ADVERTISEMENT

മാസ് സിനിമകളുടെ കെട്ടും മട്ടും പൊളിച്ചെഴുതിയ ഗംഭീര സിനിമയായിരുന്നു സച്ചി അവസാനമായി സംവിധാനം ചെയ്ത അയ്യപ്പനും കോശിയും. മുണ്ടൂര്‍ മാടനായി ബിജു മേനോനും കോശിയായി പൃഥ്വിരാജും അവിസ്മരണീയ അഭിനയമുഹൂര്‍ത്തങ്ങള്‍ കാഴ്ച വച്ചു. അതിന്റെ തിരക്കഥ എഴുതി പൂര്‍ത്തിയാക്കിയപ്പോള്‍ അയ്യപ്പന്‍ നായര്‍ എന്ന കഥാപാത്രമായി ആദ്യം സച്ചിയുടെ മനസില്‍ തെളിഞ്ഞത് മോഹന്‍ലാലിന്റെ മുഖമായിരുന്നു. ഇക്കാര്യം, അവസാന നാളുകളില്‍ അദ്ദേഹം അനുവദിച്ച അഭിമുഖത്തില്‍ വെളിപ്പെടുത്തിയിരുന്നു. കൂടാതെ, ചിത്രത്തിന്റെ തമിഴ്, ഹിന്ദി പതിപ്പുകളെക്കുറിച്ചും രസകരമായ ചില പങ്കുവയ്ക്കലുകള്‍ സച്ചി ആ അഭിമുഖത്തില്‍ നടത്തി. ഓൺമനോരമയില്‍ വന്ന  ലേഖനത്തിലാണ് ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്.

 

തമിഴില്‍ കാര്‍ത്തി, ഹിന്ദിയില്‍ ജോണ്‍ എബ്രഹാം

 

ആറു കോടി മുടക്കി അറുപതു കോടി നേടിയ അയ്യപ്പനും കോശിയും എന്ന കൊച്ചുസിനിമയെ കോളിവുഡും ബോളിവുഡും നോട്ടമിട്ടിരുന്നു. ചിത്രത്തിന്റെ വിജയത്തിനു പിന്നാലെ അതിന്റെ റീമേക്ക് നിര്‍മിക്കാന്‍ രണ്ടു ഇന്‍ഡസ്ട്രികളില്‍ നിന്നും സച്ചിയെ തേടി വിളികളെത്തി. ബോളിവുഡില്‍ ജോണ്‍ എബ്രഹാമാണ് ചിത്രത്തിന്റെ പുനര്‍നിര്‍മാണ അവകാശം വാങ്ങിയതെങ്കില്‍ തമിഴില്‍ അതു സ്വന്തമാക്കിയത് നിര്‍മാതാവ് കതിരേശനായിരുന്നു. 

 

മറ്റു ഭാഷകളില്‍ ആ സിനിമ സംവിധാനം ചെയ്യാന്‍ സച്ചിക്ക് താല്‍പര്യമുണ്ടായിരുന്നെങ്കിലും മലയാളത്തിലെ തിരക്കുകള്‍ മൂലം അതു സാധ്യമാകില്ലെന്ന് അദ്ദേഹത്തിന് അറിയാമായിരുന്നു. ഇക്കാര്യം അവസാനം അനുവദിച്ച അഭിമുഖത്തിലും സച്ചി തുറന്നു പറഞ്ഞിരുന്നു. പൃഥ്വിരാജും ബിജു മേനോനും മത്സരിച്ച് അഭിനയിച്ച ചിത്രം തമിഴിലും ഹിന്ദിയിലും പുനര്‍നിര്‍മിക്കുമ്പോള്‍ ആ കഥാപാത്രങ്ങളായി ചിലരെ സച്ചി മനസില്‍ കണ്ടിരുന്നു. തമിഴില്‍ യുവതാരം കാര്‍ത്തിയുടെയും പാര്‍ത്ഥിപന്റെയും പേരുകളായിരുന്നു സച്ചി നിര്‍ദേശിച്ചത്. കോശിയായി കാര്‍ത്തിയായും അയ്യപ്പന്‍ നായരായി പാര്‍ത്ഥിപനും. 

 

ബോളിവുഡില്‍ സച്ചി തിരഞ്ഞെടുത്ത പേരുകള്‍ അദ്ദേഹത്തിന്റെ സിനിമ പോലെ കൗതുകം നിറഞ്ഞതായിരുന്നു. അയ്യപ്പന്‍ നായരായി സച്ചി മനസില്‍ കണ്ടത് നാനാ പടേക്കറിനെ! കോശിയായി രണ്ടു താരങ്ങളുണ്ടായിരുന്നു സച്ചിയുടെ മനസില്‍. ചിത്രത്തിന്റെ പകര്‍പ്പാവകാശം വാങ്ങിയ ജോണ്‍ എബ്രഹാമും അഭിഷേക് ബച്ചനും. ആരെ അഭിനയിപ്പിക്കണമെന്ന സ്വാതന്ത്ര്യം അതിന്റെ നിര്‍മാണവകാശം വാങ്ങിയവര്‍ക്കുണ്ടെങ്കിലും  ഒരു തിരഞ്ഞെടുപ്പ് നടത്താന്‍ അനുവദിച്ചിരുന്നെങ്കില്‍ നിര്‍ദേശിക്കുന്ന പേരുകള്‍ ഇവരുടേതായിരിക്കുമെന്ന് അഭിമുഖത്തില്‍ സച്ചി വെളിപ്പെടുത്തി. 

 

മോഹന്‍ലാലിന് ഒരു സാധാരണ വേഷം പോരാ

 

മലയാളത്തിലെ ഒട്ടു മിക്ക സൂപ്പര്‍താരങ്ങള്‍ക്കൊപ്പം പ്രവര്‍ത്തിച്ചിട്ടുള്ള സച്ചിയുടെ മനസില്‍ നടന്‍ മോഹന്‍ലാലിനു വേണ്ടി അതിമനോഹരമായ കഥാപാത്രവും ഒരുങ്ങിയിരുന്നു. ഇതിന്റെ സൂചനകള്‍ അവസാനമായി അനുവദിച്ച അഭിമുഖത്തില്‍ സച്ചി പങ്കുവച്ചിരുന്നു. മോഹന്‍ലാല്‍ ഇതുവരെ ചെയ്യാത്ത ഒരു കഥാപാത്രമായിരിക്കുമെന്നായിരുന്നു അതിനെക്കുറിച്ച് സച്ചിയുടെ പരാമര്‍ശം.

 

"ഒരു നടന് സാധ്യമായ എല്ലാ വേഷങ്ങളും മോഹന്‍ലാല്‍ ചെയ്തിട്ടുണ്ട്. അയ്യപ്പനും കോശിയും എഴുതി തീര്‍ത്തപ്പോള്‍ ആദ്യം അയ്യപ്പന്‍ നായരായി മനസില്‍ വന്നത് മോഹന്‍ലാലായിരുന്നു. പക്ഷേ, അദ്ദേഹത്തിന്റെ താരമൂല്യം ആ കഥാപാത്രത്തിന് തടസമാകുമെന്നു തോന്നി. ബിജു മേനോന് ആ കഥാപാത്രത്തോട് നീതി പുലര്‍ത്താന്‍ കഴിയുമെന്നു വിശ്വസിച്ചു. സിനിമ ചെയ്തു കഴിഞ്ഞപ്പോള്‍ അതു സത്യമാണെന്ന് ബോധ്യപ്പെട്ടു. അത്രയും മനോഹരമായാണ് ബിജു മേനോന്‍ ആ കഥാപാത്രം അവതരിപ്പിച്ചത്. സാധാരണ ഒരു പ്രൊജക്ടുമായി മോഹന്‍ലാലിനെ സമീപിക്കാന്‍ എനിക്കിഷ്ടമായിരുന്നില്ല. അദ്ദേഹത്തിനായി മനസില്‍ ചില ആശയങ്ങളുണ്ട്," സച്ചി പറഞ്ഞു. എന്നാല്‍ ആ കഥാപാത്രം അദ്ദേഹത്തിന്റെ മനസില്‍ തന്നെ ശേഷിച്ചു. കേട്ടവയെല്ലാം സുന്ദരം, കേള്‍ക്കാത്തവ അതിസുന്ദരം എന്ന കാവ്യനീതി പോലെ സച്ചി പറയാതെ പോയ ആ കഥാപാത്രം ഒരു തീരാത്ത നഷ്ടമായി അവശേഷിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com