‘മുട്ട് വളയ്ക്കാതെ കിട്ടുന്ന വേഷങ്ങൾ മതിയെന്നു വയ്ക്കാൻ പറ്റുമോ സക്കീർഭായിക്ക് ? ഷമ്മി ഹീറോ ആണെടാ’ വൈറലായി കുറിപ്പ്

shammy-thilakan
SHARE

മഹാനടനായ തിലകന്റെ മകനും മലയാളത്തിലെ അറിയപ്പെടുന്ന നടനും ഡബ്ബിങ് ആർട്ടിസ്റ്റുമായ ഷമ്മി തിലകനെക്കുറിച്ച് ഒരു ആരാധകൻ പങ്കു വച്ച കുറിപ്പ് വൈറലാകുന്നു. മലയാളത്തിലെ ഏറ്റവും അണ്ടർ യൂട്ടിലൈസ്ഡ് നടൻ ഷമ്മി തിലകൻ ആണെന്നും ഷമ്മി ഹീറോ ആണെന്നുമാണ് സനൽ കുമാർ പഭ്മനാഭൻ എന്ന ആരാധകൻ സമൂഹമാധ്യമ ഗ്രൂപ്പുകളിൽ  പങ്കു വച്ച കുറിപ്പിൽ പറയുന്നത്. അദ്ദേഹം എഴുതിയത് ഇപ്രകാരമാണ്. 

അമ്മ ( അസോസിയേഷൻ ) യുടെ തറവാടിന്റെ പൂമുഖത്തു മുണ്ടും മടക്കി കുത്തി നെഞ്ചും വിരിച്ചു കടന്നു വന്നിട്ട് പതിയെ തന്റെ കണ്ണട ഒന്ന് ഊരി തുടച്ചു വച്ച് കൊണ്ട് പൗരുഷമേറിയ ശബ്ദത്തിൽ അയാളെന്ന ബലരാമൻ സംസാരിച്ചു തുടങ്ങി....

മലയാളം നന്നായി ഉച്ചരിക്കാൻ അറിയാത്ത നെപോളിയനും, ടൈഗർ പ്രഭാകരനും, സലിം ഗൗസിനും, വിഷ്ണു വർധനും ഒക്കെ ശബ്ദം നൽകി മുണ്ടക്കൽ ശേഖരനെയും ഹൈദരലി മരക്കാരെയും, താഴ്വാരത്തിലെ രാജുവിനേയും, കൗരവറിലെ ഹരിദാസിനേയും എല്ലാം ഇങ്ങനെ അവിസ്മരണീയം ആക്കാൻ പറ്റുമോ സക്കീർ ഭായ് നിങ്ങൾക്ക് ? 

"ഒറ്റ സിനിമയിൽ തന്നെ പത്തിലേറെ പേർക്ക് ഡബ് ചെയ്തു മറ്റുള്ള ഡബ്ബിങ് ആർട്ടിസ്റ്റുകളെ ഞെട്ടിക്കാൻ പറ്റുമോ സക്കീറിന് ? "

"ചെങ്കോലിലെയും, ലേലത്തിലെയും പോലുള്ള തീപ്പൊരി പോലീസ് ഓഫീസർമാരെ അവതരിപ്പിക്കാൻ പറ്റുമോ സക്കീർ ഭായ് നിങ്ങൾക്ക് ? "

"നേരത്തിലെയും, റൺ ബേബി റണ്ണിലെയും കോമഡി ചുവയുള്ള പോലീസ് റോളുകൾ ചെയ്യാനാകുമോ സക്കീറിന് ?"

"കസ്തൂരിമാനിലെയും, വടക്കുംനാഥനിലേയും വില്ലൻ റോളുകൾ ഒന്നും നിങ്ങളെ കൊണ്ട് ചെയ്യാൻ കഴിയില്ല സക്കീർ ഭായ്"

:ചോര കണ്ടാൽ തല കറങ്ങുന്ന കീർത്തിചക്രയിലെ പട്ടാളക്കാരൻ ആകുവാൻ കഴിയുമോ സക്കീറിനു ?"

"മുട്ട് വളയ്ക്കാതെ, ഒത്തു തീർപ്പുകൾക്കു വഴങ്ങാതെ കിട്ടുന്ന വേഷങ്ങൾ മാത്രം എന്ന്‌ കരുതാൻ പറ്റുമോ സക്കീർ ഭായിക്ക് ? "

"സമൂഹത്തിലെ സെൻസേഷണൽ ആയ വാർത്തകൾക്ക് നേരെ സ്വന്തം നിലപാട് വ്യക്തമാക്കാൻ പറ്റുമോ സക്കീർ ഭായി നിങ്ങൾക്ക് ? "

ബട്ട് ഐ ക്യാൻ...!

സൂര്യന് കീഴിലുള്ള ഏതു റോളുകളും ചെയ്യും ഈ ബലരാമൻ

സക്കീർ ഭായ് എന്ന മലയാള സിനിമയിലെ യുവ /സഹ താരങ്ങൾക്കു നേരെ ബലരാമൻ എന്ന ഷമ്മി തിലകൻ സമർപ്പിച്ച ചോദ്യങ്ങൾക്കു നിശബ്ദത മാത്രം ആയിരുന്നു മറുപടി. ഒരു പക്ഷെ, മലയാള സിനിമയിലെ അടിയൊഴുക്കുകളിൽ പെട്ടു പലകുറി തായ്‌വേര് മുറിഞ്ഞിട്ടും പ്രതിഭയുടെ ഉൾകാതലിന്റെ ബലത്തിൽ വീഴാതെ പിടിച്ചു നിന്ന അയാളിലെ പ്രതിഭയുടെ ആഴത്തിന്റെ തിരിച്ചറിവാകാം അവരെ നിശബ്ദർ ആക്കിയത്. വിഖ്യാതമായ കൊൽക്കത്ത ടെസ്റ്റിൽ ഫോളോ ഓൺനു നിർബന്ധിക്കപ്പെട്ടു രണ്ടാം ഇന്നിംഗ്സ് തുടങ്ങിയ ഇന്ത്യക്കു ആദ്യ വിക്കറ്റ് നഷ്ടമാകുമ്പോൾ , കൈക്കുഴയിൽ മായാജാലം ഒളിപ്പിച്ച ഹൈദരാബാദി ബാറ്റസ്മാനിൽ ഉള്ള വിശ്വാസം കൊണ്ട് ബാറ്റിംഗ് ഓർഡറിൽ ആറാമത് കിടന്ന വി വി എസ് ലക്ഷ്മണിനെ ഫസ്റ്റ് ഡൌൺ ആക്കി ഇറക്കി വിടാൻ ഇന്നലെകളിലേ ക്രിക്കറ്റ് ചരിത്രത്തിൽ നായകൻ ആയി ദാദാ ഉണ്ടായിരുന്നത് പോലെ. ഷമ്മിതിലകന്റെ പ്രതിഭയെ തിരിച്ചറിഞ്ഞു അയാൾക്ക് ചലഞ്ചിങ് ആയ റോളുകൾ സൃഷ്ടിക്കാൻ ഏതേലും സംവിധായകനോ എഴുത്തുകാരനോ ഉണ്ടായിരുന്നെങ്കിൽ ? മോസ്റ്റ് അണ്ടർ യൂട്ടിലൈസ്ഡ് ഓർ അണ്ടർ റേറ്റഡ് മോളിവുഡ് ആക്ടർ ആരെന്ന ചോദ്യത്തിന് തൽക്കാലം എന്‍റെ പക്കൽ ഒരൊറ്റ ഉത്തരമേ ഉള്ളു. 

ഷമ്മി തിലകൻ 

ഒരുപാട് ഒരുപാടു ഉയരങ്ങളിൽ എത്തേണ്ടിയിരുന്ന ഒരു കരിയർ ഇങ്ങനെ സ്ട്രൈറ്റ് ലൈൻ ആയി പോകുന്നത് കാണുമ്പോൾ നെഞ്ചിലെവിടെയോ ഒരു വിങ്ങൽ. ഷമ്മി ഹീറോ ആണെടാ.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.