾ ഒരു സമൂസ പോയിന്റ് അവനുവേണ്ടി ഒരുക്കി കൊടുത്തു. അത് നന്നായി പോകുന്നു എന്നറിഞ്ഞപ്പോഴാണ് 'റിങ്‌സ് ബൈ ആനീസ്' എന്ന പേരിൽ റസ്റ്റോറൻറ് തുടങ്ങിയത്.

 

● ലോക്ഡൗൺ ദിനങ്ങൾ എങ്ങനെ?

 

വീട്ടിൽ എന്നെ സഹായിക്കാൻ ഒരു അമ്മ വരാറുണ്ടായിരുന്നു. ലോക്ഡൗൺ കാരണം അവർക്ക് വരാൻ പറ്റാത്ത അവസ്ഥയാണ്. അതുകൊണ്ട് ഞാനും ഏട്ടനും ഒരുമിച്ചാണ് അടുക്കളയിലെ ജോലികൾ ചെയ്യുന്നത്. ഇത് നിന്റെ മാത്രം ജോലിയാണ്, നീ ഇത് ചെയ്യണം എന്നൊന്നും പറഞ്ഞ് ഏട്ടൻ ഒരിക്കലും ഒന്നും അടിച്ചേൽപ്പിച്ചിട്ടില്ല. നിർബന്ധിക്കാറുമില്ല. എല്ലാത്തിനും കൂടെ നിന്നിട്ടെ ഉള്ളു. ദേഷ്യം വന്നാൽ പോലും ചിത്ര എന്നൊരു വിളിയിൽ അത് ഒതുക്കും. 

 

● ലോക്ഡൗൺ ദിവസങ്ങളിൽ 'ആനീസ് ഹോം കിച്ചൻ' എന്നൊരു യൂട്യൂബ് ചാനൽ കണ്ടിരുന്നു..

 

ലോക്ഡൗൺ സമയത്ത് ആക്റ്റീവ് അകാൻ എന്തെങ്കിലും ചെയ്യണം എന്ന് ചിന്തിച്ചപ്പോഴാണ് യൂട്യൂബ് ചാനൽ എന്ന ചിന്ത ഉണ്ടായത്. അപ്പോഴാണ് ഞാൻ ചെയ്യാം എന്ന് ഏട്ടൻ പറയുന്നത്. ആ വിഭവങ്ങൾ ഉണ്ടാക്കിയ സമയത്ത്‌ പിന്നിൽ നിന്ന് ഞാൻ എല്ലാം പറഞ്ഞു കൊടുത്തു. അതൊരു രസകരമായ അനുഭവമായിരുന്നു. ഞങ്ങൾ പരസ്പരം സെലിബ്രിറ്റീസ് ആയിട്ടല്ല കാണുന്നത്. അതുകൊണ്ട് തന്നെ ഞാൻ കല്യാണം കഴിച്ചത് സ്വപ്നം കണ്ട, അല്ലെങ്കിൽ ആഗ്രഹിച്ച ഒരു മനുഷ്യനെ തന്നെയാണ്. എന്റെ മരണം വരെ അത് അങ്ങനെ തന്നെ തുടരും. തിരിച്ചും അങ്ങനെ തന്നെയാണ്. അതാണ് എന്റെ ധൈര്യവും. മക്കളിൽ നിന്നും ഞാൻ ഒന്നും തിരിച്ചു പ്രതീക്ഷിക്കുന്നില്ല. എന്റെ വിശ്വാസം എന്നുമെന്നും ഷാജി കൈലാസ് മാത്രമാണ്.

 

● ആനീസ് കിച്ചൻ ഇപ്പോൾ മിസ്സ്‌ ചെയ്യുന്നുണ്ടോ? ആനീസ് കിച്ചനിലെ കോട്ടയം സംസാരശൈലിയെപ്പറ്റി?

 

പ്രേക്ഷകരോടൊന്നിച്ചിരിക്കാൻ കിട്ടിയിരുന്ന ഒരു മണിക്കൂർ ആയിരുന്നു ആനീസ് കിച്ചൻ എന്ന പ്രോഗ്രാം. ഓരോ പുതിയ ഗസ്റ്റുകളെ ഇൻറർവ്യൂ ചെയ്യുമ്പോഴും അവരിലൂടെ പുതിയ അറിവുകൾ ആളുകളിലേക്ക് എത്തണമെന്ന് ഞാനെപ്പോഴും ചിന്തിക്കാറുണ്ട്. ആഗ്രഹിക്കാറുണ്ട്. കോട്ടയത്താണ് എന്റെ കുടുംബം. പക്ഷെ തിരുവനന്തപുരത്താണ് പഠിച്ചതും ഇപ്പോൾ താമസിക്കുന്നതും. ആനീസിലും ഞാൻ എന്റെ സാധാരണ ശൈലിയിൽ സംസാരിക്കുന്നുവെന്നേയുള്ളൂ. അത് തന്നെയാണ് ഞാൻ.

 

● ചെറിയൊരു ട്രോൾ ഇറങ്ങിയല്ലോ ആനീസ് കിച്ചനുമായി ബന്ധപ്പെട്ട്. അതേപ്പറ്റി?

 

ദൈവം എന്നെ ലൈംലൈറ്റിൽ നിൽക്കാൻ അനുവദിച്ചത് മൂന്നുവർഷക്കാലമാണ്. ഞാൻ അത് നന്നായി ആസ്വദിക്കുകയും ചെയ്തു. ആ സമയത്ത് എന്റെ ഗുരുക്കന്മാരിൽ നിന്നും ഞാൻ മനസ്സിലാക്കിയത് മേക്കപ്പില്ലാതെ അഭിനയിക്കുന്നത് ലെജൻഡ്സ് ആണെന്നാണ്. എന്റെ പരിമിതമായ അറിവിൽ ലെജൻഡ്‌സ് അങ്ങനെ ചെയ്യുന്നത് ആ ക്യാരക്ടറിനെ അത്രമാത്രം ഉൾക്കൊണ്ട് അഭിനയിപ്പിച്ച് ഫലിപ്പിക്കാൻ അവർക്ക് കഴിയും എന്ന ഉറപ്പുള്ളതു കൊണ്ടാണ്. ഇപ്പോഴത്തെ ജനറേഷനിലെ കുട്ടികൾ മേക്കപ്പ് ഇല്ലാതെയാണ് അഭിനയിക്കുന്നത് എന്ന് കേട്ടപ്പോൾ ശരിക്കും എനിക്ക് അതിശയമാണ് തോന്നിയത്. 

 

സാധാരണക്കാരുടെ ഇടയിൽ ആർട്ടിസ്റ്റ് എന്നാൽ സിനിമയിലെന്ന പോലെ ജീവിതത്തിലും എല്ലായ്പ്പോഴും മേക്കപ്പ് ചെയ്ത് മാത്രം പൊതുവേദിയിൽ വരുന്ന ഒരു ഗ്രൂപ്പ് ആളുകൾ ആണെന്നുള്ള വിചാരം പണ്ടു മുതലേ ഉണ്ടായിരുന്നു. അങ്ങനെയുള്ള തെറ്റിദ്ധാരണകൾ മാറ്റാനും മേക്കപ്പ് ഇല്ലാതെ അഭിനയിക്കുന്ന കുട്ടികൾ നമ്മുടെ ഇൻഡസ്ട്രിയൽ ഉണ്ട് എന്നൊരു ഇൻഫർമേഷൻ പ്രേക്ഷകരിലേക്ക് എത്തിക്കാനുമാണ് അന്നത്തെ ആ പ്രോഗ്രാമിലൂടെ ഞാൻ ശ്രമിച്ചത്.

 

ഒരിക്കൽ പോലും ഞാൻ ആ പ്രോഗ്രാമിൽ ആരെയും കുറ്റപ്പെടുത്തി സംസാരിച്ചിട്ടില്ല. മുഴുവൻ കാണാതെ ഇങ്ങനെയുള്ള ട്രോളുകൾ ഇറങ്ങുന്നത് കാണുമ്പോൾ സാധാരണ സ്ത്രീ എന്ന നിലയിൽ വിഷമം ഉണ്ട്. പക്ഷേ ഞാൻ അതിനെയെല്ലാം പോസിറ്റീവ് ആയി എടുക്കാനാണ് ശ്രമിക്കുന്നത്. ആ ട്രോൾ ഉണ്ടാക്കിയ ആളോട് എനിക്ക് ദേഷ്യവും ഇല്ല. ഞാൻ കാരണം ഒരാളെങ്കിലും പ്രശസ്തനാവുന്നെങ്കിൽ അത് നല്ലതല്ലേ?  പക്ഷേ സാധാരണയായി നമ്മളൊക്കെ പറയുന്ന നാട്ടുവർത്തമാനം എന്ന രീതിയിൽ ഞാൻ പറഞ്ഞതെല്ലാം വല്ലാതെ വളച്ചൊടിച്ചു. ഇതിൽ കൂടുതൽ എനിക്ക് ഒന്നും അതേപ്പറ്റി പറയാനില്ല.

 

● കുടുംബത്തെപ്പറ്റി പറയുന്ന മറ്റൊരു വിഡിയോ കൂടി ചർച്ച ആയല്ലോ

 

എന്റെ കാര്യം ഞാൻ പറയാം. ഞാൻ ഒരു ജോയിന്റ് ഫാമിലിയിൽ വളർന്നയാളാണ്. അതുകൊണ്ട് തന്നെ അവിടെയുള്ള എല്ലാ അമ്മമാരും ഒരു കുടുംബം എങ്ങനെ ഒരുമിച്ച് മുന്നോട്ട് കൊണ്ടു പോകുന്നു എന്ന് ഞാൻ ചെറുപ്പത്തിലെ ശ്രദ്ധിച്ചിരുന്നു. എന്റെ അമ്മ എന്നെ പഠിപ്പിച്ചത് എപ്പോഴും സ്ത്രീകൾ ഭർത്താവിനെക്കാൾ കുറച്ചു താഴ്ന്ന് നിൽക്കണം എന്നാണ്. ഞാൻ അനുസരിക്കുന്നതും അതാണ്. അതിൽ ഇപ്പോഴും എനിക്ക് ഒരു കുറ്റബോധവും ഇല്ല. എന്നാൽ ഇന്നത്തെ കുട്ടികൾ സ്വയം പര്യാപ്തത നേടി സ്വന്തം കാലിൽ നിൽക്കുന്നതിൽ എനിക്ക് സന്തോഷം മാത്രമേയുള്ളൂ. അവർ അങ്ങനെ മുന്നോട്ടു പോകട്ടെ. പിന്നെ ഏട്ടൻ എപ്പോഴും പറയുന്നത് ഓരോ കാര്യം നമ്മൾ ചെയ്യുമ്പോഴും കുറേപ്പേർ നമുക്ക് ബൊക്കെ തരും വേറെ കുറേപ്പേർ കല്ലെറിയും. ബൊക്കെ സ്വീകരിക്കുക. മറ്റേത് മറക്കുക എന്നാണ്.

 

● കൽപന ചേച്ചിയുടെ കൂടെയുള്ള ആനീസ് കിച്ചനെപ്പറ്റി പറയുമോ?

 

കൽപന ചേച്ചി എന്റെ സ്വന്തം ചേച്ചിമാരെപോലെ തന്നെ ആയിരുന്നു. ആ എപ്പിസോഡിൽ ഞാൻ ഒരുപാട് ചിരിച്ചു. അവിടെ വന്ന വേറെ ഒരാൾക്കും അത്രയും സാധിച്ചില്ല. ഞാൻ സിനിമയിൽ വന്ന സമയം മുതൽ എന്നെ ചേച്ചി ഒരുപാട് സപ്പോർട്ട് ചെയ്തിട്ടുണ്ട്. 3 പടം ഞങ്ങൾ ഒരുമിച്ച് ചെയ്തു. എപ്പോഴും ഉർവശി ചേച്ചിയെപ്പോലെ തന്നെ എന്നെയും ഒരു അനിയത്തിയായി കല്പന ചേച്ചി കണ്ടു.

 

ജീവിതത്തിലെ ഇണക്കങ്ങളും പിണക്കങ്ങളും?

 

ഒരു തെറ്റ് കണ്ടാൽ ഏട്ടൻ വഴക്കു പറഞ്ഞാലും എനിക്ക് വേദനിക്കാറില്ല. കാരണം ചൂണ്ടിക്കാണിക്കുന്ന തെറ്റ് ആക്സപ്റ്റ് ചെയ്യാൻ ഞാൻ തയ്യാറാവുന്നതുകൊണ്ടാണ്. അത് തെറ്റായതുകൊണ്ടാവും അദ്ദേഹം എനിക്കത് ചൂണ്ടിക്കാണിച്ചു തന്നത്. എന്നോട് സ്നേഹം ഉള്ളതുകൊണ്ടല്ലേ അദ്ദേഹം അങ്ങനെ ചെയ്യുന്നത്. മറ്റൊരാൾ എനിക്ക് ഒരു പക്ഷേ അത് കാണിച്ചുതരില്ല. ആ സമയത്ത് എനിക്ക് അദ്ദേഹത്തോട് ഇഷ്ടം കൂടുകയാണ് പതിവ്. അതാണ് എന്റെ രീതി. സ്നേഹം ഉള്ളിടത്തെ ശകാരവുമുള്ളു. എല്ലാത്തിനെയും പോസിറ്റീവ് ആയി എടുക്കുകയാണ് പ്രധാനം. എന്നെ വളർത്തിയതും ഞാൻ കണ്ടു വളർന്നതും അങ്ങനെതന്നെയാണ്. ഞാൻ ഒരു സാധാരണ മലയാളി വീട്ടമ്മയാണ്.

 

● നവമാധ്യമങ്ങളിൽ ആക്റ്റീവ് ആകണമെന്നില്ലേ?

 

ഫെയ്സ്ബുക്ക്, ട്വിറ്റർ തുടങ്ങിയവയിൽ ഒന്നും ഞാനില്ല. നവമാധ്യമങ്ങളിലൂടെ മറ്റൊരു ലോകത്തേക്ക് പോകാൻ എനിക്ക് താല്പര്യമില്ല. കുട്ടികളോടൊപ്പം സമയം ചിലവഴിക്കാൻ എനിക്ക് ഏറെ ഇഷ്ടം. ജീവിതത്തിൽ എപ്പോഴും അപ്ഡേറ്റഡ് ആയിരിക്കണം എന്ന് ഏട്ടൻ പറയാറുണ്ട്. അദ്ദേഹത്തിലൂടെ കിട്ടുന്ന അറിവുകളാണ് എന്നെ നയിക്കുന്നത്. അത് ഒരിക്കലും മോശം ആവില്ല എന്ന് എനിക്കുറപ്പും ഉണ്ട്. അന്ധമായി ഞാൻ അദ്ദേഹത്തെ വിശ്വസിക്കുന്നു. ഇതൊരിക്കലും അലങ്കാരമായി പറയുന്നതല്ല. കൂടുമ്പോൾ ഇമ്പമുണ്ടാക്കുന്ന കുടുംബം എന്ന ചൊല്ല് എന്റെ ജീവിതത്തിൽ അന്വർത്ഥമാണ്. 

 

● എന്താണ് പ്രേക്ഷകരോട് പറയാനുള്ളത്?

 

എന്റെ പ്രേക്ഷകർ എല്ലാം കുറേ അമ്മമാരാണ്. അവരുടെ മനസ്സിൽ ഞാനൊരു മകളെപ്പോലെയാണ്. ആ അമ്മമാരുടെ അനുഗ്രഹവും പ്രാർത്ഥനയും എന്നോടൊപ്പമുണ്ടെന്ന് ഞാൻ വിശ്വസിക്കുന്നു. അത് ഉള്ളിടത്തോളം കാലം എനിക്ക് സന്തോഷം മാത്രമാണ്. ഒരു പരാതിയുമില്ല. ഞാൻ മനസ്സിൽ ഒന്നുവച്ച് വേറെ ഒന്ന് സംസാരിക്കുന്ന വ്യക്തിയല്ല.  എപ്പോഴും തുറന്നു സംസാരിക്കുന്ന വ്യക്തിയാണ് ഞാൻ. അതുകൊണ്ട് എനിക്ക് മനസ്സമാധാനമായി രാത്രിയിൽ കിടന്നുറങ്ങാൻ സാധിക്കാറുണ്ട്.

 

ഒരു തെറ്റ് ചെയ്താൽ അത് ഏറ്റു പറയാനും ഞാൻ റെഡിയാണ്. തുറന്നു പറഞ്ഞില്ലെങ്കിൽ എനിക്ക് ഒരു സമാധാനവും കിട്ടില്ല. ഞാൻ എന്റെ ജീവിതം ഒരു ഗ്ലാസ് പോലെ പൊട്ടാതെ കൊണ്ടുപോവുകയാണ്. അതിനായി എല്ലാവരുടേയും പ്രാർത്ഥന ഞങ്ങളോടൊപ്പം ഉണ്ടാവണമെന്ന് ആഗ്രഹിക്കുന്നു, വിശ്വസിക്കുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com