ADVERTISEMENT

താര സംഘടനയായ അമ്മയിൽ നിന്നും സുരേഷ് ഗോപി ഇറങ്ങിപ്പോയതിന്റെ കാരണം വെളിപ്പെടുത്തി സംവിധായകൻ ആലപ്പി അഷ്റഫ്. ഗൾഫ് പരിപാടിയിൽ പങ്കെടുത്തത് അമ്മ സംഘടനയെ അറിയിച്ചില്ല എന്ന നിസ്സാര കാരണത്തിൽ രണ്ട് ലക്ഷം രൂപ സുരേഷ് ഗോപിക്ക് പിഴ ഈടാക്കിയെന്നും ഇതേതുടർന്നുണ്ടായ സംഭവവികാസങ്ങള്‍ അദ്ദേഹത്തിന് മാനസികസമ്മർദം ഉണ്ടാക്കിയെന്നും ആലപ്പി അഷ്റഫ് പറയുന്നു. ഇതിനൊപ്പം സുരേഷ് ഗോപിയെന്ന പച്ചയായ മനുഷ്യന്റെ മനസ്സിലെ നന്മകളെപ്പറ്റിയും അഷ്റഫ് തുറന്നുപറയുന്നുണ്ട്.

 

ആലപ്പി അഷ്റഫിന്റെ കുറിപ്പ് വായിക്കാം:

 

മലയാള ചലച്ചിത്ര ലോകത്തെ ഏക താര സംഘടനയാണ് അമ്മ. നിർഭാഗ്യമെന്നു പറയട്ടെ ഭരത് സുരേഷ് ഗോപി ഈ സംഘടനയിൽ ഇന്നില്ല. കാരണമെന്തെന്നു ഒട്ടേറെ പേർ എന്നോട് പലയുരു ആരാഞ്ഞിട്ടുണ്ട്. ആ ചോദ്യത്തിനുള്ള ഉത്തരവും ഈ കുറിപ്പിൽ ഞാൻ പങ്കുവയ്ക്കാം.

 

ഭരത് അവാർഡ് വാങ്ങിയ സുരേഷ് ഗോപിയുടെ അഭിനയത്തെ പറ്റി ഞാനൊന്നും പറയെണ്ടതില്ലല്ലോ. സുരേഷ് ഗോപിയുടെ രാഷ്ട്രീയത്തെയും ഞാൻ വിശകലനം ചെയ്യുന്നില്ല. എന്നാൽ സുരേഷ് ഗോപിയെന്ന പച്ചയായ മനുഷ്യന്റെ മനസ്സിലെ നന്മകളെ പറ്റി പറയാതിരിക്കാൻ പറ്റില്ല.

 

ആ മനുഷ്യ സ്നേഹിയുടെ സ്നേഹലാളനകൾ ജീവിതയാതനകളുടെ ചരിത്രമുള്ളവർ പലരും തൊട്ടറിഞ്ഞിട്ടുള്ളതാണ്. സ്വന്തം പോക്കറ്റിൽ സ്പർശിക്കാത്ത ഉപദേശികളും വിമർശകരുമുള്ള ചലച്ചിത്ര രംഗത്ത്, വേറിട്ട് നില്‍ക്കുന്ന വ്യക്തിത്വമാണ് സുരേഷ് ഗോപി എന്ന കരളലിവുള്ളവൻ കാഴ്ചവെച്ചിട്ടുള്ളത്.

 

അകാലത്തിൽ പൊലിഞ്ഞ പൊന്നുമകൾ ലഷ്മിയുടെ പേരിലുള്ള ലഷ്മി ഫൗണ്ടേഷന്റെ സാന്ത്വനം , നിരവധി നിർദ്ധന കുഞ്ഞുങ്ങൾക്ക് ഇന്നും ഒരു കൈത്താങ്ങാണ്. എത്രയോ അനാഥ ജീവിതങ്ങൾക്ക് കിടപ്പാടം വച്ച് നല്കിയിട്ടുള്ള കലാകാരനാണ് സുരേഷ് ഗോപി.

 

എൻഡോസൾഫാൻ ദുരിതത്തിലാഴ്ത്തിയവർക്ക് തല ചായ്ക്കാൻ 9 പാർപ്പിടങ്ങളാണ് സുരേഷ് ഗോപി നിർമിച്ച് നൽകിയത്. പൊതു സമൂഹം അന്യവൽക്കരിച്ച മണ്ണിന്റെ മക്കളായ ആദിവാസികൾക്ക് സഹായവുമായ് എത്തിയ ആദ്യ സിനിമാക്കാരൻ സുരേഷ് ഗോപി തന്നെയാണ്.

 

അട്ടപ്പാടിയിലെയും, കോതമംഗലത്തിനടുത്ത് ചൊങ്ങിൻചുവട് ആദിവാസി ഊരുകളിൽ ഈ പ്രേംനസീർ ആരാധകൻ നിർമിച്ച് നല്കിയത് നിരവധി ടോയ്‌ലറ്റുകളാണ്. എല്ലാം സ്വന്തം അദ്ധ്വാനത്തിന്റെ ഫലത്തിൽ നിന്നുമാണന്ന് ഓർക്കണം.

 

മാവേലിക്കരയിലൂടെ യാത്ര ചെയ്യുമ്പോൾ യാദൃശ്ചികമായി കണ്ടുമുട്ടിയ കാൽനഷ്ടപ്പെട്ട മനുഷ്യന് ഒരുലക്ഷം രൂപയോളം മുടക്കിയാണ് ആധുനിക കൃത്രിമക്കാൽ വാങ്ങി നല്കിയത്. മലയാള ചലച്ചിത്ര ലോകത്ത് എത്ര പേർക്കുണ്ട് ഈ മഹത്വം.

 

എന്നാൽ ഒരിക്കൽ പോലും സ്വന്തം പ്രതിഛായ വർധനയ്ക്കായി സുരേഷ് ഗോപി ഇത് പോലുള്ള വിവരങ്ങൾ പങ്കുവച്ചതായ് ആരും പറഞ്ഞു കേട്ടിട്ടുപോലുമില്ല. പ്രിയനടൻ രതീഷ് മരിക്കുമ്പോൾ ആ കുടുംബം തീർത്തും അനാഥമായിപ്പോയി.. 

 

തിരുവനന്തപുരത്തു സ്ഥിരതാമസത്തിന് ഇവർക്ക് സൗകര്യമൊരുക്കിയത് സുരേഷ് ഗോപിയും നിർമാതാവ് സുരേഷ് കുമാറും ചേർന്നാണ്. കുട്ടികളുടെ പഠനവും പെൺകുട്ടികളുടെ വിവാഹവും പിതാവിന്റെ സ്ഥാനത്ത് നിന്ന് നിറവേറ്റി. എല്ലാ ചുമതലകളും വഹിച്ച സുരേഷ് ഗോപി, സ്നേഹിതന്റെ മകളെ സ്വന്തം മകളെ പോലെ കരുതി എന്നതിന് തെളിവാണ്. 

 

ഇതൊക്കെ സുരേഷ് ഗോപിയെന്ന നന്മ മരത്തിൽ പൂത്തുലഞ്ഞ പൂക്കളിൽ ചിലത് മാത്രമാണ്. അകാരണമായ് അദ്ദേഹത്തെ വേദനിപ്പിക്കുന്നവർ കണ്ണുണ്ടങ്കിൽ കാണട്ടെ കാതുണ്ടങ്കിൽ കേൾക്കട്ടെ.

 

കുചേലൻ നീട്ടിയ അവലുകഴിച്ച കൃഷ്ണനെ, രുക്മണി തടഞ്ഞ പോലെ, രാധിക പിടിച്ചില്ലങ്കിൽ സുരേഷ് ഗോപി തെരുവിൽ തെണ്ടി നടന്നേനെ എന്നാണ് അദ്ദേഹത്തിന്റെ അടുത്ത സുഹൃത്തുക്കളുടെ പക്ഷം. സങ്കടം ആരു പറഞ്ഞാലും സഹായിക്കുന്ന മനസ്സിന് ഉടമ. മലയാള സിനിമയിലെ അപൂർവ ജനസ്സ്.

 

ആലപ്പുഴയിലെ സുബൈദ ബീവിയുടെ തോരാത്ത കണ്ണുനീർ തുടച്ച് നീക്കിയത്, മൂന്നര സെന്റും വീടും വാങ്ങി നൽകിയാണ്. എന്തിന് ആലപ്പുഴ എംപി ആരിഫിന് ആദ്യമായ് നല്ലൊരു മൊബൈൽ ഫോൺ വാങ്ങി കൊടുത്തത് പോലും സുരേഷ് ഗോപിയാണന്നെനിക്കറിയാം. ആരിഫിന്റെ വീട്ടിൽ ഭക്ഷണം കഴിക്കാൻ എന്നെയും കൂട്ടിയാണ് സുരേഷ് പോകാറുള്ളത്.

 

ജാതിയോ മതമോ രാഷ്ട്രീയമോ സുരേഷിന്റെ മനുഷ്യ സ്നേഹത്തിന് മാനദണ്ഡമല്ല. നിർഭാഗ്യമെന്നു പറയട്ടെ സിനിമാക്കാരുടെ ഇടയിൽ സുരേഷിന് അർഹമായ അംഗീകാരവും മതിപ്പും ഇനിയും ലഭിച്ചിട്ടില്ല.

 

ഗൾഫിൽ ഒരു പ്രോഗ്രമിൽ പങ്കെടുത്തത് അമ്മ സംഘടനയെ അറിയിച്ചില്ല എന്ന നിസാര കാരണത്താൽ രണ്ടു ലക്ഷം രൂപ പിഴകെട്ടേണ്ടിവന്നു മുൻപൊരിക്കൽ സുരേഷ് ഗോപിക്ക്. ഇതേ ലംഘനം പിന്നീട് മറ്റു പല ഉന്നതരിൽ നിന്നുമുണ്ടായി .പക്ഷേ നടപടികൾ മാത്രം ആരും എടുത്തില്ല. പൊതു നീതി നടപ്പാക്കാൻ പറ്റാത്ത സംഘടനയുടെ ഈ ഇരട്ടനീതിക്കെതിരായ് ശബ്ദമുയർത്തി സുരേഷ്.

 

തന്നിൽ നിന്നും പിഴയായ് ഈടക്കായ തുക തിരികെ നല്‍കാതെ ഇനി അമ്മയുമായ് സഹകരിക്കാനില്ലന്ന്‌ സുരേഷ് തീരുമാനിച്ച്. അത് ഇന്നും അങ്ങിനെ തന്നെ തുടരുന്നു. എന്നാൽ ആടുജീവിതം സിനിമാ സംഘം ജോർദ്ദാനിൽ കുടുങ്ങിയപ്പോൾ രക്ഷകനായ് ഓടിയെത്തിയത് സുരേഷ് ഗോപിയാണ്. ജോർദ്ദാൻ അംബാസിഡറെ നേരിൽ വിളിച്ച് സഹായങ്ങൾ ഏർപ്പാട് ചെയ്തത് സുരേഷിന്റെ എംപി പദവിയുടെ പിൻബലത്തിലായിരുന്നു.

 

പക്ഷേ ഒന്നു പറയാതെ വയ്യ. സുരേഷ് ഗോപിയുടെ രാഷ്ട്രീത്തോട് വിയോജിക്കാൻ എല്ലാവർക്കും സ്വാതന്ത്ര്യമുണ്ട്.  എന്നാൽ വിമർശനം അത്... അതിര് കടന്ന് ആ കുടുംബത്തെ വേദനിപ്പിക്കുന്നതാകരുത്.

 

ഇത്ര അധികം നന്മകൾ ചെയ്തിട്ടുള്ള ഒരാൾ ഇത്ര അധികം വിമർശനം ഏറ്റു വേദനിക്കുന്നത് ഇതിന് മുൻപ് എനിക്ക് ഒരിക്കലും കാണാൻ കഴിഞ്ഞിട്ടില്ല. ഇത് കൂടി പറഞ്ഞു ഞാൻ നിർത്തുന്നു. പ്രിയ സുരേഷ് അങ്ങേയുടെ രാഷ്ട്രീയ വീക്ഷണത്തിന്റെ വഴിയിൽ ഞാനില്ല. പക്ഷേ താങ്കളുടെ നന്മകൾ അത് കണ്ടില്ലന്നു നടിക്കാൻ എനിക്കാവില്ല. എന്റെയും രണ്ടു ചിത്രങ്ങളിൽ അഭിനയിച്ചിട്ടുള്ളത് കൊണ്ട് അങ്ങയെ കൂടുതൽ മനസ്സിലാക്കാൻ എനിക്ക് സാധിച്ചിട്ടുണ്ട്.

 

അങ്ങേക്ക് ഭാവുകങ്ങൾ നേർന്ന്...

 

ആലപ്പി അഷറഫ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com