ADVERTISEMENT

ക്‌ളിന്റ് ഈസ്റ്റ്‌വുഡ് ഒരു താരമാകുന്നത് എങ്ങനെയാണെന്ന് എല്ലാവര്‍ക്കുമറിയാം. 'സ്പാഗെറ്റി വെസ്റ്റേണ്‍' എന്ന് നമ്മള്‍ ഇന്ന് വിവക്ഷിക്കുന്ന തരം സിനിമകളിലൂടെ അയാള്‍ ലോകമാകെയുള്ള ചലച്ചിത്രപ്രേമികളെ അമ്പരപ്പിക്കുകയും ആവേശഭരിതരാക്കുകയും ചെയ്യുകയായിരുന്നു. സെര്‍ജിലിയോണ്‍ എന്ന ഇറ്റാലിയന്‍ സംവിധായകനെക്കൂടി അനുസ്മരിച്ച് കൊണ്ടേ നമുക്ക് ക്‌ളിന്റ് ഈസ്റ്റ്‌വുഡിനെപ്പറ്റി സംസാരിക്കാന്‍ കഴിയൂ. 

 

സെര്‍ജി ലിയോണ്‍ സംവിധാനം ചെയ്ത, നമ്മള്‍ പൊതുവായി 'കൗബോയ് ചിത്രങ്ങള്‍' എന്ന് പേരിട്ടുവിളിക്കുന്ന ആക്‌ഷന്‍ ഡ്രാമകളിലൂടെയാണ് ക്‌ളിന്റ് ലോകത്തിന്റെ സൂപ്പര്‍താരമായി മാറിയത്. അന്നുവരെ അത്രയും മൂര്‍ച്ചയേറിയ, കത്തിമുന പോലെ ഉരഞ്ഞുകയറുന്ന അഭിനയപ്രകടനങ്ങള്‍ ലോകത്തിന് അന്യമായിരുന്നൂവെന്ന് തന്നെ പറയാം. ഭാവപ്രകടനങ്ങള്‍ നിഷേധിക്കപ്പെട്ട, ' ബൗണ്ടി ഹണ്ടര്‍മാരെയും ' നിയമം കൈയ്യിലെടുത്ത് പോരാടുന്ന വിചിത്രമനുഷ്യരെയുമെല്ലാമാണ് ക്‌ളിന്റ് ഈസ്റ്റ്‌വുഡ് വെള്ളിത്തിരയില്‍ അവതരിപ്പിച്ചത്. 

unforgiver

 

'വെസ്റ്റേണ്‍ജോണര്‍' എന്നോ, 'സ്പാഗെറ്റി വെസ്റ്റേണ്‍' എന്നോ, 'കൗബോയ് സിനിമ'യെന്നോ ഉള്ള പേരുകളില്‍ നമുക്കറിയുന്ന ആ ചിത്രങ്ങള്‍ക്ക് ദൃശ്യപരമായ ചില സവിശേഷതകള്‍ ഉണ്ടായിരുന്നു. വിദൂരദൃശ്യങ്ങളില്‍ കഥാപശ്ചാത്തലത്തെ അടയാളപ്പെടുത്തിയും സമീപദൃശ്യങ്ങളില്‍ കഥാപാത്രത്തെ അടയാളപ്പെടുത്തിയുമാണ് അത്തരം ചിത്രങ്ങള്‍ മുന്നോട്ട് പോയിരുന്നത്. 

clint-eastwood-1

 

സമീപദൃശ്യങ്ങളില്‍ നിന്നാണ് കഥാപാത്രത്തിന്റെ സ്വഭാവസവിശേഷതയും മാനസികാവസ്ഥകളുമെല്ലാം പ്രേക്ഷകന് ലഭിക്കുക. സ്വതവേ സംഭാഷണങ്ങളില്‍ അഭിരമിക്കാത്ത , ഒന്ന് പറഞ്ഞ് രണ്ടാമത്തേതിന് വെടിപൊട്ടിക്കുന്ന ഈ കൗബോയ് കഥാപാത്രങ്ങള്‍ക്ക് ഭാവപ്രകടനം അത്രമേല്‍ നിഷിദ്ധമായിരുന്നു. തിരക്കഥയില്‍ കഥാപാത്രത്തിന്റെ സവിശേഷതകളിലൊന്നായി തന്നെ എഴുതിവച്ചിരിക്കുക നിര്‍വികാരമായ മുഖം എന്നായിരിക്കും. 

 

മുഖത്ത് സ്ഥായിയായി നിര്‍വികാരത നിലനിര്‍ത്തിക്കൊണ്ട് തന്നെ സമീപദൃശ്യങ്ങളിലൂടെ കഥാപാത്രത്തിന്റെ വികാരം പ്രകടമാക്കുക എന്ന വലിയ വെല്ലുവിളിയാണ് ക്‌ളിന്റ് ഈസ്റ്റ് വുഡ് തന്റെ ഓരോ കൗബോയ് കഥാപാത്രങ്ങളിലൂടെയും വിജയകരമായി നിറവേറ്റിയിരുന്നതെന്ന് നമുക്ക് പിന്‍തിരിഞ്ഞുനോക്കുമ്പോള്‍ കാണാന്‍ പറ്റും. എന്തിനെയാണോ നിഷേധിക്കുന്നത് അതിനെത്തന്നെ ആ നിഷേധത്തിലൂടെ ആവിഷ്‌ക്കരിക്കുക. ചെറിയൊരു വെല്ലുവിളി ആയിരുന്നില്ല അത്. മുഖമാണ് ഒരഭിനേതാവിന്റെ വലിയ ആശ്രയങ്ങളിലൊന്ന്. 

clint-eastwood

ഇവിടെ സംവിധായകന്‍ അഭിനേതാവിന്റെ മുഖത്ത് ക്‌ളോസ് ഷോട്ട് വയ്ക്കുക മാത്രമല്ല, ഒപ്പം ആ മുഖത്തെ ഭാവങ്ങള്‍ക്ക് നിരോധനാജ്ഞ പ്രഖ്യാപിക്കുക കൂടിയാണ് ! ആ അസാധ്യതയെ അനായാസം സാധ്യതയാക്കിയത് കൊണ്ടാണ് ലോകത്തിന്റെ താരമായി ക്‌ളിന്റ് ഈസ്റ്റ് വുഡ് മാറിയത്. ലോകം മുഴുവന്‍ അയാള്‍ ഓടിച്ച കുതിരയുടെ കുളമ്പടിയൊച്ചയില്‍ കുടുങ്ങിക്കിടന്നത്. അയാളുടെ തോക്കിന്റെ കാഞ്ചിയില്‍ കണ്ണുകൂര്‍പ്പിച്ചിരുന്നത്. 

 

ഇറ്റാലിയന്‍ സംവിധായകനായ സെര്‍ജി ലിയോണെ സംവിധാനം ചെയ്ത 'ഡോളേർസ് ട്രിലജി'യിലൂടെയാണ് ക്‌ളിന്റ് ഈസ്റ്റ് വുഡ് ലോകസിനിമയില്‍ തന്റെ അശ്വമേധം ആരംഭിക്കുന്നത്. എ ഫിസ്റ്റ്ഫുള്‍ ഓഫ് ഡോളേഴ്‌സ് (1964 ) ആണ് ഈ പരമ്പരയിലെ ആദ്യചിത്രം. ഈ ചിത്രത്തിലഭിനയിക്കുമ്പോള്‍ 34 വയസ്സ് ആയിരുന്നു ക്‌ളിന്റിന് പ്രായം. പിന്നീട് തൊട്ടടുത്ത രണ്ട് വര്‍ഷങ്ങളായി  ഫോര്‍ എ ഫ്യൂഡോളേഴ് മോര്‍, ദ് ഗുഡ് ദി ബാഡ് ആന്‍ഡ് ദ് അഗ്‌ളി എന്നീ ചിത്രങ്ങളും പുറത്തുവന്നു. 

 

million-dollar-baby

പുറത്തിറങ്ങി 54 വര്‍ഷം കഴിഞ്ഞിട്ടും ഈ ചിത്രങ്ങള്‍ ഉയര്‍ത്തിയ മാരകവിജയത്തിന്റെ കുളമ്പടികള്‍ അവസാനിച്ചെന്ന് പറയാറായിട്ടില്ല. കാലം ചെല്ലുന്തോറും ഈ ട്രിലജിയുടെ കള്‍ട്ട് സ്റ്റാറ്റസിന് തിളക്കം കൂടി വരുന്നതേയുള്ളൂ. ഈ ചിത്രങ്ങളില്‍ ക്‌ളിന്റ് അവതരിപ്പിച്ച കഥാപാത്രങ്ങള്‍ക്ക് പേരില്ലായിരുന്നു. അയാള്‍ക്കുണ്ടായിരുന്നത് വരണ്ട ചുണ്ടുകള്‍ കൊണ്ട് കടിച്ചു പിടിച്ച ചുരുട്ടും, അരയില്‍ തൂങ്ങിക്കിടക്കുന്ന ഇരട്ടക്കുഴല്‍തോക്കും, തലയിലെ തൊപ്പിയും, പിന്നെ തോല്‍ക്കാത്ത മനസ്സും മാത്രമായിരുന്നു. മിക്കപ്പോഴും അയാള്‍ കുതിരയെയും ഓടിക്കുമായിരുന്നു. 

 

നിസംശയം, ചലച്ചിത്രപ്രേമികളെ സംബന്ധിച്ചിടത്തോളം ആ കുതിരപ്പുറത്ത് നിന്ന് അയാള്‍ ഇറങ്ങിയിട്ടേയില്ല. ആ കുതിര അയാളെയും കൊണ്ട് കാലത്തില്‍ നിന്ന് കാലത്തിലേക്ക്, മനസ്സുകളില്‍ നിന്ന് മനസ്സുകളിലേക്ക്, ആവേശത്തില്‍ നിന്ന് ആവേശത്തിലേക്ക് അവസാനിക്കാത്ത ഒരു കാഴ്ചയായി ഓടിക്കൊണ്ടേയിരിക്കുന്നു. 

Top 5 Clint Eastwood Moments

 

പക്ഷേ ഇത് ക്‌ളിന്റ് ഈസ്റ്റ വുഡ് എന്ന നടന്റെ മാത്രം കഥയാണ്. ക്‌ളിന്റ് ഈസ്റ്റ്‌വുഡ് ലോകസിനിമയ്ക്ക് ഒരു നടന്‍ മാത്രമല്ല. അയാള്‍ ഒരു അത്യുഗ്രന്‍ സംവിധായകന്‍ കൂടിയാണ്. സംവിധായകന്‍ ആകാന്‍ വേണ്ടി ക്‌ളിന്റ് എടുത്തൊരു ' പാര്‍ട്ട് ടൈം ജോബ് ' ആയിരുന്നു ആ അഭിനേതാവിന്റെ ജോലി എന്ന് പറഞ്ഞാല്‍ അദ്ദേഹത്തിന്റെ ആരാധകരില്‍ പലരും പിണങ്ങുമായിരിക്കാം. എന്നാല്‍ അദ്ദേഹം സംവിധാനം ചെയ്ത സിനിമകള്‍ കാണുന്നവര്‍ മനസ്സിലെങ്കിലും അങ്ങനെ പറഞ്ഞുപോകുമെന്നതാണ് സത്യം. 

 

Top 5 Clint Eastwood Moments

ക്‌ളിന്റ് ഈസ്റ്റ് വുഡ് ഒരു സംവിധായകന്‍ മാത്രമല്ല. അയാള്‍ ആലങ്കാരികതകളോ അതിശയോക്തികളോ ഇല്ലാതെ തന്നെ മനുഷ്യനെന്ന നിലയില്‍ ഒരു അദ്ഭുതമാണ്. വിസ്മയമാണ്. അതിലേറേ ഒരു ഭാവന കൊണ്ട് പണിയെടുക്കുന്നയാളെന്ന നിലയില്‍ സമാനതകളില്ലാത്ത ഒരു പതിഭാസമാണ്. എന്ത് കൊണ്ടാണത് ? നമുക്ക് പരിശോധിക്കാം.

 

ഒരു നായകനടന് തന്റെ താരപ്രഭയുടെ തെളിച്ചത്തില്‍ എക്കാലവും നിലനില്‍ക്കാനാവുമെന്ന് ലോകം കരുതുന്നതേയില്ല. പലപ്പോഴും ചരിത്രവും കാലവും ഈ നിരീക്ഷണത്തെ സാധൂകരിക്കുന്നതുമാണ്. ക്‌ളിന്റ് ഈസ്റ്റ് വുഡിനെപ്പോലെ ' ഇതിഹാസസമാനനായൊരു നായകനടന് എത്രകാലം അത്തരം കഥാപാത്രങ്ങളെ അഭിനയിച്ച് പോകാനാവും എന്ന് ലോകം സ്വാഭാവികമായും ചിന്തിച്ചിരിക്കണം. 

Top 5 Clint Eastwood Moments

 

അറുപതാം വയസ്സില്‍ കുതിരപ്പുറത്ത് പാഞ്ഞുപോകുന്ന, ശവക്കോട്ടകളില്‍ 'ഗണ്‍ഫൈറ്റ് ' നടത്തുന്ന, എതിരാളിയുമായി ദ്വന്ദയുദ്ധം നടത്തുന്നൊരു കൗബോയിയെ സ്ഥാപിത സിനിമാസങ്കല്‍പ്പങ്ങള്‍ക്ക് പോറ്റിവളര്‍ത്താനാവില്ലല്ലോ ? അത് ഏറെക്കുറേ ശരിയുമായിരുന്നു. പക്ഷേ ക്‌ളിന്റ്് ഈസ്റ്റ് വുഡ് തന്റെ തൊണ്ണൂറാംവയസ്സിലും ലോകസിനിമയുടെ ഏറ്റവും വലിയ ചര്‍ച്ചാവിഷയമായി ഇവിടെത്തന്നെയുണ്ട്. അല്ലെങ്കില്‍ ലോകസിനിമയെ സംബന്ധിച്ചിടത്തോളം അയാളോളം ചെറുപ്പമായ മറ്റൊരു ചലച്ചിത്രകാരനില്ല. 

 

പ്രതിഭ കൊണ്ടും സമീപനം കൊണ്ടും സിനിമയെയും ജീവിതത്തെയും മാറ്റിത്തീര്‍ത്താണ് ക്‌ളിന്റ് ഈസ്റ്റ് വുഡ് തന്റെ തൊണ്ണൂറാം വയസ്സിലും ലോകശ്രദ്ധയുടെ കേന്ദ്രത്തില്‍ നില്‍ക്കുന്നത്. സിനിമയോടും ജീവിതത്തോടുമുള്ള ആ സമീപനമാണ് അയാളെ വിസ്മയവും അത്ഭുതവുമൊക്കെ ആക്കിത്തീര്‍ക്കുന്നത്. നിരന്തരമായ പഠനവും സ്വയം മെച്ചപ്പെടുത്തലും ആത്മാര്‍ത്ഥമായ പ്രയത്‌നവുമെല്ലാം പ്രായം എന്നതിനെ വെറുമൊരു സംഖ്യയാക്കി മാറ്റുമെന്ന് ക്‌ളിന്റ് ഈസ്റ്റ്‌വുഡ് അക്ഷരാര്‍ത്ഥത്തില്‍ സ്ഥാപിച്ചു. 

 

Top 5 Clint Eastwood Moments

ഭാവനയോ സര്‍ഗാത്മകതയോ പ്രായത്തിന് മുന്നില്‍ വറ്റിപ്പോകുന്നതല്ലെന്ന് അനുപമമായ സിനിമകള്‍ സംവിധാനം ചെയ്ത് കൊണ്ട് ക്‌ളിന്റ് ഈസ്റ്റ് വുഡ് വീണ്ടും വീണ്ടും തെളിയിച്ചു. ശരീരം കൊണ്ടല്ലെങ്കിലും വിസ്മയകരമായ മന: ശാസ്ത്രം കൊണ്ട് ക്‌ളിന്റ് സിനിമയുടെ കുതിരയെ കാണിയുടെ ഹൃദയത്തിലൂടെ വിജയകരമായി പായിച്ചുകൊണ്ടിരിക്കുന്നു. ഇടയ്ക്കിടയ്ക്ക് ലോകസിനിമയെ ഞെട്ടിപ്പിച്ച് കൊണ്ട് സംവിധായകന്റെ ഇരട്ടക്കുഴല്‍ തോക്കെടുത്ത് പൊട്ടിച്ചു കൊണ്ടിരിക്കുന്നു.

 

അത്തരത്തില്‍ ക്യാമറയ്ക്ക് പിന്നില്‍ നിന്നും ആ വെടിയൊച്ച ലോകം ആദ്യമായി കേട്ടത് 1971-ല്‍ ആണ്. ആ വര്‍ഷം ആണ് ക്‌ളിന്റ് സംവിധാനം ചെയ്ത ആദ്യചിത്രം പ്‌ളേ മിസ്റ്റി ഫോ ര്‍മീ പുറത്ത് വരുന്നത്. അപ്പോളദ്ദേഹത്തിന് പ്രായം 41 വയസ്സ്. എന്നാല്‍ ആ ചിത്രം കണ്ടപ്പോള്‍ ഒരു ലോകാദ്ഭുതം സംഭവിക്കാന്‍ പോകുകയാണെന്ന് ലോകത്തിന് തോന്നിയതേ ഉണ്ടായിരുന്നില്ല. ഏത് കൊടുങ്കാറ്റും ഒരു നിശബ്ദതയില്‍ നിന്നാണ് ആരംഭിക്കുക എന്നത് പോലെ.

gran-torino

 

1971 മുതല്‍ 2109 വരെയുള്ള 2019 വരെയുള്ള 48 വര്‍ഷങ്ങള്‍ കൊണ്ട് ക്‌ളിന്റ് ഈസ്റ്റ്‌വുഡ് 38 ചിത്രങ്ങള്‍ സംവിധാനം ചെയ്തു. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍ 41 വയസ്സ് മുതല്‍ 89 വയസ്സ് വരെയുള്ള ജീവിതകാലയളവിനിടയില്‍ എന്നും പറയാം. 

 

പല പ്രതിഭകളും, മഹാരഥന്‍മാരും നിശബ്ദരാവുകയും സര്‍ഗാത്മകതയോട് തോറ്റ് തുന്നം പാടി വിരമിക്കുകയും ചെയ്യുന്ന സ്വാഭാവികതയിലാണ് ക്‌ളിന്റ് ഈസ്റ്റവുഡ് ലോകസിനിമയുടെ 'ഹോട്ട് പ്രോപ്പര്‍ട്ടിയായി ' ഈ നിമിഷവും തുടരുന്നത് എന്നോര്‍ക്കണം. സംവിധാനം ചെയ്ത സിനിമകള്‍ മികച്ച വിജയങ്ങളാക്കി മാറ്റുക മാത്രമല്ല ക്‌ളിന്റ് ചെയ്തത്. ഓരോ ചിത്രത്തിന്റെയും പിന്നിലെ ചിന്ത, പ്രമേയം, ആഖ്യാനസവിശേഷത എന്നിവ ലോകത്തെ അദ്ഭുതപ്പെടുത്തി. 

 

ക്‌ളിന്റ് ഈസ്റ്റ്വുഡ് സംവിധാനം ചെയ്ത ഓരോ ചിത്രവും പുതുമ എന്ന അടിസ്ഥാനഘടകത്തെ ആവര്‍ത്തിച്ചാവര്‍ത്തിച്ച് സിനിമയുടെ ലോകഭൂപടത്തില്‍ അടയാളപ്പെടുത്തി. അതുവഴി ഓരോ സിനിമയിലൂടെയും ക്‌ളിന്റ് ഈസ്റ്റ് വുഡ് എന്ന സംവിധായകന്‍ കൂടുതല്‍ ചെറുപ്പമാവുകയായിരുന്നു. ലോകത്തോടും സമൂഹത്തോടും നിരന്തരം ഇടപഴകുകയും അതുവഴി സ്വയം നവീകരിച്ചു കൊണ്ടിരിക്കുന്നതുമാണ് പ്രതിഭാക്ഷയത്തെ ചെറുക്കാനുള്ള വഴിയെന്ന് തന്റെ ഒന്നാന്തരം സിനിമകളിലൂടെ ക്‌ളിന്റ് ഈസ്റ്റ് വുഡ് ലോകത്തെ ബോധ്യപ്പെടുത്തിക്കൊടുത്തു. 

 

ജീവിതസമീപനമാണ് പ്രായത്തിനെതിരെയുള്ള ഏറ്റവും മികച്ച ആന്റിബയോട്ടിക് എന്നും അദ്ദേഹം തെളിയിച്ചു. ചുരുക്കത്തില്‍ 1971ന് മുമ്പ് ക്‌ളിന്റ് കാമറയ്ക്ക് മുന്നിലെ താരം മാത്രമായിരുന്നെങ്കില്‍ 1971 ന് ശേഷം, ഇന്നുവരെ, അദ്ദേഹം കാമറയ്ക്ക് മുന്നിലെയും പിന്നിലെയും ഇതിഹാസതാരമായി മാറുകയാണ് ചെയ്തത്.

 

1993-ല്‍ തന്റെ 63-ാം വയസ്സിലാണ് ക്‌ളിന്റ് ഈസ്റ്റ്‌വുഡ് ആദ്യമായി സംവിധായകനുള്ള ഓസ്‌കര്‍ അവാര്‍ഡിന് നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടത്. വെസ്റ്റേണ്‍ജോണര്‍ ചിത്രങ്ങളില്‍ വേറിട്ട ഒരു ഇടം സ്വന്തമായി ഉണ്ടാക്കിയ അണ്‍ഫൊര്‍ഗിവണ്‍ സംവിധാനം ചെയ്തതിനായിരുന്നു അത്. ആ വര്‍ഷം ക്‌ളിന്റ് മികച്ച സംവിധായകനുള്ള ഓസ്‌കര്‍ നേടുക തന്നെ ചെയ്തു. ഒപ്പം ഇരട്ടനേട്ടവുമുണ്ടാക്കി. അണ്‍ഫൊര്‍ഗിവണ്‍ മികച്ച ചിത്രത്തിനുള്ള ഓസ്‌കറും നേടി. 

 

2004-ല്‍ മിസ്റ്റിക് റിവര്‍ വിവിധ വിഭാഗങ്ങളില്‍ നോമിനേറ്റ് ചെയ്യപ്പെട്ടു എങ്കിലും പുരസ്‌ക്കാരങ്ങളൊന്നും നേടാന്‍ കഴിഞ്ഞില്ല. എന്നാല്‍ തൊട്ടടുത്ത വര്‍ഷം 2005-ല്‍ തന്റെ 75-ാം വയസ്സില്‍ ഏറ്റവും മികച്ചൊരു ചിത്രം സംവിധാനം ചെയ്തും അതിലൊരു പ്രധാനവേഷം അവതരിപ്പിച്ചു കൊണ്ടും ക്‌ളിന്റ് ഓസ്‌കര്‍ വേദിയിലേക്ക് മടങ്ങിയെത്തി. അദ്ദേഹത്തിന്റെ ഏറ്റവും പ്രശസ്തചിത്രങ്ങളിലൊന്നായ മില്യണ്‍ ഡോളര്‍ ബേബിയിലൂടെ ക്‌ളിന്റ് വീണ്ടും മികച്ച സംവിധായകനായി തെരഞ്ഞെടുക്കപ്പെട്ടു. ഒപ്പം മില്യണ്‍ഡോളര്‍ബേബി ആ വര്‍ഷത്തെ ഏറ്റവും മികച്ച ചലച്ചിത്രവുമായി. പിന്നീട് 2007ലും 2015ലും അദ്ദേഹം ഓസ്‌കര്‍ നോമിനേഷനുകള്‍ നേടി. ലെറ്റേഴ്‌സ് ഫ്രം ഐവോജിമ, അമേരിക്കന്‍ സ്‌നൈപ്പര്‍ എന്നിവ ആയിരുന്നു യഥാക്രമം ആ ചിത്രങ്ങള്‍. ആകെ 11 ഓസ്‌കര്‍ നോമിനേഷനുകള്‍ ആണ് അദ്ദേഹം ഇത് വരെ നേടിയിട്ടുള്ളത്.

 

എന്നാല്‍ പുരസ്‌ക്കാരങ്ങള്‍ക്കുമപ്പുറം ചലച്ചിത്രകലയിലെ ഏറ്റവും വ്യത്യസ്തമായ സിനിമകള്‍ സംവിധാനം ചെയ്ത പ്രതിഭാശാലിയായ സംവിധായകന്‍ എന്ന വസ്തുതയിലൂടെ ആയിരിക്കും ക്‌ളിന്റ് ചരിത്രത്തിന്റെ ഓസ്‌കര്‍വേദിയില്‍ തലയുയര്‍ത്തി നില്‍ക്കുക. അവ ചലച്ചിത്രമെന്ന കലയെ പുതിയൊരു ഭാഷയാലും സമീപനത്താലും ചിന്തയാലും നിര്‍വചിക്കുകയാണ് ചെയ്തത്. കാണികള്‍ക്ക് അത്യസാധാരണമായ ചലച്ചിത്രാനുഭവം പ്രാപ്യമാക്കുക വഴി ക്‌ളിന്റ് ഈസ്റ്റ്വുഡ് തന്റെ എഴുപതുകളിലും എണ്‍പതുകളിലും ഏറ്റവും വിജയിച്ച സംവിധായകനും അഭിനേതാവുമായി. അദ്ദേഹം ഈ പ്രായത്തിലൊരുക്കിയ ചിത്രങ്ങള്‍ അവയുടെ 'കള്‍ട്ട് സ്റ്റാറ്റസ് ' മെച്ചപ്പെടുത്തിക്കൊണ്ട് മാത്രം ഇരിക്കുമ്പോള്‍ ക്‌ളിന്റ് ഈസ്റ്റ്വുഡ് കള്‍ട്ട് എന്ന വാക്കിന്റെ പര്യായമായി മാറിക്കൊണ്ട് കാലത്തിന് ചെക്ക് പറയുകയും ചെയ്യുന്നു.

 

അദ്ദേഹം 62-ാം വയസ്സില്‍ സംവിധാനം ചെയ്ത അണ്‍ഫൊര്‍ഗിവണ്‍ സംവിധായകന്‍ എന്ന നിലയിലുള്ള അദ്ദേഹത്തിന്റെ ഏറ്റവും മികച്ച ചിത്രമായി കണക്കാക്കുന്നവരുണ്ട്. വെസ്റ്റേണ്‍ ജോണര്‍ സിനിമകളെ തന്നെ മറ്റൊരു കാഴ്ചപ്പാടിലും അവതരണത്തിലും പുനര്‍നിര്‍വചിച്ച ചിത്രമായിരുന്നു ഇത്. എന്നാല്‍ 2004-ല്‍ 74-ാം വയസ്സില്‍ സംവിധാനം ചെയ്യുകയും അഭിനയിക്കുകയും ചെയ്ത മില്യണ്‍ ഡോളര്‍ ബേബിയുടെ പേരില്‍ അദ്ദേഹത്തിന്റെ മേല്‍ പ്രശംസാവചനങ്ങള്‍ വാരിക്കോരി ചൊരിയുന്നവരുണ്ട്. 

 

സംവിധായകന്‍ എന്നതിനേക്കാളേറെ ക്‌ളിന്റിന്റെ ഏറ്റവും മികച്ച അഭിനയപ്രകടനമാണിതെന്ന് പറയുന്നവരുണ്ട്. എന്നാല്‍ മില്യണ്‍ ഡോളര്‍ ബേബിക്ക് ഒരു വര്‍ഷം മുമ്പ് മാത്രം, 2003-ല്‍ , 73-ാം വയസ്സില്‍ സംവിധാനം ചെയ്ത മിസ്റ്റിക് റിവര്‍ എന്ന അസാധ്യത്രില്ലറിലൂടെ ക്‌ളിന്റ് തന്റെ കരിയറിന്റെ തുഞ്ചത്തെത്തി എന്ന് വിശ്വസിക്കുന്നവരുണ്ട്. അമേരിക്കന്‍ സിനിമയിലെ അതിമനോഹരമായ ത്രില്ലര്‍ പരിശ്രമങ്ങളിലൊന്നായി വിലയിരുത്തപ്പെടുന്ന, കാണിയെ കാഴ്ചയ്ക്ക് ശേഷവും വേട്ടയാടിക്കൊണ്ടേയിരിക്കുന്ന സിനിമകളിലൊന്നാണിത്. 

എന്നാല്‍ പ്രായം കൂടുന്തോറും ചലച്ചിത്രകലയില്‍ പുതിയ പരീക്ഷണങ്ങള്‍ നടത്തിക്കൊണ്ടിരിക്കുകയാണ് ക്‌ളിന്റ് ഈസ്റ്റ് വുഡെന്നാണ് പിന്നീട് വന്ന അദ്ദേഹത്തിന്റെ പല ചിത്രങ്ങളും തെളിയിച്ചത്. 

 

പ്രകടമായ മനുഷ്യപക്ഷരാഷ്ട്രീയം പറഞ്ഞും, ചരിത്രസന്ദര്‍ഭങ്ങളില്‍ അവയുടെ മാനുഷികാംശങ്ങളെ പ്രതിഷ്ഠിച്ചും വലിയ പ്രയത്‌നം ആവശ്യമുള്ള മികച്ച ചിത്രങ്ങളാണ് 2005-ന് ശേഷം ക്‌ളിന്റ് ഈസ്റ്റവുഡ് സംവിധാനം ചെയ്തതിലേറെയും. മിക്കവാറും ചിത്രങ്ങളില്‍ അദ്ദേഹം പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുകയും ചെയ്തു. 

 

തന്റെ 76-ാം വയസ്സില്‍ സംവിധാനം ചെയ്ത ലേറ്റേഴ്‌സ് ഫ്രം ഇവോജിമ, 78-ാം വയസ്സില്‍ സംവിധാനം ചെയ്ത ചേഞ്ചിലിംഗ് , 84-ാം വയസ്സില്‍ സംവിധാനം ചെയ്ത അമേരിക്കന്‍ സ്‌നൈപ്പര്‍ എന്നീ ചിത്രങ്ങളെയാണ് ഈ കാലഘട്ടത്തിലെ പ്രധാനചിത്രങ്ങളായി നിരൂപകരും പ്രേക്ഷകരും ഒരുപോലെ ഉയര്‍ത്തിക്കാണിക്കുന്നത്. രണ്ടാംലോകമഹായുദ്ധകാലത്തെ അമേരിക്കന്‍-ജപ്പാന്‍ പോരാട്ടത്തെ ജാപ്പനീസ് സൈനികരുടെ വീക്ഷണകോണില്‍ നിന്ന് അവതരിപ്പിക്കുന്ന വ്യത്യസ്തമായ യുദ്ധചിത്രമാണ് ഐവോജിമയില്‍ നിന്നുള്ള കത്തുകള്‍. 

1928-ലെ ലോസ്ആഞ്ചലസിന്റെ പശ്ചാത്തലത്തില്‍ കഥ പറയുന്ന ‘ചേഞ്ചിലിങ്’ യഥാര്‍ത്ഥസംഭവവികാസങ്ങളെ ആധാരമാക്കി ഒരുക്കിയ ചിത്രമാണ്. ആജ്ഞലീന ജോളിയുടെ ഏറ്റവും മികച്ച അഭിനയപ്രകടനങ്ങളിലൊന്ന് കൂടിയാണ് ഈ ചിത്രം. 

 

അമേരിക്കന്‍ അധിനിവേശിത ഇറാഖിലെ ഒരു അമേരിക്കന്‍ സൈനികന്റെ കഥയാണ് അമേരിക്കന്‍ സ്‌നൈപ്പര്‍ പറയുന്നത്. ചുരുക്കത്തില്‍ പ്രായം കൂടുന്തോറും ഒരു ചലച്ചിത്രകാരനെന്ന നിലയില്‍ തന്റെ സിനിമകളില്‍ കൂടുതല്‍ യാഥാര്‍ത്ഥ്യങ്ങളെയും അസുഖകരമായ രാഷ്ട്രീയസത്യങ്ങളെയും ഉള്‍പ്പെടുത്താന്‍ വിധം ധീരനായി മാറുകയായിരുന്നു ക്‌ളിന്റ് ഈസ്റ്റ് വുഡ്. അക്കാര്യത്തില്‍ അദ്ദേഹംമരണത്തിനും ജീവിതത്തിനുമിടയില്‍ ഊഞ്ഞാലാടുന്ന തന്റെ ആദ്യകാല കൗബോയ് നായകന്‍മാരെ ഓര്‍മ്മിപ്പിക്കുന്നൂവെന്ന് പറയുന്നതാവും കൂടുതല്‍ ശരി. 

 

89-ാമത്തെ വയസ്സില്‍, ഇക്കഴിഞ്ഞ വര്‍ഷം തന്റെ അവസാനത്തെ റിലീസായ ‘റിച്ചാര്‍ഡ് ജ്യൂവല്‍’ ക്‌ളിന്റ് ഈസ്റ്റ്വുഡ് പുറത്തിറക്കിയിരുന്നു. പതിവ് പോലെ യഥാര്‍ത്ഥസംഭവങ്ങളെ ആധാരമാക്കിയാണ് ഈ ചിത്രവും രൂപപ്പെട്ടിരിക്കുന്നത്. 1996-ല്‍ ജോര്‍ജിയയിലെ സമ്മര്‍ ഒളിംപിക് വേദിയില്‍ ഉണ്ടായ ബോംബ് സ്‌ഫോടനങ്ങളുമായി ബന്ധപ്പെട്ട പ്രശസ്തനായ റിച്ചാര്‍ഡ് ജ്യൂവല്‍ എന്ന സുരക്ഷാഭടന്റെ ജീവിതമാണ് ഈ ചിത്രത്തിന് ആധാരം. ചിത്രം ലോകമെമ്പാടും വിവിധ പ്രശ്‌നങ്ങളിലൂന്നിയ ചര്‍ച്ചകള്‍ക്ക് ഇതിനോടകം തന്നെ തിരി തെളിച്ചു കഴിഞ്ഞു. എന്നാല്‍ ക്‌ളിന്റാകട്ടെ, പതിവ് പോലെ വിശ്രമിക്കുന്നില്ല. ആ മനസ്സ് തന്റെ അടുത്ത ചിത്രത്തിന്റെ ചിന്തകളില്‍ വ്യാപരിച്ചു കഴിഞ്ഞു.

 

ചുരുക്കത്തില്‍, ക്‌ളിന്റ് ഈസ്റ്റ് വുഡ് അത്യസാധാരണമായ ഒരു ജീവിതമാതൃകയാണ്. കലാമാതൃകയാണ്. അയാളുടെ ചിത്രങ്ങള്‍ സിനിമയുടെ നടപ്പ് ശീലങ്ങളെ അട്ടിമറിക്കുകയും അതിനെ നിരന്തരം വെല്ലുവിളിക്കുകയും ചെയ്യുന്നു. ഒരു തൊണ്ണൂറുകാരന്റെ ധീരത ലോകമെമ്പാടുമുള്ള ചലച്ചിത്രപ്രണയികളുടെ ആകാംക്ഷയാവുന്നു. 

 

അതെ, അലറുന്ന തൊണ്ണൂറുകളില്‍, അക്ഷോഭ്യനായി, അടിപതറാതെ, ഒരു കൗബോയി നമ്മുടെ വര്‍ത്തമാനത്തിന്റെ നേര്‍പകുതിയിലൂടെ കലയുടെ,  കാഴ്ചയുടെ ആ കുതിരയെ ഓടിച്ചു കൊണ്ടേയിരിക്കുകയാണ്. 

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com